Wednesday, December 7, 2011

മുല്ലപ്പെരിയാര്‍ പൊട്ടിയാലും തകര്‍ക്കാനാവാത്ത അഴിമതിയുടെ അണകള്‍

രാഷ്ട്രീയ-വ്യവസായ-വാണിജ്യ മേഖലയില്‍ എന്ന പോലെ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട മാന്യന്മാര്‍ക്കും മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമൊഴുകുന്ന ശാദ്വല ഭൂമിയില്‍ നിക്ഷേപങ്ങളും ഫാം ഹൗസുകളും റിസോര്‍ട്ടുകളും ഉണ്ട്‌. അതുകൊണ്ടാണ്‌ ദണ്ഡപാണിയെപ്പോലെ നിയമലോകത്ത്‌ ആര്‍ജ്ജവം ഏറെയുള്ള അഭിഭാഷകര്‍പോലും കോടതിയില്‍ കേരളത്തിന്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിച്ചത്‌. ഈ വഞ്ചകര്‍ക്കെതിരെ നിയമപരമായോ ഭരണപരമായോ നടപടിയുണ്ടാകാന്‍ പോകുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ വഞ്ചക പരിഷകളെ പരസ്യ വിചാരണയിലൂടെ ഉന്മൂലനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. കാരണം വഞ്ചനയുടെ ചോരുന്ന ഈ ഇടങ്ങളിലൂടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സമര സന്നദ്ധതയെ വര്‍ഗ്ഗീയ തീവ്രവാദി സംഘടനകള്‍ ഹൈജാക്ക്‌ ചെയ്യാനുള്ള സാധ്യതയാണ്‌ സുതാര്യമായിരിക്കുന്നത്‌. അണക്കെട്ടിന്റെ തകര്‍ച്ചപ്പോലെ,ഒരുവേള അതിലും ഭീകരമായ അവസ്ഥായാവും അപ്പോള്‍ സംജാതമാകുക


ആതിരെ,അഞ്ചു ജില്ലകളിലെ 35 ലക്ഷം ജനങ്ങള്‍ക്ക്‌ പ്രത്യക്ഷത്തിലും അതിലിരട്ടിയിലേറെ പേര്‍ക്ക്‌ പരോക്ഷമായും നാശനഷ്ടങ്ങള്‍ വരുത്താനിടയുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടുയര്‍ത്തുന്ന ഭീഷണിയും അതിനെ ശാശ്വതീകരിക്കുന്ന തമിഴ്‌നാട്‌ സര്‍ക്കാരിന്റെ മനുഷ്യത്വമില്ലായ്മയും കേരളമെമ്പാടും പ്രതിഷേധത്തിന്റെയും പ്രതികരണത്തിന്റെയും പ്രക്ഷോഭങ്ങള്‍ തീര്‍ത്തപ്പോള്‍ മൗനം പാലിച്ച സൂപ്പര്‍ താരങ്ങളെക്കുറിച്ചും മുല്ലപ്പെരിയാര്‍ ദുരന്തത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പ്‌ നടത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന വേതാളങ്ങള്‍ക്കെതിരെയും ഈ പംക്തി, നിരവധി തവണ ജനകീയ പ്രതികരണത്തിന്റെ പര്യായമായി മാറിയിരുന്നു.
നിഗൂഢവും നീചവുമായ അജണ്ടകളാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള യുഡിഎഫ്‌ നേതാക്കളും മറ്റ്‌ സാംസ്കാരിക പ്രവര്‍ത്തകരും പുലര്‍ത്തുന്നതെന്നും അന്നെല്ലാം പറഞ്ഞിരുന്നു. നിയമവേദികളില്‍ കേരളത്തിന്റെ താല്‍പര്യം അരക്കിട്ടുറപ്പിക്കാന്‍ ഔദ്യോഗികമായി തന്നെ ഉത്തരവാദിത്തമുള്ള അഡ്വക്കേറ്റ്‌ ജനറല്‍ കെ.പി.ദണ്ഡപാണിയെപ്പോലെയുള്ളവരും തമിഴ്‌നാടിന്‌ അനുകൂലമായ ചതിനിലകളാണ്‌ സ്വീകരിക്കുന്നതെന്ന്‌ തിരിച്ചറിഞ്ഞായിരുന്നു ഈ പ്രതികരണങ്ങള്‍. മാര്‍ദ്ദവമില്ലാത്ത വാക്കുകള്‍ അതിനായി ഉപയോഗിക്കാന്‍ നിര്‍ബന്ധിതനാകുകയും ചെയ്തു.

ഭരണകക്ഷിയിലെയും ഇടതുപക്ഷ പാര്‍ട്ടിയിലെയും പ്രമുഖരും വ്യവസായ വാണിജ്യ മേഖലയിലെ ഉന്നതരും ഉദ്യോഗസ്ഥ മേധാവികളും സൂപ്പര്‍ താരങ്ങളുമടങ്ങിയ വഞ്ചകരുടെ ദൂഷിത വൃത്തത്തിലാണ്‌,ആതിരേ കേരളവും, മുല്ലപ്പെരിയാര്‍ അണക്കെട്ടു പൊട്ടിയാല്‍ ദുരന്തം അനുഭവിക്കാന്‍ വിധിക്കപ്പെട്ടിട്ടുള്ള സാധാരണക്കാരും.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ പേരില്‍ തമിഴ്‌നാട്‌ പുലര്‍ത്തുന്ന താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ അവരെക്കാള്‍ ബദ്ധശ്രദ്ധരായി ഈ വഞ്ചക പരിഷകള്‍ നീങ്ങിയത്‌ എന്തുകൊണ്ടാണെന്ന്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നു. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട തമിഴ്‌നാടിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഇവരെല്ലാം ലക്ഷങ്ങളാണ്‌ കോഴയായി കൈപ്പറ്റിയത്‌. കൂടാതെ, മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നുള്ള ജലം ഉപയോഗിച്ച്‌ കൃഷി ചെയ്യുന്ന ഇടങ്ങളില്‍ ഏക്കര്‍ കണക്കിന്‌ ഭൂമി തുച്ഛ വിലയ്ക്കും സൗജന്യമായും സ്വന്തമാക്കിയാണ്‌ ഇവര്‍ ഇത്രനാളും കേരളത്തെ വഞ്ചിച്ചുകൊണ്ടിരുന്നത്‌. അണക്കെട്ടുയര്‍ത്തുന്ന സുരക്ഷാ ഭീഷണിയെക്കുറിച്ച്‌ വായ്തോരാതെ സംസാരിക്കുന്നതിന്‌ സമാന്തരമായി തമിഴ്‌നാടിന്റെ ഗൂഢലക്ഷ്യങ്ങള്‍ സംരക്ഷിക്കാന്‍ കുമാര്‍ഗ്ഗങ്ങളിലൂടെ ചരിക്കുകയുമായിരുന്നു ഇവര്‍.
ഞെട്ടിപ്പോകുന്നതാണ്‌,ആതിരേ, ഇതുസംബന്ധിച്ച വിശദാംശങ്ങള്‍. തേനി, മധുര, രാമനാദപുരം ജില്ലകളില്‍ ആയിരക്കണക്കിനേക്കര്‍ കൃഷി ഭൂമിയാണ്‌ ഈ യൂദാസുകള്‍ കേരളത്തെ വിറ്റ്‌ സ്വന്തമാക്കിയിട്ടുള്ളത്‌. ഏക്കര്‍കണക്കിന്‌ മുന്തിരി തോട്ടങ്ങളും തെങ്ങ്‌ മാവ്‌ കൃഷിയിടങ്ങളും ഒപ്പിച്ചെടുത്ത്‌ കേരളീയന്റെ സുരക്ഷയും ഭാവിയും ദുരന്തത്തിന്‌ വിട്ടുകൊടുത്ത്‌ മദിച്ചുവാഴുകയാണ്‌ ഈ സാമദ്രോഹികള്‍ ഇപ്പോഴും. കൃഷിയിടങ്ങള്‍ക്കു പുറമെ റിസോര്‍ട്ടുകളും ഹോട്ടലുകളും ഈ പ്രദേശങ്ങളിലും ലാഭകരമായ മറ്റു മേഖലകളിലും, മുല്ലപ്പെരിയാറിന്റെ മറവില്‍ , സ്വന്തമാക്കിയ മലയാളികളും ധാരാളം.
മുല്ലപ്പെരിയാറില്‍ സമരം നയിക്കുന്ന ഒരു നേതാവ്‌ മുതല്‍ സൂപ്പര്‍ താരം വരെ ഈ വഞ്ചക ശൃംഖലയിലുണ്ട്‌. എറണാകുളം ജില്ലയിലെ ഒരു എംഎല്‍എയ്ക്ക്‌ തേനി മേഘമലയില്‍ 300 ഏക്കര്‍, തിരുവനന്തപുരത്ത്‌ താമസമാക്കിയ മുന്‍ റിട്ടയേര്‍ഡ്‌ ഇറിഗേഷന്‍ എഞ്ചിനീയര്‍ക്ക്‌ ചിന്നമന്നൂരില്‍ 120 ഏക്കര്‍, ഒരു എല്‍ഡിഎഫ്‌ എംഎല്‍എയ്ക്ക്‌ ഉത്തമപാളയത്ത്‌ 60 ഏക്കര്‍, കോതമംഗലത്തെ ഒരു നേതാവിന്‌ തേനിയില്‍ ബിനാമി പേരില്‍ 100 ഏക്കര്‍, കേരളത്തിലെ ഒരു സൂപ്പര്‍ താരത്തിന്‌ തേനിയില്‍ 400 ഏക്കര്‍ തെങ്ങിന്‍ തോട്ടവും കൂറ്റന്‍ ബംഗ്ലാവും... ഇത്‌ വഞ്ചനയുടെ ഹിമാനിത്തുമ്പുമാത്രം.
ജനകീയ സമരങ്ങള്‍ മുല്ലപ്പെരിയാറിലും വണ്ടന്‍മേട്ടിലും കേരളത്തില്‍ എല്ലായിടത്തും ശക്തമാകുമ്പോഴും നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങള്‍ ബുദ്ധിപരമായ അകലം പാലിക്കുകയും കൗശലം നിറഞ്ഞ ഇടപെടല്‍ നടത്തുകയും ചെയ്തതിന്‌ പിന്നിലെ യഥാര്‍ത്ഥ കാരണങ്ങളില്‍ ചിലതാണ്‌, ആതിരേ, മേല്‍സൂചിപ്പിച്ചത്‌. ഈ പേരു പറഞ്ഞവരെക്കൂടാതെ ഭരണകക്ഷിയിലും പ്രതിപക്ഷത്തുമുള്ള ധാരാളം പ്രമുഖര്‍ക്ക്‌ ബിനാമി പേരില്‍ ഈ പ്രദേശങ്ങളില്‍ കൃഷിയിടവും റിസോര്‍ട്ടും ഫാം ഹൗസും എല്ലാമുണ്ട്‌. മുല്ലപ്പെരിയാറില്‍ പുതിയ അണ കെട്ടണമെന്ന ആവശ്യം ശക്തമാക്കി കേന്ദ്രത്തെ പ്രശ്നത്തിലേക്ക്‌ ക്ഷണിച്ച്‌ തമിഴ്‌നാടിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തിയാല്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ മറവില്‍ തമിഴ്‌നാട്ടില്‍ സ്ഥലവും ബംഗ്ലാവും ഫാം ഹൗസും റിസോര്‍ട്ടും സ്വന്തമാക്കിയിട്ടുള്ള വഞ്ചക ശിരോമണിമാരുടെ പേരുകള്‍ പുറത്താക്കുമെന്നാണ്‌ ജയലളിതയുടെ ഏറ്റവും പുതിയ ഭീഷണി. അധികാരത്തില്‍ എത്തിയ ഉടനെ ഡിഎംകെയുടെ ഭരണകാലത്ത്‌ നേതാക്കള്‍ നടത്തിയ സ്ഥലമിടപാടുകളും അതിലെ വെട്ടിപ്പുകളും പുറത്തുകൊണ്ടു വന്ന്‌ ഡിഎംകെയുടെ മുതിര്‍ന്ന നേതാക്കളെ അറസ്റ്റ്‌ ചെയ്യുകയും പ്രതിപക്ഷത്തിരിക്കുന്ന അവരുടെ പ്രതികരണത്തിന്റെ മുനയൊടിക്കുകയും ചെയ്ത ഭരണതന്ത്രം തന്നെയാണ്‌ ജയലളിത ഇക്കാര്യത്തിലും അനുവര്‍ത്തിക്കുന്നത്‌.
ജയലളിതയുടെ ഭീഷണിക്കു മുന്‍പില്‍ മുട്ടു വിറയ്ക്കുന്നതുകൊണ്ടാണ്‌ സൂപ്പര്‍ താരങ്ങള്‍ അടക്കമുള്ളവര്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഗര്‍ഹണീയമായ മൗനം പുലര്‍ത്തുന്നതും കോണ്‍ഗ്രസും കേന്ദ്ര സര്‍ക്കാരും ഉരുണ്ടു കളിക്കുന്നതും. പുതിയ അണകെട്ടുകയും മുല്ലപ്പെരിയാറിലെ ജലനിരപ്പ്‌ താഴ്ത്തുകയും ചെയ്യണമെന്ന്‌ കേരളത്തിലെ സിപിഎം-സിപിഐ നേതൃത്വങ്ങള്‍ മുറവിളി കൂട്ടുമ്പോള്‍ അത്‌ ശ്രദ്ധിക്കുക പോലും ചെയ്യാതെ തമിഴ്‌നാടിന്‌ അനുകൂലമായി ഈ പാര്‍ട്ടികളുടെ ദേശീയ നേതൃത്വം നിലപാടെടുത്തതിന്‌ പിന്നിലും ഈ ഭയമാണുള്ളത്‌. സംസ്ഥാനത്തെ ഭരണപ്രതിപക്ഷ കക്ഷികളെ ഭര്‍ത്സിച്ച്‌ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമിക്കുന്ന ബിജെപിയുടെ തമിഴ്‌നാട്‌ ഘടകം ഇടം തിരിഞ്ഞ്‌ നില്‍ക്കുന്നതും മറ്റൊന്നും കൊണ്ടല്ല. മുല്ലപ്പെരിയാര്‍ ഡാമിന്റെ പേരില്‍ പ്രക്ഷോഭത്തിന്‌ നേതൃത്വം നല്‍കുന്ന കേരള സര്‍ക്കാരിനെ പിരിച്ചു വിടണം എന്നാണ്‌ അവരുടെ ആവശ്യം.
രാഷ്ട്രീയ-വ്യവസായ-വാണിജ്യ മേഖലയില്‍ എന്ന പോലെ, ആതിരേ, നീതിന്യായ വ്യവസ്ഥയുമായി ബന്ധപ്പെട്ട മാന്യന്മാര്‍ക്കും മുല്ലപ്പെരിയാറില്‍ നിന്നുള്ള ജലമൊഴുകുന്ന ശാദ്വല ഭൂമിയില്‍ നിക്ഷേപങ്ങളും ഫാം ഹൗസുകളും റിസോര്‍ട്ടുകളും ഉണ്ട്‌. അതുകൊണ്ടാണ്‌ ദണ്ഡപാണിയെപ്പോലെ നിയമലോകത്ത്‌ ആര്‍ജ്ജവം ഏറെയുള്ള അഭിഭാഷകര്‍പോലും കോടതിയില്‍ കേരളത്തിന്‌ വിരുദ്ധമായ നിലപാട്‌ സ്വീകരിച്ചത്‌. ഈ വഞ്ചകര്‍ക്കെതിരെ നിയമപരമായോ ഭരണപരമായോ നടപടിയുണ്ടാകാന്‍ പോകുന്നില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉയര്‍ത്തുന്ന ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഈ വഞ്ചക പരിഷകളെ പരസ്യ വിചാരണയിലൂടെ ഉന്മൂലനം ചെയ്യേണ്ടത്‌ അനിവാര്യമാണ്‌. കാരണം വഞ്ചനയുടെ ചോരുന്ന ഈ ഇടങ്ങളിലൂടെ മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട സമര സന്നദ്ധതയെ വര്‍ഗ്ഗീയ തീവ്രവാദി സംഘടനകള്‍ ഹൈജാക്ക്‌ ചെയ്യാനുള്ള സാധ്യതയാണ്‌ സുതാര്യമായിരിക്കുന്നത്‌. അണക്കെട്ടിന്റെ തകര്‍ച്ചപ്പോലെ,ഒരുവേള അതിലും ഭീകരമായ അവസ്ഥായാവും അപ്പോള്‍ സംജാതമാകുക

No comments: