Tuesday, December 27, 2011

കവിയൂര്‍ പീഡനം:നന്ദകുമാര്‍ നായരെ നാര്‍കോ അനാലിസിസിന് വിധേയനാക്കണം


ശ്രീകുമാരിയുടെ പുറകില്‍ ഒളിച്ചിരിക്കുന്ന വ്യക്തി ഒന്നുകില്‍ ലതാ നായരുടെ സംഘാംഗങ്ങളില്‍ ഒരാളാകാം അല്ലെങ്കില്‍ ഈ വിവരം എല്ലാം അറിയാവുന്ന പോലീസിലെ ഒരാള്‍, ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം സത്യം തെളിയിക്കപ്പെടില്ല എന്ന തിരിച്ചറിവില്‍ മറ്റൊരാളെക്കൊണ്ട്‌ കത്തെഴുതിച്ചതായിക്കൂടേ? . ആ സാദ്ധ്യതകളിലേയ്ക്ക്‌ കടക്കുക പോലും ചെയ്യാതെ, അനഘയെ പിച്ചിച്ചീന്തിയവരെ കണ്ടെത്താനുള്ള കോടതി വിധി ധിക്കരിച്ച്‌ പീഡനവീരന്മാരെ സംരക്ഷിച്ച, സിബിഐ സംഘത്തിന്‌ വരുന്ന റിപ്പബ്ലിക്‌ ദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചില്ലെങ്കില്‍, അതില്‍ പരം നെറികേടെന്താണുള്ളത്‌..?!

ആതിരേ,കവിയൂര്‍ പീഡനക്കേസിന്റെ തുടരന്വേഷണത്തില്‍ നിര്‍ണായക തെളിവായ ശ്രീകുമാരിയുടെ കത്തിന്റെ മറവില്‍ സിബിഐ നടത്തിയ മ്ലേച്ഛനീക്കങ്ങളുടെ ഉള്ളുകള്ളികളിലേയ്ക്ക്‌ കടക്കും മുന്‍പ്‌ അസിസ്റ്റന്റ്‌ എസ്പി നന്ദകുമാര്‍ നായരുടെ യുക്തിയില്‍ ഉരുത്തിരിഞ്ഞ വക്രതകള്‍ ശ്രദ്ധിക്കുക:
1. അനഘയെ പീഡിപ്പിച്ചത്‌ പിതാവ്‌ നാരായണന്‍ നമ്പൂതിരിയാണ്‌.
2. അനഘയുടെയും കുടുംബത്തിന്റെയും കൂട്ട ആത്മഹത്യയ്ക്ക്‌ കാരണം ലതാ നായരാണ്‌.
3. ശ്രീകുമാരി എന്നൊരു സഹപാഠി അനഘയ്ക്കില്ല.
4. കേസ്‌ അന്വേഷണം വഴി തെറ്റിക്കാനാണ്‌ ശ്രീകുമാരിയുടെ കത്ത്‌ .
അനഘയുടെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യയ്ക്ക്‌ കാരണം ലതാ നായര്‍, ശ്രീകുമാരി എന്നൊരു സഹപാഠി അനഘയ്ക്കില്ല- ഇത്രയും നന്ദകുമാര്‍ നായര്‍ പറഞ്ഞത്‌ സത്യമാണ്‌. മറ്റ്‌ രണ്ട്‌ കള്ളത്തരങ്ങള്‍ പറയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകങ്ങളും വ്യക്തികളും സംവിധാനങ്ങളും ഏതൊക്കെയാാ‍ണെന്ന്‌ അറിയണമെങ്കില്‍, നന്ദകുമാര്‍ നായരെ നാര്‍ക്കോ അനാലിസിസിന്‌ വിധേയനാക്കിയേ തീരൂ.
കവിയൂര്‍ പീഡനം സംബന്ധിച്ച്‌ ഗൂഢവും ഭ്രാന്തവുമായ സങ്കല്‍പ്പങ്ങളിലാണ്‌, ആതിരേ, നന്ദകുമാര്‍ നായരും കൂട്ടരും അഭിരമിച്ചത്‌.ആ വൃത്തികേടിന്റെ സന്തതിയാണ്‌ നാരയണന്‍ നമ്പൂതിരി എന്ന പീഡകന്‍.ഈ കണ്ടത്തലിനേയും നിഷ്പ്രഭമാക്കുന്ന അനുമാനമാണ്‌ അന്വേഷണം അട്ടിമറിക്കാനാണ്‌ ശ്രീകുമാരി എന്ന പേരില്‍ ജസ്റ്റിസ്‌ ബസന്തിന്‌ കത്തയച്ചതെന്നത്‌.പൂര്‍വാപരവിരുദ്ധമാണ്‌ ,ആതിരേ,ഈ മഹത്തായ കണ്ടെത്തല്‍.
നന്ദകുമാര്‍ നായരുടെ സിബിഐ യുക്തി വലിച്ചു നീട്ടിയാല്‍ അനഘയെ പീഡിപ്പിച്ച പിതാവോ, അനഘയുടെ കുടുംബത്തിന്റെ കൂട്ട ആത്മഹത്യക്ക്കാരണക്കാരിയായ ലതാനായരോ ആയിരിക്കണം ശ്രീകുമാരി എന്ന പേരിനുപിന്നില്‍ ഒളിച്ചിരുന്ന്‌ അന്വേഷണം വഴിതിരിച്ചു വിടാന്‍ ശ്രമിച്ചത്‌.അവരാണല്ലോ ഈ കേസിലെ പ്രതികള്‍.പ്രതികളാണല്ലോ അന്വേഷണം അട്ടിമറിക്കുക.ആത്മഹത്യ ചെയ്ത നാരായണന്‍ നമ്പൂതിരി തന്നെയാണ്‌ ശ്രീകുമാരിയെന്ന്‌ പറയാതിരുന്നത്‌ ആരുടെ സുകൃതമാണോ ആവോ?
നാരായണന്‍ നമ്പൂതിരിയെ നിര്‍ദ്ധാരണം ചെയ്തു കഴിയുമ്പോള്‍ അവശേഷിക്കുന്നത്‌ ലതാ നായരാണ്‌.പക്ഷെ ലതാന്റി അതു ചെയ്യില്ലെന്ന്‌ സിബിഐക്ക്‌ ഉറപ്പുണ്ട്‌.ഇങ്ങനെ ഒരു കുരുട്ടു ബുദ്ധി പ്രയോഗിച്ചില്ലെങ്കിലും ലതാന്റിയെ സംരക്ഷിക്കാന്‍ ഉന്നതരുണ്ട്‌; അവരുടെ താളത്തിനൊത്തു തുള്ളാന്‍ സിബിഐയും തയ്യാറാണ്‌'.അങ്ങനെ 'മാഷിന്റെ ആരോഗ്യവും ഗൃഹത്തിന്റെ ഐശ്വര്യവും സംരക്ഷിക്കപ്പെടുമ്പോള്‍"ലതാന്റിയെ സംശയിക്കേണ്ട കാര്യമേയില്ല എന്നാണ്‌, ആതിരേ, ടീം നന്ദകുമാറിന്റെ ബുദ്ധി,യുക്തി.
അനഘയ്ക്ക്‌ ശ്രീകുമാരി എന്നൊരു സഹപാഠി ഇല്ല എന്നത്‌ ഞങ്ങളുടെ അന്വേഷണത്തില്‍ 2005ല്‍ തന്നെ വ്യക്തമായതാണ്‌.അപ്പോള്‍ ലതാ നായരെയും അവരുടെ ഇടപാടുകാരെയും കുറിച്ച്‌ നന്നായി അറിയാവുന്ന ആരോ ആണ്‌ ഈ കത്തിന്‌ പിന്നിലുള്ളതെന്ന്‌ ഊഹിക്കാന്‍ ഏത്‌ പോലീസുകാരനും കഴിയും.അതിന്‌ നന്ദകുമാര്‍ നായരുടെ ബുദ്ധിയൊന്നും വേണമെന്നില്ല. അനഘയുടെ സഹപാഠികളില്‍ ഒരാള്‍ ഇങ്ങനെയൊരു കത്തെഴുതുമെന്ന്‌ കരുതുന്നതും മൗഢ്യമാണ്‌. ഒരു ജഡ്ജിക്ക്‌ കത്തെഴുതിയാല്‍ അത്‌ അന്വേഷണത്തില്‍ നിര്‍ണായകമാകുമെന്ന്‌ ചിന്തിക്കാന്‍ പ്രായപൂര്‍ത്തിയായ, പക്വമായ ഒരു ബുദ്ധിക്കേ കഴിയുകയുള്ളൂ. അപ്പോള്‍ ശ്രീകുമാരി എന്ന പേരില്‍ ഒളിഞ്ഞിരിക്കുന്നത്‌ റോയല്‍ പിമ്പ്‌ ലതാ നായരെക്കുറിച്ചും അവരുടെ മാംസവ്യാപാരത്തെക്കുറിച്ചുമുള്ള വിശദാംശങ്ങള്‍ അറിയാവുന്ന ഒരാളാണ്‌.
ഇത്രയും ഊഹിക്കാനുള്ള സാമാന്യബോധം , ആതിരേ,സിബിഐക്ക്‌ ഇല്ലാതെ പോയി. അതുകൊണ്ടാണ്‌ അനഘയ്ക്ക്‌ ശ്രീകുമാരി എന്നൊരു സഹപാഠി ഇല്ല എന്ന തൗസന്റ്‌ ഡോളര്‍ കണ്ടുപിടിത്തത്തിലൂടെ നന്ദകുമാര്‍ നായര്‍ ഫയല്‍മടക്കിയത്‌!.
എന്നാല്‍, ഈ കത്തിന്റെ കോപ്പി ജസ്റ്റിസ്‌ ആര്‍. ബസന്തില്‍ നിന്നോ അല്ലെങ്കില്‍ കത്തിന്റെ കോപ്പി ജസ്റ്റിസ്‌ ബസന്ത്‌ ഏല്‍പ്പിച്ച ഡിഐജി ശ്രീലേഖയില്‍ നിന്നോ കണ്ടെത്തി അതിലെ കൈയ്യക്ഷരം അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തിലൂടെ ശ്രീകുമാരിക്കു പിന്നിലൊളിച്ച കൗശലത്തെ കണ്ടുപിടിക്കാന്‍ നന്ദകുമാര്‍ നായര്‍ക്കും കൂട്ടര്‍ക്കും ഉത്തരവാദിത്തം ഉണ്ടായിരുന്നു. ആ ഉത്തരവാദിത്തം കൂടിയാണ്‌ തുടരന്വേഷണ വിധിയില്‍ കോടതി ആവശ്യപ്പെട്ടത്‌. എന്നാല്‍, അതിന്‌ മുതിരാതെ കത്തെഴുതിയ വ്യക്തിയെയും കത്തിലെ വിശദാംശങ്ങളെയും തമസ്കരിച്ച്‌ കോടതിയലക്ഷ്യം കാട്ടി കോടതിയേയും വെല്ലുവിളിച്ചിരിക്കുകയാണ്‌ ടീം നന്ദകുമാര്‍.
ഇനി 'കല്ലുകളെല്ലാം ഇളക്കി 'പരതിയിട്ടും കത്തെഴുതിയ വ്യക്തിയെ കണ്ടെത്താന്‍ സാധിച്ചില്ല എന്നു തന്നെ കരുതുക. എങ്കില്‍പ്പോലും ആ കത്തില്‍ സൂചിപ്പിച്ചിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ നാരായണന്‍ നമ്പൂതിരിയാണ്‌ അനഘയെ പീഡിപ്പിച്ചതെന്ന പിതൃരഹിത നിഗമനത്തില്‍ സിബിഐ എത്തുമായിരുന്നില്ല, ആതിരേ...
ശ്രീകുമാരിയുടെ പുറകില്‍ ഒളിച്ചിരിക്കുന്ന വ്യക്തി ഒന്നുകില്‍ ലതാ നായരുടെ സംഘാംഗങ്ങളില്‍ ഒരാളാകാം അല്ലെങ്കില്‍ ഈ വിവരം എല്ലാം അറിയാവുന്ന പോലീസിലെ ഒരാള്‍, ഉന്നത ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലം സത്യം തെളിയിക്കപ്പെടില്ല എന്ന തിരിച്ചറിവില്‍ മറ്റൊരാളെക്കൊണ്ട്‌ കത്തെഴുതിച്ചതായിക്കൂടേ? . ആ സാദ്ധ്യതകളിലേയ്ക്ക്‌ കടക്കുക പോലും ചെയ്യാതെ, അനഘയെ പിച്ചിച്ചീന്തിയവരെ കണ്ടെത്താനുള്ള കോടതി വിധി ധിക്കരിച്ച്‌ പീഡനവീരന്മാരെ സംരക്ഷിച്ച, സിബിഐ സംഘത്തിന്‌ വരുന്ന റിപ്പബ്ലിക്‌ ദിനത്തില്‍ രാഷ്ട്രപതിയുടെ പോലീസ്‌ മെഡല്‍ ലഭിച്ചില്ലെങ്കില്‍, അതില്‍ പരം നെറികേടെന്താണുള്ളത്‌..?!
വാല്‍ക്കഷ്ണം:കവിയൂര്‍ പീഡനക്കേസിന്റെ തുടരന്വേഷണം "ജമ്പനേയും തുമ്പനേയും ' ഏല്‍പ്പിച്ചിരുന്നെങ്കില്‍ കുറ്റവാളികള്‍ എപ്പോള്‍ പിടിക്കപ്പെട്ടെന്ന്‌ ചോദിച്ചാല്‍ മതിയെന്ന്‌ സിബിഐയിലെ ക്ലാസ്‌ ഫോര്‍ ജീവനക്കാര്‍
നാളെ: ലതാന്റി ചിരിക്കുന്നു.
cartoon courtesy:Sathish Acharya,Midday,Mumbai-Kundapura

No comments: