Monday, December 5, 2011

പുറത്താക്കേണ്ടത്‌ ദണ്ഡപാണിയെ അല്ല; ഉമ്മന്‍ചാണ്ടിയെ

മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ തങ്ങളുടെ സ്ഥാനം സാധൂകരിക്കാന്‍ ലഭിക്കുന്ന ഓരോ വിവരവും മുതലാക്കുന്ന തമിഴ്‌നാട്‌ സര്‍ക്കാരിന്‌ വീണു കിട്ടിയ അപൂര്‍വ്വ സൗഭാഗ്യമാണ്‌ വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍. കേരള സര്‍ക്കാരിന്റ നിലപാട്‌ ഇതാണെന്നും എന്നിട്ടും വെറുതെ ജനങ്ങളില്‍ ഭീഷണി നിറച്ച്‌ വികാരവിക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുമുള്ള ജയലളിതയുടെ ആരോപണം സത്യമാണെന്ന്‌ വന്നിരിക്കുന്നു. ഇത്‌ മനപ്പൂര്‍വ്വമല്ല എന്നൊന്നും പറഞ്ഞ്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ ഒഴിയാന്‍ കഴിയുകയില്ല. ഭരണ തുടക്കം മുതല്‍ ഈ നിമിഷം വരെ ജനതയെ വഞ്ചിക്കുന്ന നിലപാട്‌ സ്വീകരിച്ച യുഡിഎഫ്‌ മുഖ്യമന്ത്രിയുടെ ജനവിരുദ്ധത എത്ര ക്രൂരമാണ്‌ എന്ന്‌ തെളിക്കുകയായിരുന്നു ദണ്ഡപാണി. അതുകൊണ്ട്‌ ദണ്ഡപാണിയെ അല്ല ഉമ്മന്‍ചാണ്ടിയെ വേണം അധികാരത്തില്‍ നിന്ന്‌ ചവുട്ടിപ്പുറത്താക്കേണ്ടത്‌.




മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ കേരളം ഇതുവരെ കൈക്കൊണ്ട നിലപാടിനെ അട്ടിമറിച്ച്‌ കേരള ഹൈക്കോടതിയില്‍ വാദമുഖങ്ങള്‍ ഉന്നയിച്ച അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയെ ആ സ്ഥാനത്തുനിന്ന്‌ നീക്കണമെന്ന മുറവിളിയാണ്‌,ആതിരേ, ഇപ്പോള്‍ നാട്ടിലെമ്പാടും ഉയരുന്നത്‌. മുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട്‌ നിര്‍മ്മിക്കാന്‍ അനുവദിക്കാത്ത ജയലളിതയുടെ കോലമാണ്‌ വെള്ളിയാഴ്ചവരെ കത്തിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ദണ്ഡപാണിയുടെ കോലമാണ്‌ മത്സരിച്ച്‌ കത്തിച്ചുകൊണ്ടിരിക്കുന്നത്‌. സര്‍ക്കാരിനും ജനങ്ങള്‍ക്കും അവരുടെ ആശങ്കകള്‍ക്കും തെല്ലും മാന്യത കല്‍പിക്കാതെ തമിഴ്‌നാട്‌ സര്‍ക്കാരിന്റെ നിലപാടിനെ ന്യായീകരിക്കുന്ന വിശദീകരണങ്ങളാണ്‌ അഡ്വക്കേറ്റ്‌ ജനറലിന്റെ സ്ഥാനത്തിരുന്നുകൊണ്ട്‌ ദണ്ഡപാണി നല്‍കിയത്‌ എന്ന്‌ ആരോപിച്ചാണ്‌ ഈ വികാരവിക്ഷോഭവും പ്രകടനങ്ങളുമെല്ലാം.
എന്നാല്‍, ഇക്കാര്യത്തില്‍ കെ.പി.ദണ്ഡപാണി എന്ന അഭിഭാഷകനെ മാത്രമായി കുറ്റപ്പെടുത്താന്‍ ഞാന്‍, ആതിരേ, തയ്യാറല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ പൊട്ടിയാല്‍ ഉണ്ടാകുന്ന ദുരന്തം നേരിടാന്‍ സര്‍ക്കാര്‍ എന്തെല്ലാം മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്‌ എന്ന ചോദ്യത്തിന്‌ ഉത്തരമായാണ്‌ ഡാം തകര്‍ന്നാലും ഒഴുകി വരുന്ന വെള്ളം തടഞ്ഞു നിര്‍ത്താന്‍ ഇടുക്കി ഡാമിന്‌ കഴിവുണ്ട്‌ എന്ന്‌ ദണ്ഡപാണി ഹൈക്കോടതിയില്‍ വിശദീകരിച്ചത്‌. അഭിഭാഷകന്‍ എന്ന നിലയ്ക്ക്‌ അദ്ദേഹത്തിനുള്ള ആത്മാര്‍ത്ഥതയും ആര്‍ജ്ജവവും ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയുകയില്ല. യുഡിഎഫ്‌ സര്‍ക്കാര്‍ അതിന്റെ ആസ്ഥാന അഭിഭാഷകരായി നിയമിച്ചിട്ടുള്ള സംഘത്തില്‍ സത്യസന്ധതയും സുതാര്യതയും കേസുകള്‍ പഠിക്കാനുള്ള മനസ്സും വാദങ്ങള്‍ അവതരിപ്പിക്കാനുള്ള മികവും ദണ്ഡപാണിക്ക്‌ മാത്രമേ ഉള്ളൂ . അത്തരം ഒരു വ്യക്തിയില്‍ നിന്ന്‌ കേരളത്തിന്‌ മുഴുവന്‍ അപമാനമുണ്ടാകുന്ന പരാമര്‍ശം ഉണ്ടായിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും അതിന്‌ പിന്നില്‍ അദ്ദേഹത്തിന്റെ സ്ഥാനം നിയന്ത്രിക്കുന്ന ഭരണസംവിധാനത്തിന്റെ സ്വാധീനം ഉണ്ടാകുമെന്ന കാര്യത്തില്‍,ആതിരേ,എനിക്ക്‌ സന്ദേഹമില്ല.
വെള്ളിയാഴ്ച ഈ കേസിന്റെ വാദം നടക്കുന്നതിന്‌ സമാന്തരമായിട്ടാണ്‌ തിരുവനന്തപുരത്ത്‌ ഇതേ പ്രശ്നത്തില്‍, റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ അദ്ധ്യക്ഷതയില്‍ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോരിറ്റിയുടെ യോഗം നടന്നത്‌. യോഗശേഷം മാധ്യമ പ്രവര്‍ത്തകരെ കണ്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞത്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‌ അരുതാത്തതെന്തെങ്കിലും സംഭവിച്ചാല്‍ ഒഴുകിയെത്തുന്ന ജലം തടഞ്ഞുനിര്‍ത്താന്‍ ഇടുക്കി ഡാമിന്‌ സംഭരണ ശേഷിയുണ്ട്‌ എന്നാണ്‌.
രാവിലെ കേസിന്റെ വാദം നടക്കുമ്പോള്‍ കോടതി ഉന്നയിച്ച സാങ്കേതികവും അടിസ്ഥാനപരവുമായ സമസ്യകള്‍ക്ക്‌ വിശ്വസനീയമായ ഉത്തരം നല്‍കാന്‍ ദണ്ഡപാണിക്ക്‌ കഴിയാതെ പോയത്‌ അദ്ദേഹത്തിലെ അഭിഭാഷക മികവിന്റെ കുറവു കൊണ്ടായിരുന്നില്ല മറിച്ച്‌ ഈ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടാകേണ്ടിയിരുന്ന ബ്രീഫിങ്ങ്‌ കൃത്യമായി ,കൃത്യസമയത്ത്‌ ലഭിക്കാതിരുന്നതുകൊണ്ടാണ്‌. തിരുവനന്തപുരത്ത്‌ ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോരിറ്റിയില്‍ രൂപം കൊണ്ട അഭിപ്രായം അഡീഷണല്‍ ചീഫ്‌ സെക്രട്ടറി വഴി അഡ്വക്കേറ്റ്‌ ജനറലില്‍ എത്തിയപ്പോഴാണ്‌ അദ്ദേഹം അക്കാര്യം ഹൈക്കോടതിയില്‍ അറിയിച്ചത്‌. കോടതിയെപോലും വിസ്മയിപ്പിക്കുന്നതായിരുന്നു അഡ്വക്കേറ്റ്‌ ജനറലിന്റെ വിശദീകരണങ്ങള്‍.
ആ വിശദീകരണങ്ങള്‍ പുറത്തറിഞ്ഞതോടെ പ്രതിപക്ഷ നേതാക്കന്മാരും പാര്‍ട്ടിപ്രവര്‍ത്തകരും മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രക്ഷോഭത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സംഘടനകളും അതിലെ അംഗങ്ങളും ഒരേ സ്വരത്തില്‍ ദണ്ഡപാണിയെ ഭള്‍ലു പറയുകയാണ്‌. ഈ സാചര്യത്തില്‍ ദണ്ഡപാണിയെ കയ്യൊഴിഞ്ഞ്‌ മാന്യന്മാരാകേണ്ടതും നിരപരാധികളാകേണ്ടതും ഭരണകൂടത്തിന്റെയും യുഡിഎഫ്‌ നേതൃത്വത്തിന്റെയും ഉത്തരവാദിത്തമായി മാറി. അതുകൊണ്ടാണ്‌, ആതിരേ, ഉമ്മന്‍ചാണ്ടിയടക്കമുള്ളവര്‍ ദണ്ഡപാണി കോടതിയില്‍ പറഞ്ഞ കാര്യങ്ങളെ നിഷേധിച്ചുകൊണ്ട്‌ പ്രസ്താവനകളും വിശദീകരണങ്ങളും ഇറക്കിയത്‌.
ദണ്ഡപാണിയെ ഇനി ഒരു നിമിഷം പോലും അഡ്വക്കേറ്റ്‌ ജനറലിന്റെ കസേരയില്‍ വച്ചു വാഴിക്കരുത്‌ എന്ന വാശിയിലാണ്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദനും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും മുന്‍ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും. കേരളത്തിലെ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാന്‍ കഴിയാതെ പോയ ദണ്ഡപാണിയെ ആ സ്ഥാനത്തുനിന്ന്‌ നീക്കാന്‍ സര്‍ക്കാര്‍ ഒട്ടും അമാന്തിക്കരുത്‌ എന്നാണ്‌ വി.എം.സുധീരന്‍ അടക്കമുള്ള യുഡിഎഫ്‌ നേതാക്കളുടെയും ആവശ്യം.
തുറന്നു പറയട്ടെ, ഇക്കാര്യത്തില്‍ പ്രതിപക്ഷവും നല്ല പിള്ള ചമയാന്‍ ഭരണപക്ഷവും ആവശ്യപ്പെടുന്ന കസേര തെറിപ്പിക്കല്‍ ആരുടെയെങ്കിലും കാര്യത്തില്‍ അനിവാര്യമാണെങ്കില്‍ അത്‌ ചെയ്യേണ്ടത്‌ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും മറ്റുമാണ്‌. ഇവരുടെ അറിവും നിര്‍ദ്ദേശവും അംഗീകാരവുമില്ലാതെ 'ഉണ്ടിരിക്കുന്ന നായര്‍ക്ക്‌ ഉണ്ടാകുന്ന വിളി പോലെ' എന്തെങ്കിലും ഹൈക്കോടതിയില്‍ പറയാന്‍ മാത്രം വിഡ്ഢിയോ അവിവേകിയോ അല്ല കെ.പി.ദണ്ഡപാണി. സര്‍ക്കാരിന്റെ നിലപാടു തന്നെയാണ്‌ താന്‍ ഹൈക്കോടതിയില്‍ പറഞ്ഞതെന്ന്‌ ദണ്ഡപാണി ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ അഭിപ്രായം കോടതിയെ അറിയിക്കും മുന്‍പ്‌ അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ജയചന്ദ്രനുമായി വിശദമായ ആശയവിനിമയം നടന്നു എന്നും ദണ്ഡപാണി വെളിപ്പെടുത്തിയിട്ടുണ്ട്‌. അപ്പോള്‍ വെള്ളിയാഴ്ചത്തെ കോടതി നാടകത്തിന്റെ സൂത്രധാരനും വിദൂഷകനും അഭിനേതാവും ദണ്ഡപാണി അല്ല എന്ന്‌ വരുന്നു. തിരശീലയ്ക്കു പിന്നില്‍ കുബുദ്ധികളുടെയും ജനവിരുദ്ധതയുടെയും ഒരു സംഘം പ്രവര്‍ത്തിക്കുന്നുണ്ട്‌ എന്നു തന്നെയാണ്‌ ഇതെല്ലാം വ്യക്തമാക്കുന്നത്‌.
ശ്രദ്ധിക്കുക, ഡിസാസ്റ്റര്‍ മാനേജ്മെന്റ്‌ അതോരിറ്റി യോഗത്തിനുശേഷം റവന്യൂ മന്ത്രി മാധ്യമപ്രവര്‍ത്തകരോട്‌ പറഞ്ഞതില്‍ ഒരു വാക്കുപോലും കൂടുതലായി അഡ്വക്കേറ്റ്‌ ജനറല്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിട്ടില്ല. അപ്പോള്‍ കുറ്റവാളി ദണ്ഡപാണി അല്ല എന്ന്‌ വരുന്നു.
മുന്‍പൊരിക്കല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ തന്നെ തമിഴ്‌നാടിനുവേണ്ടി ദണ്ഡപാണി വക്കാലത്ത്‌ സ്വീകരിച്ചു അതുകൊണ്ട്‌ ഇപ്പോഴും അതേ നിലപാടാണ്‌ അദ്ദേഹം സ്വീകരിക്കുന്നതെന്ന ആരോപണവും, ആതിരേ, ഞാന്‍ തള്ളിക്കളയുന്നു. മറിച്ച്‌ ദണ്ഡപാണിയെ മുന്നില്‍ നിര്‍ത്തി ഉമ്മന്‍ചാണ്ടിയും യുഡിഎഫ്‌ സര്‍ക്കാരും കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കുകയും അതിലൂടെ തമിഴ്‌നാടിന്റെ വാദമുഖങ്ങള്‍ക്ക്‌ ശക്തിപകരുകയുമായിരുന്നു എന്നതാണ്‌ വാസ്തവമെന്ന്‌ വാദിക്കുകയും ചെയ്യുന്നു. ദണ്ഡപാണിയെ നീക്കിയതുകൊണ്ട്‌ ഇനി എന്തെങ്കിലും പ്രത്യേക ഗുണമുണ്ടാകുമെന്ന്‌ കരുതെണ്ട. സര്‍ക്കാരിന്റേതായി അദ്ദേഹം കോടതിയില്‍ പ്രകടിപ്പിച്ച അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. ഇനി അതില്‍ ഭേദഗതി വരുത്താന്‍ സാധ്യമല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ വിഷയത്തില്‍ തങ്ങളുടെ സ്ഥാനം സാധൂകരിക്കാന്‍ ലഭിക്കുന്ന ഓരോ വിവരവും മുതലാക്കുന്ന തമിഴ്‌നാട്‌ സര്‍ക്കാരിന്‌ വീണു കിട്ടിയ അപൂര്‍വ്വ സൗഭാഗ്യമാണ്‌, ആതിരേ, വെള്ളിയാഴ്ച ഹൈക്കോടതിയില്‍ നടന്ന സംഭവങ്ങള്‍. കേരള സര്‍ക്കാരിന്റ നിലപാട്‌ ഇതാണെന്നും എന്നിട്ടും വെറുതെ ജനങ്ങളില്‍ ഭീഷണി നിറച്ച്‌ വികാരവിക്ഷോഭത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നുമുള്ള ജയലളിതയുടെ ആരോപണം സത്യമാണെന്ന്‌ വന്നിരിക്കുന്നു. ഇത്‌ മനപ്പൂര്‍വ്വമല്ല എന്നൊന്നും പറഞ്ഞ്‌ ഉമ്മന്‍ചാണ്ടിയ്ക്ക്‌ ഒഴിയാന്‍ കഴിയുകയില്ല. ഭരണ തുടക്കം മുതല്‍ ഈ നിമിഷം വരെ ജനതയെ വഞ്ചിക്കുന്ന നിലപാട്‌ സ്വീകരിച്ച യുഡിഎഫ്‌ മുഖ്യമന്ത്രിയുടെ ജനവിരുദ്ധത എത്ര ക്രൂരമാണ്‌ എന്ന്‌ തെളിക്കുകയായിരുന്നു ദണ്ഡപാണി. അതുകൊണ്ട്‌ ദണ്ഡപാണിയെ അല്ല ഉമ്മന്‍ചാണ്ടിയെ വേണം അധികാരത്തില്‍ നിന്ന്‌ ചവുട്ടിപ്പുറത്താക്കേണ്ടത്‌.

No comments: