Monday, December 12, 2011

ഗണേഷ്കുമാറും ശിങ്കിടികളും ചലച്ചിത്ര മേള അലമ്പാക്കുമ്പോള്‍...

തന്റെയും തന്റെ സില്‍ബന്തികളുടെയും കുത്സിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ചലച്ചിത്ര മേളയെ അലമ്പാക്കാന്‍ ഗണേഷന്‌ ഉളുപ്പൊട്ടുമുണ്ടായില്ല. സംസ്കാരം തൊട്ടു തെറിച്ചിട്ടില്ലാത്ത, ഗുണ്ടായിസവും മാടമ്പടിത്തരവും മാത്രം പരിചയമുള്ള ഒരു നികൃഷ്ടി ജീവിയില്‍ നിന്ന്‌ ഇതിലപ്പുറം പ്രതീക്ഷിച്ച ചലച്ചിത്ര പ്രേമികളാണ്‌ വിഡ്ഢികള്‍. കൂട്ടുകക്ഷി ഭരണത്തിന്റെ പേരില്‍ ഈ ശാപങ്ങളെയും പേറാന്‍ കേരളത്തിലെ ചലച്ചിത്ര പ്രേമികളും സമ്മതിദായകരും നികുതിദായകരും നിര്‍ബന്ധിതരായിരിക്കുകയാണ്‌. മോചനമില്ലാത്ത പീഡനമാണിത്‌.വിവേകരഹിതവും അജ്ഞതാഭരിതവും സംസ്ക്കാരശൂന്യവും മാടമ്പിത്തെമ്മാടിത്തം നിറഞ്ഞതുമായ ഈ ഭരണശാപങ്ങളെ എന്ന്‌ ഉന്മൂലനം ചെയ്യുന്നോ അന്നേ സാക്ഷരകേരളത്തിന്‌ സാംസ്ക്കാരികവിമോചനമുണ്ടാകൂകീഴൂട്ട്‌ രാമന്‍പിള്ള ബാലകൃഷ്ണപിള്ള മകന്‍ ഗണേഷ്‌ കുമാര്‍ ജനകീയ മന്ത്രിയാണെങ്കിലും പ്രവര്‍ത്തനങ്ങളിലെല്ലാം നെറികെട്ട മാടമ്പി ടച്ച്‌ പുലര്‍ത്താന്‍ മറക്കാറില്ല. മന്ത്രിപുത്രനായിരുന്നപ്പോള്‍ തുടങ്ങിയ ഈ അലമ്പ്‌ മന്ത്രിയായി വിലസുമ്പോഴും അഭംഗുരം തുടരുന്നു എന്നതാണ്‌, ആതിരേ കേരള ചലച്ചിത്ര മേഖലയുടെ ശാപം. ഒരു സിനിമാതാരമായതുകൊണ്ട്‌ സാംസ്കാരികവകുപ്പും ചലച്ചിത്ര വിഷയങ്ങളും ഗണേഷിന്റെ കൈയില്‍ സുഭദ്രമായിരിക്കുമെന്ന്‌ ചിന്തിച്ച ഉമ്മന്‍ചാണ്ടിയുടെ വിഡ്ഢിത്തത്തിന്‌ പിഴ മൂളേണ്ടി വന്നിരിക്കുന്നത്‌ നല്ല സിനിമകളെ സ്നേഹിക്കുന്ന കേരളത്തിലും കേരളത്തിന്‌ പുറത്തുമുള്ള ചലച്ചിത്ര പ്രവര്‍ത്തകരും പ്രേക്ഷകരുമാണ്‌.
കഴിഞ്ഞ 15 വര്‍ഷമായി രാഷ്ട്രാന്തര തലത്തില്‍ കേരള ചലച്ചിത്ര മേഖലയുടെ യശഃസുയര്‍ത്തിയ സംരംഭമാണ്‌ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ്‌ കേരള. എന്നാല്‍, അതിന്റെ 16-ാ‍ം സീസണ്‍, ഗണേഷ്‌ കുമാര്‍ എന്ന മാടമ്പിയുടെയും അയാളുടെ സ്തുതിപാഠകരും സുഖദായകരുമായ 'എട്ടുവീട്ടില്‍ പിള്ള'മാരുടെയും ഗര്‍വ്വു കൊണ്ടും അജ്ഞത കൊണ്ടും വൈര്യനിര്യാതന നിലപാടുകൊണ്ടും മലയാളിക്കും മലയാള ചലച്ചിത്ര മേഖലയ്ക്കും ആഗോളതലത്തില്‍ നാണക്കേട്‌ ഉണ്ടാക്കിയിരിക്കുകയാണ്‌.
മേളയുടെ തുടക്കം മുതല്‍ പിടിപ്പുകേടിന്റെയും വിവരക്കേടിന്റെയും പ്രദര്‍ശനമാണ്‌,ആതിരേ കണ്ടത്‌. ഡലിഗേറ്റ്‌ പാസ്‌ വിതരണവും ബുക്ക്‌ വിതരണവും അവതാളത്തിലാക്കി ലോക സിനിമയിലെ പുതിയ ചലനങ്ങളും സമീപനങ്ങളും മനസ്സിലാക്കാന്‍ എത്തിയവരെ വിഡ്ഢികളാക്കിക്കൊണ്ടായിരുന്നു ഉദ്ഘാടനം. സിനിമ എന്നാല്‍, കട്ട്‌-കോപ്പിയാണെന്ന്‌ വിശ്വസിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ മൂന്നാംകിട ചിത്രങ്ങള്‍ മാത്രം സംവിധാനം ചെയ്തിട്ടുള്ള പ്രിയദര്‍ശനെ ചലച്ചിത്ര അക്കാദമിയുടെ തലപ്പത്ത്‌ പ്രതിഷ്ഠിച്ചിടത്തു തുടങ്ങുന്നു ഗണേഷ്‌ മാടമ്പിയുടെ അഹങ്കാരവും ഡംഭും. സ്തുതിപാടനത്തിന്റെ മികവില്‍ ബോളിവുഡിലും തിളങ്ങാനായതുമാത്രമാണ്‌ പ്രിയദര്‍ശനിലെ ചലച്ചിത്രകാരന്‌ അവകാശപ്പെടാവുന്ന നേട്ടം. നല്ല സിനിമയെയും അത്തരം സിനിമകളെ ഇഷ്ടപ്പെടുകയും ചെയ്യുന്ന പ്രേക്ഷകരെയും വിലയിരുത്തുന്നതില്‍ വക്രനില എന്നും സ്വീകരിച്ചിട്ടുള്ള ഇവരില്‍ നിന്ന്‌ മലയാള സിനിമയ്ക്ക്‌ എങ്ങനെയാണ്‌ മികവിന്റെയും മോചനത്തിന്റെയും ഇടങ്ങളും അടയാളപ്പെടുത്തലുകളും ഉണ്ടാകുക?
അതു തന്നെയാണ്‌, ആതിരേ, 16-ാ‍മത്‌ അന്താരാഷ്ട്ര കേരള ചലച്ചിത്ര മേളയില്‍ സംഭവിച്ചിട്ടുള്ളത്‌. സ്തുതിപാഠകര്‍ക്കും രാഷ്ട്രീയ മേലാളന്മാര്‍ക്കുമായി മേളയെ തീറെഴുതി മലയാള ചലച്ചിത്ര പ്രവര്‍ത്തകരെ അധിക്ഷേപിച്ചു എന്നതിലുപരി വിദേശത്തുനിന്ന്‌ എത്തിയ സിനിമ പ്രവര്‍ത്തകരില്‍ കേരള രാഷ്ട്രീയത്തിലെ പുഴുക്കുത്തു നിറഞ്ഞ സ്വജനപക്ഷപാത നിലപാടുകള്‍ വ്യക്തമാക്കി എന്നതുമാണ്‌ നാണക്കേട്‌ ഉണ്ടാക്കിയ വസ്തുത.
ഇതിന്റെ പാരമ്യത്തിലാണ്‌ ഞായറാഴ്ച ഓപ്പണ്‍ ഫോറത്തില്‍ അപ്രിയ ചോദ്യങ്ങള്‍ ഉന്നയിച്ചവരെ ഗുണ്ടകളെക്കൊണ്ട്‌ അടിച്ചൊതുക്കിയത്‌. 'ചലച്ചിത്ര മേളകളുടെ അസ്തിത്വം' എന്ന വിഷയത്തില്‍ നടന്ന ഓപ്പണ്‍ ഫോറം ചര്‍ച്ച അങ്ങനെ പ്രതിനിധികളുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ നിര്‍ത്തിവയ്ക്കേണ്ടിയും വന്നു.
ഓപ്പണ്‍ ഫോറത്തിലെ ചര്‍ച്ച പുരോഗമിക്കെ വിദേശ പ്രതിനിധികളോട്‌ നിങ്ങളുടെ നാട്ടിലെ ചലച്ചിത്രോത്സവങ്ങളില്‍ നിങ്ങളുടെ ഭാഷയിലുള്ള ചിത്രങ്ങള്‍ ഉണ്ടാകാറില്ലേ എന്ന ചോദ്യം ഉന്നയിച്ചതാണ്‌ സംഘാടകരെ ചൊടിപ്പിച്ചതും ഗുണ്ടകളെ അഴിച്ചു വിടാന്‍ പ്രേരിപ്പിച്ചതും.. 16-ാ‍ം ചലച്ചിത്ര മേളയിലെ മത്സര വിഭാഗത്തില്‍ നിന്ന്‌ ബോധപൂര്‍വ്വം മലയാള സിനിമകളെ ഒഴിവാക്കുകയായിരുന്നു എന്ന വാസ്തവം ഗണേഷ്‌ കുമാറിനോ പ്രിയദര്‍ശനോ നിഷേധിക്കാന്‍ കഴിയുകയില്ല. ആദ്യമദ്യാന്തം എന്ന ചിത്രത്തിന്റെ പേരില്‍ ഇവര്‍ സൃഷ്ടിച്ച വിവാദങ്ങള്‍ ചില സ്വകാര്യ താല്‍പര്യ സംരക്ഷണത്തിനുവേണ്ടിയായിരുന്നു എന്ന്‌ ഇപ്പോള്‍ വ്യക്തമാകുന്നു. ഒരു പുതിയ ചലച്ചിത്ര നിര്‍മ്മാണ രീതിയും സംവിധാന ഭാവുകത്വവും അവതരിപ്പിക്കാനുള്ള സംവിധായകന്റെ ശ്രമത്തെ പൊളിക്കാന്‍ ചരടു വലിച്ചതില്‍ മന്ത്രി ഗണേഷ്‌ കുമാര്‍ തന്നെയാണ്‌ പ്രമുഖന്‍. മേളയുടെ നിയമാവലികള്‍ എല്ലാം ലംഘിച്ചുകൊണ്ട്‌ ചട്ടങ്ങള്‍ അട്ടിമറിച്ച്‌, മന്ത്രി എന്ന അഹന്തയില്‍ 'ആദ്യമദ്യാന്ത'ത്തിന്റെ കോപ്പി വീട്ടില്‍ കൊണ്ടുപോയി കാണുകയും തന്റെ ശുഷ്കമായ ചലച്ചിത്ര ബോധത്തിന്റെ അടിസ്ഥാനത്തില്‍ അതിലെ സംവിധാന രീതിയെ വിലയിരുത്തുകയും അത്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ വിളിച്ചു കൂവുകയും ചെയ്ത്‌ തന്നിലെ സാംസ്കാരിക അധമത്വം പ്രദര്‍ശിപ്പിച്ചതു കൂടാതെയാണ്‌ 'ആദാമിന്റെ മകന്‍ അബു' എന്ന ചിത്രത്തെയും മത്സരവിഭാഗത്തില്‍ നിന്ന്‌ ഒഴിവാക്കി മൂന്നാംകിട പ്രതികാരം നിര്‍വഹിച്ചത്‌..
ആദ്യമദ്യാന്തത്തില്‍ ഡബ്ബിംഗ്‌ മുതലുള്ള പോസ്റ്റു പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ നിലവാരമില്ലാത്തതാണെന്ന്‌ വിളിച്ചു കൂവിയ ഗണേഷന്‌, ബധിതരനായ കുട്ടിയുടെ കഥ പറയുന്നിടത്ത്‌ സൗണ്ട്‌ ട്രാക്കില്‍ മൗനം നിറച്ച സംവിധായക മികവ്‌ തിരിച്ചറിയാന്‍ കഴിയാതെ പോയി. ആ ബാലന്‍ ഹിയറിങ്ങ്‌ എയ്ഡ്‌ ഉപയോഗിക്കുമ്പോള്‍ മാത്രമാണ്‌ സൗണ്ട്‌ ട്രാക്കില്‍ നിന്ന്‌ ശബ്ദം കേള്‍ക്കുന്നത്‌. ഇത്‌ ഡബ്ബിംഗിലെ അപാകമാണെന്ന്‌ ചൂണ്ടിക്കാട്ടിയാണ്‌, ആതിരേ, ഗണേഷനും സ്തുതിപാഠകവൃന്ദവും അംഗീകാരം ലഭിക്കേണ്ടിയിരുന്ന ഒരു യുവ സംവിധായകന്റെ അവസരം തുലച്ചത്‌. സംസ്ഥാന ദേശീയ അവാര്‍ഡുകള്‍ നേടുകയും ഗോവ ഫിലിം ഫെസ്റ്റിവലില്‍ രജതമയൂരം കരസ്ഥമാക്കുകയും ചെയ്ത ആദാമിന്റെ മകന്‍ അബുവിനെ തഴഞ്ഞത്‌ മൂന്നാംകിട സാങ്കേതിക ന്യായം ചൂണ്ടിക്കാട്ടിയാണ്‌. മറ്റു മേളകളില്‍ മത്സരവിഭാഗത്തില്‍ പങ്കെടുക്കുകയും പുരസ്കാരം നേടുകയും ചെയ്തിട്ടുള്ള സിനിമകളെ കേരള ചലച്ചിത്രമേളയില്‍ നിന്ന്‌ ഒഴിവാക്കണം എന്ന നിയമാവലിയാണത്രെ ഇതിന്‌ കാരണം. എന്നാല്‍, രണ്ടിലേറെ തവണ ഈ നിയമാവലി ലംഘിച്ച്‌ കേരള ഫിലിം ഫെസ്റ്റിവലില്‍ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയും പുരസ്കാരങ്ങള്‍ നല്‍കി ആദരിക്കുകയും ചെയ്തിട്ടുണ്ട്‌.
എന്നാല്‍,ആതിരേ, വിവരക്കേടിന്റെ മാടമ്പിയായ ഗണേഷിന്‌ ചിലരോടെല്ലാമുള്ള വൈര്യനിര്യാതന ബുദ്ധി മാത്രമാണ്‌ ഈ ചിത്രങ്ങളെ തഴയുന്നതിന്‌ പിന്നിലുണ്ടായിരുന്നത്‌. എന്നു മാത്രമല്ല, മേളയുടെ 120-ല്‍ അധികം പാസ്‌ യൂത്ത്‌ കോണ്‍ഗ്രസുകാര്‍ക്ക്‌ നല്‍കി സ്വജനപക്ഷപാതവും പ്രദര്‍ശിപ്പിച്ചു. അതുകൊണ്ട്‌ ബോഡി എന്ന സിനിമ പ്രദര്‍ശിപ്പിച്ചപ്പോള്‍ ജൂറി ചെയര്‍മാന്‌ നിലത്തിരുന്ന്‌ കണ്ട്‌ ചിത്രം വിലയിരുത്തേണ്ട ഗതികേടുമുണ്ടായി. ചെയര്‍മാനുവേണ്ടി സീറ്റ്‌ ഒഴിഞ്ഞു കൊടുക്കണം എന്ന അഭ്യര്‍ത്ഥന അംഗീകരിക്കാന്‍ ഖദര്‍ അണിഞ്ഞ ഗര്‍വ്വുകള്‍ക്ക്‌ മനസ്സില്ലാതെ പോയത്‌ ഗണേഷന്‍ എന്ന മന്ത്രിയുടെ പിന്‍ബലം ഉണ്ടായിരുന്നതുകൊണ്ടാണ്‌. ചലച്ചിത്ര മേഖലയില്‍ വിദേശ രാജ്യങ്ങളില്‍ ഉണ്ടാകുന്ന പുതിയ സമീപനങ്ങള്‍ തിരിച്ചറിയാനും അവ സാക്ഷാത്കരിക്കുന്ന പ്രതിഭകളുമായി ആശയവിനിമയം നടത്താനുമാണ്‌ ചലച്ചിത്ര മേളകളും ഓപ്പണ്‍ ഫോറം ചര്‍ച്ചകളും സംഘടിപ്പിക്കുന്നത്‌. എന്നാല്‍, തന്റെയും തന്റെ സില്‍ബന്തികളുടെയും കുത്സിത ലക്ഷ്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെട്ടിരുന്ന ഒരു ചലച്ചിത്ര മേളയെ അലമ്പാക്കാന്‍ ഗണേഷന്‌ ഉളുപ്പൊട്ടുമുണ്ടായില്ല. സംസ്കാരം തൊട്ടു തെറിച്ചിട്ടില്ലാത്ത, ഗുണ്ടായിസവും മാടമ്പടിത്തരവും മാത്രം പരിചയമുള്ള ഒരു നികൃഷ്ടി ജീവിയില്‍ നിന്ന്‌ ഇതിലപ്പുറം പ്രതീക്ഷിച്ച ചലച്ചിത്ര പ്രേമികളാണ്‌ വിഡ്ഢികള്‍. കൂട്ടുകക്ഷി ഭരണത്തിന്റെ പേരില്‍ ഈ ശാപങ്ങളെയും പേറാന്‍ കേരളത്തിലെ ചലച്ചിത്ര പ്രേമികളും സമ്മതിദായകരും നികുതി ദായകരും നിര്‍ബന്ധിതരായിരിക്കുകയാണ്‌. മോചനമില്ലാത്ത പീഡനമാണിത്‌.ആതിരേ,വിവേകരഹിതവും അജ്ഞതാഭരിതവും സംസ്ക്കാരശൂന്യവും മാടമ്പിത്തെമ്മാടിത്തം നിറഞ്ഞതുമായ ഈ ഭരണശാപങ്ങളെ എന്ന്‌ ഉന്മൂലനം ചെയ്യുന്നോ അന്നേ സാക്ഷരകേരളത്തിന്‌ സാംസ്ക്കാരികവിമോചനമുണ്ടാകൂ

No comments: