Friday, December 30, 2011
20011:ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടകം
ആതിരേ
കലണ്ടര്‍ താളുകള്‍ പന്ത്രണ്ടും മറിയുന്നു;
ഒരു വര്‍ഷം കൂടി മറയുന്നു....
പതിവുപോലെ വിവാദങ്ങളും വിയോഗങ്ങളും ദുരന്തങ്ങളും വീശിയടിച്ചു കടന്നു പോയി.
നോവും നീറ്റലും മനസ്സുകളില്‍ നിറഞ്ഞു തുളുമ്പി.
അധികാര രാഷ്ട്രിയത്തിന്റെയും അതിജീവന രാഷ്ട്രീയത്തിന്റെയും അശ്ലീലതകളില്‍ മലയാളിയുടെ പൊതുബോധം പ്രതിഷേധമായി.
നീതിയും ന്യായവും സത്യവും പകല്‍ വെളിച്ചത്തില്‍ പൊതു നിരത്തില്‍ ബലാത്സംഗത്തിനിരയായി.
മകളെ പീഡിപ്പിക്കുന്ന പിതാക്കന്മാരും അദ്ധ്യാപകരും ബന്ധങ്ങളുടെ ധാര്‍മീകതയില്‍ കയ്പ്പ് നിറച്ചു.
തട്ടിപ്പും ഉഡായിപ്പും ബഹുനില മന്ദിരങ്ങളുടെ രൂപമാര്‍ജിച്ചു.
രാഷ്ട്രീയ വിലയിരുത്തലില്‍ കേരളത്തിന്റെ സമ്മതിദാനവിവേകം സമദൂരം പാലിച്ചു.
വിലക്കയറ്റത്തിലും രൂപയുടെ മൂല്യമിടിയലിലും പതിവുപോലെ സഹനത്തിന്റെ വിശുദ്ധരായി എല്ലാം സഹിച്ചു.
സാഹിത്യത്തിലും സിനിമയിലും ഓര്‍ത്തു വയ്ക്കാനൊന്നുമില്ലാത്ത ശൂന്യത സൃഷ്ടിക്കപ്പെട്ടു.
മാലാഖമാര്‍ അറച്ചു നിന്നതു കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഗുണ്ടകള്‍ തിമിര്‍ത്താടി.
മൊബെയില്‍ഫോണ്‍ ചതിയുടെ വാരിക്കുഴികള്‍ തീര്‍ത്തു.
ഒരു കെട്ടകാലം കൂടി കടന്നു പോകുന്നെന്ന് വൃദ്ധമാനസങ്ങള്‍
നിരാശതയല്ലതെ മറ്റൊന്നുമില്ലെന്ന് യുവഹൃദയങ്ങള്‍
ചുള്ളിക്കാട് പറഞ്ഞത് പോലെ
"കലണ്ടറില്‍ നിത്യജീവിതത്തിന്റെ ദുഷ്ക്കര പദപ്രശ്നം,
പലിശ, പറ്റുപടി; വൈദ്യനും വാടകയും പകുത്തെടുത്ത പലകള്ളികള്‍,
ഋണധനഗണിതത്തിന്റെ രസഹീനമാം ദുര്‍ന്നാടകം."
എല്ലാ വിതാനങ്ങള്‍ക്കും മുകളില്‍
മുല്ലപ്പെരിയാര്‍ ഭീഷണിയുടെ
നിലയ്ക്കാത്ത ഇടിമുഴക്കങ്ങള്‍
ഈ തിരിച്ചടികള്‍ക്കിടയിലും
ആഗാമിയാകുന്ന നവവത്സരത്തെ
പ്രത്യാശയോടെ വരവേല്‍ക്കാനാകുമെങ്കില്‍
സുഹൃത്തേ,സുകൃതം ചെയ്തതാണ്
താങ്കളുടെ ജന്മം
Subscribe to:
Post Comments (Atom)
No comments:
Post a Comment