Wednesday, December 28, 2011

ലതാന്റി കുലുങ്ങിച്ചിരിക്കുമ്പോള്‍ സിബിഐ കൂടെച്ചിരിക്കുന്നു


ആല്‍ബങ്ങളിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ കൗമാരക്കുരുന്നുകളെ വലവീശിപ്പിടിച്ച്‌ ഉന്നതസുഖാന്വേഷകരുടെ കിടപ്പറകളിലെത്തിച്ച്‌ കാമക്കമ്പോളത്തില്‍ തൃഷ്ണാശമനത്തിന്റെ പണ്ടികശാലകള്‍ പണിതുയര്‍ത്തിയ പെണ്‍വാണിഭ രാജ്ഞിയായിരുന്നു ഒരു കാലത്ത്‌ ലതാ നായര്‍. അന്ന്‌ ശോഭാ ജോണൊന്നും രതിവിപണിയുടെ നാലയലത്തെത്തിയിരുന്നില്ല. കിളിരൂരിലെ ശാരിയെ കണ്ടക്ടറായ പ്രവീണിനും കവിയൂരിലെ അനഘയെ പിതാവായ നാരായണന്‍ നമ്പൂതിരിക്കും കൂട്ടിക്കൊടുക്കാന്‍ മാത്രമാണ്‌ ലതാ നായര്‍ മാംസവില്‍പ്പനയുടെ മൊത്തക്കച്ചവടം തുടങ്ങിയതെന്ന്‌ വിശ്വസിക്കാന്‍ നമ്മളാരും സിബിഐ ഉദ്യോഗസ്ഥരല്ലല്ലോ


ആതിരേ,ഇത്രയൊക്കെ കോലാഹലം നടന്നിട്ടും കുലുങ്ങാത്ത ഒരാളുണ്ട്‌. കുലുങ്ങുന്നില്ലെങ്കിലും സംഭവങ്ങളുടെ പരിണതി കണ്ട്‌ കുലുങ്ങി ചിരിക്കുന്നുണ്ടെന്നത്‌ തീര്‍ച്ച. അതാണ്‌ ലതാ നായര്‍ എന്ന ലതാന്റി!
രതിവിപണനത്തിന്‌ കൊണ്ടു നടന്ന പെണ്‍കുട്ടികള്‍ മാത്രമല്ല, സുഖംപറ്റുകാരും ലതാ നായരെ സ്നേഹപൂര്‍വ്വം സംബോധന ചെയ്തിരുന്നത്‌ ലതാന്റി എന്നാണ്‌. എം.എ.ബേബി അടക്കമുള്ള രാഷ്ട്രീയ ഉന്നതന്മാരും ജോയി ആലുക്കാസിനെപ്പോലെയുള്ള വ്യാപാര പ്രമുഖരും ഏഷ്യാനെറ്റ്‌ മോഹനെപ്പോലെയുള്ള മാധ്യമ മേധാവികളും തോമസ്‌ ചാണ്ടിയെപ്പോലെയുള്ള റിസോര്‍ട്ട്‌ ഉടമകളും എന്‍.ഗോപിനാഥന്‍ ഉള്‍പ്പെടുന്ന ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥരും അടങ്ങുന്ന വന്‍ സൗഹൃദ ശൃംഖലയാണ്‌ ലതാന്റിക്ക്‌ ഉണ്ടായിരുന്നത്‌.
ആവശ്യപ്പെടുന്ന എല്ലാവരുടേയും നിഷിദ്ധരതിപ്രിയത്വം തിരിച്ചറിഞ്ഞ്‌ സര്‍വാംഗ സുഖദായിനിയായി, കുളുര്‍സ്ത്രൈണസമ്പന്നതകളോടെ , തത്സമയം ലതാ നായര്‍ എത്തുമ്പോള്‍ "ആന്റീീ‍ീ‍ീ‍ീ‍ീ‍ " എന്നാരും വിളിച്ചു പോകും ." കസ്റ്റമേഴ്സിന്റെ സുഖഭോഗം എന്റെ സംതൃപ്തി " എന്നതാണ്‌ ലതാന്റിയുടെ കസ്റ്റമര്‍ കീയര്‍ സര്‍വീസിന്റെ ലൈന്‍ തന്നെ.
തിരിച്ച്‌, "ലതാന്റി എന്റെ തൃഷ്ണകളുടെ ഐശ്വര്യം" എന്ന്‌ പറ്റുപടിക്കാര്‍ ആരാധനയോടെ വാഴ്ത്തുകയും ചെയ്തിരുന്നു..
ലതാന്റിയുടെ ഈ ബിസിനസ്‌ കരിസ്മയ്ക്ക്‌ മുന്നില്‍ നിന്നപ്പോള്‍ , ആതിരേ, ലോകം വിറപ്പിക്കുന്ന സിബിഐ ഏമാന്മാര്‍ക്കുപോലും വീര്യം നഷ്ടപ്പെട്ടു.മുട്ടുമാത്രമല്ല സര്‍വാംഗം വിറച്ചു, തരിച്ചു; ഫ്ലാറ്റായി.ആ അശ്ലീലതയില്‍ നിന്നാണ്‌ അനഘയുടെ പീഡകനായി പിതാവ്‌ നാരായണന്‍ നമ്പൂതിരിയെ ടീം നന്ദകുമാര്‍ നായര്‍ കണ്ടെടുത്തത്‌..
ലോക്കല്‍ പോലീസ്‌ കേസന്വേഷണം അട്ടിമറിച്ചതിനു പിന്നിലെ സമ്മര്‍ദ്ദവും പ്രലോഭനവും ഒക്കെ നമുക്ക്‌ ഊഹിക്കാം. പെണ്ണും പണവും കള്ളും തിരസ്കരിക്കാനുള്ള ആര്‍ജ്ജവമുള്ള ഓഫീസര്‍മാരും കോണ്‍സ്റ്റബിള്‍മാരും ലോക്കല്‍ പോലീസില്‍ തുലോം വിരളമാണ്‌. "എന്തു വന്നാലുമെനിക്കാസ്വദിക്കണം, മുന്തിരിച്ചാറുപോലുള്ളീജീവിതം" എന്ന്‌ ചങ്ങമ്പുഴയുടെ രമണനിലെ നായിക ചന്ദ്രിക പറഞ്ഞത്‌ തന്നെയാണ്‌ ലോക്കല്‍ പോലീസിലെ ഭൂരിപക്ഷത്തിന്റേയും ആപ്തവാക്യം
എന്നാല്‍, ഏത്‌ നരകത്തില്‍ ചെന്നും തെളിവ്‌ ശേഖരിച്ച്‌, എത്ര ഉന്നതരാണെങ്കിലും കുറ്റവാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരും എന്ന്‌ വീമ്പിളക്കിയിരുന്ന സിബിഐ ഏമാന്മാരാണ്‌ ലതാന്റിക്കു മുന്നിലെത്തിയപ്പോള്‍ തളര്‍ന്നസ്തപ്രജ്ഞരായത്‌. അതുകൊണ്ടാണ്‌ കവിയൂര്‍ - കിളിരൂര്‍ പീഡനക്കേസുകളിലെ പ്രതികളായ ഉന്നതന്മാര്‍ക്കുനേരെ വിരല്‍ ചൂണ്ടാന്‍ പോലുമാകാതെ ടീം നന്ദകുമാര്‍ നായര്‍ തളര്‍ന്ന്‌ തൂങ്ങിയത്‌.
കിളിരൂരിലെ ശാരിയെ കണ്ടക്ടറായ പ്രവീണിനും കവിയൂരിലെ അനഘയെ പിതാവായ നാരായണന്‍ നമ്പൂതിരിക്കും കൂട്ടിക്കൊടുക്കാന്‍ മാത്രമാണ്‌ ലതാ നായര്‍ മാംസവില്‍പ്പനയുടെ മൊത്തക്കച്ചവടം തുടങ്ങിയതെന്ന്‌ വിശ്വസിക്കാന്‍ നമ്മളാരും സിബിഐ ഉദ്യോഗസ്ഥരല്ലല്ലോ, ആതിരേ...
ആല്‍ബങ്ങളിലും സീരിയലുകളിലും അഭിനയിപ്പിക്കാമെന്ന്‌ പ്രലോഭിപ്പിച്ച്‌ കൗമാരക്കുരുന്നുകളെ വലവീശിപ്പിടിച്ച്‌ ഉന്നതസുഖാന്വേഷകരുടെ കിടപ്പറകളിലെത്തിച്ച്‌ കാമക്കമ്പോളത്തില്‍ തൃഷ്ണാശമനത്തിന്റെ പണ്ടികശാലകള്‍ പണിതുയര്‍ത്തിയ പെണ്‍വാണിഭ രാജ്ഞിയായിരുന്നു ഒരു കാലത്ത്‌ ലതാ നായര്‍. അന്ന്‌ ശോഭാ ജോണൊന്നും രതിവിപണിയുടെ നാലയലത്തെത്തിയിരുന്നില്ല.
ഇനിയൊരു ഫാസ്റ്റ്‌ കട്ട്‌
തിരുവനന്തപുരം സിബിഐ കോടതി
കിളിരൂര്‍ പീഡനക്കേസിന്റെ വിചാരണ
കവിയൂര്‍ കേസുമായി ബന്ധപ്പെടുത്തി അന്വേഷിച്ചെങ്കില്‍ മാത്രമേ തന്റെ മകളെ നശിപ്പിച്ച കാമക്കോമരങ്ങളെ കൈയ്യാമം വയ്ക്കാനാകൂ എന്ന്‌ ശാരിയുടെ പിതാവ്‌ സുരേന്ദ്രന്റെ യാചന.
എന്നാല്‍,ആതിരേ, സാങ്കേതിക 'ഞായം' പറഞ്ഞ്‌ സിബിഐ കോടതി ഹതഭാഗ്യനായ ആ പിതാവിന്റെ അപേക്ഷ ചുരുട്ടിക്കൂട്ടി വേസ്റ്റ്ബാസ്കറ്റിലെറിഞ്ഞു. .
ആ കോടതിമുറിയില്‍ വെളിപ്പെട്ട ഒരു വസ്തുത ശാരിയെയും അനഘയെയും പോലുള്ള മറ്റു പല കൗമാരക്കാരികളെയും ലതാ നായര്‍ തന്റെ പറ്റുപടിക്കാര്‍ക്ക്‌ എത്തിച്ചുകൊടുത്തിരുന്നു എന്നതാണ്‌. സുന്ദരികളായ കൂട്ടുകാരികളുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ അവര്‍ക്കും ആല്‍ബത്തിലും സീരിയലിലും അഭിനയിക്കാനവസരമുണ്ടാക്കിക്കൊടുക്കാമെന്ന്‌ ലതാ നായര്‍ ശാരിയോട്‌ പറഞ്ഞതായി ശാരിയുടെ മാതാവാണ്‌ മൊഴി നല്‍കിയത്‌.
ഓര്‍ക്കണം കേവലം ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക്‌ ശാരിയെ കൂട്ടിക്കൊടുക്കാനും, നാരായണന്‍ നമ്പൂതിരിയുടെ കാമമോഹിതങ്ങളിലേയ്ക്ക്‌ മകളെ എത്തിക്കാനും ലതാ നായരെപ്പോലെയുള്ള ഒരു സ്ത്രീയുടെ ആവശ്യമുണ്ടോ? ശാരി എന്ന 14-കാരിയെ പഴനി, തേക്കടി, കുട്ടനാട്‌ തുടങ്ങിയ സ്ഥലങ്ങളിലും റിസോര്‍ട്ടുകളിലും നഗരഫ്ലാറ്റുകളിലും ഹൗസ്ബോട്ടുകളിലും കൊണ്ടുപോയി അനുഭവിക്കാനുള്ള സാമ്പത്തിക സൗകര്യം ഒരു കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്കുണ്ടോ..?അയല്‍വാസികളില്‍ നിന്ന്‌ നാരായണന്‍ നമ്പൂതിരിയെകൊണ്ട്‌ ലക്ഷങ്ങള്‍ കടം വാങ്ങിപ്പിച്ചത്‌ അനഘയുടെ, പ്രായത്തേക്കാള്‍ വളര്‍ച്ചയും മാദകത്വവുമുണ്ടായിരുന്ന ശരീരത്തിന്റെ വിലയായിട്ടായിരുന്നോ..?
അതേ എന്ന്‌ സിബിഐ അന്വേഷക സംഘങ്ങള്‍ ഒരേസ്വരത്തില്‍ ആണയിടുമ്പോള്‍ ലതാന്റി , പാലാരിവട്ടത്തെ ഫ്ലാറ്റിലിരുന്ന്‌ കുലുങ്ങിക്കുലുങ്ങിക്കുലുങ്ങിച്ചിരിക്കുകയാണ്‌...
വാല്‍ക്കഷ്ണം:"അങ്കുശമില്ലാത്ത പെണ്‍വാണിഭമേ
മന്നില്‍ ലതാന്റിയെന്നു വിളിക്കുന്നു നിന്നെ ഞാന്‍.."

നാളെ: കിളിരൂരില്‍ ഓമനക്കുട്ടി;കവിയൂരില്‍ രമ്യാ രാജന്‍

No comments: