Sunday, November 27, 2011

മുല്ലപ്പെരിയാര്‍: ഉമ്മന്‍ചാണ്ടി എന്താണ്‌ ചെയ്യുന്നത്‌?


കാവേരി ജലപ്രശ്നത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച വിജയ സമരപാത മുന്നിലുണ്ടായിട്ടും അത്‌ അനുവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ പ്രസ്താവനകളില്‍ ഒതുങ്ങുന്നിടത്താണ്‌, ആതിരേ, മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ ഭീഷണിയാണ്‌ കേരളത്തിന്റെ ഭരണനേതൃത്വമെന്ന അറിവ്‌ ജനങ്ങളുടെ ആശങ്ക പെരുക്കുന്നത്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതൃത്വങ്ങളും സിനിമാ താരങ്ങളും സാംസ്കാരിക സാമൂഹിക സാമുദായിക മത നേതാക്കളും പൊതുജനവും ഒറ്റക്കെട്ടായി ഒരു നിരാഹാര സമരത്തിന്‌ തയ്യാറായാല്‍ തമിഴ്‌നാട്‌ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ആവശ്യം പരിഗണിച്ചേ മതിയാകുകയുള്ളൂ. എന്നാല്‍, സമ്മര്‍ദ്ദത്തിന്റെ ഈ സമരമാര്‍ഗ്ഗം, അത്‌ ഗാന്ധിയന്‍ സമര രീതിയായിരുന്നിട്ടുകൂടി അവലംബിക്കാന്‍ തയ്യാറാകാതെ ജനസമ്പര്‍ക്ക പരിപാടി എന്ന പൊളിറ്റിക്കല്‍ കോസ്മെറ്റിക്‌ ഉഡായിപ്പുമായിനാടു തെണ്ടുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.




മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ സംബന്ധിച്ച ആശങ്ക ആകാശത്തോളം ഉയരുമ്പോഴും, ആതിരേ, അരകല്ലിന്‌ കാറ്റു പിടിച്ചതുപോലെ നിസ്സംഗനായി ഇരിക്കുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ എന്തു ചെയ്യണം..?.
ശനിയാഴ്ച ഒറ്റ രാത്രികൊണ്ട്‌ ആറടിയിലധികം വെള്ളം ഉയര്‍ന്ന്‌ ഇപ്പോള്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ പരമാവധി സംഭരണശേഷിയായ 136 അടിയില്‍ എത്തി നില്‍ക്കുകയാണ്‌. ഇത്‌ അപകടകരമാണ്‌ എന്ന്‌ അറിഞ്ഞിട്ടും സത്വരമായ നടപടികള്‍ സ്വീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിനെക്കൊണ്ടും തമിഴ്‌നാട്‌ സര്‍ക്കാരിനെക്കൊണ്ടും പ്രശ്നപരിഹാരത്തിന്‌ മാര്‍ഗ്ഗങ്ങളാരായാന്‍ നിര്‍ബന്ധിതനായ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കേവലം പ്രസ്താവനകളില്‍ ഒതുങ്ങുമ്പോള്‍ കേരളത്തിലെ അഞ്ച്‌ ജില്ലകളേയും 30 ലക്ഷം ജനങ്ങളേയും കടുത്ത ഭീതിയും ഭീഷണിയും മൂടുകയാണ്‌.
ഇന്നലെ പീരുമേട്‌ എം.എല്‍.എ ബിജിമോള്‍ നിരാഹാര സത്യഗ്രഹം ആരംഭിച്ചതും ഇന്ന്‌ പാര്‍ലമെന്റിന്‌ മുന്നില്‍ എംപിമാരായ ജോസ്‌ കെ.മാണിയും പി.ടി.തോമസും സത്യഗ്രഹം നടത്തുന്നതും എല്‍ഡിഎഫിന്റെ ആഹ്വാനപ്രകാരം ഇടുക്കിയില്‍ ഹര്‍ത്താല്‍ ആചരിക്കുന്നതൊന്നും പ്രശ്നപരിഹാരത്തിന്‌ സഹായകമായ നടപടികളല്ല, ആതിരേ.. എന്നാല്‍, ഇവയെല്ലാം ജനങ്ങളുടെ ആശങ്ക എത്ര ബൃഹത്താണെന്ന്‌ സൂചിപ്പിക്കുന്നുമുണ്ട്‌. ഇപ്പോഴും നിസംഗതനിറഞ്ഞ പ്രഖ്യാപനങ്ങളില്‍ ഉത്തരവാദിത്തം ഒതുക്കുകയാണ്‌ ഉമ്മന്‍ചാണ്ടി. ഇന്ന്‌ ജലവിഭവ മന്ത്രി പി.ജെ.ജോസഫും റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡല്‍ഹിയിലെത്തി കേന്ദ്ര ജലവിഭവ മന്ത്രി പവന്‍കുമാര്‍ ബന്‍സ്വാള്‍, ആഭ്യന്തരമന്ത്രി പി.ചിദംബരം, പ്രതിരോധമന്ത്രി എ.കെ.ആന്റണി എന്നിവരുമായി കൂടിക്കാഴ്ച നടത്തി കേരളത്തിന്റെ ആശങ്ക കേന്ദ്രത്തെ ധരിപ്പിക്കുമെന്നാണ്‌ യുഡിഎഫ്‌ നേതൃത്വം നല്‍കുന്ന മറ്റൊരു ഉറപ്പ്‌. ഈ ഉറപ്പുകള്‍ കൊണ്ട്‌ മുല്ലപ്പെരിയാര്‍ ഡാമിനെ താങ്ങി നിര്‍ത്താന്‍ കഴിയുമെന്ന്‌ ഉമ്മന്‍ചാണ്ടി കരുതുന്നുണ്ടോ?
ആതിരേ,നിരന്തരമുണ്ടാകുന്ന ഭൂമി കുലുക്കവും ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള മഴയും മുല്ലപ്പെരിയാര്‍ ഡാമിന്റെ ഭാവി സംബന്ധിച്ച ജനങ്ങളുടെ ആശങ്ക ഇരട്ടിയിലധികമാക്കിയിട്ടുണ്ട്‌. 116 വര്‍ഷം പഴക്കമുള്ള ഈ അണക്കെട്ട്‌ സുരക്ഷിതമല്ലെന്ന്‌ 1979-ല്‍ കേന്ദ്ര ജലകമ്മീഷന്‍ അഭിപ്രായപ്പെട്ടതാണ്‌. അവരാണ്‌ ജലനിരപ്പ്‌ 136 അടിയായി താഴ്ത്താന്‍ ശിപാര്‍ശ ചെയ്തത്‌. ശനിയാഴ്ച രാത്രിയും ഞായറാഴ്ച പകലും ഉണ്ടായ മഴയും നീരൊഴുക്കും മൂലം ഇതെഴുതുമ്പോള്‍ 136 അടി ജലം മുല്ലപ്പെരിയാര്‍ ഡാമിലുണ്ട്‌. അടുത്ത 48 മണിക്കൂര്‍ കേരളത്തില്‍ കനത്ത മഴയ്ക്ക്‌ സാധ്യതയുണ്ടെന്ന കാലാവസ്ഥ പ്രവചനം മറ്റൊരു ദുരന്തത്തിന്റെ സൂചനയാണ്‌ നല്‍കുന്നത്‌. ഇടുക്കി ജില്ലയില്‍ മഴ കനക്കുകയും വൃഷ്ടിപ്രദേശത്ത്‌ നീരൊഴുക്ക്‌ വര്‍ദ്ധിക്കുകയും ചെയ്താല്‍ മുല്ലപ്പെരിയാര്‍ ഡാമിലേക്ക്‌ ജലം കുത്തിയൊഴുകിയെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇങ്ങനെ എത്തുന്ന ജലത്തിന്റെ സമ്മര്‍ദ്ദം താങ്ങാന്‍ ഡാമിന്‌ കഴിവില്ല എന്നതും ഇടുക്കി മേഖലയില്‍ ഇനിയും ഭൂചലനങ്ങള്‍ ഉണ്ടാകാം എന്ന സാധ്യതയും വന്‍ വിപത്തിലേക്കാണ്‌ വിരല്‍ ചൂണ്ടുന്നത്‌.
ഈ പശ്ചാത്തലത്തിലാണ്‌, ആതിരേ ഉമ്മന്‍ചാണ്ടിയുടെയും കൂട്ടരുടെയും നിസംഗത പരസ്യവിചാരണയ്ക്ക്‌ വിധേയമാക്കപ്പെടുന്നത്‌.മുല്ലപ്പെരിയാര്‍ ഡാം ഉയര്‍ത്തുന്ന ഭീഷണി പലവട്ടം കേരളം തമിഴ്‌നാടിനെയും കേന്ദ്ര സര്‍ക്കാരിനെയും ബോധ്യപ്പെടുത്താന്‍ ശ്രമിച്ചിട്ടും പരാജയപ്പെടുകയായിരുന്നു. കൃഷിക്കും കുടിവെള്ളത്തിനും വേണ്ടിയുള്ള തമിഴ്‌നാടിന്റെ വിലാപമാണ്‌ കേന്ദ്ര സര്‍ക്കാരിന്റെ കാതിലെത്തിയിട്ടുള്ളത്‌. മുല്ലപ്പെരിയാര്‍ സംബന്ധിച്ച്‌ കേരളത്തിലെ സര്‍ക്കാരും മാധ്യമങ്ങളും അനാവശ്യ ആശങ്ക പരത്തുകയാണെന്ന നിലപാടിലുമാണ്‌ ജയലളിത സര്‍ക്കാര്‍. ഒരു ഡാം തകര്‍ച്ചയുടെ കഥ പറയുന്ന സോഹന്‍ ലാലിന്റെ ഡാം 999 എന്ന ചിത്രം പോലും തമിഴ്‌നാട്ടില്‍ നിരോധിച്ചുകൊണ്ടാണ്‌ മുല്ലപ്പെരിയാര്‍ ഉയര്‍ത്തുന്ന ഭീഷണിയെ അവര്‍ ലഘൂകരിക്കുന്നതും നിസ്സാരമായി തള്ളിക്കളയുന്നതും. മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ തമിഴ്‌നാട്ടില്‍ രാഷ്ട്രീയ നേതൃത്വങ്ങള്‍ ഭിന്നത മറന്ന്‌ ഒറ്റക്കെട്ടാണ്‌. ജനങ്ങളും ഐക്യമത്യത്തിലാണ്‌. സിനിമാ താരങ്ങള്‍ ഈ നിലപാടിന്‌ പൂര്‍ണ പിന്തുണയും നല്‍കുന്നു. ഇത്തരത്തില്‍ എല്ലാ മേഖലകളില്‍ നിന്നുമുള്ള പ്രതിരോധമാണ്‌ ഇക്കാര്യത്തില്‍ തമിഴ്‌നാട്‌ ചമച്ചിട്ടുള്ളത്‌.
ഇവിടെ കാവേരി ജലപ്രശ്നത്തില്‍ തമിഴ്‌നാട്‌ സ്വീകരിച്ച പ്രക്ഷോഭത്തിന്റെ മാര്‍ഗ്ഗം ഓര്‍മ്മിക്കേണ്ടതാണ്‌. അന്ന്‌ മുഖ്യമന്ത്രിയായിരുന്ന ജയലളിതയും സിനിമാ താരങ്ങളും അടക്കമുള്ളവര്‍ നിരാഹാര സമരം നടത്തിയാണ്‌ കേന്ദ്രത്തിനെയും കര്‍ണാടക സര്‍ക്കാരിനെയും മുട്ടു കുത്തിച്ച്‌ തങ്ങളുടെ ആവശ്യം നേടിയെടുത്തത്‌.
ഇത്തരം ഒരു കീഴ്‌വഴക്കം അല്ലെങ്കില്‍ വിജയ സമരപാത മുന്നിലുണ്ടായിട്ടും അത്‌ അനുവര്‍ത്തിക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാതെ പ്രസ്താവനകളില്‍ ഒതുങ്ങുന്നിടത്താണ്‌, ആതിരേ, മുല്ലപ്പെരിയാര്‍ ഡാമിനെക്കാള്‍ ഭീഷണിയാണ്‌ കേരളത്തിന്റെ ഭരണനേതൃത്വമെന്ന അറിവ്‌ ജനങ്ങളുടെ ആശങ്ക പെരുക്കുന്നത്‌. ഈ പ്രശ്നം ഉന്നയിച്ച്‌ ഉമ്മന്‍ചാണ്ടി അടക്കമുള്ള മന്ത്രിമാരും പ്രതിപക്ഷ നേതാവും പാര്‍ട്ടി നേതൃത്വങ്ങളും സിനിമാ താരങ്ങളും സാംസ്കാരിക സാമൂഹിക സാമുദായിക മത നേതാക്കളും പൊതുജനവും ഒറ്റക്കെട്ടായി ഒരു നിരാഹാര സമരത്തിന്‌ തയ്യാറായാല്‍ തമിഴ്‌നാട്‌ സര്‍ക്കാരിനും കേന്ദ്ര സര്‍ക്കാരിനും കേരളത്തിന്റെ ആവശ്യം പരിഗണിച്ചേ മതിയാകുകയുള്ളൂ. എന്നാല്‍, സമ്മര്‍ദ്ദത്തിന്റെ ഈ സമരമാര്‍ഗ്ഗം, അത്‌ ഗാന്ധിയന്‍ സമര രീതിയായിരുന്നിട്ടുകൂടി അവലംബിക്കാന്‍ തയ്യാറാകാതെ ജനസമ്പര്‍ക്ക പരിപാടി എന്ന പൊളിറ്റിക്കല്‍ കോസ്മെറ്റിക്‌ ഉഡായിപ്പുമായി നാടു തെണ്ടുകയാണ്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
നിരന്തരം ഭൂചലനങ്ങള്‍ ഉണ്ടാകുമ്പോള്‍ ഇടുക്കിയില്‍ ഭൂകമ്പം നേരിടാനുള്ള സംവിധാനങ്ങള്‍ അപര്യാപ്തമാണെന്ന സത്യത്തിലേക്ക്‌ പോലും ഉമ്മന്‍ചാണ്ടിയുടെ ശ്രദ്ധ പതിയുന്നില്ല എന്നതാണ്‌ ഇതിലേറെ പ്രതിഷേധാര്‍ഹമായ മറ്റൊരു വാസ്തവം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത്‌ രൂപം കൊടുത്ത ദുരന്ത നിവാരണ സേന നിര്‍ജീവമാണിപ്പോള്‍. പത്തുകോടി രൂപയാണ്‌ അന്ന്‌ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ ഇതിനായി നീക്കിവച്ചത്‌. ദേശീയ ദുരന്ത നിവാരണ സേനയിലെ കേഡറ്റുകള്‍ ഡപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ റവന്യൂ ജീവനക്കാര്‍, പോലീസ്‌, അഗ്നിശമന വിഭാഗങ്ങള്‍, ആധുനിക വയര്‍ലെസ്‌ സാങ്കേതിക സംവിധാനങ്ങള്‍, നാട്ടുകാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പരിശീലനം നല്‍കാനുള്ള വിദഗ്ധര്‍ എന്നിവര്‍ അടങ്ങുന്നതായിരുന്നു ദുരന്ത നിവാരണ സേന. എന്നാല്‍, എല്‍ഡിഎഫ്‌ തുടക്കമിട്ട ഈ സംവിധാനം തുടരാന്‍ യുഡിഎഫ്‌ തയ്യാറായിട്ടില്ല. വണ്ടിപ്പെരിയാര്‍, വാഗമണ്‍, കുമളി, പീരുമേട്‌ മേഖലകളിലെ സ്വകാര്യ ഏലം-തേയില തോട്ടങ്ങളില്‍ നിരവധി ചെറിയ ഡാമുകളുണ്ട്‌. തുടര്‍ച്ചയായുള്ള ഭൂചലനം മുല്ലപ്പെരിയാര്‍, ഇടുക്കി ഡാമുകള്‍ക്കു മാത്രമല്ല ഈ ചെറുകിട ഡാമുകള്‍ക്കും ഭീഷണിയാണ്‌. മുല്ലപ്പെരിയാറും ഇടുക്കിയും തകര്‍ന്നില്ലെങ്കിലും ഈ ചെറുഡാമുകള്‍ ഭൂചലനത്തില്‍ തകര്‍ന്നാല്‍ തന്നെ വന്‍ ദുരന്തമാണ്‌ സംഭവിക്കുക. ഈ യാഥാര്‍ത്ഥ്യങ്ങളെല്ലാം അംഗീകരിച്ച്‌ കേന്ദ്ര സര്‍ക്കാരിനെ കൊണ്ട്‌ കേരളത്തിന്റെ ആവശ്യം അംഗീകരിപ്പിച്ചെടുക്കാനും തമിഴ്‌നാടിനെ അതിലേക്ക്‌ നയിക്കാനും ശക്തമായ പ്രക്ഷോഭം ഉമ്മന്‍ചാണ്ടി തന്നെ നയിക്കേണ്ടതുണ്ട്‌. അതിനുള്ള ധൈര്യം കാണിക്കാത്ത ഓരോ നിമിഷവും കേരളത്തിലെ 30 ലക്ഷം പേരുടെ ജീവനും അഞ്ച്‌ ജില്ലകളുടെ ഭാവിയുമാണ്‌ ഉമ്മന്‍ചാണ്ടി പന്താടുന്നത്‌. മന്ത്രി പി.ജെ.ജോസഫിന്റെ ആത്മാര്‍ത്ഥതപോലും ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്കില്ലാത്തത്‌ കേരളത്തിന്റെ, നീക്കുപോക്കില്ലാത്ത ശാപം എന്നേ പറയാനാകൂ.
ആതിരേ,മുല്ലപ്പെരിയാര്‍ ഡാമിന്റെ കാര്യത്തില്‍ മാറിമാറി വന്ന മുന്നണിഭരണങ്ങളും സുപ്രീം കോടതിയും "ശുംഭന്‍" കളിക്കുകയാണെന്നും തിരിച്ചറിയേണ്ടതുണ്ട്‌.999 വര്‍ഷത്തേയ്ക്കാണ്‌ മുല്ലപ്പെരിയാര്‍ പാട്ടക്കരാര്‍ അന്ന്‌ തിരുവിതാംകൂര്‍ രാജാവായിരുന്ന വിശാഖം തിരുന്നാള്‍ മഹാരജാവ്‌,ഈസ്റ്റ്‌ ഇന്‍ഡ്യാ കമ്പനിയുമായി ഒപ്പിട്ടത്‌.രാജാവിന്‌ വേണ്ടി ദിവാനായിരുന്ന വി.രാമയ്യങ്കാറാണ്‌ യഥാര്‍ത്ഥത്തില്‍ കരാറില്‍ ഒപ്പുവച്ചത്‌.കെ.കെ.കുരുവിള,ജെ.എച്ച്‌.പ്രിന്‍സ്‌,ജെ.സി.ഹാന്നിങ്ങ്ടണ്‍ എന്നിവരായിരുന്നു സാക്ഷികള്‍.ആ കരാറിന്റെ അടിസ്ഥാനത്തില്‍ പണിത ഡാമിന്‌ 50 വര്‍ഷത്തെ ആയുസ്സേ നിര്‍മാതാക്കള്‍ വിഭാവനം ചെയ്തിരുന്നുള്ളു.അപ്പോള്‍ ബക്കി 949 വര്‍ഷത്തെ കാരാര്‍ പാലിക്കാന്‍ ഏതു ഡാമാണ്‌ വേണ്ടത്‌,അല്ലെങ്കില്‍ എന്താണ്‌ മാര്‍ഗം എന്ന്‌ ഒരു ശുംഭനും അന്നു ചോദ്യമുന്നയിച്ചില്ല.രാജഭരണകാലത്ത്‌ അത്തരം 'തറുതലകള്‍' അറുത്തുവീഴപ്പെട്ടെയ്ക്കാം.എന്നാല്‍ ഇ.എം.എസ്‌ മുതല്‍ ഉമ്മന്‍ ചാണ്ടിവരെയുള്ള മുഖ്യമന്ത്രിമാരോ അവരുടെ ജലസേചന മന്ത്രിമാരോ ഈ ചോദ്യം ഉന്നയിക്കാതിരുന്നത്‌ എന്തു കൊണ്ടാണ്‌..?.ഈ ശുംഭത്തരത്തിന്‌ സമാന്തരമായി നീങ്ങുന്നതാണ്‌ സുപ്രീം കോടതിയുടെ നിലപാട്‌.ഒരു വ്യാഴവട്ടമായിട്ടും പരമോന്നത നീതി പീഠത്തിന്‌ മുന്നിലെത്തിയ സമസ്യക്ക്‌ ഇതുവരെ നിയമപരമായ പൂരണം കണ്ടെത്തിയിട്ടില്ലെന്നോര്‍ക്കണം.1800ലധികം ദിവസമായി 'മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി'നടത്തുന്ന സമരത്തെ തമസ്ക്കരിച്ച മാന്യന്മാരാണ്‌ ഇന്ന്‌ ഡല്‍ഹിയിലും തിരുവനന്തപുരത്തുമൊക്കെ നിരാഹാരമിരിക്കുന്നതും.ഈ ചതിയന്‍ ചന്തുമാരും ചാണ്ടിയെന്ന അരിങ്ങോടരും ചേരുമ്പോള്‍, ആതിരേ ചതിയുടെ ദൂഷിതവൃത്തം പൂര്‍ത്തിയാവുകയാണ്‌.

No comments: