Tuesday, December 20, 2011
നന്ദകുമാരന്‍ നായര്‍ ഊഹിച്ചു; നാരായണന്‍ നമ്പൂതിരി മകളെ പീഡിപ്പിച്ചു
നിശിതമായ വിശകലനവും, തീക്ഷണമായ നിരീക്ഷണവും ഉന്നിദ്രമായ ധാര്‍മികബോധവും സത്യത്തോടും നീതിയോടുമുള്ള കറതീര്‍ന്ന പ്രതിബദ്ധതയും ആവശ്യപ്പെട്ട കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എസ്പി നന്ദകുമാരന്‍ നായരെ നയിച്ചത് ലൈംഗീകവൈകൃതം ബാധിച്ച മനസ്സും നിരീക്ഷണവുമായിരുന്നെന്നോ..!
ആതിരേ,സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍,ഫാ.ജോസ് പൂതൃക്ക,സിസ്റ്റര്‍ സെഫി എന്നിവരെ വിദഗ്ദമായ അന്വേഷണത്തിലൂടെ കണ്ടെത്തിയ സിബിഐ എസ്പി നന്ദകുമാരന്‍ നായര്‍ക്ക് കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എവിടെ എങ്ങനെയാണ് കാലിടറിയത്..?
നാര്‍കോ അനാലിസിസും ഹൈമനൊപ്ലാസ്റ്റി ടെസ്റ്റും നടത്തി, അതുവരെ ക്നനായ സഭയും സംസ്ഥാന-കേന്ദ്ര സര്‍ക്കാരിലെ ഉന്നതരും ജസ്റ്റിസ് സിറിയക് ജോസഫിനെപ്പോലെയുള്ള ന്യായാധിപന്മാരും സ്വാധീനം ചെലുത്തി സംരക്ഷിച്ച പ്രതികളെ പുറത്തുകൊണ്ടുവന്ന് സിബിഐയുടെ വിശ്വാസ്യത വീണ്ടെടുത്ത അന്വേഷണ ഉദ്യോഗസ്ഥാനായിരുന്നു നന്ദകുമാരന്‍ നായര്‍.ലോക്കല്‍ പോലീസും ക്രൈംബ്രാഞ്ചും അന്വേഷണങ്ങളിലൂടെ തെളിവുകളെല്ലാം നശിപ്പിച്ച് പ്രതികളെ കുറ്റവിമുക്തരാക്കിയ ഒരു കേസിലായിരുന്നു, ഒന്നര ദശാബ്ദത്തിന് ശേഷം വൈദീക-സന്യസ്ത പ്രതികളെ കൈയാമം വച്ചത്. പക്ഷേ ആ നന്ദകുമാരന്‍ നായരുടെ ഈ കേസിലെ പരിണതി ഭയങ്കരവും സമാനതകളില്ലാത്തതുമായത് ആരുടെ ഇടപെടല്‍ മൂലം?
മുത്തൂറ്റ് ജോര്‍ജ് വധക്കേസില്‍ മുഖ്യ പ്രതികളായ ഓംപ്രകാശിനേയും പുത്തന്‍പാലം രാജേഷിനേയും രക്ഷപേടുത്താന്‍ വിന്‍സന്‍ എം.പോള്‍ കണ്ടെത്തിയ 'എസ് കത്തി' തിയറിയെ എത്രയോ കാതം പിന്നിലാക്കിയിരിക്കുന്നു നന്ദകുമാരന്‍ നായരുടെ അനുമാനം.
ഡിഎന്‍എ ടെസ്റ്റ് നടത്താതെ ബീജം,ഉമിനീര്‍,രക്തം എന്നിവയുടെ ഉടമയെ കണ്ടെത്താന്‍ കഴിയില്ല എന്നത് ഫോറെന്‍സിക് സയന്‍സിലെ അടിസ്ഥാന തത്വമാണ്.ഉളുപ്പില്ലാതെ അത് അട്ടിമറിക്കാനും കോടതിയേയും പൊതുസമൂഹത്തേയും വിഡ്ഢികളാക്കാനും സിബിഐയ്ക്ക് ഒരിക്കലും മായ്ക്കാനാവാത്ത നാണക്കേടുണ്ടാക്കാനും നന്ദകുമാരന്‍ നായര്‍ക്ക് പ്രേരണയായത് എന്താണ്..?ആരാണ് അതിനുപിന്നില്‍ ചരട് വലിച്ചത്..?കേസ് വീണ്ടും കേള്‍ക്കുന്ന ദിവസം ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം നല്‍കാന്‍, ആതിരേ, നന്ദകുമാരന്‍ നായര്‍ കുറച്ചൊന്നും വിയര്‍ത്താല്‍ പോരാ.
കൂട്ട ആത്മഹത്യക്ക് മുമ്പ് കവിയൂരിലെ അനഘയെ അച്ഛന്‍ പീഡിപ്പിച്ചുവെന്ന സിബിഐയുടെ കണ്ടെത്തല്‍, ഡിഎന്‍എ പരിശോധന പോലും നടത്താതെയാണെന്ന് തിരുവനന്തപുരം സിബിഐ കോടതിയില്‍ സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ട് പച്ചയായി പറയുന്നു.ഊഹങ്ങളുടേയും അനുമാനങ്ങളുടേയും അടിസ്ഥാനത്തിലാണ് അനഘയ്ക്കും കുടുംബത്തിനും ആചന്ദ്രകാലം അപമാനമുണ്ടാക്കുന്ന പീഡന തിയറിയില്‍ നന്ദകുമാരന്‍ നായരും സംഘവും എത്തിച്ചേര്‍ന്നത്.
അനഘയുടെ ഉള്ളില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം പോസ്റ്റുമോര്‍ട്ടത്തിലാണ് കണ്ടെത്തിയതാണ്. സാമ്പിള്‍ ശേഖരിച്ച് തിരുവനന്തപുരം കെമിക്കല്‍ ലാബില്‍ പരിശോധനക്ക് അയച്ചെങ്കിലും ഡിഎന്‍എ പരിശോധന വേണമെന്ന് പൊലീസ് അന്ന് ആവശ്യപ്പെട്ടില്ല. അച്ഛന്‍ നാരായണന്‍ നമ്പൂതിരിയുടെ രക്തസാംപിളും ശേഖരിച്ചിരുന്നെങ്കിലും ഇതും ലാബില്‍ സൂക്ഷിച്ചിട്ടില്ല. അനഘയുടെയും നാരായണന്‍ നമ്പൂതിരിയുടെയും വസ്ത്രങ്ങള്‍ ഫൊറന്‍സിക് പരിശോധനക്ക് അയച്ചു.ഈ സാംപിളുകളെല്ലാം ചെന്നൈ ഫൊറന്‍സിക് ലാബില്‍ അയച്ചെങ്കിലും അവിടെയും ഡിഎന്‍എ പരിശോധന നടന്നില്ല.
ഈ സാഹചര്യത്തില്‍ കൂടുതല്‍ ശാസ്ത്രിയ പരിശോധനയൊന്നും ഇനി സാധ്യമല്ല. ഉള്ള തെളിവുവച്ച് പിതാവ് നാരായണന്‍ നമ്പൂതിരി അനഘയെ പീഡിപ്പിച്ചുവെന്ന് കോടതിയും പൊതുസമൂഹവും വിശ്വസിച്ചുകൊള്ളണമെന്നാണ് ,ആതിരേ, സിബിഐ ശഠിക്കുന്നത്. ഇതിന് ചൂണ്ടിക്കാണിക്കുന്ന വസ്തുതയാകട്ടെ അതി വിചിത്രവും. പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയ സമയത്തൊന്നും അനഘ പുറത്തുപോയിട്ടില്ല. പിന്നെ വീട്ടിലാകെയുള്ള പുരുഷന്‍ അച്ഛനായതിനാല്‍ അച്ഛന്‍ പീഡിപ്പിച്ചുവെന്ന് വിശ്വസിച്ചോളണം.. അച്ഛന്റെ വിചിത്രമായ ഏതോ പെരുമാറ്റത്തെക്കുറിച്ച് അനഘ , സഹപാഠി രമ്യാ രാജനോട് പറഞ്ഞിരുന്നുവെന്ന ദുര്‍ബലമായ മൊഴിയും തങ്ങളുടെ ഊഹത്തിന് ബലം നല്‍കാന്‍ സിബിഐ റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.
മക്കള്‍ സംശയത്തിന്റെ നിഴലിലുള്ള സിപിഎം നേതാക്കളായ എം.എ.ബേബി, കോടിയേരി ബാലകൃഷ്ണന്‍ എന്നിവരെ പേരിനൊന്ന് ചോദ്യം ചെയ്ത് ആരോപണത്തിലൊന്നും അടിസ്ഥാനമില്ല എന്ന അവരുടെ മൊഴികളും റിപ്പോര്‍ട്ടില്‍ ചേര്‍ത്തിട്ടുണ്ട്.പക്ഷെ മന്ത്രിപുത്രന്മാരായ അശോക് ബേബിയേയും ബിനീഷ് കോടിയേരിയേയും കൂളായിട്ട് ഒഴിവക്കി .
അങ്ങനെ കൂടുതലൊന്നിനും മിനക്കെടാതെയാണ് അനഘയെ പീഡിപ്പിച്ചത് പിതാവ് തന്നെയെന്ന ഞെട്ടിക്കുന്ന വഴിത്തിരിവ് നല്‍കിക്കൊണ്ട് എസ്പി നന്ദകുമാരന്‍ നായരുടെ നേതൃത്വത്തില്‍ സിബിഐ സംഘം പുനരന്വേഷണം അവസാനിപ്പിച്ചത്.
ആതിരേ,നിശിതമായ വിശകലനവും, തീക്ഷണമായ നിരീക്ഷണവും ഉന്നിദ്രമായ ധാര്‍മികബോധവും സത്യത്തോടും നീതിയോടുമുള്ള കറതീര്‍ന്ന പ്രതിബദ്ധതയും ആവശ്യപ്പെട്ട കവിയൂര്‍ പീഡനക്കേസിന്റെ പുനരന്വേഷണത്തില്‍ എസ്പി നന്ദകുമാരന്‍ നായരെ നയിച്ചത് ലൈംഗീകവൈകൃതം ബാധിച്ച മനസ്സും നിരീക്ഷണവുമായിരുന്നെന്നോ..!
വാല്‍ക്കഷ്ണം: ഡിഎന്‍എ പരിശോധന ആവശ്യം വരുമ്പോള്‍ സമീപിക്കുക: നന്ദകുമാരന്‍ നായര്‍, എഎസ്പി, സിബിഐ, തിരുവനന്തപുരം. ഊഹം കൊണ്ട് കാര്യസാദ്ധ്യം, പണച്ചെലവില്ല; കാലതാമസവുമില്ല
( നാളെ രമ്യാ രാജന്‍ സിബിഐയുടെ തടവിലോ)
Subscribe to:
Post Comments (Atom)
No comments:
Post a Comment