Monday, November 21, 2011

കര്‍ഷക ജഡത്തില്‍ ചവിട്ടി ഉമ്മന്‍ചാണ്ടി കൊലവിളി നടത്തുമ്പോള്‍

കാര്‍ഷിക വായ്പ എടുത്തവരല്ല ആത്മഹത്യ ചെയ്ത കര്‍ഷകരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍,ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി




കേരളത്തിന്റെ സുബോധങ്ങളില്‍ വിദ്യുത്സ്ഫുലിംഗം പടര്‍ത്തുന്ന കര്‍ഷക ആത്മഹത്യകളെക്കുറിച്ച്‌ അഭിപ്രായം പറയാന്‍ ആരാണ്‌ ആതിരേ,ഡി.സി.സി പ്രസിഡന്റുമാര്‍ക്ക്‌ അധികാരം നല്‍കിയത്‌?
പാദസേവകരായ ഇത്തരം നപുംസകങ്ങളുടെ വിടുവായിത്തം ,വസ്തുതാപരമായ സത്യമാണെന്ന്‌ കേരളത്തെ ബോദ്ധ്യപ്പെടുത്താന്‍ എന്തിനാണ്‌ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌?
കഴിഞ്ഞ 20 ദിവസത്തിനിടയില്‍ 11 കര്‍ഷകരാണ്‌ കടംകയറി മുടിഞ്ഞ്‌ ആത്മഹത്യ ചെയ്തത്‌. കറുത്തപൊന്നിന്റെ ജില്ല എന്നറിയപ്പെടുന്ന വയനാട്ടിലും കോട്ടയത്തും തൃശൂരും പാലക്കാട്ടും കണ്ണൂരുമുള്ള നിസ്സഹായരായ കര്‍ഷകരാണ്‌ , കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്തെ കര്‍ഷക ദുരന്ത ദിനങ്ങളെ അനുസ്മരിപ്പിച്ചുകൊണ്ട്‌, ഭരണകൂടത്തിന്റെയും സാമ്പത്തിക സ്ഥാപനങ്ങളുടെയും കിരാതസമ്മര്‍ദ്ദങ്ങള്‍ താങ്ങാനാവാതെ ജീവന്‍ വലിച്ചെറിഞ്ഞത്‌.
ഇവരാരും കാര്‍ഷിക കടംകൊണ്ട്‌ പൊറുതിമുട്ടി ആത്മഹത്യ ചെയ്തതല്ല എന്നാണ്‌,ആതിരേ, വയനാട്‌-കോട്ടയം ഡി.സി.സി പ്രസിഡന്റുമാരുടെ വിദ്ഗ്ദ്ധാഭിപ്രായം. അത്‌ അപ്പാടെ വിഴുങ്ങി, കര്‍ഷക ആത്മഹത്യയ്ക്ക്‌ കാരണമായ സാഹചര്യങ്ങളും, ഭരണപരമായ പരാജയങ്ങളും തമസ്കരിക്കാനാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്‌. വയനാട്ടിലെ കര്‍ഷകരുടെ ആത്മഹത്യ കടക്കെണിമൂലമാണെന്ന കളക്ടറുടെ റിപ്പോര്‍ട്ടും, അതേക്കുറിച്ച്‌ അന്വേഷിക്കാന്‍ നിയോഗിച്ച അഡീഷണല്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാറിന്റെ വിലയിരുത്തലും പകല്‍പോലെ കത്തിനില്‍ക്കുമ്പോഴാണ്‌, ഡി.സി.സി പ്രസിഡന്റുമാരും കേരള മുഖ്യമന്ത്രിയും ശവത്തില്‍ കുത്തി ആനന്ദിക്കുന്നത്‌. 'നക്രോമാനിയ' എന്ന്‌ മന:ശാസ്ത്രകാരന്മാര്‍ വിവക്ഷിക്കുന്ന വൈകൃതത്തിന്റെ ഉടമകളാണ്‌ വെളുത്ത ഖദര്‍ ധരിച്ച ഈ ഡി.സി.സി പ്രസിഡന്റുമാരും, അവരുടെ നേതാവ്‌ ഉമ്മന്‍ചാണ്ടിയുമെന്ന്‌ സന്ദേഹത്തിന്‌ അതീതമായി തെളിയിച്ചുകഴിഞ്ഞു.
ആതിരേ ശ്രദ്ധിക്കണം, കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളത്തിന്റെ ഭീതിയുടെ പരിസരത്തുനിന്ന്‌ എങ്ങോ പോയി ഒളിച്ചിരുന്ന കര്‍ഷക ആത്മഹത്യകളാണ്‌, യു.ഡി.എഫ്‌ ഭരണം ആരംഭിച്ചപ്പോള്‍ത്തന്നെ തിരിച്ചെത്തിയിരിക്കുന്നത്‌. എ.കെ.ആന്റണിയും ഉമ്മന്‍ചാണ്ടിയും നേതൃത്വംകൊടുത്ത കഴിഞ്ഞ യു.ഡി.എഫ്‌ ഭരണകാലത്ത്‌ 533 കര്‍ഷകരാണ്‌ കടക്കെണിയില്‍പ്പെട്ട്‌ ജീവതം അവസാനിപ്പിച്ചത്‌. കഴിഞ്ഞ 12 ദിവസത്തെ അനുഭവങ്ങള്‍ ഒരു സൂചികയായി എടുത്താല്‍ ഈ ഭരണം അവസാനിക്കുംമുമ്പ്‌ 10,000 കര്‍ഷകര്‍ക്കെങ്കിലും, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും, ബാങ്കുകളുടെയും, സമാന്തര സാമ്പത്തിക സ്ഥാപനങ്ങളുടെയും കണ്ണില്‍ച്ചോരയില്ലായ്മയ്ക്ക്‌ തങ്ങളുടെ ജീവന്‍ വച്ചുമാറേണ്ടിവരും.
ഈ ദുര്‍മരണങ്ങള്‍ക്ക്‌ മന്‍മോഹന്റെ സര്‍ക്കാരും ഉമ്മന്‍ചാണ്ടിയുടെ സര്‍ക്കാരും ഒരുപോലെ ഉത്തരവാദികളാണ്‌. വളത്തിന്റെ വില കേന്ദ്ര സര്‍ക്കാര്‍ ഇരട്ടിയാക്കിയപ്പോള്‍, സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ദ്രോഹ പരമ്പരയുടെ തുടക്കമായി കൃഷിക്കും ചെറുകിട വ്യവസായങ്ങള്‍ക്കുമുള്ള സൗജന്യ വൈദ്യുതി നിര്‍ത്തലാക്കി. ഇന്ത്യ ഒരു കര്‍ഷക രാജ്യമാണെന്ന്‌ അഭിമാനിക്കുമ്പോഴും, കര്‍ഷക വിരുദ്ധ നയങ്ങളും നടപടികളും ഉളുപ്പില്ലാതെ സ്വീകരിച്ച്‌ ഇന്ത്യയിലാകമാനമുള്ള കര്‍ഷകരെ ശ്വാസംമുട്ടിച്ച്‌ കൊന്നുരസിക്കുകയാണ്‌ കേന്ദ്രം ഭരിക്കുന്ന മന്‍മോഹനും, കേരളം ഭരിക്കുന്ന ഉമ്മന്‍ചാണ്ടിയും.
ഇറക്കുമതി ഉദാരീകരണവും ഉത്പന്നങ്ങള്‍ക്ക്‌ ന്യായവില ഉറപ്പാക്കാനുള്ള ഉത്തരവാദിത്തമില്ലായ്മയുംമൂലം കേരളത്തിലെ നാണ്യവിള കര്‍ഷകര്‍ ഇഞ്ചി, വാഴ തുടങ്ങിയ കൃഷികളിലേയ്ക്ക്‌ ചുവടുമാറിയിരിക്കുകയാണ്‌,ആതിരേ. മുമ്പ്‌ നാണ്യവിളകളില്‍നിന്ന്‌ ലഭിച്ചിരുന്ന വരുമാനം ഇപ്പോള്‍ ലഭിക്കണമെങ്കില്‍ കൂടുതല്‍ സ്ഥലത്ത്‌ ഈ കൃഷി ഇറക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാണ്‌. ഇതിനായി, സ്ഥലം പാട്ടത്തിനെടുത്തും പണം വട്ടിപ്പലിശയ്ക്ക്‌ ബ്ലേഡുകളില്‍നിന്ന്‌ കടംകൊണ്ടുമാണ്‌ കൃഷിയിറക്കിക്കൊണ്ടിരിക്കുന്നത്‌. എന്നാല്‍, കാലാവസ്ഥാ വ്യതിയാനവും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക വിരുദ്ധ നയങ്ങളുംമൂലം ഈ കൃഷിയും കര്‍ഷകരെ ചതിച്ചിരിക്കുകയാണ്‌. ആ ചതി നേരിടാനാകാതെയാണ്‌ ഇപ്പോള്‍ ഏഴോളം കര്‍ഷകര്‍ ആത്മഹത്യയില്‍ അഭയംതേടിയിരിക്കുന്നത്‌.
കാര്‍ഷിക വായ്പ എടുത്തവരല്ല ഇവരെന്ന ഡി.സി.സി പ്രസിഡന്റുമാരുടെ വാദം സാങ്കേതികാര്‍ത്ഥത്തില്‍ ശരിയാകുമ്പോള്‍, ബാങ്കുകള്‍ അനുവര്‍ത്തിക്കുന്ന കര്‍ഷക ദ്രോഹ നിലപാടാണ്‌ തളിര്‍വീശി പടരുന്നത്‌. നാമമാത്ര കര്‍ഷകര്‍ക്കും ഇടത്തരം കര്‍ഷകര്‍ക്കും വായ്പ അനുവദിക്കാത്ത ഷെഡ്യൂള്‍ഡ്‌ ബാങ്കുകളും ന്യൂ ജനറേഷന്‍ ബാങ്കുകളും, വായ്പയെടുത്താല്‍ അവ തിരിച്ചടക്കാത്ത സമ്പന്ന വിഭാഗത്തിന്‌ അതിരില്ലാത്ത സാമ്പത്തിക സഹായങ്ങളാണ്‌ വാഗ്ദാനം ചെയ്യുന്നതും നടപ്പിലാക്കുന്നതും. അതുകൊണ്ട്‌, കാര്‍ഷികേതര ആവശ്യങ്ങളുടെ പേരില്‍ വായ്പയെടുത്ത്‌ ആ തുക കൃഷിയില്‍ മുടക്കാന്‍ നിര്‍ബന്ധിതരാണ്‌ ഇന്ന്‌ കേരളത്തിലെ ഇടത്തരം നാമമാത്ര കര്‍ഷകര്‍.
ഇവരെയാണ്‌,ആതിരേ, ദ്രോഹകരമായ നയങ്ങള്‍ ആവിഷ്കരിച്ച്‌ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും, സാമ്പത്തിക സ്ഥാപനങ്ങളും ജപ്തിയുടെ വക്കത്തെത്തിച്ചിരിക്കുന്നത്‌. കിടപ്പാടം ബാങ്കുകാര്‍ ജപ്തി ചെയ്തുകൊണ്ടുപോകുന്നത്‌ കണ്ടുനില്‍ക്കാനും, ജപ്തിമൂലം കുടുംബാംഗങ്ങള്‍ വഴിയിലിറങ്ങുന്നത്‌ സഹിക്കാനും ത്രാണിയില്ലാതെയാണ്‌ നിര്‍ഭാഗ്യവാന്മാരായ ഏഴ്‌ കര്‍ഷകര്‍ ഇതിനിടെ ജീവന്‍ ബലിനല്‍കിയത്‌. ഈ വസ്തുതകള്‍ അറിയില്ല എന്ന മുഖ്യമന്ത്രിയുടെ നാട്യം കേരളത്തിലെ കര്‍ഷകരോടും, പൊതുസമൂഹത്തോടുമുള്ള ഭരണത്തിന്റെ അഹന്തയായിട്ടുതന്നെ വിലയിരുത്തേണ്ടതുണ്ട്‌.
കേരളത്തിലെ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയും, ഓണ്‍ലൈന്‍ സംവിധാനവും ഏര്‍പ്പെടുത്തിട്ടുള്ള മുഖ്യമന്ത്രിക്ക്‌ വയനാട്ടിലേയും കേരളത്തിലെ മറ്റു ജില്ലകളിലേയും കര്‍ഷകരുടെ അവസ്ഥ നന്നായി അറിയാവുന്നതാണ്‌. വയനാട്ടില്‍ ആത്മഹത്യ ചെയ്ത എടവക പഞ്ചായത്തിലെ തോണിച്ചാല്‍ സ്വദേശി ആത്മഹത്യ ചെയ്ത തോപ്പില്‍ ജോസിന്റെ ഭാര്യ കഴിഞ്ഞ ആഗസ്റ്റ്‌ 22ന്‌ തങ്ങള്‍ അനുഭവിക്കുന്ന സാമ്പത്തിക സമ്മര്‍ദ്ദങ്ങളെക്കുറിച്ച്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക്‌ വിശദമായ കത്ത്‌ അയച്ചതാണ്‌. ആഗസ്റ്റ്‌ 25നെങ്കിലും ഈ കത്ത്‌ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ലഭിച്ചിരിക്കണം. എന്നാല്‍, മുഖ്യമന്ത്രിയോ അദ്ദേഹത്തിന്റെ ഓഫീസോ ഇങ്ങനെയൊരു കത്ത്‌ കിട്ടിയതായി ഇതുവരെ ഭാവിക്കുന്നില്ല. ആനി ജോസിന്റെ കത്ത്‌ സമയത്ത്‌ മുഖ്യമന്ത്രി കണ്ടിരുന്നെങ്കില്‍ ആഗസ്റ്റ്‌ ആറാംതീയതി തോപ്പില്‍ ജോസ്‌ വിഷംകഴിച്ച്‌ മരിക്കേണ്ടിവരുമായിരുന്നില്ല. ഉമ്മന്‍ചാണ്ടി ഭരണകൂടത്തിന്റെ കര്‍ഷക വിരുദ്ധ മനോഭാവവും, കര്‍ഷകദ്രോഹ നിലപാടുകളുമാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌. എന്നിട്ടാണ്‌,ആതിരേ ആത്മഹത്യ ചെയ്ത കര്‍ഷകര്‍ കാര്‍ഷിക കടം ഉള്ളവരായിരുന്നില്ല എന്ന്‌ ഡി.സി.സി പ്രസിഡന്റുമാരും, ഉമ്മന്‍ചാണ്ടിയും ഉളുപ്പില്ലാതെ പ്രസ്താവനയിറക്കുന്നത്‌. കര്‍ഷകരെ കൊന്നതുംപോരാഞ്ഞിട്ട്‌, അവരുടെ ജഡങ്ങളില്‍ ചവിട്ടിനിന്ന്‌ കൊലവിളി നടത്തുകയുമാണ്‌ ഉമ്മന്‍ ചാണ്ടി .

No comments: