Thursday, December 22, 2011

അരുണിന്റെ മാതാപിതാക്കളുടെ മാര്‍ഗം എത്രപേര്‍ പിന്തുടരും..


ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിലാണ്‌, അവയവമാറ്റ ശസ്ത്രകിയകളും അവയവദാനവും ജീവന്‍രക്ഷോപാധികളായി മാറുന്നത്‌. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നടത്തുന്ന അവയവ ദാനത്തിലൂടെ മരിച്ചു ജീവിക്കുന്ന 90 ശതമാനം രോഗികളേയും ജീവിതത്തിലേയ്ക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ കഴിയും. പക്ഷേ, അവയവ ദാനത്തിന്‌ നമ്മില്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്‌..... നമ്മില്‍ ആര്‍ക്കും അല്ലെങ്കില്‍ നമ്മുടെ തൊട്ടടുത്ത ബന്ധുക്കളിലാര്‍ക്കും അവയവം മാറ്റിവയ്ക്കലിലൂടെ മാത്രം ജീവിക്കേണ്ട സാഹചര്യമില്ലാത്തതുകൊണ്ട്‌ അവയവദാനത്തിന്റെ പ്രാധാന്യം നാം വിസ്മരിക്കുകയായിരിക്കാം. എന്നാല്‍, ഛേദമില്ലാത്ത ഈ ഉപകാരം ചെയ്യാന്‍ ഈ ബ്ലോഗിന്റെ വായനക്കാരെങ്കിലും തയ്യാറാകണമെന്നാണ്‌ എന്റെ ആഗ്രഹം. മനുഷ്യത്വമാണ്‌ ലോകത്തില്‍ ഏറ്റവും മഹത്തരമായ വികാരം, ഈടുവയ്പ്‌. മരണാനന്തര ജീവിതമല്ല ഇഹലോക ജീവിതമല്ലേ നമുക്കോരോര്‍ത്തര്‍ക്കും ഇപ്പോള്‍ പ്രധാനം.



ജീവിതശൈലിയിലെ വ്യതിയാന-വക്രതകള്‍ മൂലവും ജനിതക കാരണങ്ങളാലും വൃക്ക, ഹൃദയം, കരള്‍ ,ശ്വാസകോശം, ത്വക്ക്‌ , മജ്ജ ഇവയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ ലക്ഷക്കണക്കിനാണ്‌, ആതിരേ. ഔഷധങ്ങളും സാങ്കേതിക ചികിത്സാസഹായങ്ങളും കൊണ്ട്‌ ഒരു പരിധിവരെ രോഗത്തേയും രോഗവ്യാപനത്തേയും പ്രതിരോധിക്കാം എന്നല്ലാതെ രോഗിക്ക്‌ ശാശ്വതമായ മോചനം നല്‍കുവാന്‍ ഈ മാര്‍ഗ്ഗങ്ങള്‍ ഇന്ന്‌ അപര്യാപ്തമാണ്‌.
ഇത്തരം സന്ദിഗ്ധ ഘട്ടങ്ങളിലാണ്‌, ആതിരേ, അവയവമാറ്റ ശസ്ത്രകിയകളും അവയവദാനവും ജീവന്‍രക്ഷോപാധികളായി മാറുന്നത്‌. ജീവിച്ചിരിക്കുമ്പോഴും മരണശേഷവും നടത്തുന്ന അവയവ ദാനത്തിലൂടെ മരിച്ചു ജീവിക്കുന്ന 90 ശതമാനം രോഗികളേയും ജീവിതത്തിലേയ്ക്ക്‌ തിരിച്ചു കൊണ്ടുവരാന്‍ കഴിയും. പക്ഷേ, അവയവ ദാനത്തിന്‌ നമ്മില്‍ എത്രപേര്‍ തയ്യാറാകുമെന്ന ചോദ്യം ഉത്തരമില്ലാതെ മുഴങ്ങിക്കൊണ്ടേയിരിക്കുകയാണ്‌.
ഈശ്വരവിശ്വാസികളാണ്‌ ഭൂരിപക്ഷം പേരും. സ്വസഹോദരനുവേണ്ടി ജീവന്‍ ബലിയര്‍പ്പിക്കുന്നതില്‍ വലിയ സ്നേഹമില്ല എന്നു പഠിപ്പിക്കുന്നതാണ്‌ എല്ലാ മതബോധനങ്ങളും. അവനവനാത്മ സുഖത്തിനാചരിക്കുന്നവ അപരനും സുഖത്തിനായി വരേണമെന്ന്‌ ഉദ്ബോധിപ്പിച്ചത്‌ പൂര്‍ണ മനുഷ്യനായി ജീവിച്ചു മരിച്ച ശ്രീനാരായണ ഗുരുവാണ്‌. അഹംബ്രഹ്മാസ്മിയും തത്വമസിയും പ്രസംഗങ്ങളില്‍ ഉദ്ധരിക്കേണ്ട ആശയങ്ങളല്ലെന്നും അവ പ്രവര്‍ത്തിയിലാക്കേണ്ട ആവശ്യകതകളാണെന്നും പഠിപ്പിച്ചത്‌ ഋഷിവര്യന്മാരാണ്‌. പറഞ്ഞുവരുമ്പോള്‍ എല്ലാവരും ദൈവത്തിന്റെ സൃഷ്ടികളും ഏകോദര സഹോദരങ്ങളുമാണ്‌. പക്ഷേ,ആതിരേ, കഠിന രോഗത്താല്‍ വലയുന്ന സുഹൃത്തിന്‌ ജീവിച്ചിരിക്കുമ്പോഴോ മരിച്ച ശേഷമോ അവയവം നല്‍കി സഹായിക്കാനുള്ള മനുഷ്യപ്പറ്റ്‌ നമ്മില്‍ ഒരു ശതമാനം പേര്‍ക്കുപോലുമില്ല. ദയനീയമാണ്‌ അവസ്ഥ. രക്തദാനത്തിനുപോലും തയ്യാറാകാത്ത സ്വാര്‍ത്ഥ ജഡിലമായ ജീവിതമോഹങ്ങളും അത്യാര്‍ത്തികളുമാണ്‌ നാമെല്ലാവരും.
ആതിരേ, നമ്മുടെയൊക്കെ നികൃഷ്ടമായ ഇത്തരം സ്വാര്‍ത്ഥ ചിന്തകള്‍ക്ക്‌ വെല്ലുവിളിയാകുകയാണ്‌ കോഴിക്കോട്‌ കൂടരഞ്ഞി സ്വദേശി അരുണ്‍ ജോര്‍ജും ആ യുവാവിന്റെ മാതാപിതാക്കളും. ഒരു ബൈക്ക്‌ ആക്സിഡന്റ്‌ അരുണ്‍ ജോര്‍ജിന്റെ പ്രാണന്‍ കവര്‍ന്നെങ്കിലും അഞ്ചു ജീവിതങ്ങളെയാണ്‌, ഒരു വലിയ ത്യാഗത്തിലൂടെ, അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കള്‍ രക്ഷിച്ചെടുത്തത്‌.
അരുണ്‍ ജോര്‍ജിന്റെ വൃക്ക, കരള്‍, കണ്ണുകള്‍ സ്വീകരിച്ചതിലൂടെ മരണത്തെ മുന്നില്‍ കണ്ടവരും ജന്മനിമിഷം മുതല്‍ ഇരുട്ടിന്റെ ലോകത്തില്‍ കഴിഞ്ഞവരുമാണ്‌ ജീവിതത്തിലേക്കും വെളിച്ചത്തിലേക്കും ഉണര്‍ന്നത്‌.
കഴിഞ്ഞ ദിവസം കൂടരഞ്ഞി കാരമൂലയ്ക്കടുത്ത്‌ ബൈക്ക്‌ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുണിന്‌ ചൊവ്വാഴ്ച മസ്തിഷ്ക മരണം സംഭവിച്ചു. ഇക്കാര്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന്‌ കോഴിക്കോട്‌ മിംസ്‌ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അരുണിന്റെ പിതാവ്‌ കൂടരഞ്ഞി തറപ്പേല്‍ ജോര്‍ജിനെ സമീപിച്ച്‌ മകന്റെ ആന്തരാവയവങ്ങള്‍ ദാനം ചെയ്ത്‌ കുറച്ചു ജീവിതങ്ങളെ രക്ഷിച്ചു കൂടെ എന്ന്‌ ആരാഞ്ഞു. മകന്റെ മരണം സൃഷ്ടിച്ച അപരിഹാര്യമായ നഷ്ടത്തിന്റെയും ദുഃഖത്തിന്റെയും ആഴങ്ങളിലായിരുന്നു ജോര്‍ജ്‌ എങ്കിലും അദ്ദേഹത്തിന്റെ ഉള്ളിലെ മനുഷ്യത്വവും മനുഷ്യസ്നേഹിയും ഡോക്ടര്‍മാരുടെ സമീപനത്തില്‍ ഉന്നിദ്രമാവുകയും മകന്റെ ആന്തരാവയവങ്ങള്‍ ദാനം ചെയ്യാന്‍ സമ്മതിക്കുകയും ചെയ്തു. അങ്ങനെ അരുണ്‍ ജോര്‍ജിന്റെ വൃക്കകളും കരളും കണ്ണുകളും ദാനം ചെയ്യാന്‍ രക്ഷിതാക്കള്‍ കാണിച്ച സൗമനസ്യമാണ്‌, ആതിരേ, മരണത്തിലേക്ക്‌ നീങ്ങുകയായിരുന്ന മൂന്നുപേരെ ജീവിതത്തിലേക്കും അന്ധരായ രണ്ടുപേരെ കാഴ്ചയുടെ ലോകത്തേയ്ക്കും കൈപിടിച്ചുയര്‍ത്തിയത്‌.
വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനാല്‍ ഡയാലിസിസ്‌ ചെയ്ത്‌ ജീവിതം നീട്ടിക്കൊണ്ടുപോവുകയായിരുന്ന ബത്തേരി കോളേരി തോലമ്മാക്കല്‍ വീട്ടില്‍ പ്രദീപ്‌ കുമാറിന്റെ ഭാര്യ മഞ്ജു (32), തലശ്ശേരി എരഞ്ഞാളി മീത്തലേതടത്തില്‍ ശ്രീധരന്റെ മകന്‍ വിനേഷ്‌ എന്നിവര്‍ക്കും കൊച്ചിയിലെ അമൃത ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ ശസൃതക്രിയയ്ക്കായി കാത്തിരുന്ന ഒരാള്‍ക്കുമാണ്‌ അരുണിന്റെ അവയവങ്ങളിലൂടെ പുനര്‍ജന്മം ലഭിച്ചത്‌. കണ്ണുകള്‍ കോഴിക്കോട്‌ കോംട്രസ്റ്റ്‌ ആശുപത്രിയിലെ നേത്രബാങ്കാണ്‌ ഏറ്റെടുത്തിരിക്കുന്നത്‌.
ബുധനാഴ്ച വൈകീട്ട്‌ കൂടരഞ്ഞി സെന്റ്‌ സെബാസ്റ്റ്യന്‍ ദേവാലയത്തില്‍ ബി ഷപ്പ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ അരുണ്‍ ജോര്‍ജിന്റെ സംസ്കാരം നടത്തി. ജീവിച്ചിരുന്നപ്പോള്‍ സഹജീവികള്‍ക്ക്‌ ഉപകാരമായതിലും എത്രയോ ഉന്നതവും വിശുദ്ധവുമായ രീതിയിലാണ്‌ അരുണ്‍ ജോര്‍ജ്‌ തന്റെ മരണം കൊണ്ട്‌ സഹജീവികള്‍ക്ക്‌ അനുഗ്രഹമായി പരിണമിച്ചത്‌. ഈ സൗമനസ്യത്തിന്‌ തയ്യാറായ അരുണ്‍ ജോര്‍ജിന്റെ മാതാപിതാക്കളെ എത്ര അഭിനന്ദിച്ചാലാണ്‌ മതിയാവുക..?!
അവയവമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ ഇന്ന്‌ നിയമവിധേയമാണെങ്കിലും , ആതിരേ, മരണശേഷം പോലും കണ്ണും ആന്തരികാവയവങ്ങളും ദാനം ചെയ്യാന്‍ നമ്മില്‍ ഭൂരിപക്ഷത്തിനും മനസ്സില്ല. മതപരവും സാമൂഹികവുമായ ചില ഭയങ്ങളാണ്‌ ഇക്കാര്യത്തില്‍ ഭൂരിപക്ഷം പേരെയും ഭരിക്കുന്നത്‌. ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലമാണ്‌ രക്തദാനം മുതല്‍ മരണാനന്തരമുള്ള അവയവ ദാനം വരെ നടക്കാതെ പോകുന്നതും രക്ഷിക്കാമായിരുന്ന നിസ്സഹായ ജന്മങ്ങളെ മരണത്തിലേക്ക്‌ തള്ളിവിടുന്നതും.
ജീവിച്ചിരിക്കുമ്പോള്‍ രക്തം, വൃക്ക, ത്വക്ക്‌ തുടങ്ങിയവ ദാനം ചെയ്യാവുന്നതാണ്‌. ഇക്കാര്യത്തില്‍ വേണ്ടത്ര ബോധവല്‍ക്കരണം സാക്ഷര കേരളത്തില്‍ പോലും നടപ്പായിട്ടില്ല എന്നത്‌ ദുഃഖകരമായ അവസ്ഥയാണ്‌. അതേസമയം, ഈ അവയവങ്ങള്‍ വിറ്റ്‌ ലക്ഷങ്ങള്‍ കൊയ്യുന്ന മാഫിയ കേരളത്തില്‍ വിലസുന്നുമുണ്ട്‌. പ്രശസ്തമായ സ്വകാര്യ ആശുപത്രികളും അവിടത്തെ ഡോക്ടര്‍മാരും ഈ പൈശാചികതയ്ക്ക്‌ കൂട്ടു നില്‍ക്കുന്നുമുണ്ട്‌. എന്നാല്‍, അവയവദാനത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം വ്യാപകമാക്കി അവയവം മാറ്റിവയ്ക്കല്‍ ശസൃതക്രിയയ്ക്ക്‌ സഹായകമായ പരിസരം സൃഷ്ടിക്കാന്‍ ഈ ഡോക്ടര്‍മാര്‍ക്കും സര്‍ക്കാരിന്റെ ആരോഗ്യവകുപ്പിനും ഉത്തരവാദിത്തം ഏറെയാണ്‌..
കൊച്ചൗസേപ്പ്‌ ചിറ്റിലപ്പിള്ളി നടത്തിയ വൃക്കദാനം വാര്‍ത്താ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്‌. അദ്ദേഹത്തിന്‌ സമൂഹത്തിലുള്ള സ്ഥാനമാണ്‌ അതിനു കാരണമായത്‌. എന്നാല്‍, അദ്ദേഹം പ്രദര്‍ശിപ്പിച്ച ത്യാഗത്തിന്‌ ഗുണഭോക്താക്കളായവരുടെ ബന്ധുക്കള്‍ വൃക്കദാനം ചെയ്ത്‌ വൃക്കദാതാക്കളുടെ ഒരു ചങ്ങല തന്നെ സൃഷ്ടിച്ചിട്ടുണ്ട്‌. അനുമോദിക്കേണ്ടതാണ്‌ ഈ മാനസിക ഭാവം.
ആതിരേ, നമ്മില്‍ ആര്‍ക്കും അല്ലെങ്കില്‍ നമ്മുടെ തൊട്ടടുത്ത ബന്ധുക്കളിലാര്‍ക്കും അവയവം മാറ്റിവയ്ക്കലിലൂടെ മാത്രം ജീവിക്കേണ്ട സാഹചര്യമില്ലാത്തതുകൊണ്ട്‌ അവയവദാനത്തിന്റെ പ്രാധാന്യം നാം വിസ്മരിക്കുകയായിരിക്കാം. എന്നാല്‍, ഛേദമില്ലാത്ത ഈ ഉപകാരം ചെയ്യാന്‍ ഈ ബ്ലോഗിന്റെ വായനക്കാരെങ്കിലും തയ്യാറാകണമെന്നാണ്‌ എന്റെ ആഗ്രഹം. മനുഷ്യത്വമാണ്‌ ലോകത്തില്‍ ഏറ്റവും മഹത്തരമായ വികാരം, ഈടുവയ്പ്‌. മരണാനന്തര ജീവിതമല്ല ഇഹലോക ജീവിതമല്ലേ ആതിരേ, നമുക്കോരോര്‍ത്തര്‍ക്കും ഇപ്പോള്‍ പ്രധാനം.

( ആത്മപ്രശംസയായി വ്യാഖ്യാനിക്കില്ലെങ്കില്‍ എന്റെ വായനക്കാരുമായി ഞാനൊരു സ്വകാര്യം പങ്കുവയ്ക്കാം.നിരവധി തവണ രക്തം ദാനം ചെയ്തിട്ടുള ഞാന്‍ എന്റെ വൃക്കകളില്‍ ഒന്നും ദാനം ചെയ്തിട്ടുണ്ട്‌.സ്വന്തക്കാര്‍ക്കോ, ബന്ധുക്കള്‍ക്കോ അല്ല, തികച്ചും അപരിചിതനായ ഒരു യുവാവിന്‌.12 വര്‍ഷം മുന്‍പ്‌ )

No comments: