Thursday, December 15, 2011

മുല്ലപ്പെരിയാര്‍: ചാണ്ടിയുടെ ചതിക്ക്‌ വിജയന്റെ ലാവലിന്‍ ടച്ച്‌


മുല്ലപ്പെരിയാര്‍ സമരത്തെ തുടക്കം മുതല്‍ മനസ്സുകൊണ്ട്‌ എതിര്‍ത്തവരായിരുന്നു കോണ്‍ഗ്രസും സിപിഎം-ഉം. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ തങ്ങളുടെ ഒരു രോമത്തിന്‌ പോലും പ്രശ്നമുണ്ടാകില്ല എന്ന അഹങ്കാരത്തിലാണ്‌ ഈ നേതാക്കളുടെ ഊണും ഉറക്കവും ഭോഗവുമെല്ലാം. അതുകൊണ്ടാണ്‌ കേരളം കണ്ട ഏറ്റവും മാന്യമായ ഒരു ജനകീയ മുന്നേറ്റത്തെ ഇവരെല്ലാം ചേര്‍ന്ന്‌ വഞ്ചിച്ചൊടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്‌; യാത്രായാനം പാതി വഴിയില്‍ മുക്കിക്കളഞ്ഞത്‌. ഇവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട്‌, വോട്ടുകൊണ്ടല്ല ഇവരോട്‌ പ്രതികരിക്കേണ്ടത്‌. തെറിക്കുത്തരം മുറിപ്പത്തലാണെന്ന്‌ മുന്നേപോയവര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ.



മുല്ലപ്പെരിയാര്‍ സമരത്തിന്റെ പാലംവലിച്ചു കൊണ്ട്‌,ആതിരേ, ഒരു ജനതയുടെ അതിജീവനാഭിലാഷങ്ങള്‍ സംരക്ഷിക്കുകയല്ല മറിച്ച്‌ അധികാര രാഷ്ട്രീയത്തിലഭിരമിക്കുന്നതാണ്‌ തങ്ങളുടെ പ്രഥമ ലക്ഷ്യവും പ്രധാന കര്‍ത്തവ്യവുമെന്ന്‌, ഉളുപ്പില്ലാതെ സ്ഥാപിക്കുകയായിരുന്നു, ആതിരേ, ചാണ്ടിയുടെ യുഡിഎഫും പിണറായിയുടെ എല്‍ഡിഎഫും .
ജനപക്ഷ തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്നും ഷണ്ഡത്വം മാത്രം പ്രദര്‍ശിപ്പിച്ചിട്ടുള്ള മന്‍മോഹന്‍സിങ്ങിന്റെ താല്‍പര്യപ്രകാരം മുല്ലപ്പെരിയാര്‍ സമരം നിര്‍ത്തിവയ്ക്കാന്‍ സമ്മതിച്ചതിലൂടെ ഉമ്മന്‍ചാണ്ടിയും കെ.എം.മാണിയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനുമെല്ലാം അഞ്ച്‌ ജില്ലകളിലെ 35 ലക്ഷം ജനങ്ങളെയാണ്‌ നീറ്റായി വഞ്ചിച്ചത്‌.
മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണി വ്യാപകമാക്കി കേരളത്തിലെ ജനങ്ങളില്‍ ഭയാശങ്കയുടെ ഉന്മാദം സൃഷ്ടിച്ചതില്‍ ഉമ്മന്‍ചാണ്ടി ഒഴിച്ചുള്ള നേതാക്കന്മാരുടെ പങ്ക്‌ ആര്‍ക്ക്‌ നിഷേധിക്കാനാവും? മുല്ലപ്പെരിയാറില്‍ ഒരു ദുരന്തമുണ്ടായാല്‍ കേരളത്തിനത്‌ നൂറ്റാണ്ടുകളോളം അപരിഹാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിവയ്ക്കുമെന്ന കാര്യത്തിലാര്‍ക്കാണ്‌ സന്ദേഹമുള്ളത്‌? എന്നിട്ടും ജനാധിപത്യ ഭാരതത്തിന്റെ വര്‍ത്തമാനകാല ശാപമായ മന്‍മോഹന്‍സിങ്ങിന്റെ നെറികേട്‌ തൊണ്ടതൊടാതെ വിഴുങ്ങാന്‍ കേരളത്തില്‍ നിന്ന്‌ പോയ നേതാക്കള്‍ക്ക്‌ മനസ്സാക്ഷിക്കുത്ത്‌ ഇല്ലാതെ പോയി, ആതിരേ... പി.ജെ.ജോസഫും വി.എസ്‌.അച്യുതാനന്ദനും മാത്രമാണ്‌ വിമത നിലപാട്‌ സ്വീകരിച്ചത്‌. അപ്പോള്‍ "അവരവരിരിക്കുന്ന സ്ഥാനത്തിന്റെ വിലയറിഞ്ഞു വേണം സംസാരിക്കാന്‍" എന്ന്‌ പിണറായി വിജയന്‍ പി.ജെ.ജോസഫിനോട്‌ പറഞ്ഞപ്പോള്‍ ആ വാക്കുകളില്‍ മുഴങ്ങിയത്‌ ഒരു തെരുവുഗുണ്ടയുടെ തെമ്മാടിത്തം നിറഞ്ഞ അഹന്തയും ആക്രമണോത്സുകതയുമായിരുന്നു.
തമിഴ്‌നാടിനെ ചര്‍ച്ചയുടെ മേശയ്ക്കരികിലേയ്ക്ക്‌ എത്തിക്കണമെങ്കില്‍ കേരളത്തില്‍ നടക്കുന്ന സമരങ്ങള്‍ പിന്‍വലിച്ച്‌ സൗഹൃദാന്തരീക്ഷം സൃഷ്ടിക്കണമെന്നാണ്‌ മന്‍മോഹന്‍ ആവശ്യപ്പെട്ടത്‌. ഉമ്മന്‍ചാണ്ടിയും കേരളത്തിലെ വഞ്ചകനേതാക്കളും മന്‍മോഹന്റെ സൗമനസ്യത്തിനായി ഭിക്ഷ തെണ്ടുമ്പോള്‍ തന്റെ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളില്‍ അണുവിടപോലും അനുരഞ്ജനത്തിന്‌ തയ്യാറല്ല എന്ന നിലപാടാണ്‌ ജയലളിത സ്വീകരിച്ചത്‌. കേരളത്തിലെ നേതാക്കന്മാരെല്ലാം, ആതിരേ ആണുങ്ങളാണെന്നാണ്‌ വയ്പ്‌. ഷണ്ഡത്വം ബാഹ്യരൂപങ്ങളില്‍ ദര്‍ശനീയവും അനുഭവവേദ്യവും അല്ല എന്ന്‌ ഖദര്‍ അണിഞ്ഞ ഈ ജനവഞ്ചകര്‍ ഓരോ നിമിഷവും കേരളീയരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്‌. സുതാര്യമായ ഭരണം എന്ന കബളിപ്പിക്കലിലൂടെ ഇവര്‍ പ്രദര്‍ശിപ്പിക്കുന്നത്‌, തീരുമാനങ്ങള്‍ എടുക്കുന്നതിലും അത്‌ നടപ്പിലാക്കുന്നതിലുമുള്ള പൗരുഷമില്ലായ്മ തന്നെയാണ്‌.
കേരളത്തോട്‌ സമരം അവസാനിപ്പിക്കണെന്ന്‌ ആവശ്യപ്പെടാന്‍ മന്‍മോഹന്‌ എന്ത്‌ അവകാശമാണുള്ളതെന്ന്‌ ചോദിക്കാനുള്ള തന്റേടം പോലും ഇവിടെ നിന്ന്‌ പോയ ഒരു നേതാവിനും ഇല്ലാതെ പോയതില്‍ നാം സ്വയം ശപിക്കുക; വരാനിരിക്കുന്ന ദുരന്തത്തിന്നിരകളാകുവാന്‍ മാനസികമായി തയ്യാറെടുക്കുക. ശ്രദ്ധിക്കുക. ഒരു ഫെഡറല്‍ സംവിധാനത്തിന്റെ ഭരണകര്‍ത്താവാണ്‌ മന്‍മോഹന്‍സിങ്ങ്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സൃഷ്ടിക്കുന്ന അപായ ഭീഷണി കേരളത്തിനെന്നപോലെ തമിഴ്‌നാടിനും ബാധകമാണ്‌. എന്നിട്ടും തമിഴ്‌നാട്‌ മുഖ്യമന്ത്രിയെ കേരള മുഖ്യമന്ത്രിക്കൊപ്പം ഒരു ചര്‍ച്ചയ്ക്കായി വിളിക്കാന്‍ പോലുമുള്ള തന്റേടം 'അങ്ങോര്‍ക്കും' ഇല്ലാതെ പോയി. ജയലളിതയെ അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിയെ കൊണ്ട്‌ മുട്ടിലിഴയിപ്പിക്കാന്‍ പക്ഷേ, മന്‍മോഹന്‌ എന്തു മിടുക്കായിരുന്നു. മുട്ടിലിഴയാന്‍ ചാണ്ടിക്ക്‌ അതീവ സന്തോഷവും.ആനുഷംഗീകമായിപ്പറയട്ടേ,ചില്ലറ വില്‍പ്പനയുടെ ഭൂമികയില്‍ ബഹുരാഷ്ടകുത്തകകളെ കുടിയിരുത്താന്‍ ശ്രമിച്ചപ്പോള്‍, പ്രതിപക്ഷത്തിന്റെ എതിര്‍പ്പിനെ പുല്ലുപോലെ തള്ളിക്കളഞ്ഞ മന്മോഹന്‍ മമതാ ബാനര്‍ജിയുടേയും ജയലളിതയുടേയും കാല്‍ക്കല്‍ ഫ്ലാറ്റായി വീണത്‌ ഇന്ത്യ കണ്ടതല്ലേ? "കണ്ട്‌ പഠിക്ക്‌ മന്ഥാ,മുഖ്യമന്ത്രിയായിട്ടെന്താ"എന്ന്‌ ചാണ്ടിയോട്‌ കേരളം ഒറ്റസ്വരത്തില്‍ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു, ആതിരേ...
1800 ദിവസങ്ങള്‍ കഴിയുന്നു, മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മ്മിക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ട്‌, മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ റിലേ സത്യഗ്രഹം ആരംഭിച്ചിട്ട്‌. തീര്‍ത്തും സമാധാനപരവും ഗാന്ധിയന്‍ സമരപാതയില്‍ മാന്യമായി ആരൂഢം ഉറപ്പിച്ചുമാണ്‌ ആ സമരം തുടരുന്നത്‌. കഴിഞ്ഞ 1800 ദിവസത്തിനിടയില്‍ ഒരിക്കല്‍ പോലും അതിന്റെ പേരില്‍ തമിഴ്‌നാട്ടില്‍ ഇന്ന്‌ എതിര്‍ ശബ്ദം ഉയര്‍ന്നിട്ടില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഭീഷണി ശക്തമായപ്പോള്‍ ഇ.എസ്‌.ബിജിമോള്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചപ്പോഴും തമിഴ്‌നാടിന്‌ പ്രശ്നമുണ്ടായിരുന്നില്ല. എന്നാല്‍, യൂത്ത്‌ കോണ്‍ഗ്രസുകാരും യുവമോര്‍ച്ചക്കാരും ഗുണ്ടായിസത്തിന്റെ മാര്‍ഗ്ഗം അവലംബിച്ചപ്പോഴാണ്‌ തമിഴ്‌നാട്ടില്‍ അതിന്റെ അനുരണനം ഉണ്ടായത്‌. ഇപ്പോള്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ്‌ നേതാക്കള്‍ സമരത്തില്‍ നിന്ന്‌ പിന്‍വാങ്ങാന്‍ പ്രദര്‍ശിപ്പിച്ച ഉത്സാഹം കാണുമ്പോള്‍ ഒരു കാര്യം ഉറപ്പാക്കാം. മുല്ലപ്പെരിയാര്‍ സമരം പൊളിക്കാന്‍ വേണ്ടി ബുദ്ധികെട്ട യൂത്തന്‍മാരെക്കൊണ്ട്‌ ചൂടുചോറ്‌ വാരിപ്പിക്കുകയായിരുന്നു മന്‍മോഹനും ചാണ്ടിയും ചെന്നിത്തലയും കുഞ്ഞാലിക്കുട്ടിയും എല്ലാം.
മന്‍മോഹന്റെ ഇഷ്ടത്തിന്‌ വഴങ്ങി സമരം അവസാനിപ്പിച്ചെങ്കിലും അദ്ദേഹം പ്രശ്നത്തിനെങ്ങനെ കേരളത്തിന്‌ ഹിതകരമായ പരിഹാരം ഉണ്ടാക്കും എന്ന കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക്‌ ധാരണയൊന്നുമില്ല. ചര്‍ച്ച... ചര്‍ച്ച... ചര്‍ച്ച എന്ന നേരം കൊല്ലി ഇടപാടിനെക്കുറിച്ച്‌ മാത്രമേ അദ്ദേഹത്തിന്‌ അറിവുള്ളൂ. അതേസമയം, മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഉന്നതാധികാര സമിതിയുടെ തീര്‍പ്പ്‌ വരുന്നതിന്‌ മുമ്പ്‌ ഒരു തലത്തിലുമുള്ള ചര്‍ച്ചയ്ക്ക്‌ തയ്യാറല്ല എന്നാണ്‌ ബുധനാഴ്ചയും ജയലളിത അസന്ദിഗ്ധമായി പ്രസ്താവിച്ചത്‌. ഭരണകര്‍ത്താക്കളായാല്‍ ഇതുപോലെ നെഞ്ചുറപ്പുണ്ടാകണം. ജയലളിതയുടെ കാല്‌ കഴുകിയ വെള്ളം കുടിക്കാന്‍ പോലുമുള്ള യോഗ്യത ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കോ കെ.എം.മാണിക്കോ കുഞ്ഞാലിക്കുട്ടിക്കോ പിണറായി വിജയനോ കോടിയേരി ബാലകൃഷ്ണനോ ഇല്ല എന്ന്‌ അവര്‍ തെളിയിച്ചു കഴിഞ്ഞു. ഈ നേതൃമ്മന്യന്മാരോട്‌ ഇനി മാന്യമായി പ്രതികരിക്കാന്‍ കേരളത്തിലെ വോട്ടര്‍മാര്‍ തയ്യാറാകരുത്‌ എന്നാണ്‌ ഞങ്ങള്‍ക്ക്‌ പറയാനുള്ളത്‌. മരണഭീതിയില്‍ ആഴ്‌ന്ന്‌ ജീവിക്കുന്ന 35 ലക്ഷം ജനങ്ങളെ രായ്ക്കുരാമാനം വഞ്ചിച്ച രാഷ്ട്രീയ കാപട്യങ്ങളാണ്‌ ഇവരെല്ലാം.കണ്ണിന്‌ കണ്ണ്‌ എന്നു തന്നെയാകണം, ആതിരേ, ഈ വേതാളങ്ങളോട്‌ ഇനിയുള്ള പാരസ്പര്യത്തിലെ നിലപാട്‌.
ശ്രദ്ധിക്കുക. മുല്ലപ്പെരിയാര്‍ സമരത്തെ തുടക്കം മുതല്‍ മനസ്സുകൊണ്ട്‌ എതിര്‍ത്തവരായിരുന്നു കോണ്‍ഗ്രസും സിപിഎം-ഉം. അതുകൊണ്ട്‌ ഈ വിഷയത്തില്‍ ഉയര്‍ന്നു വരുന്ന ജനകീയ പ്രതികരണങ്ങള്‍ തങ്ങളെയും തങ്ങളുടെ അധികാരാസ്തിത്വത്തേയും വിഴുങ്ങിക്കളയുമെന്ന ഭയം ഈ തേര്‍ഡ്‌ റേറ്റ്‌ നേതാക്കള്‍ക്കുണ്ടായിരുന്നു. അതുകൊണ്ടാണ്‌ സര്‍വ്വകക്ഷി സംഘം മന്‍മോഹനുമായി കൂടിക്കാഴ്ച നടത്തും മുന്‍പ്‌ ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും രമേശ്‌ ചെന്നിത്തലയും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഒരു കുറുമുന്നണി ഉണ്ടാക്കി തീരുമാനമെടുത്ത്‌ സര്‍വ്വകക്ഷി സംഘത്തിന്റെ യാത്രോദ്ദേശ്യത്തെ അട്ടിമറിച്ചത്‌. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ തങ്ങളുടെ ഒരു രോമത്തിന്‌ പോലും പ്രശ്നമുണ്ടാകില്ല എന്ന അഹങ്കാരത്തിലാണ്‌ ഈ നേതാക്കളുടെ ഊണും ഉറക്കവും ഭോഗവുമെല്ലാം. അതുകൊണ്ടാണ്‌ കേരളം കണ്ട ഏറ്റവും മാന്യമായ ഒരു ജനകീയ മുന്നേറ്റത്തെ ഇവരെല്ലാം ചേര്‍ന്ന്‌ വഞ്ചിച്ചൊടുക്കാന്‍ തന്ത്രങ്ങള്‍ മെനഞ്ഞത്‌; യാത്രായാനം പാതി വഴിയില്‍ മുക്കിക്കളഞ്ഞത്‌. ഇവര്‍ക്ക്‌ നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ട്‌,ആതിരേ, വോട്ടുകൊണ്ടല്ല ഇവരോട്‌ പ്രതികരിക്കേണ്ടത്‌. തെറിക്കുത്തരം മുറിപ്പത്തലാണെന്ന്‌ മുന്നേപോയവര്‍ പറഞ്ഞു വച്ചിട്ടുണ്ടല്ലോ.

No comments: