സഹിക്കാനാവാത്ത രീതിയില്‍ ഭരണകൂടവും നേതാക്കന്മാരും അധികാരവര്‍ഗ്ഗവും ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും പാതയില്‍ ചരിക്കുമ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കാന്‍ ഇന്ത്യയിലെ പ്രതികരണ മാനസങ്ങള്‍ക്ക് യുവത്വം അവസാനിച്ചിട്ടില്ല എന്നാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. അധികാരത്തിന്റെയും സാമ്പത്തിക സൗകര്യങ്ങളുടെയും മറവില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന അഹന്തകള്‍ക്കു നേരെയാണ് ഇത്തരത്തില്‍ ചെരുപ്പുകള്‍ എറിയപ്പെടുന്നതും കൈകള്‍ നീളപ്പെടുന്നതും.
ഈ പ്രതികരണ സ്വഭാവം സംഘബലം ആര്‍ജിച്ചാല്‍ എത്രമാത്രം ഉന്മൂലന ശക്തിയായി മാറുമെന്ന് ചിന്തിക്കേണ്ടത് ഭരണവര്‍ഗ്ഗവും സമ്പന്ന വിഭാഗവും ചൂഷകരുമാണ്. ഇനി ഏറെ നാള്‍ എല്ലാ അവമതികളും സഹിച്ച് ദാസ്യഭാവത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ ആത്മാഭിമാന ബോധമുള്ള പൗരന്മാരെ കിട്ടുകയില്ല എന്നതിന്റെ കൈയ്യൊപ്പാണ് വ്യാഴാഴ്ച പവാറിന്റെ കവളില്‍ പതിഞ്ഞത്.
അഴിമതിയിലും വിലക്കയറ്റത്തിലും പ്രതിഷേധിച്ച് എന്‍സിപി നേതാവും കേന്ദ്ര കൃഷി മന്ത്രിയുമായ ശരത് പവാറിനെ ഹര്‍വിന്ദര്‍ സിംഗ് എന്ന യുവാവ് മുഖത്തടിച്ചതിനെ പ്രധാനമന്ത്രിയടക്കമുള്ള നേതാക്കള്‍ 'അഹമഹമിഹയ' അപലപിക്കുമ്പോള്‍,ആതിരേ, ഇവരെല്ലാം തമസ്കരിക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യയിലെ സമ്മതിദായകരോടും നികുതിദായകരോടും ഭരണകൂടവും അതിന്റെ മിതശീതോഷ്ണ സൗകര്യങ്ങള്‍ അനുഭവിക്കുന്ന വിഭാഗവും പുലര്‍ത്തുന്ന അവജ്ഞയും അവഗണനയും സൃഷ്ടിക്കുന്ന പൗരപ്രതികരണങ്ങളെയാണ്.
ആകാശം മുട്ടെ വളരുന്ന വിലക്കയറ്റവും പണപ്പെരുപ്പവും ഒരുവശത്ത്. ബഹുരാഷ്ട്ര മൂലധന മാഫിയകള്‍ക്കായി ഇന്ത്യയുടെ ഈടുവയ്പുകളെയും ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യത്തെയും അടിയറവയ്ക്കുന്ന ഭരണവര്‍ഗ്ഗം മറുവശത്ത്. ഇവയ്ക്കിടയില്‍ കിടന്ന് ഞെരിപിരികൊള്ളുന്ന നൂറുകോടി ജനങ്ങളുടെ വികാരവിക്ഷുബ്ധതയുടെ സൂചനയായിട്ടാണ്, ആതിരേ, ഞാന്‍ ഹര്‍വിന്ദര്‍ സിംഗിനെ സ്വീകരിക്കുന്നത്.
പണപ്പെരുപ്പവും വിലക്കയറ്റവും അഴിമതിയും തടയാന്‍ കഴിയാതെ നോക്കു കുത്തിയായി നില്‍ക്കുന്ന മന്‍മോഹന്‍ മന്ത്രിസഭയ്ക്കെതിരെ ജനകീയ വികാരങ്ങള്‍ ഇത്തരത്തില്‍ ഉയരുമ്പോള്‍ അതിന് അമാന്യത കല്‍പിച്ച് അപലപിക്കുന്ന പ്രതിപക്ഷ നേതാക്കള്‍ ചെയ്യുന്നത്, യുപിഎ ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രൂപം കൊള്ളുന്ന ജനകീയ പ്രതിഷേധാഗ്നിയെ കെടുത്തുന്ന രാഷ്ട്രീയ വഞ്ചനയും നിലപാടെടുക്കലുമാണ്. ഇവര്‍ ഇങ്ങനെ ചെയ്യുന്നത് ഹര്‍വിന്ദര്‍ സിംഗിന്റെ നടപടിയിലെ അധാര്‍മ്മികതയുടെ പേരിലല്ല മറിച്ച്, അടുത്ത ദിവസങ്ങളില്‍ ഇന്ത്യയിലെ പ്രക്ഷുബ്ധ യുവത്വവും സഹികെട്ട നികുതിദായകരും സമ്മതിദായകരും തങ്ങള്‍ക്ക് എതിരെയും തിരിയുമെന്ന ഭയംകൊണ്ടു മാത്രമാണ്. ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്ത് പിടിച്ചാണല്ലോ ഇന്ത്യയില്‍ അഴിമതി വളര്‍ത്തുന്നതും വിലക്കയറ്റം സൃഷ്ടിക്കുന്ന സാഹചര്യങ്ങളൊരുക്കുന്നതും.
ശരിയാണ്, അഴിമതി ഹിമാലയത്തെക്കാള്‍ ഉയര്‍ന്നു നില്‍ക്കുകയാണ്. അണ്ണാഹസാരെയുടെ ഗാന്ധിയന്‍ സമരമാര്‍ഗ്ഗത്തിന് ലഭിച്ച പിന്‍തുണ ഇക്കാര്യത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ ഏത് ദിശയിലാണ് ചിന്തിക്കുന്നത് എന്നതിന്റെ സൂചകങ്ങളായിരുന്നു. അതുകൊണ്ട് തന്നെ അഴിമതിക്കെതിരായ പ്രക്ഷോഭവവും പ്രതികരണവും ശക്തമാക്കേണ്ടതും വ്യാപകമാക്കേണ്ടതും അനിവാര്യമാണ്. എന്നാല്‍ നിയമനിര്‍മ്മാണ സഭയുടെ പ്രവര്‍ത്തനങ്ങള്‍ അലങ്കോലപ്പെടുത്തി പ്രതിഷേധം എന്ന പേരില്‍ കോപ്രായങ്ങള്‍ കാണിക്കുന്നതിനെതിരെയും ജനവികാരം ഉണര്‍ന്നു കൊണ്ടിരിക്കുകയാണ്. അഴിമതിയുടെയും വിലക്കയറ്റത്തിന്റെയും പേരില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അലമ്പാക്കിക്കൊണ്ടിരിക്കുകയാണ് പ്രതിപക്ഷം. ശക്തമായ നിയമങ്ങള്‍ ഉണ്ടാക്കി അവ നടപ്പിലാക്കി വിലക്കയറ്റത്തെയും പണപ്പെരുപ്പത്തെയും തടഞ്ഞു നിര്‍ത്താന്‍ സര്‍ക്കാരിനെ പ്രേരിപ്പിക്കുകയും ഒരുവേള സര്‍ക്കാരിനെ നിര്‍ബന്ധിക്കുകയും ചെയ്യേണ്ട പ്രതിപക്ഷം ആ പ്രതിജ്ഞാബദ്ധതയില്‍ നിന്ന് തലയൂരി കേവല പ്രകടനങ്ങളില്‍ ഒളിക്കുമ്പോള്‍, ആതിരേ ഇന്ത്യയിലെ പ്രക്ഷുബ്ധ യുവത്വത്തിന്റെ കൈകള്‍ അവരുടെ മുഖത്തിന് നേരെയും ഉയരുന്നുണ്ട്. അതു ഭയന്നിട്ടാണ് പവാറിനു നേരെയുണ്ടായ കൈയ്യേറ്റത്തെ ഇവര്‍ അപലപിക്കുന്നത്.
ആതിരേ,ശ്രദ്ധിക്കണം. ഇന്ത്യയിലെ റീട്ടെയില്‍ വ്യാപാര മേഖല ബഹുരാഷ്ട്ര കമ്പോള ഭീകരന്മാര്‍ക്ക് തുറന്നു കൊടുത്ത ദിവസമാണ് പവാറിനെതിരെ പ്രതിഷേധത്തിന്റെ കൈ നീണ്ടത്. ഓരോ ദിവസവും ഓരോ നയങ്ങളിലൂടെ ഇന്ത്യയുടെ സ്വയംശീര്‍ഷത്വവും ഇന്ത്യന്‍ പൗരന്റെ സ്വാതന്ത്ര്യവും മൂലധന ചൂഷകര്‍ക്കായി തീറെഴുതിക്കൊണ്ടിരിക്കുകയാണ് മന്‍മോഹനും മാഡവും കൂട്ടരും. ഇതിനെതിരെ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുന്നതില്‍ പ്രതിപക്ഷം അടക്കമുള്ളവര്‍ പരാജയപ്പെടുന്നിടത്താണ് വ്യക്തി തന്റെ വികാരവിക്ഷുബ്ധതയെ, സാഹചര്യം അനുവദിക്കുന്ന രീതിയില്‍ പ്രകടിപ്പിക്കാന്‍ നിര്‍ബന്ധിതനാകുന്നത് അതുകൊണ്ടു തന്നെ ഹര്‍വിന്ദര്‍ സിംഗിന്റെ നടപടിയെ അപലപിക്കാന്‍ ഞാന്‍ തയ്യാറല്ല, ആതിരെ. അണ്ണാഹസാരെ ചോദിച്ച ചോദ്യം തന്നെയാണ് എനിക്കുള്ളതും: "ഒരടിയേ കൊടുത്തുള്ളോ,ഹര്‍വിന്ദറേ.."?.
ആതിരേ, അറിയാം ഒരു കൈയ്യേറ്റത്തിലോ ചെരിപ്പേറിലോ അവസാനിപ്പിക്കാവുന്നതല്ല പവാര്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയവും സാമ്പത്തികവുമായ പവര്‍ ഗ്രൂപ്പുകള്‍ നടത്തുന്ന നഗ്നമായ പൗരാവകാശ ലംഘനങ്ങളും ഭരണഘടനാവകാശങ്ങളുടെ അട്ടിമറിയും. ഇത്തരം ശക്തികളെ ജനായത്ത രീതിയില്‍ തന്നെ ഉന്മൂലനം ചെയ്യുമ്പോഴാണ് ജനാധിപത്യം പുഷ്കലമാകുക. പക്ഷേ, മണിപ്പവറും മസില്‍പവറും ഇന്ത്യന്‍ ജനാധിപത്യ ബോധത്തെ ഹൈജാക് ചെയ്തിട്ട് ദശാബ്ദങ്ങളായി. അതുകൊണ്ടു തന്നെ സാമ്പ്രദായികവും മാന്യവും എന്ന് വിവക്ഷിക്കുന്ന ജനാധിപത്യ പ്രതിഷേധ പ്രകടനങ്ങള്‍ക്കും പ്രതികരണങ്ങള്‍ക്കും ഇന്ത്യന്‍ പശ്ചാത്തലത്തില്‍ ഇന്ന് സാധ്യത ഏറെ ശുഷ്കമാണ്. ഇവിടെയാണ് പ്രതികരണത്തിന്റെ യുവത്വവും പ്രതിഷേധത്തിന്റെ നിശ്ചയദാര്‍ഢ്യവും പ്രകടിപ്പിക്കപ്പെടുമ്പോള്‍ അതിനെ ആദരിക്കേണ്ടി വരുന്നതും അംഗീകരിക്കേണ്ടി വരുന്നതും.
അഴിമതിക്കാര്‍ക്കെതിരെയും അഴിഞ്ഞാട്ടക്കാര്‍ക്കെതിരെയും ഇതുപോലെ ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ ഉയരുന്നത് കാണാതിരുന്നു കൂട. കഴിഞ്ഞയാഴ്ചയാണ് അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ ടെലികോം മന്ത്രി സുഖ്‌റാമിനെ കോടതി വളപ്പില്‍വെച്ച് ഈ യുവാവ് തന്നെ കൈയ്യേറ്റം ചെയ്തത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, ബിജെപി നേതാവ് ലാല്‍കൃഷ്ണ അദ്വാനി, കര്‍ണാടക മുഖ്യമന്ത്രിയായിരുന്ന ബി.എസ്.യദിയൂരപ്പ, ജമ്മു-കാശ്മീര്‍ മുഖ്യമന്ത്രി ഒമാര്‍ അബ്ദുള്ള, യോഗഗുരു ബാബ രാംദേവ്, സുരേഷ് കല്‍മാഡി, ജനാര്‍ദ്ദന്‍ ദ്വിവേദി, അണ്ണാ ഹസാരെ സംഘത്തിലെ അംഗമായ പ്രശാന്ത് ഭൂഷണ്‍, അരവിന്ദ് കെജറിവാള്‍, കേന്ദ്രമന്ത്രി സുഖ്‌റാം, പി.ചിദംബരം തുടങ്ങിയവരെല്ലാം ഇത്തരത്തിലുള്ള പ്രതികരണങ്ങള്‍ക്ക് ഇരയായതാണ്. ഇവര്‍ക്കെതിരെയെല്ലാം പ്രതിഷേധത്തിന്റെ ചെരുപ്പുകളാണ് ഊരിയെറിയപ്പെട്ടത്.
എന്നാല്‍, രുചിക ദില്‍ഹോത്ര എന്ന ടെന്നീസ് താരത്തെ ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്ന ഹരിയാന മുന്‍ ഡിജിപി എസ്.പി.എസ്.രത്തോഡിനോടും സൗമ്യയെ ട്രെയിന്‍ യാത്രയ്ക്കിടയില്‍ മാനഭംഗപ്പെടുത്തി കൊന്ന ഗോവിന്ദച്ചാമിക്കെതിരെയും സംഘകൈയ്യേറ്റത്തിന്റെ പ്രതിഷേധമാണ് ഇന്ത്യ കണ്ടത്.ആതിരേ, സഹിക്കാനാവാത്ത രീതിയില്‍ ഭരണകൂടവും നേതാക്കന്മാരും അധികാരവര്‍ഗ്ഗവും ഗര്‍വ്വിന്റെയും അഹങ്കാരത്തിന്റെയും അവജ്ഞയുടെയും പാതയില്‍ ചരിക്കുമ്പോള്‍ അവരെ തടഞ്ഞു നിര്‍ത്തി മുഖത്തടിക്കാന്‍ ഇന്ത്യയിലെ പ്രതികരണ മാനസങ്ങള്‍ക്ക് യുവത്വം അവസാനിച്ചിട്ടില്ല എന്നാണ് ഈ സംഭവങ്ങളെല്ലാം വ്യക്തമാക്കുന്നത്. അധികാരത്തിന്റെയും സാമ്പത്തിക സൗകര്യങ്ങളുടെയും മറവില്‍ എന്തു തോന്ന്യാസവും കാണിക്കാമെന്ന അഹന്തകള്‍ക്കു നേരെയാണ് ഇത്തരത്തില്‍ ചെരുപ്പുകള്‍ എറിയപ്പെടുന്നതും കൈകള്‍ നീളപ്പെടുന്നതും.
ഈ പ്രതികരണ സ്വഭാവം സംഘബലം ആര്‍ജിച്ചാല്‍ എത്രമാത്രം ഉന്മൂലന ശക്തിയായി മാറുമെന്ന് ചിന്തിക്കേണ്ടത് ഭരണവര്‍ഗ്ഗവും സമ്പന്ന വിഭാഗവും ചൂഷകരുമാണ്. ഇനി ഏറെ നാള്‍ എല്ലാ അവമതികളും സഹിച്ച് ദാസ്യഭാവത്തോടെ ജീവിക്കാന്‍ ഇന്ത്യയിലെ ആത്മാഭിമാന ബോധമുള്ള പൗരന്മാരെ കിട്ടുകയില്ല എന്നതിന്റെ കൈയ്യൊപ്പാണ്,ആതിരേ വ്യാഴാഴ്ച പവാറിന്റെ കവളില്‍ പതിഞ്ഞത്.
Subscribe to:
Post Comments (Atom)
No comments:
Post a Comment