Tuesday, November 15, 2011
കൊടിയത്തൂരിലെ 'സദാചാര ഭീകരവാദികള്‍'
ചോദിക്കട്ടെ, അമാന്യതയും അപഥസഞ്ചാരവും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷകേസരിമാര്‍ നടത്തുന്ന വിവാഹപൂര്‍വ്വ-വിവാഹബാഹ്യ രതിമേളനങ്ങള്‍ തടയാന്‍ കൊടിയത്തൂരിലേയും അതേപോലെ മറ്റു പലയിടത്തും തലപൊക്കുന്ന മത-ഭീകര-സദാചാരസംരക്ഷണ- സത്വങ്ങള്‍ക്ക് കഴിവുണ്ടോ, അവരതിന് സന്നദ്ധരാണോ? അല്ല എന്നുതന്നെയാണ് ഏതു തലത്തില്‍ പ്രശ്നത്തെ സമീപിച്ചാലും ലഭിക്കുന്ന ഉത്തരം.അവിടെയാണ് കൊടിയത്തൂര്‍ വര്‍ത്താമാനകാല സമൂഹജീവിതത്തിന് ഭീഷണിയായ പൈശാചികതയാകുന്നത്. അതുകൊണ്ട്,നിയമനിഷേധത്തിന്റെ ഇത്തരം 'സദാചാര സംരക്ഷകര്‍'ക്കെതിരെ സമൂഹംതന്നെ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും കോട്ട തീര്‍ക്കേണ്ടതുണ്ട്.
"വൈകാരികമൂല്യങ്ങളിലൂന്നിയുള്ള സദാചാര സങ്കല്‍പം തികഞ്ഞ ഭ്രമാത്മകതയാണ്. തീര്‍ത്തും അശ്ലീലമായ ഈ ബോധത്തില്‍ സത്യത്തിന്റെ കണികപോലും ഉണ്ടാകുകയില്ല."
"സദാചാരത്തിനും ഉന്നിദ്രമായ അവസ്ഥ കാംക്ഷിക്കുക. വെറുതെ മാന്യനാകാതെ നന്മയ്ക്കുവേണ്ടി ആഗ്രഹിക്കുക."
സദാചാരത്തെക്കുറിച്ച് യഥാക്രമം സോക്രട്ടീസും തോറോയും നടത്തിയ നിരീക്ഷണങ്ങളാണ്, ആതിരേ മുകളില്‍ ഉദ്ധരിച്ചത്.
വിവേകത്തിന്റെയും, പക്വതയുടെയും ഈ കാഴ്ചപ്പാടിനെക്കുറിച്ച് കൊടിയത്തൂരിലെ സാംസ്കാരിക ഭീകരവാദികളോട് വിവരിക്കുന്നതിനേക്കാള്‍ അപകടം കുറഞ്ഞതാണ് വെട്ടാന്‍വരുന്ന പോത്തിന്റെ കാതില്‍ വേദമോതുന്നത്.
സ്ത്രീകള്‍ മാത്രമുള്ള ഒരു വീട്ടില്‍ 'അസമയത്ത്' സന്ദര്‍ശനം നടത്തിയിരുന്നു ' എന്ന് ആരോപിക്കപ്പെടുന്ന ഷഹീദ് ബാവ എന്ന ചെറുപ്പക്കാരനാണ് കൊടിയത്തൂരിലെ 'സദാചാര പോലീസി'ന്റെ മൂന്നാംമുറയ്ക്ക് ഇരയായി കിരാതമായി കൊല്ലപ്പെട്ടത്. ഈ വീട്ടിലെ സന്ദര്‍ശനം നിരോധിച്ചുകൊണ്ട് കൊടിയത്തൂരിലെ 'സദാചാര സംരക്ഷകര്‍' ഷാഹിദ് ബാവയ്ക്ക് നല്‍കിയ അന്ത്യശാസനം ചെവിക്കൊള്ളാതിരുന്നതുകൊണ്ടാണ്, 15 പേരടങ്ങിയ സംഘം ആ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചതും പോസ്റ്റില്‍ കെട്ടിയിട്ട് പോത്തിനെ തല്ലുന്നതുപോലെ തല്ലിയതും, അതിന്റെ ഫലമായി ഷാഹിദ് ബാവ മരണമടഞ്ഞതും.
സംഭവത്തില്‍, ഭീകരവാദ പ്രവര്‍ത്തനവുമായി ബന്ധമുള്ള ചിലര്‍ക്ക് പങ്കുണ്ടെന്നും, ഷാഹിദിനെ മര്‍ദ്ദിച്ചവരില്‍ നാട്ടുകാരല്ലാത്ത ചിലരും ഉണ്ടായിരുന്നെന്നും, പ്രതികളില്‍ ചിലര്‍ വിദേശത്തേയ്ക്ക് കടന്നു എന്നുമാണ് പോലീസിന്റെ ഭാഷ്യം. ഭീകര പ്രവര്‍ത്തകരടങ്ങിയ സംഘം കരുതിക്കൂട്ടി നടത്തിയ 'ആസൂത്രിത കൊലപാതക'മായതുകൊണ്ട്, സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക പോലീസ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതെന്തുമാകട്ടെ, സദാചാരത്തിന്റെ സംരക്ഷണാധികാരം നാട്ടുകാര്‍ക്ക് ആരാണ് ആതിരേ,പതിച്ചുകൊടുത്തിട്ടുള്ളത്? ശുഷ്കവും ഹ്രസ്വദൃഷ്ടിയിലൂന്നിയതുമായ സ്ത്രീ-പുരുഷ സങ്കല്‍പത്തിന്റെ അടിസ്ഥാനത്തില്‍ നിയമം കൈയിലെടുക്കാന്‍ ഏതു മതബോധനങ്ങളാണ് വക്രീകരിച്ച ഉപദേശങ്ങളുമായി ചെറുപ്പക്കാരെ വഴിതെറ്റിക്കുന്നത്?
ഷാഹിദ് ബാവ 'അസമയത്ത്' സന്ദര്‍ശനം നടത്തിയിരുന്ന വീട്ടിലെ യുവതിയുടെ ഭര്‍ത്താവ് ഗള്‍ഫിലാണെന്നും, 90 കഴിഞ്ഞ വൃദ്ധരാണ് വീട്ടിലുള്ളതെന്നും, ഭര്‍ത്താവിനെ വഞ്ചിച്ച് ജാരബന്ധമാണ് അവിടത്തെ യുവതിയായ വീട്ടമ്മ നടത്തിക്കൊണ്ടിരിക്കുന്നതെന്നും, അത് അനുവദിക്കാന്‍ സാദ്ധ്യമല്ലെന്നും ശഠിച്ചാണ് കൊടിയത്തൂരിലെ 'സദാചാര വിശുദ്ധികള്‍' നൃശംസയതയുടെ ഭാവം ആവാഹിച്ചത്.
ആതിരേ, വിവാഹിതയായ ഒരു യുവതി ആരുമായി ബന്ധപ്പെടണം, ആരുമായി ബന്ധപ്പെടരുത്; ഭര്‍ത്താവ് വിദേശത്ത് ജോലിയുള്ള കുടുംബങ്ങളില്‍ മറ്റു പുരുഷന്മാര്‍ ഏതെല്ലാം സമയത്ത് സന്ദര്‍ശനം നടത്താം, എപ്പോഴെല്ലാം അത് പാടില്ല എന്നു തീരുമാനിക്കാന്‍ നാട്ടുകാര്‍ക്ക് എന്തു അധികാരമാണുള്ളത്? തന്റെ ഭാര്യ വഴിതെറ്റിപ്പോകുന്നുണ്ടെങ്കില്‍ അതുസംബന്ധിച്ച് രോഷംകൊള്ളേണ്ടതും, നടപടിയെടുക്കേണ്ടതും ഭര്‍ത്താവ് മാത്രമാണ്. അല്ലാതെ, ഭര്‍ത്താവിന്റെ അധികാരം കയ്യാളാന്‍ പൊതുജനത്തിനോ, മതസംവിധാനങ്ങള്‍ക്കോ അധികാരമോ അവകാശമോ ഇല്ല.
പോലീസ് ഉണ്ടായിട്ടും മോഷണമടക്കമുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ 'ജനകീയ പോലീസ്' രൂപീകരിച്ചതുപോലെ, ഭര്‍ത്താന്മാര്‍ വിദേശത്ത് ജോലിചെയ്യുന്ന വീടുകളിലെ സ്ത്രീകളുടെ സദാചാരം സംരക്ഷിക്കാന്‍ ആരാണ് ഇത്തരത്തില്‍ ക്രൂരവും വികാരവിക്ഷുബ്ധവുമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുള്ളത്?
ഓരോ മതങ്ങള്‍ക്കും ഈശ്വരവിശ്വാസവും, സദാചാര-ധാര്‍മ്മിക സങ്കല്‍പവുമുണ്ട്. എന്നാല്‍, അത് വിശ്വാസികളില്‍പ്പോലും അടിച്ചേല്‍പ്പിക്കാന്‍ ആര്‍ക്കും അധികാരമില്ല. ആ സാഹചര്യത്തില്‍, നാട്ടിലെ 'സദാചാര വാഴ്ച'യുടെ മേല്‍നോട്ടം ഏറ്റെടുത്ത് ബീഭത്സമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതും, അതിന് വഴങ്ങാത്തവരെ കിരാതമായി ഉന്മൂലനം ചെയ്യുന്നതും, ആതിരേ,സദാചാര താലിബാനിസം തന്നെയാണ്.
പെണ്ണ് പിഴച്ചുപോയാല്‍ കടലമ്മ കോപിക്കുമെന്നും തീരം നശിക്കുമെന്നുമുള്ള ഒരു ധാര്‍മ്മിക വിശുദ്ധ വിശ്വാസം അരയ സമുദായങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. ഏകപത്നീവ്രതത്തിലൂന്നിയ കുടുംബ സങ്കല്‍പം നടപ്പിലായ കാലം മുതല്‍ വിവാഹിതയായ സ്ത്രീയുടെ പുരുഷബന്ധങ്ങളെ, അവ സൗഹൃദങ്ങളാണെങ്കില്‍പ്പോലും, അനുവദിക്കാത്ത അടച്ചുകെട്ടിയ ധാര്‍മ്മിക വിചാരവും അതിന്റെ നടത്തിപ്പുമാണ് കഴിഞ്ഞ 5000 വര്‍ഷമായി വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍, സംസ്കാരങ്ങള്‍ക്കിടയില്‍, നാടുകളില്‍ നിലവിലിരിക്കുന്നത്.
രാഷ്ട്രീയമായും സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുരോഗതിപ്രാപിച്ച കേരളത്തിലും ഇതേ സദാചാര സങ്കല്‍പം തന്നെയാണ് ഉള്ളത്. പക്ഷേ, ആതിരേ,സൗകര്യപൂര്‍വം അത് ലംഘിച്ച് നിഷിധ സുഖങ്ങള്‍ ആസ്വദിച്ച് മാന്യന്മാരായി കഴിയുന്നരാണ് സമൂഹത്തില്‍ പകുതിയിലേറെപ്പേരും. തങ്ങള്‍ക്ക് കിട്ടാതെപോകുന്ന അവസരങ്ങളെ സദാചാരത്തിന്റെ സങ്കല്‍പനങ്ങള്‍ക്കുള്ളില്‍ തിരുകിക്കയറ്റി വിചാരണ നടത്തുകയും വിധി പ്രഖ്യാപിക്കുകയും ചെയ്യുന്ന അശ്ലീലതയെ മാന്യതയെന്ന് അംഗീകരിക്കുന്ന ഒരു സമൂഹമാണ് വര്‍ത്തമാന കേരളം.
ഇവിടെ, ധാര്‍മ്മികഭ്രംശത്തെക്കുറിച്ച് സംസാരിക്കാനും ശിക്ഷാനടപടികള്‍ സ്വീകരിക്കാനും വ്യക്തികള്‍ക്കോ സമുദായങ്ങള്‍ക്കോ സംഘടനകള്‍ക്കോ അല്ല അധികാരം, മറിച്ച് ക്രമസമാധാനപാലനത്തിന്റെയും നിയമപാലത്തിന്റെയും ചുമതലയുള്ളവര്‍ക്കാണ് ആ അവകാശം. കൊടിയത്തൂരിലെ ബന്ധപ്പെട്ട വീട്ടില്‍ സദാചാരലംഘനം നടക്കുന്നുണ്ടായിരുന്നെങ്കില്‍ വിദേശത്തുള്ള ഭര്‍ത്താവിനേയും തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലും അറിയിച്ച് നിയമപരമായ നടപടി സ്വീകരിച്ചിരുന്നെങ്കില്‍, അത് വ്യക്തികളുടെ സ്വാതന്ത്ര്യത്തിന്മേലുള്ള ഭരണകൂടത്തിന്റെയും, സമുദായ-സമൂഹ പിടിവാശികളുടെയും കടന്നുകയറ്റമാണെങ്കില്‍പ്പോലും,ആതിരേ, പൊതുവെ അംഗീകരിക്കപ്പെട്ടേനെ. ഭര്‍ത്താക്കന്മാര്‍ വിദേശത്തും അന്യസംസ്ഥാനത്തും ജോലിനോക്കുന്ന കുടുംബങ്ങളിലെ സ്ത്രീകളുടെ 'സദാചാരവിരുദ്ധ പ്രവൃത്തി' നിരീക്ഷിക്കാനും നടപടിയെടുക്കാനും ഏതു സമുദായമൂല്യങ്ങളുടെയും വിശ്വാസങ്ങളുടെയും അടിസ്ഥാനത്തില്‍ തീരുമാനമെടുത്താലും അത് കറകളഞ്ഞ സദാചാര ഭീകരപ്രവര്‍ത്തനം തന്നെയാണ്.
ചോദിക്കട്ടെ, അമാന്യതയും അപഥസഞ്ചാരവും സ്ത്രീകളില്‍ അടിച്ചേല്‍പ്പിക്കുന്ന പുരുഷകേസരിമാര്‍ നടത്തുന്ന വിവാഹപൂര്‍വ്വ-വിവാഹബാഹ്യ രതിമേളനങ്ങള്‍ തടയാന്‍ കൊടിയത്തൂരിലേയും അതേപോലെ മറ്റു പലയിടത്തും തലപൊക്കുന്ന മത-ഭീകര-സദാചാരസംരക്ഷണ- സത്വങ്ങള്‍ക്ക് കഴിവുണ്ടോ, അവരതിന് സന്നദ്ധരാണോ? അല്ല എന്നുതന്നെയാണ് ഏതു തലത്തില്‍ പ്രശ്നത്തെ സമീപിച്ചാലും ലഭിക്കുന്ന ഉത്തരം.അവിടെയാണ് ആതിരേ,കൊടിയത്തൂര്‍ വര്‍ത്താമാനകാല സമൂഹജീവിതത്തിന് ഭീഷണിയായ പൈശാചികതയാകുന്നത്. പോലീസിന്റെ ഇപ്പോഴത്തെ അന്വേഷണരീതി ആ പൈശാചികതയ്ക്ക് വളംവയ്ക്കുന്നതാണ്. കാരണം, ഈ ഭീകരസത്വങ്ങളെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ കോമരങ്ങളാണ്. അദ്ധ്യാപകന്റെ കൈവെട്ടിയ ഭീകരവാദികളെ മുഴുവന്‍ പിടികൂടാന്‍ കഴിയാത്ത പുന്നൂസിന്റെ പോലീസിന് കൊടിയത്തൂരിലെ 'സദാചാര ഭീകരന്മാരെ'യും അമര്‍ച്ച ചെയ്യാന്‍ കഴിയുകയില്ല. അതുകൊണ്ട്,നിയമനിഷേധത്തിന്റെ ഇത്തരം 'സദാചാര സംരക്ഷകര്‍'ക്കെതിരെ സമൂഹംതന്നെ പ്രതികരണത്തിന്റെയും പ്രതിരോധത്തിന്റെയും കോട്ട തീര്‍ക്കേണ്ടതുണ്ട്.
Subscribe to:
Post Comments (Atom)
No comments:
Post a Comment