Wednesday, November 9, 2011

ജയരാജന്റെ പരാമര്‍ശത്തെ ലജ്ജിപ്പിക്കുന്ന കോടതി വിധി

ഇത്തരം വിധികളിലൂടെയും നിലപാടുകളിലൂടെയുമാണോ നീതി പീഠത്തിന്റെയും ന്യായാധിപന്മാരുടെയും മഹത്വം നിലനിര്‍ത്തേണ്ടതെന്ന ചോദ്യം കൂടി ഈ വിധിയുടെ പരിസരത്തുനിന്ന്‌ ഉയരുന്നുണ്ട്‌. സ്വതന്ത്രമായ വിധി ന്യായങ്ങളും സമീപനവും ധീരതയും മാന്യതയും വസ്തുനിഷ്ഠതയും നീതിന്യായ പ്രവര്‍ത്തനത്തിലെ ആഭിജാത്യവും ആത്മ നിയന്ത്രണവും തുടങ്ങിയ അനുപേക്ഷണീയതകളിലൂടെയല്ലെ നീതി പീഠങ്ങളും ന്യായാധിപന്മാരും ജനഹൃദയങ്ങളിലും ജനാധിപത്യ ഭൂമികയിലും പ്രതിഷ്ഠിക്കപ്പെടേണ്ടത്‌? അതോ പൗരന്‌ ഭരണഘടന അനുശാശിക്കുന്ന സ്വാതന്ത്ര്യം പോലും നിഹനിച്ചു കൊണ്ടുള്ള നീതികേടിന്റെ നിലപാടിലൂടെയാണോ?ആതിരേ,ഹൈക്കോടതി ജഡ്ജിമാരെ 'ശുംഭന്‍' എന്ന്‌ വിശേഷിപ്പിക്കുകയും 'മണ്ടത്തരം', 'പുല്ലുവില' തുടങ്ങിയ പ്രയോഗങ്ങളിലൂടെ ന്യായാധിപന്മാരെയും നീതി പീഠങ്ങളെയും അധിക്ഷേപിക്കുകയും ചെയ്തതിന്റെ പേരില്‍ സിപിഎം സംസ്ഥാന സമിതി അംഗവും മുന്‍ എംഎല്‍എയുമായ എം.വി.ജയരാജനെ ആറുമാസത്തെ ജയില്‍ ശിക്ഷയ്ക്കും 2000 രൂപ പിഴയടയ്ക്കാനും കേരള ഹൈക്കോടതി ജസ്റ്റിസുമാരായ വി.രാംകുമാറും പി.ക്യു.ബര്‍ക്കത്തലിയും വിധിച്ചത്‌ അന്യായമാണെന്ന്‌ പറഞ്ഞേ തീരൂ.
പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിച്ചുകൊണ്ട്‌ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ 2010 ജൂണ്‍ 28-ന്‌ കണ്ണൂരില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വിമര്‍ശിക്കവെയാണ്‌ ഇപ്പോള്‍ ഹൈക്കോടതി, കോടതിയലക്ഷ്യമെന്ന്‌ വിലയിരുത്തിയ പദപ്രയോഗങ്ങളുണ്ടായത്‌. അന്നത്തെ ആ നിലപാടും സമാന സ്വഭാവത്തിലുള്ള പദപ്രയോഗങ്ങളും പിന്നീടും തുടര്‍ന്ന്‌ ജഡ്ജിമാരെയും ന്യായ പീഠങ്ങളെയും നിരന്തരം സഭ്യേതരമായ രീതിയിലായിരുന്നു എം.വി.ജയരാജന്‍ വിമര്‍ശിച്ചത്‌. വിചാരണയ്ക്കിടയില്‍ പോലും കോടതിക്ക്‌ അലോസരമുണ്ടാക്കുന്ന പദപ്രയോഗങ്ങളും നടപടികളുമാണ്‌ പ്രതിയായ എം.വി.ജയരാജനില്‍ നിന്ന്‌ ഉണ്ടായത്‌.
ജനാധിപത്യത്തിന്റെ ആധാരശിലകളില്‍ പ്രധാനങ്ങളായ നിയമനിര്‍മ്മാണ സംവിധാനവും ഭരണ നിര്‍വ്വഹണ സംവിധാനവും അഴിമതിയിലും അഴിഞ്ഞാട്ടത്തിലും ആമഗ്നമായി ഭീഷണമായ അവസ്ഥയില്‍ തുടരുമ്പോള്‍ പൗരന്‌ അവന്റെ അവകാശങ്ങള്‍ നേടിയെടുക്കാനുള്ള അവസാനത്തെ അത്താണിയായി ഇന്ന്‌ അവശേഷിക്കുന്നത്‌, ആതിരേ നീതി പീഠങ്ങളാണ്‌. വിപണി സമ്പദ്‌ വ്യവസ്ഥയുടെയും ആഗോളീകരണത്തിന്റെയും അനാശാസ്യതകള്‍ നീതി നിര്‍വ്വഹണ സംവിധാനങ്ങളില്‍ പോലും നുഴഞ്ഞു കയറിയിട്ടുണ്ടെങ്കിലും പ്രായേണ അകളങ്കിതമായി നില കൊള്ളുന്ന ജനാധിപത്യ സംരക്ഷണ സംവിധാനമാണ്‌ കോടതികള്‍. അതുകൊണ്ടു തന്നെ കോടതികളോടുള്ള സമീപനത്തിലും കോടതി വിധികളെ വിലയിരുത്തുന്ന രീതികളിലും വൈകാരിക വിക്ഷുബ്ധതയെക്കാള്‍ വിവേകത്തിന്റെ ശമനമാര്‍ന്ന പദപ്രയോഗങ്ങള്‍ ഉണ്ടാകേണ്ടത്‌ അനിവാര്യമാണ്‌. ആ തലത്തില്‍ നിന്ന്‌ നോക്കുമ്പോള്‍ എം.വി.ജയരാജന്റെ ഭാഗത്തു നിന്നുണ്ടായ പ്രതികരണങ്ങള്‍ കോടതികളെയും ന്യായാധിപന്മരെയും പൊതുസമൂഹത്തില്‍ അവഹേളിക്കുന്ന തരത്തിലുള്ളത്‌ തന്നെയായിരുന്നു.
എന്നാല്‍, ജയരാജന്‍ ചെയ്തു എന്ന്‌ കേരള ഹൈക്കോടതി അനുമാനിക്കുന്ന കോടതിയലക്ഷ്യത്തിന്‌ അദ്ദേഹത്തിന്‌ വിധിച്ച ശിക്ഷയുടെ സ്വഭാവവും തുടര്‍ന്ന്‌ ഉണ്ടായ നടപടി ക്രമങ്ങളും വിലയിരുത്തുമ്പോള്‍ ജയരാജന്റെ പരാമര്‍ശങ്ങളെ ലജ്ജിപ്പിക്കുന്നതായി പോയി ഹൈക്കോടതിയുടെ സമീപനം. വിധി റദ്ദാക്കി അപ്പീല്‍ സമര്‍പ്പിക്കാനുള്ള സ്വാതന്ത്ര്യം പോലും കവര്‍ന്നെടുത്താണ്‌ ജയരാജനെ ജയിലില്‍ അടച്ചിരിക്കുന്നത്‌. വ്യക്തിക്ക്‌ ഭരണഘടന ഉറപ്പു നല്‍കിയിട്ടുള്ള സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നു കയറ്റമായിട്ട്‌ ഇതിനെ വ്യാഖ്യാനിച്ചാല്‍,ആതിരേ, മുഖം ചുളിച്ചിട്ട്‌ കാര്യമില്ല.
ഒരര്‍ത്ഥത്തില്‍ ജയരാജന്റെ പരാമര്‍ശങ്ങള്‍ കോടതി അവഗണിച്ചിരുന്നെങ്കില്‍ അതായിരുന്നില്ലെ കൂടുതല്‍ മാന്യവും സ്വീകാര്യവുമായ നിലപാടെന്ന്‌ ഇപ്പോള്‍ തോന്നിപ്പോകുന്നുണ്ട്‌. ഏതൊരു വിധിക്കെതിരായാണോ ജയരാജന്‍ സംസാരിച്ചത്‌ ആ വിധിയില്‍ കോടതി നിര്‍ബന്ധപൂര്‍വ്വം നടപ്പിലാക്കണമെന്ന്‌ ആവശ്യപ്പെട്ട കാര്യം കേരള നിയമസഭ ഒരു പ്രമേയത്തിലൂടെ തിരുത്തിയ പശ്ചാത്തലത്തിലാണ്‌ ഈ ചോദ്യം ഉന്നയിക്കപ്പെടുന്നത്‌. പാതയോരത്തെ പൊതുയോഗങ്ങള്‍ നിരോധിക്കണമെന്ന ഹൈക്കോടതി വിധിയെ നിയന്ത്രിക്കണമെന്ന്‌ നിയമസഭ തിരുത്തിയിട്ടുണ്ട്‌. അതായത്‌, കോടതി പുറപ്പെടുവിച്ച ഒരു വിധി ന്യായത്തിന്മേലുള്ള കടുംപിടിത്തം മൂലമാണ്‌ ഇത്തരത്തില്‍ ഒരു നടപടിക്രമങ്ങള്‍ ജയരാജന്‌ എതിരെ ഉണ്ടായത്‌. കോടതി തന്നെ പരാതിക്കാരനാവുകയും തെളിവ്‌ ഹാജരാക്കുകയും വിധി പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുക്കുമ്പോഴാണ്‌ ജയരാജന്‌ അപ്പീല്‍ പോകാനുള്ള അവസരം നിഷേധിച്ചതിലെ നീതികേട്‌ ഏറെ ശ്രദ്ധേയമാകുന്നത്‌.
ആതിരേ,ഇത്തരം വിധികളിലൂടെയും നിലപാടുകളിലൂടെയുമാണോ നീതി പീഠത്തിന്റെയും ന്യായാധിപന്മാരുടെയും മഹത്വം നിലനിര്‍ത്തേണ്ടതെന്ന ചോദ്യം കൂടി ഈ വിധിയുടെ പരിസരത്തുനിന്ന്‌ ഉയരുന്നുണ്ട്‌. സ്വതന്ത്രമായ വിധി ന്യായങ്ങളും സമീപനവും ധീരതയും മാന്യതയും വസ്തുനിഷ്ഠതയും നീതിന്യായ പ്രവര്‍ത്തനത്തിലെ ആഭിജാത്യവും ആത്മ നിയന്ത്രണവും തുടങ്ങിയ അനുപേക്ഷണീയതകളിലൂടെയല്ലെ നീതി പീഠങ്ങളും ന്യായാധിപന്മാരും ജനഹൃദയങ്ങളിലും ജനാധിപത്യ ഭൂമികയിലും പ്രതിഷ്ഠിക്കപ്പെടേണ്ടത്‌? അതോ പൗരന്‌ ഭരണഘടന അനുശാശിക്കുന്ന സ്വാതന്ത്ര്യം പോലും നിഹനിച്ചു കൊണ്ടുള്ള നീതികേടിന്റെ നിലപാടിലൂടെയാണോ?
ഇവിടെ 1980 കളില്‍ വിവാദമുയര്‍ത്തിയ ഒരു കോടതിയലക്ഷ്യ കേസ്‌ ഓര്‍മ്മയിലെത്തേണ്ടതാണ്‌. അന്ന്‌ നിയമമന്ത്രിയായിരുന്ന ശിവശങ്കര്‍ സുപ്രീംകോടതി ജഡ്ജിമാര്‍ക്കെതിരെ നടത്തിയ രൂക്ഷമായ പദപ്രയോഗങ്ങളാണ്‌ കോടതിയലക്ഷ്യ കേസിന്‌ കാരണമായത്‌. 'ഫെറ നിയമ ലംഘകരും വധുവിനെ ജീവനോടെ ദഹിപ്പിക്കുന്നവരും പിന്തിരിപ്പന്മാരും അടങ്ങിയ സാമൂഹിക വിരുദ്ധന്മാരുടെ പറുദീസയായി സുപ്രീംകോടതി മാറിയെന്നും ജമീന്താര്‍മാരോടും മഹാധിപതിമാരോടും സഹതാപം കാണിക്കുന്ന സ്ഥാപനമാണ്‌ സുപ്രീംകോടതിയെന്നും അവര്‍ക്ക്‌ സുപ്രീംകോടതിയില്‍ നിന്ന്‌ കിട്ടുന്ന പരിഗണന മറ്റ്‌ എവിടെ നിന്നും കിട്ടുന്നില്ലെന്നും' ആയിരുന്നു ശിവശങ്കറിന്റെ നിയന്ത്രണമില്ലാത്ത നാവു വാഴ്ച.
ആ പദപ്രയോഗങ്ങള്‍ അതിരൂക്ഷമായിരുന്നുവെങ്കിലും അദ്ദേഹം സ്ഥാപനവിമര്‍ശനം നടത്തി കോടതിയുടെ കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാട്ടുകയായിരുന്നു എന്നും അതിനാല്‍ അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ ഒരു വിധ കോടതിയലക്ഷ്യവും ഇല്ല എന്നായിരുന്നു സുപ്രീംകോടതി വിധിച്ചത്‌.
പൗരസ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട ഒരു വിധി ന്യായത്തെയാണ്‌ ജയരാജന്‍ വിമര്‍ശിച്ചത്‌. അത്‌ വ്യക്തിപരമായ ആരോപണങ്ങളായിരുന്നില്ല. നിയമനിര്‍മ്മാണത്തിന്റെയും ഭരണ നിര്‍വ്വഹണത്തിന്റെയും തലത്തില്‍ വരുന്നകാര്യങ്ങളില്‍ കോടതി ഇടപെടുന്നതിനെതിരായുള്ള പൗരന്റെ പ്രതികരണമായിരുന്നു അത്‌. ആ അര്‍ത്ഥത്തില്‍ ജയരാജന്റെ പരാമര്‍ശങ്ങളെ വിലയിരുത്തുകയും സ്വീകരിക്കുകയും അവഗണിക്കുകയും ചെയ്തിരുന്നുവെങ്കില്‍ ഹൈക്കോടതിയുടെ മാന്യത കുറേക്കൂടി വര്‍ദ്ധിക്കുമായിരുന്നു. എന്നാല്‍, പൗരന്റെ അടിസ്ഥാന ആവകാശം വരെ ലംഘിക്കുന്ന തലത്തില്‍ എത്തി നില്‍ക്കുക വഴി, ആവര്‍ത്തിക്കട്ടെ ജയരാജന്റെ പരാമര്‍ശത്തെ ലജ്ജിപ്പിക്കുന്ന അവസ്ഥയിലാണ്‌ ആതിരേ,ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ വിധി.

No comments: