Saturday, December 10, 2011

അമൃതാനന്ദമയീ, കാലം പ്രതികാരം ചെയ്യാതടങ്ങുകയില്ല

അമൃതാനന്ദമയി എന്ന ഒരു സാധുസ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇറ്റാലിയന്‍ മാഫിയസംഘത്തെ ലജ്ജിപ്പിക്കുന്ന ഒരുകുട്ടം കള്ളസന്യാസിമാരും അധോലോകഭീകരന്മാരുമാണ്‌ ഇന്ന്‌ അമൃതാനന്ദമയീ മഠമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത്‌.ഇവരെ നിയന്ത്രിക്കണമെന്ന്‌ അമൃതാനന്ദമയിയോട്‌ പറയുന്നതില്‍പരം ഫലിതം മറ്റൊന്നുണ്ടാവില്ല.ഈ തെമ്മാടിക്കൂട്ടത്തെ നിലയ്ക്കുനിര്‍ത്താന്‍ നിലവിലെ ഭരണസംവിധാനവും നീതിപാലകരും തയ്യാറാവുകയുമില്ല.പക്ഷെ ചൂഷണത്തിന്റെ, അധികാരഗര്‍വിന്റെ ധനപ്രമത്തതയുടെ പൈശാചികതയെ പൊതുസമൂഹമദ്ധ്യ പിച്ചിച്ചീന്തിയാണ്‌ കാലം അതിന്റെ കടമനിറവേറ്റുക.സദ്ദാം ഹുസൈനും മുവാമര്‍ ഗദ്ദാഫിയുമൊക്കെ സമീപഭൂതകാലത്തിലെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന്‌ അമൃതാനന്ദമയിയോട്‌ ആരാണൊന്നു പറഞ്ഞു കൊടുക്കുക
ആതിരേ
ലോകമെമ്പാടുമുള്ള ആര്‍ത്തരുടെആഹ്ലാദം,
ആലംബമറ്റവരുടെ ആശാകേന്ദ്രം,
അലിവിന്റെ ആശ്ലേഷം,
ആര്‍ദ്രതയുടെ മൂലമന്ത്രം,
സവര്‍ണ ഡംഭിന്റെ ആരൂഢം തകര്‍ത്ത്‌ അവിടെ മാനവീകതയുടെ പ്രതിഷ്ഠ നടത്തി ഭാരതീയ ഹൈന്ദവ ആത്മീയ പ്രവര്‍ത്തനങ്ങള്‍ക്ക്‌ സമാനതകളില്ലാത്ത കരുതലിന്റെ മുഖം നല്‍കിയ കനിവിന്റെ നിറകുടം
എന്നൊക്കെ ആരാധകര്‍ ഭക്തിപുരസ്സരം വാഴ്ത്തുന്ന അമൃതാനന്ദമയി ദേവിയുടെ 'ശ്രേയസ്സിന്‌ ' അപരിഹാര്യമായ കളങ്കം ഏല്‍പ്പിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ ഇവിടെ, ഇടപ്പള്ളിയില്‍ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ നടന്ന പോകൃത്തരങ്ങള്‍
കറതീര്‍ന്ന ഗുണ്ടായിസത്തിന്റെയും കൊമ്പു മുളച്ച അധികാരത്തിന്റെയും അശ്ലീലതകള്‍ മുടിയഴിച്ചാടുകയായിരുന്നു ഈ ദിവസങ്ങളില്‍.
സേവന-വേതന വ്യവസ്ഥകള്‍ വര്‍ത്തമാനകാല സാഹചര്യങ്ങള്‍ക്ക്‌ അനുസൃതമായി പരിഷ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട നഴ്സുമാരെ സമരമുഖത്തേക്ക്‌ തള്ളിവിടുകയും അവരുടെ സംഘടനാ നേതാക്കന്മാരെ തല്ലി ഒതുക്കുകയും ചെയ്തത്‌ അമൃതാനന്ദമയിയുടെ അറിവോടെയല്ലെന്നാണോ വിശ്വസിക്കേണ്ടത്‌..?
അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ അടിമകളേക്കാള്‍ കഷ്ടമായ നിലയില്‍ ജോലിചെയ്യാന്‍ നിര്‍ബന്ധിതരായ നഴ്സുമാരുടെ ന്യായമായ ആവശ്യങ്ങളെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാനെത്തിയ സംഘടനാ നേതാക്കളെ ക്രൂരമായി മര്‍ദ്ദിച്ചും മുറിക്കുള്ളില്‍ പൂട്ടിയിട്ടും ഇതുവരെ ഒരു മെഡിക്കല്‍ മാനേജുമെന്റും ചെയ്യാത്ത രീതിയിലുള്ള കിരാത പ്രവര്‍ത്തനങ്ങള്‍ നടത്തിയ സമൂഹ ദ്രോഹികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ അമ്മയ്ക്ക്‌ മനസ്സുണ്ടാകുമോ..ആതിരേ?
സമാധാനകാലത്തും സന്തോഷകാലത്തും സമൂഹത്തിന്‌ ഒരുപോലെ സേവനം ആവശ്യമുള്ള വിഭാഗമാണ്‌ നഴ്സുമാര്‍. വൈദ്യശാസ്ത്രം എത്രയൊക്കെ പുരോഗമിച്ചാലും ഔഷധങ്ങളുടെ രോഗം ഭേദമാക്കാനുള്ള കഴിവ്‌ എത്രയധികം കൂടിയാലും സൗമനസ്യത്തിന്റെയും സേവനത്തിന്റെയും സാന്നിദ്ധ്യങ്ങളായി നഴ്സുമാര്‍ ഇല്ലെങ്കില്‍ രോഗിക്ക്‌ രോഗമോചനം സാധ്യമല്ല തന്നെ. ഔഷധങ്ങളെയും ചികിത്സാ രീതികളെയും ഫലവത്താക്കുന്നത്‌ നഴ്സുമാരുടെ കരുണ നിറഞ്ഞ ഇടപെടലും ശുശ്രൂഷയുമാണ്‌. യുദ്ധത്തില്‍ മുറിവേറ്റ സൈനികര്‍ക്ക്‌ പരിചരണത്തിന്റെ ഈശ്വര സാന്നിദ്ധ്യമായ ഫ്ലോറന്‍സ്‌ നൈറ്റിംഗേലിന്റെ പിന്‍മുറക്കാരായ ഇവര്‍ പക്ഷേ, ഇന്ത്യയിലെമ്പാടും തൊഴില്‍ പീഡനത്തിനും ശരീരിക മുതലെടുപ്പിനും നിരന്തരം വിധേയരായിക്കൊണ്ടിരിക്കുകയാണ്‌.
ആതിരേ,സേവനത്തിന്റെ വെള്ളരിപ്രാവുകളായി ആശുപത്രികളില്‍ ജോലിക്കെത്തുന്ന യുവതികളില്‍ 95 ശതമാനം പേരും സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നും മേഖലകളില്‍ നിന്നും എത്തുന്നവരാണ്‌. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുള്ള വ്യഗ്രതയില്‍ തന്നെയാണ്‌ ഇവര്‍ 24 മണിക്കൂറും രോഗികളുടെ പരിചരണത്തിനായി സ്വയം സമര്‍പ്പിക്കുന്നത്‌. ഇവര്‍ക്ക്‌ പക്ഷേ, അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാതെ തൊഴില്‍ പരമായും മാനസികമായും പീഡിപ്പിക്കുന്ന മുതലെടുപ്പിന്റെ സംവിധാനങ്ങളാണ്‌ ഇന്ന്‌ ചികിത്സാ രംഗത്തുള്ളത്‌. ന്യായമായ ശമ്പളമോ വിശ്രമമോ വിനോദത്തിനുള്ള ഉപാധികളോ ഏര്‍പ്പെടുത്താതെ അടിമത്തത്തിന്റെ കിരാത രീതികള്‍ അടിച്ചേല്‍പ്പിച്ച്‌ വ്യക്തിത്വം നശിപ്പിച്ച്‌ ആത്മഹത്യയിലേക്ക്‌ തള്ളിവിടുന്ന അതിനീചമായ മുതലാളിത്ത സംസ്കാരമാണ്‌ ഈ മേഖലയില്‍ തഴച്ചാര്‍ത്തു നില്‍ക്കുന്നത്‌.
മാധ്യമങ്ങളില്‍, നിരന്തരം, ഈ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്‌. ഇതര സംസ്ഥാനങ്ങളില്‍ ജോലി എടുക്കുന്ന നഴ്സുമാര്‍ അനുഭവിക്കുന്ന കരാളതകള്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നുമുണ്ട്‌. എന്നിട്ടും, മനുഷ്യത്വത്തിന്റെ കേവല പരിഗണന പോലും നല്‍കാതെ ഈ സാധു ജന്മങ്ങളെ മുതലെടുക്കുന്ന സാമ്പത്തികവും സാമുദായികവുമായ ഭീകര സംവിധാനങ്ങള്‍ക്ക്‌ കൂട്ടുനില്‍ക്കുകയാണ്‌ ഭരണകൂടവും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും.
ഈ വഞ്ചന മൂലമാണ്‌, ആതിരേ അമൃത ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ നടന്നതുപോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്‌. കഴിഞ്ഞ മാസമാണ്‌ സമാന രീതിയിലുള്ള ആക്രമണം കൊല്ലത്തെ ശങ്കേഴ്സ്‌ ആശുപത്രിയിലെ നഴ്സസുമാര്‍ക്ക്‌ നേരെയുണ്ടായത്‌. ഗര്‍ഭിണിയായ നഴ്സിനെപ്പോലും ഗുണ്ടകള്‍ ആക്രമിക്കുന്നത്‌ തത്സമയം ചാനലുകളിലൂടെ കേരളം കണ്ടതാണ്‌. അന്യസംസ്ഥാന ചികിത്സാ കേന്ദ്രങ്ങളില്‍ അതിക്രൂരമായ തൊഴില്‍ പീഡനങ്ങള്‍ക്ക്‌ വിധേയരാകുന്ന നഴ്സുമാരെ പക്ഷേ, ഗുണ്ടകളെ ഉപയോഗിച്ച്‌ ആക്രമിച്ച സംഭവം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടില്ല. ദൈവത്തിന്റെ സ്വന്തം നാട്‌ എന്ന പരസ്യവാക്യം ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിക്കുന്ന സാക്ഷരരുടെ നാട്ടിലാണ്‌ സേവന-വേതന വ്യവസ്ഥകള്‍ പരിഷ്കരിക്കണമെന്ന്‌ ആവശ്യപ്പെട്ട നഴ്സുമാരെ ഗുണ്ടകളെ ഉപയോഗിച്ച്‌ അടിച്ചമര്‍ത്തിയത്‌.
സാധുക്കളായ രോഗികളുടെ അവസ്ഥ വിസ്മരിച്ചുകൊണ്ട്‌ സമരപാതയില്‍ നിന്ന്‌ സമ്മര്‍ദ്ദ തന്ത്രങ്ങളും വിലപേശല്‍ കൗശലങ്ങളുമാണ്‌ ഇവര്‍ ഉപയോഗിക്കുന്നതെന്നാണ്‌ നഴ്സുമാര്‍ സമരത്തിലേര്‍പ്പെടുമ്പോള്‍, ആതിരേ, മാനേജ്മെന്റുകള്‍ ഉന്നയിക്കുന്ന ഏറ്റവും ചെറ്റത്തരം നിറഞ്ഞ ആരോപണം. എന്നാല്‍, കേരളത്തില്‍ ഒരു കൂലിത്തൊഴിലാളിക്കു ലഭിക്കുന്ന വേതനം പോലും ഇല്ലാതെ ദിവസേന 15-ഉം 20-ഉം മണിക്കൂര്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാകുന്നവരാണ്‌ അമൃത ആശുപത്രിപോലുള്ള സ്വകാര്യ ആശുപത്രികളിലെ നഴ്സുമാര്‍. തൊഴില്‍ നിയമങ്ങള്‍ അനുശാസിക്കുന്ന ആനുകൂല്യങ്ങളോ അവകാശങ്ങളോ നല്‍കാതെ അടിമപ്പണി എടുപ്പിക്കുന്ന ഷൈലോക്കുമാരാണ്‌ സാധുക്കളായ രോഗികളെക്കുറിച്ച്‌ പറയുന്നതെന്നോര്‍ക്കുക.. ഇതില്‍പ്പരം വിരോധാഭാസം എന്താണുള്ളത്‌.
നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ അടിസ്ഥാനപരവും ഗുരുതര സാമൂഹിക പ്രശ്നങ്ങളുമാണെന്ന്‌ ഇന്ത്യയുടെ പരമോന്നത നീതിപീഠം തന്നെ നിരീക്ഷിച്ചിട്ടുണ്ട്‌. ബോണ്ട്‌ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ നഴ്സുമാര്‍ ഉന്നയിക്കുന്ന പരാതികള്‍ പരിശോധിക്കണമെന്നും ഈ വിഷയത്തില്‍ എന്ത്‌ നടപടി സ്വീകരിക്കാന്‍ കഴിയുമെന്ന്‌ ആറാഴ്ചക്കകം അറിയിക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്‌ നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്‌. അധിക ജോലി ചെയ്യിക്കുന്നതും സര്‍ട്ടിഫിക്കറ്റ്‌ തടഞ്ഞു വയ്ക്കുന്നതുമുള്‍പ്പെടെ നഴ്സുമാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ ഗുരുതരമായ സാമൂഹിക അവകാശ ലംഘനങ്ങളിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നതെന്നും കോടതി നിരീക്ഷിക്കുന്നുണ്ട്‌.
ഈ പശ്ചാത്തലത്തില്‍ വേണം ,ആതിരേ,അമൃത ഇന്‍സ്റ്റിറ്റിയുട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ നടന്ന സംഭവങ്ങളെ ഒരു പോസ്റ്റുമോര്‍ട്ടത്തിന്‌ വിധേയമാക്കേണ്ടത്‌. അമൃതാനന്ദമയി എന്ന ഒരു സാധുസ്ത്രീയെ മുന്നില്‍ നിര്‍ത്തി ഇറ്റാലിയന്‍ മാഫിയസംഘത്തെ ലജ്ജിപ്പിക്കുന്ന ഒരുകുട്ടം കള്ളസന്യാസിമാരും അധോലോകഭീകരന്മാരുമാണ്‌ ഇന്ന്‌ അമൃതാനന്ദമയീ മഠമുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തുന്നത്‌.ഇവരെ നിയന്ത്രിക്കണമെന്ന്‌ അമൃതാനന്ദമയിയോട്‌ പറയുന്നതില്‍പരം ഫലിതം മറ്റൊന്നുണ്ടാവില്ല.ഈ തെമ്മാടിക്കൂട്ടത്തെ നിലയ്ക്കുനിര്‍ത്താന്‍ നിലവിലെ ഭരണസംവിധാനവും നീതിപാലകരും തയ്യാറാവുകയുമില്ല.പക്ഷെ ചൂഷണത്തിന്റെ, അധികാരഗര്‍വിന്റെ ധനപ്രമത്തതയുടെ പൈശാചികതയെ പൊതുസമൂഹമദ്ധ്യ പിച്ചിച്ചീന്തിയാണ്‌ കാലം അതിന്റെ കടമനിറവേറ്റുക.സദ്ദാം ഹുസൈനും മുവാമര്‍ ഗദ്ദാഫിയുമൊക്കെ സമീപഭൂതകാലത്തിലെ ചരിത്രത്തിന്റെ അടയാളപ്പെടുത്തലുകളാണെന്ന്‌ അമൃതാനന്ദമയിയോട്‌ ആരാണൊന്നു പറഞ്ഞു കൊടുക്കുക

No comments: