Wednesday, November 30, 2011

മുന്നറിയിപ്പുകൊണ്ട്‌ അണക്കെട്ട്‌ തീര്‍ക്കുന്ന ശുംഭന്മാര്‍

മുല്ലപ്പെരിയാര്‍ ഡാമിലെ ജലവിതാനം 136.4 അടിയായതോടെ ' ജലബോംബ്‌ ' ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട അഞ്ച്‌ ജില്ലകളിലെ 30 ലക്ഷത്തിലേറെജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന നടപടകള്‍ സ്വീകരിക്കേണ്ട അധികൃതര്‍ പക്ഷേ, മുന്നറിയിപ്പുകള്‍ എന്ന നിലയില്‍ ചില അപ്രായോഗികതകള്‍ നിര്‍ദ്ദേശിച്ച്‌, ശുംഭന്മാരായി , അവരവരുടെ ഔദ്യോഗിക സുരക്ഷാ കവചത്തിനുള്ളില്‍ രമിക്കുന്ന പ്രതിഷേധാര്‍ഹമായ കഴ്ചയാണ്‌ ഇടുക്കിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തരല്ല.ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കൊടിയ ദുരന്തത്തിന്റെ സാധ്യതയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറങ്ങാനാവാതെ, ഭയവിഹ്വലരായി, നാശത്തിന്റെ സെക്കന്റുകളെണ്ണുമ്പോഴാണ്‌ ഇത്തരം 'ഉഡായിപ്പു'കളുമായി വിദഗ്ദ്ധരെത്തുന്നത്‌.ഏറ്റവും മാന്യമായി പറഞ്ഞാല്‍ ഈ വിഡ്ഢ്യാസുരന്മാരുടെ ഭരണത്തേക്കാള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതാണ്‌ ആശ്വാസകരം.




മുല്ലപ്പെരിയാര്‍ ഡാമിലെ ജലവിതാനം 136.4 അടിയായതോടെ ' ജലബോംബ്‌ ' ഭീഷണിയില്‍ ഉറക്കം നഷ്ടപ്പെട്ട അഞ്ച്‌ ജില്ലകളിലെ 30 ലക്ഷത്തിലേറെജനങ്ങളെ സാന്ത്വനപ്പെടുത്തുന്ന നടപടകള്‍ സ്വീകരിക്കേണ്ട അധികൃതര്‍ പക്ഷേ, മുന്നറിയിപ്പുകള്‍ എന്ന നിലയില്‍ ചില അപ്രായോഗികതകള്‍ നിര്‍ദ്ദേശിച്ച്‌, ശുംഭന്മാരായി , അവരവരുടെ ഔദ്യോഗിക സുരക്ഷാ കവചത്തിനുള്ളില്‍ രമിക്കുന്ന പ്രതിഷേധാര്‍ഹമായ കഴ്ചയാണ്‌,ആതിരേ, ഇടുക്കിയില്‍ . മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ള ഉന്നത രാഷ്ട്രീയ നേതാക്കളും ഈ ആരോപണത്തില്‍ നിന്ന്‌ മുക്തരല്ല.
ഇപ്പോഴത്തെ നിലയില്‍ ഒരു ദുരന്തം സംഭവിച്ചാല്‍ എങ്ങനെ രക്ഷപ്പെടാം എന്ന മുന്നറിയിപ്പാണ്‌ വിദഗ്ധര്‍ എന്ന്‌ അഭിമാനിക്കുന്ന കുറെ കൊഞ്ഞാണന്മാര്‍ ജനങ്ങള്‍ക്ക്‌ നല്‍കുന്നത്‌. ഏതു നിമിഷവും സംഭവിക്കാവുന്ന ഒരു കൊടിയ ദുരന്തത്തിന്റെ സാധ്യതയില്‍ കൊച്ചു കുഞ്ഞുങ്ങള്‍ പോലും ഉറങ്ങാനാവാതെ, ഭയവിഹ്വലരായി, നാശത്തിന്റെ സെക്കന്റുകളെണ്ണുമ്പോഴാണ്‌ ഇത്തരം 'ഉഡായിപ്പു'കളുമായി വിദഗ്ദ്ധരെത്തുന്നത്‌.ഏറ്റവും മാന്യമായി പറഞ്ഞാല്‍ ഈ വിഡ്ഢ്യാസുരന്മാരുടെ ഭരണത്തേക്കാള്‍ മുല്ലപ്പെരിയാര്‍ ഡാം പൊട്ടുന്നതാണ്‌, ആതിരേ, ആശ്വാസകരം.
മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ തകര്‍ന്നാല്‍ വെള്ളം ഒഴുകിയെത്തുമെന്ന്‌ കരുതുന്ന സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ 50 മീറ്റര്‍ ഉയരമുള്ള ഒരിടം കണ്ടുവയ്ക്കണമെന്നാണ്‌ ഏറ്റവും പ്രധാനപ്പെട്ട വിദഗ്ധോപദേശം. ജീവനാംശം ഒഴിവാക്കാനാണ്‌ 'ശാസ്ത്രീയമായ' ഈ നിര്‍ദ്ദേശം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ്‌ ഉയരുമ്പോള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുകയല്ല മറിച്ച്‌, പ്രശ്നങ്ങളെ എങ്ങനെ നേരിടാന്‍ കഴിയുമെന്ന്‌ ചിന്തിക്കുകയാണ്‌ വേണ്ടതെന്ന്‌ പോലീസും മികച്ച സാങ്കേതികോപദേശം നല്‍കുന്നുണ്ട്‌.
മുല്ലപ്പെരിയാര്‍ ഡാമില്‍ ഇപ്പോള്‍ അനുവദനീയമായ പരമാവധി ജലമുണ്ട്‌.ഇതെഴുതുമ്പോള്‍ 136.4 അടി. വെള്ളത്തള്ളല്‍ മൂലമോ ഭൂകമ്പം മൂലമോ എന്തെങ്കിലും അരുതാത്തത്‌ സംഭവിച്ച്‌ ഈ വെള്ളം മുഴുവന്‍ താഴേക്ക്‌ പ്രവഹിച്ചാലും അപകടമേഖലയില്‍ വസിക്കുന്നവര്‍ 136 അടിയില്‍ കൂടുതല്‍ ഉയരമുള്ള സ്ഥലത്ത്‌ എത്തിയാല്‍ രക്ഷപ്പെടാന്‍ കഴിയുമെന്നാണ്‌ ശാസൃതീയോപദേശം. അതായത്‌ 50 മീറ്റര്‍ ഉയരം സുരക്ഷിത സ്ഥാനമാണ്‌ പോലും.
അണക്കെട്ട്‌ തകര്‍ന്നാല്‍ തന്നെ എല്ലാ സ്ഥലവും പൂര്‍ണമായി മുങ്ങിപ്പോവുകയില്ല. അവ മുന്‍കൂട്ടി കണ്ടെത്താന്‍ എല്ലാവരും യത്നിക്കണമെന്നാണ്‌ പോലീസിന്റെ ഏറ്റവും ക്രൂരമായ ഫലിതം നിറഞ്ഞ നിര്‍ദ്ദേശം. എന്നാല്‍, വെള്ളം ഒഴുകിയെത്തുന്ന സ്ഥലങ്ങളില്‍ ഇത്രയും ഉയരമുള്ള കെട്ടിടങ്ങളില്‍ കയറി നിന്നാല്‍ രക്ഷപ്പെടാന്‍ കഴിയുകയില്ല എന്നും പോലീസ്‌ ഓര്‍മ്മപ്പെടുത്തുന്നുണ്ട്‌. വെള്ളത്തള്ളലും വെള്ളത്തിലൂടെ ഒഴുകി വരുന്ന കല്ലും മണ്ണും മരങ്ങളും ആ കെട്ടിടങ്ങളെയും നശിപ്പിക്കും. അതുകൊണ്ട്‌ 50 മീറ്ററിലധികം ഉയരമുള്ള കുന്നിന്‍പുറങ്ങളാണ്‌ ഏറ്റവും സുരക്ഷിതമായ സ്ഥലമെന്ന്‌- ഏറെ നാളത്തെ ഗവേഷണത്തിന്‌ ശേഷമായിരിക്കാം- പോലീസ്‌ നിര്‍ദ്ദേശിക്കുന്നത്‌.
അണക്കെട്ട്‌ തകര്‍ന്നാല്‍ സമീപസ്ഥലങ്ങളായ കുമളി, വണ്ടിപ്പെരിയാര്‍, പീരുമേടിന്റെ ഒരുഭാഗം, ഏലപ്പാറ, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, ചപ്പാത്ത്‌ തുടങ്ങിയ സ്ഥലങ്ങളിലായിരിക്കും ആദ്യം ജലം എത്തുക. അപകടം ഉണ്ടായശേഷം മുന്നറിയിപ്പ്‌ നല്‍കിയാല്‍ ഈ പ്രദേശത്തുള്ളവര്‍ക്ക്‌ ഗുണം ചെയ്യുകയില്ല. അതുകൊണ്ട്‌ ഈ പ്രദേശത്തുള്ളവര്‍ കൂട്ടായ്മകള്‍ ഉണ്ടാക്കി അതിന്റെ നേതൃത്വത്തില്‍ മുന്നറിയിപ്പുകള്‍ കൈമാറണമെന്നാണ്‌ മറ്റൊരു നിര്‍ദ്ദേശം.
എല്ലാ ദിവസവും ഈ കൂട്ടായ്മയില്‍പ്പെട്ടവര്‍ ജലനിരപ്പിനെക്കുറിച്ചും അണക്കെട്ടിന്റെ അവസ്ഥയെക്കുറിച്ചും അന്വേഷിച്ചുകൊണ്ടിരിക്കണം. ഇതിനായി ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെടണം. അപ്പോള്‍ ഉദ്യോഗസ്ഥരും ശ്രദ്ധാലുക്കളാവും. രക്ഷപ്പെടാനുള്ള സ്ഥലങ്ങളെയും അവിടെയെത്താനുള്ള മാര്‍ഗ്ഗത്തെയും കുറിച്ച്‌ കൂട്ടായ്മയിലെ എല്ലാവര്‍ക്കും വിവരങ്ങള്‍ കൈമാറണം. അടുത്തുള്ള പോലീസ്‌- ഫയര്‍ഫോഴ്സ്‌ സ്റ്റേഷനുകളുടെ ഫോണ്‍ നമ്പര്‍ എല്ലാവരും സൂക്ഷിക്കുകയും ആവശ്യമുള്ള പക്ഷം സഹായം ആവശ്യപ്പെടുകയും വേണം. പ്രളയജലം താഴോട്ട്‌ പോകുംതോറും മുന്നറിയിപ്പ്‌ നല്‍കാനുള്ള സമയം കൂടുതല്‍ ലഭിക്കും. ജനകൂട്ടായ്മകള്‍ തമ്മില്‍ ബന്ധമുണ്ടായാല്‍ താഴേക്ക്‌ ഏറ്റവും വേഗത്തില്‍ വിവരം എത്തിക്കാന്‍ കഴിയും. ഏറ്റവും കൂടുതല്‍ ജീവനാശം ഉണ്ടാകുമെന്ന്‌ കരുതുന്ന അടിഭാഗങ്ങളില്‍ അത്‌ കുറയ്ക്കാന്‍ ഇതുവഴി കഴിയും. മുല്ലപ്പെരിയാര്‍ അണക്കെട്ടു മുതല്‍ ഏറ്റവും താഴെ വരെ പെരിയാര്‍ ഒഴുകുന്ന സ്ഥലങ്ങളിലും പ്രളയം ബാധിക്കും. ഇതിന്റെ തീവ്രതയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുമെന്ന്‌ മാത്രം.
ഇങ്ങനെ പോകുന്നു, ആതിരേ, പോലീസിന്റെയും ഭൗമശാസ്ത്ര വിദഗ്ധന്മാരുടെയും മുന്നറിയിപ്പുകള്‍. ആവര്‍ത്തിക്കുന്നു ഒരു വലിയ ദുരന്തത്തിന്റെ ഭീഷണി നേരിടുന്ന 30 ലക്ഷത്തിലധികം ജനങ്ങളെ പമ്പരവിഡ്ഢികളാക്കുന്ന ഉദ്യോഗസ്ഥ തെമ്മാടിത്തത്തിന്റെ തെളിവാണ്‌ ഈ വിദഗ്ധോപദേശങ്ങള്‍.
ഭൂചലനം ഉണ്ടായാല്‍ അതിനെക്കുറിച്ച്‌ പഠിക്കാനോ ഭൂചലനം മുന്‍കൂട്ടി കണ്ടെത്താനോ കഴിയുന്ന അത്യാധുനിക സാങ്കേതിക-ശാസ്ത്രീയ സംവിധാനങ്ങള്‍ ഒരുക്കാന്‍ ഇതുവരെ കേരളം മാറി മാറി ഭരിച്ച ഒരു സര്‍ക്കാരിനും മനസ്സുണ്ടായില്ല. മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ ഉള്‍പ്പെടുന്ന പഞ്ചായത്ത്‌ ഭരിച്ച നേതൃമ്മന്യന്മാര്‍ക്കും ഈ ബോധം ഉണ്ടായില്ല. ഇങ്ങനെ ബോധപൂര്‍വ്വം ഭരണകൂടവും ഉദ്യോഗസ്ഥവൃന്ദവും നടത്തിയ ജനവഞ്ചന മറച്ചുവയ്ക്കാനാണ്‌ ഇപ്പോള്‍ അപകടം ഉണ്ടായാല്‍ മുന്നറിയിപ്പുകള്‍ കൈമാറാനായി ജനകീയ കൂട്ടായ്മ ഉണ്ടാക്കണമെന്ന്‌ ഉപദേശിക്കുന്നത്‌.
ഈ കൂട്ടായ്മയില്‍ നിന്ന്‌ ദിവസേന അന്വേഷണങ്ങള്‍ ഉണ്ടായാല്‍ മാത്രമേ ഉദ്യോഗസ്ഥര്‍ ശ്രദ്ധാലുക്കളാകുകയുള്ളൂ എന്നാണ്‌ പോലീസിന്റെ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്‌. ഏതവസ്ഥയിലും കേരളത്തിലെ ഉദ്യോഗസ്ഥ വൃന്ദം പുലര്‍ത്തുന്ന സമൂഹവിരുദ്ധ നിലപാടിനെ അരക്കിട്ടുറപ്പിക്കുന്ന പ്രസ്താവനയാണ്‌ ഇത്‌ . ജനങ്ങള്‍ ബന്ധപ്പെട്ടെങ്കില്‍ മാത്രം ശ്രദ്ധാലുക്കളും ഉത്തരവാദിത്തമുള്ളവരുമായി മാറുന്ന ഉദ്യോഗസ്ഥ വൃന്ദത്തെ ഒട്ടും താമസിക്കാതെ മുല്ലപ്പെരിയാര്‍ ഭാഗത്തുനിന്ന്‌ ട്രാന്‍സ്ഫര്‍ ചെയ്ത്‌ ഉത്തരവാദിത്തബോധവും സാമൂഹിക പ്രതിബദ്ധതയുമുള്ള ഉദ്യോഗസ്ഥരെ അവിടെ നിയമിക്കണമെന്ന സങ്കീര്‍ണ്ണവും ഗൗരവും ഏറിയ വാസ്തവത്തിലേക്കാണ്‌ ഈ നിര്‍ദ്ദേശം സര്‍ക്കാരിനെ നയിക്കുന്നത്‌. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ഉദ്യോഗസ്ഥര്‍ പെരുമാറിയതിന്റെ ദുരന്തഫലമാണ്‌ ഇപ്പോള്‍ 30 ലക്ഷം പേരെ അലട്ടുന്ന ഭീഷണി.എന്നിട്ടും ഉദ്യോഗസ്ഥ ഗര്‍വിന്‌ കുറവുണ്ടാകുന്നില്ല.
ആതിരേ,ബ്രിട്ടീഷ്‌ നിര്‍ബന്ധത്തിന്‌ വഴങ്ങി,125 വര്‍ഷം മുന്‍പ്‌,999 വര്‍ഷത്തേക്കാണ്‌ അന്നത്തെ മദ്രാസ്‌ പ്രസിഡന്‍സിയുമായി തിരുവിതാംകൂര്‍ രാജാവ്‌, പാട്ടക്കരാറില്‍ ഒപ്പിട്ടത്‌. ആ കരാരിന്റെ അടിസ്ഥാനത്തില്‍ പണി കഴിപ്പിച്ച മുല്ലപ്പെരിയാര്‍ ഡാമിന്‌ ഇപ്പോള്‍ 116 വര്‍ഷത്തെ പഴക്കമുണ്ട്‌. ഡാമിന്റെ ആയുസ്‌ 60 വര്‍ഷമെന്നായിരുന്നു എഞ്ചിനീയര്‍മാര്‍ പറഞ്ഞത്‌. ബാക്കി 939 വര്‍ഷം ഏത്‌ ഡാമില്‍ നിന്ന്‌ എങ്ങനെ തമിഴ്‌നാടിന്‌ വെള്ളം എത്തിക്കുമെന്ന്‌ ഒരു ശുംഭനും അന്ന്‌ ചോദ്യം ഉന്നയിച്ചില്ല. അന്നത്തെ സാഹചര്യത്തില്‍ അത്‌ സാധ്യമല്ലായിരിക്കാം. എന്നാല്‍, സ്വാതന്ത്യാനന്തര ഭാരതത്തില്‍ കേരളം ഭരിച്ച ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ക്കും ഈ ചോദ്യം ഉന്നയിക്കാനുള്ള സാമാന്യ ബുദ്ധിപോലും ഇല്ലാതെ പോയി. ഇപ്പോള്‍ പ്രശ്നം വൈകാരിക വിക്ഷോഭത്തിന്റെ തലത്തിലെത്തിയിട്ടും പരിഹാരം കണ്ടെത്താന്‍ മുഖ്യമന്ത്രി ആത്മാര്‍ത്ഥത കാണിക്കുന്നില്ല. പ്രധാനമന്ത്രി വിളിച്ചാല്‍ ഞാന്‍ ഡല്‍ഹിയില്‍ പോകാം എന്ന ഞായം പറഞ്ഞ്‌ ജനസമ്പര്‍ക്ക തട്ടിപ്പും,ചലചിത്ര അവാര്‍ഡ്ദാനവുമായി നടക്കുകയാണ്‌ ഉമ്മന്‍ ചാണ്ടി. ഈ വഞ്ചനകളെല്ലാം മറച്ചുവയ്ക്കാനും ഉത്തരവാദിത്തരാഹിത്യം തമസ്കരിക്കാനുമാണ്‌ ആതിരേ,മുന്നറിയിപ്പുകളുമായി ഉദ്യോഗസ്ഥപ്പരിഷകള്‍ എത്തിയിരിക്കുന്നത്‌

No comments: