Friday, November 13, 2009

മധുകോഡ പുതിയ പ്രതിഭാസമല്ല

ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും സമ്മതിദാനവകാശം വിനിയോഗിച്ച്‌ ജനാധിപത്യ ഭരണക്രമം നിലനിര്‍ത്തുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ എത്ര വിഡ്ഢികളാണെന്നും അവരെ എങ്ങനെയെല്ലാമാണ്‌ അധികാരം കയ്യാളുന്നവര്‍ കബളിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്ന പുതിയ എപ്പിസോഡാണ്‌ മധുകോഡ. ജനാധിപത്യം അരങ്ങിലും പണാധിപത്യം അണിയറയിലും നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും..



ജാര്‍ഖണ്ഡ്‌ മുഖ്യമന്ത്രി മധുകോഡ അനധികൃതമായി സമ്പാദിച്ച 4,000 കോടി രൂപയുടെ വാര്‍ത്തകളാണ്‌ ആത്രേ ഇപ്പോള്‍ മാധ്യമങ്ങളില്‍ നിറയുന്നത്‌. ഒരുപക്ഷെ, ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മധുകോഡയുടെ രാഷ്ട്രീയ ജീവിതത്തിന്‌ തല്‍ക്കാലം തിരശീല വീണേക്കാം. പക്ഷെ, ഇന്ത്യന്‍ രാഷ്ട്രീയം ആഴത്തില്‍ പരിശോധിച്ചാല്‍ മധുകോഡ ഒരു പുതിയ പ്രതിഭാസമല്ലെന്ന്‌ ബോധ്യമാകും. എന്നുമാത്രമല്ല അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം എന്നേക്കുമായി അവസാനിക്കാനും പോകുന്നില്ലെന്നും മനസ്സിലാക്കാം. ഇപ്പോള്‍ പൊതുസമൂഹത്തിന്റെ മുന്നില്‍ അദ്ദേഹം ശിക്ഷാര്‍ഹനായ സാമ്പത്തിക കുറ്റവാളിയും അധികാരം ദുര്‍വിനിയോഗം ചെയ്ത രാഷ്ട്രീയക്കാരനുമാണ്‌. എന്നാല്‍, മധുകോഡയ്ക്കെതിരെ ഉന്നയിക്കപ്പെട്ടിട്ടുള്ള ആരോപണങ്ങള്‍ സംശയാധീതമായി കോടതിയില്‍ തെളിയിക്കും വരെ അദ്ദേഹം നിരപരാധിയാണ്‌. അതുകൊണ്ടാണ്‌ ഇപ്പോഴത്തെ വൈക്ലബ്യത്തിനിടയിലും അനുയായികളെ ഉത്തേജിപ്പിക്കാന്‍ നവംബര്‍ 25ന്‌ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‌ ജഗനാഥ്പൂര്‍ മണ്ഡലത്തില്‍ നിന്ന്‌ ഭാര്യ ഗീതാബിജലി കോഡയെ മത്സരിപ്പിക്കുമെന്ന്‌ പറയാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞത്‌.
നോക്ക്‌ ആതിരേ ,ഇന്ത്യയിലെ ദരിദ്ര സംസ്ഥാനങ്ങളിലൊന്നാണ്‌ ജാര്‍ഖണ്ഡ്‌. എന്നിട്ടും അവിടത്തെ മുഖ്യമന്ത്രിക്ക്‌ ഇത്ര പെട്ടെന്ന്‌ 4,000 കോടി രൂപയുടെ അനധികൃത സമ്പത്തുണ്ടാക്കാന്‍ കഴിഞ്ഞതെങ്ങനെയാണെന്ന ചോദ്യം വളരെ പ്രസക്തമാണ്‌. ആ ചോദ്യത്തിന്‌ ഉത്തരം തേടുമ്പോഴാണ്‌ ഇന്ത്യന്‍ രാഷ്ട്രീയത്തെ മുച്ചൂടും മൂടി നില്‍ക്കുന്ന അഴിമതിയുടെ വേരുകള്‍ എത്ര ആഴത്തില്‍ എത്തിയിരിക്കുന്നു എന്ന്‌ ബോധ്യമാവുക.
സ്ഥലം മാറ്റത്തിന്‌ വന്‍തുക നല്‍കിയ ഓഫീസര്‍മാര്‍ക്കു നേരെയാണ്‌ ഇപ്പോള്‍ ആരോപണങ്ങളുടെ ചൂണ്ടുവിരലുകള്‍ നീളുന്നത്‌. എന്നാല്‍, വ്യാവസായികവും വാണിജ്യവുമായ ആവശ്യങ്ങള്‍ കുറുക്കുവഴിയില്‍ നേടിയെടുക്കാന്‍ പണപ്പെട്ടിയുമായി രാഷ്ട്രീയക്കാരെ സമീപിക്കുന്ന വ്യവസായ പ്രഭുക്കളുടെ കാര്യം പലരും ബോധപൂര്‍വം തമസ്കരിക്കുകയാണ്‌. കാരണം ഈ കുബേരന്മാരുമായി മധുകോഡ മാത്രമല്ല ബന്ധപ്പെട്ടിട്ടുള്ളത്‌. അതുകൊണ്ടുതന്നെ കോഡയ്ക്ക്‌ കോടികള്‍ നല്‍കിയ വ്യവസായികളെ കുറിച്ച്‌ സംസാരിക്കാതിരിക്കാനാണ്‌ പലര്‍ക്കും താല്‍പര്യം.
4,000 കോടി രൂപ മുഖ്യമന്ത്രി എന്ന നിലയ്ക്ക്‌ മധുകോഡ സമ്പാദിച്ചിട്ടുണ്ടെങ്കില്‍ ആതിരേ, ഏറ്റവും ചുരുങ്ങിയത്‌ അതിന്റെ പത്തിരട്ടി തുക ലാഭമുണ്ടാക്കിയ വ്യവസായ ഭീമന്മാര്‍ അണിയറയിലുണ്ടെന്ന കാര്യം തര്‍ക്കമില്ലാത്ത വാസ്തവമാണ്‌. പക്ഷെ, മധുകോഡയ്ക്ക്‌ പണം നല്‍കിയ ഈ സാമ്പത്തിക ഭീമന്മാരെ കുറിച്ച്‌ വിജിലന്‍സ്‌ വിഭാഗം പോലും മൗനം പുലര്‍ത്തുമ്പോള്‍ അദ്ദേഹത്തിനെതിരെ നടക്കുന്ന അന്വേഷണങ്ങളുടെ ഗതിയെന്താകുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. ബോഫോഴ്സ്‌, കാലിത്തീറ്റ, ശവക്കച്ച തുടങ്ങി നമ്മെ ഞെട്ടിച്ച നിരവധി അഴിമതികേസുകളുടെ അന്വേഷണം എങ്ങനെ അവസാനിച്ചു എന്ന്‌ ബോധ്യമുള്ളവര്‍ക്ക്‌ മധുകോഡ എപ്പിസോഡ്‌ ഏത്‌ വിധത്തില്‍ പര്യവസാനിക്കുമെന്ന്‌ പ്രത്യേകിച്ച്‌ ഊഹിക്കാവുന്നതേയുള്ളു.
രാഷ്ട്രീയത്തില്‍ താരതമ്യേന പുതുമുഖമായതുകൊണ്ടാകണം മധുകോഡയ്ക്ക്‌ ഇപ്പോള്‍ ഇത്തരമൊരു വൈക്ലബ്യാവസ്ഥ വന്നതെന്ന്‌ തോന്നുന്നു. ലാലുപ്രസാദ്‌ യാദവും മുലായം സിംഗ്‌ യാദവും മായാവതിയും ജയലളിതയും കര്‍ണാടകയിലെ റെഡ്ഡി സഹോദരന്മാരും കലൈഞ്ജര്‍ കരുണാനിധിയും എന്തിനധികം രാജീവ്‌ ഗാന്ധിയുമൊക്കെ മധുകോഡയേക്കാള്‍ മിടുക്കരായ തന്ത്രശാലികളായതുകൊണ്ട്‌ ഇത്തരത്തില്‍ പിടിക്കപ്പെട്ടില്ല എന്നു മാത്രം (രാജീവ്‌ ഗാന്ധിയുടെ അക്കൗണ്ടില്‍ സ്വിസ്‌ ബാങ്കില്‍ 11,500 കോടി രൂപയ്ണ്ടെന്നാണ്‌ ഏറ്റവും പുതിയ വെളിപ്പെടുത്തല്‍.ബോഫോഴ്സ്‌ തോക്കിടപാട്‌ അഴിമതിക്കേസ്‌ ഒരിക്കല്‍ കൂടി നമ്മുടെ ഓര്‍മ്മയിലെത്തിക്കുന്നു ഇതെങ്കിലും ആതിരേ, ക്വത്തൊറോച്ചിയടക്കമുള്ളവരെ കുറ്റവിമുക്തരാക്കിക്കഴിഞ്ഞല്ലോ സോണിയയും മന്മോഹനും കോണ്‍ഗ്രസ്‌ പാര്‍ട്ടിയും)
സ്വതന്ത്ര എംഎല്‍എ ആയ മധുകോഡയ്ക്ക്‌ മുഖ്യമന്ത്രിയാകാന്‍ കഴിഞ്ഞിടത്തുനിന്നാരംഭിക്കുന്നു അഴിമതിയുടെയും അനധികൃത സ്വത്ത്‌ സമ്പാദനത്തിന്റെയും കുമാര്‍ഗ്ഗങ്ങളും കരുത്തും. അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയവര്‍ക്ക്‌ ചില ലക്ഷ്യങ്ങളുണ്ടായിരുന്നു. ആ ലക്ഷ്യങ്ങള്‍ നേടാന്‍ മധുകോഡയുടെ ഒരു ഒപ്പ്‌ ധാരാളം മതിയായിരുന്നു. ഇങ്ങനെ നല്‍കിയ ഓരോ ഒപ്പിനും ലഭിച്ച ലക്ഷങ്ങളും കോടികളുമാണ്‌ ഇപ്പോള്‍ പുറത്ത്‌ വന്നിട്ടുള്ള അനധികൃത സ്വത്ത്‌ സമ്പാദനത്തിന്റെ തുടക്കം.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ലൈസന്‍സ്‌ പെര്‍മിറ്റ്‌ ക്വാട്ടയാണ്‌ ആതിരേ, എല്ലാ രാഷ്ട്രീയക്കാരുടെയും കാമധേനു. ഈ സംവിധാനം ഉപയോഗിച്ച്‌ സ്വന്തമായും പാര്‍ട്ടിക്കും വരുമാനമുണ്ടാക്കാത്ത ഒരു മന്ത്രിയും മുഖ്യമന്ത്രിയും ഇന്ത്യയിലില്ല .മാര്‍ക്സിസ്റ്റ്‌ ഭരണകൂടത്തിനും ഈ ആരോപണത്തില്‍ നിന്നു മോചനമില്ല. നേരത്തെ സൂചിപ്പിച്ചതുപോലെ ഇവരെല്ലാം രാഷ്ട്രീയത്തില്‍ കോഡയേക്കാള്‍ മുന്‍പേ വന്നവരും തന്ത്രങ്ങള്‍ മെനയാനും, കൃത്യമായയും വേഗത്തിലും പണം സുരക്ഷിത കേന്ദ്രങ്ങളിലും ഡെപ്പോസിറ്റുകളിലും എത്തിക്കാനും കഴിവുള്ളവരായതുകൊണ്ട്‌ പിടിക്കപ്പെടുന്നില്ല എന്നേയുള്ളു.
ലൈബീരിയയില്‍ കല്‍ക്കരി ഖാനി ഏറ്റെടുക്കാന്‍ 20 ലക്ഷത്തോളം ഡോളറാണത്രെ മധുകോഡ മുടക്കിയത്‌. ഈ ലൈബീരിയയെ കുറിച്ച്‌ ഇന്ത്യയില്‍ എത്രപേര്‍ക്ക്‌ അറിവുണ്ട്‌ ആതിരേ..?. അപ്പോള്‍ തീര്‍ച്ചയായും അവിടെ പണം മുടക്കാന്‍ കോഡ തയ്യാറായിട്ടുണ്ടെങ്കില്‍ അതിനു പിന്നില്‍ ചില ഉപദേശക ബുദ്ധികളുണ്ടാകും. കോഡ ഇപ്പോള്‍ പിടിക്കപ്പെട്ടെങ്കിലും ഈ ഉപദേശകര്‍ രക്ഷപ്പെട്ടു നില്‍ക്കുകയാണ്‌. കോഡയല്ലെങ്കില്‍ മറ്റൊരാള്‍ മുഖ്യമന്ത്രിയാകും. അയാളെ വീഴ്ത്താനുള്ള പുതിയ തന്ത്രങ്ങളൊരുക്കി ഇവര്‍ അണിയറയില്‍ സജീവമാവുകയും ചെയ്യും. മറ്റ്‌ രാഷ്ട്രങ്ങളിലും കോഡയ്ക്ക്‌ നിക്ഷേപമുണ്ടെന്നും സ്വത്ത്‌ വകകള്‍ വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നുമാണ്‌ ആക്ഷേപം. ഇവിടെയും ഉപദേശക ബുദ്ധികള്‍ തന്നെയാണ്‌ കോഡയ്ക്ക്‌ മാര്‍ഗദര്‍ശിയായിട്ടുണ്ടാവുക. ലൈസന്‍സ്‌ ലഭിക്കാന്‍ ലക്ഷങ്ങളും കോടികളും നല്‍കാന്‍ വ്യവസായികള്‍ ക്യൂ നില്‍ക്കുമ്പോള്‍ അത്‌ എവിടെയൊക്കെ എങ്ങനെയൊക്കെ ചെലവഴിക്കണമെന്ന്‌ കോഡയ്ക്ക്‌ ഉപദേശം നല്‍കാനും ബുദ്ധികേന്ദ്രങ്ങളുണ്ടാകും. അവര്‍ ആരൊക്കെ എന്ന്‌ ആരും ചോദിക്കുന്നില്ല. വിജിലന്‍സും അക്കാര്യം തങ്ങളുടെ അന്വേഷണ പരിധിയില്‍ പെടുത്തിയിട്ടുമില്ല.
നാണം കെട്ടുണ്ടാക്കുന്ന പണം ആ നേണക്കേട്‌ തീര്‍ക്കുമെന്നുള്ളത്‌ മലയാളത്തിലെ മാത്രം പഴമൊഴിയല്ല. പണമുണ്ടെങ്കില്‍, കൂടുതല്‍ പണം സമ്പാദിക്കാനും അതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കുറ്റവാളി അല്ല എന്ന വിധി കോടതിയില്‍ നിന്ന്‌ നേടാനും കഴിയുന്ന സംവിധാനമാണ്‌ ഇന്ന്‌ ഇന്ത്യയിലുള്ളത്‌. അതുകൊണ്ട്‌ മധുകോഡയുടെ ഇപ്പോഴത്തെ വീഴ്ച അദ്ദേഹത്തെ തെല്ലും ഉലച്ചിട്ടില്ല. അതുകൊണ്ടാണല്ലോ നവംബര്‍ 25ന്‌ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭാര്യയെ മത്സരിപ്പിക്കുമെന്ന്‌ അഭിമാനത്തോടെയും അഹങ്കാരത്തോടെയും പറഞ്ഞത്‌.
ആതിരേ, മധുകോഡ ഒറ്റയ്ക്കല്ല ഈ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ നടത്തിയതെന്നോര്‍ക്കണം. അതിനും അദ്ദേഹത്തിന്‌ കൂട്ടുണ്ടായിരുന്നു. കേരളത്തില്‍ പുനലൂര്‍ സ്വദേശി വരെ മധുകോഡയുടെയും കൂട്ടരുടെയും വഞ്ചനയ്ക്ക്‌ വിധേയമായിട്ടുണ്ട്‌. നിരവധി സാധുക്കളെ ഇത്തരത്തില്‍ ഇവര്‍ വഞ്ചിച്ചിട്ടുണ്ട്‌. ഇനി പിടിക്കപ്പെട്ടാലും ശിക്ഷിക്കപ്പെട്ടാലും വഞ്ചിതരായവര്‍ക്ക്‌ നഷ്ടപരിഹാരം കിട്ടാനുള്ള സാധ്യത വളരെ വിരളമാണ്‌. അതിന്‌ യോജിക്കുന്ന വിധം എഫ്‌ഐആര്‍ തയ്യാറാക്കാന്‍ മിടുക്കന്മാരാണ്‌ ഇന്ത്യയില്‍ ഏത്‌ സംസ്ഥാനത്തെയും പോലീസുകാര്‍. നമ്മുടെ നാട്ടില്‍ നടക്കുന്ന ചിട്ടി തട്ടിപ്പ്‌ - നിക്ഷേപ തട്ടിപ്പുകളുടെ അനുഭവം ഓര്‍ക്കുക. ഹിമാലയക്കാരും ടോട്ടല്‍ ഫോര്‍ യു ശബരീനാഥുമൊക്കെ പട്ടിണിപ്പാവങ്ങളുടെ കൈയില്‍ നിന്ന്‌ നിക്ഷേപം തട്ടിയെടുത്തിട്ട്‌ അതിലെത്ര തുക അവര്‍ക്ക്‌ തിരിച്ചുകിട്ടി എന്ന്‌ ചിന്തിക്കുക. ഒരു സാധാരണക്കാരന്‍ നടത്തുന്ന തട്ടിപ്പില്‍ പോലും ഇരയാകുന്നവര്‍ക്ക്‌ പിന്നീട്‌ നിയമപരമായ സംരക്ഷണം ലഭിക്കുകയില്ലെങ്കില്‍ കോഡയെ പോലെയുള്ളവര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്ക്‌ ഇരയായവര്‍ക്ക്‌ എന്തു സംരക്ഷണം ലഭിക്കുമെന്നാണ്‌ പ്രതീക്ഷിക്കാനുള്ളത്‌.
ആതിരേ, അഴിമതി നിര്‍മാര്‍ജ്ജനത്തെ കുറിച്ച്‌ പറയാത്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയും നേതാവും ഇന്ത്യയിലില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമില്ല. എന്നാല്‍, സര്‍ക്കാര്‍ തലത്തിലും മന്ത്രിതലത്തിലും അഴിമതി മാത്രമാണ്‌ നടക്കുന്നത്‌. സര്‍ക്കാര്‍ തലത്തിലെ സുതാര്യത വര്‍ധിപ്പിക്കുകയും പദ്ധതികളുടെയും ലൈസന്‍സിന്റെയുമൊക്കെ അനുമതിക്കാര്യത്തില്‍ മന്ത്രിമാരുടെ ഇടപെടല്‍ കുറയ്ക്കുകയും ചെയ്താല്‍ ഗണ്യമായ രീതിയീല്‍ അഴിമതി ഇല്ലാതാക്കാമെന്ന്‌ എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഇത്‌ പറയാന്‍ മാത്രം കൊള്ളാവുന്ന സംഗതിയാണ്‌ ഇന്ത്യയില്‍. ഇത്തരം ഇടപെടലില്ലാതെ ഒരു മന്ത്രിക്കും ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും അതിന്റെ അതിജീവനം സുഗമമാക്കാന്‍ കഴിയുകയില്ല. വസ്തുത ഇതായിരിക്കെ കോഡയെ കുറ്റപ്പെടുത്തി ആരും മാന്യന്മാരാകാന്‍ ശ്രമിക്കേണ്ട എന്നുതന്നെയാണ്‌ പറഞ്ഞു വന്നത്‌.
ഓരോ അഞ്ചുവര്‍ഷം കൂടുന്തോറും സമ്മതിദാനവകാശം വിനിയോഗിച്ച്‌ ജനാധിപത്യ ഭരണക്രമം നിലനിര്‍ത്തുന്ന ഇന്ത്യയിലെ വോട്ടര്‍മാര്‍ എത്ര വിഡ്ഢികളാണെന്നും അവരെ എങ്ങനെയെല്ലാമാണ്‌ അധികാരം കൈയാളുന്നവര്‍ കബളിപ്പിക്കുന്നതെന്നും വ്യക്തമാക്കുന്ന പുതിയ എപ്പിസോഡാണ്‌ മധുകോഡ. ജനാധിപത്യം അരങ്ങിലും പണാധിപത്യം അണിയറയിലും നിലനില്‍ക്കുന്ന ഒരു നാട്ടില്‍ ഇതും ഇതിലപ്പുറവും സംഭവിക്കും.
ഭാരം ചുമക്കാനും തീ തിന്നാനും തയ്യാറാകുന്നവര്‍ ഭാരതീയരും അഴിമതി നടത്താനും അനധികൃതമായി സ്വത്ത്‌ സമ്പാദിക്കാനും കഴിയുന്നവര്‍ ഭരണാധികാരികളും ആകുന്ന കെട്ട കാലത്തിലാണ്‌ നാമൊക്കെ ജീവിക്കുന്നത്‌. അതുകൊണ്ടുതന്നെ പുതിയ മധുകോഡകളെ പ്രതീക്ഷിക്കാനല്ലാതെ ആതിരേ, മറ്റൊന്നിനും കഴിയുകയുമില്ല. എന്തൊരു നശിച്ച ജന്മങ്ങളാണ്‌ നമ്മള്‍ ഇന്ത്യന്‍ പൗരന്മാര്‍

1 comment:

പാമരന്‍ said...

ഈ ലേഖനവുമായി ഭയങ്കര സാമ്യം. ഒരാള്‍ തന്നെ എഴുതിയതാണോ?

(കോപ്പി അടിച്ചെന്നൊന്നുമല്ല പറയുന്നതു കേട്ടോ - മനസ്സിലാക്കുമെന്നു കരുതുന്നു.)