Sunday, November 18, 2012

ഡി. ശശികുമാര്‍ താണ്ടിയ അഗ്നിപഥങ്ങള്‍

ഏപ്രില്‍ 29, 1998. സുപ്രീം കോടതി ജസ്റ്റിസുമാരായ എം.കെ.മുഖര്‍ജിയും സയ്യദ്‌ ഷാ മുഹമ്മദ്‌ ഖുറേഷിയും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച്‌ ചാരക്കേസ്‌ അടിസ്ഥാന രഹിതവും ക്രമക്കേടുകള്‍ നിറഞ്ഞതും ദുഷ്ടലാക്കോടെ രൂപം കൊടുത്ത നീതി നിഷേധവുമായിരുന്നെന്ന്‌ വിധിച്ചു. കേരള സര്‍ക്കാരിനോ മറ്റ്‌ ഏതെങ്കിലും ഏജന്‍സിക്കോ ചാരക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും അസന്ദിഗ്ധമായി വിധിച്ചു. നാലുവര്‍ഷം നീണ്ടു നിന്ന ചാരക്കേസിന്റെ നിയമനടപടികള്‍ക്ക്‌ അങ്ങനെ അവസാനമായി. നാലുവര്‍ഷം നിരപരാധികളായ ആറുപേര്‍ അനുഭവിച്ചു തീര്‍ത്ത പീഡനങ്ങളും യാതനകളും അവഹേളനങ്ങളും പക്ഷെ അപ്പോഴേയ്ക്കും പൊതു മനസ്സില്‍ നിന്ന്‌ മായ്ക്കപ്പെട്ടിരുന്നു.മാധ്യമങ്ങളുടെ രതികഥനം തീര്‍ത്ത അശ്ലീലതയും ജനം മറന്നു. ശശികുമാരന്‍ ഇന്നില്ല. ഫൗസിയയും മറിയം റഷീദയും മാലിയിലേക്ക്‌ മടങ്ങിപ്പോയി. പിന്നീട്‌ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി മറിയം റഷീദ കേരളത്തില്‍ എത്തിയിരുന്നു. അന്നും ചാരക്കേസിനെക്കുറിച്ച്‌ ചോദിച്ച പത്രപ്രവര്‍ത്തകരോട്‌ മറിയം റഷീദയ്ക്ക്‌ പറയാനുണ്ടായിരുന്നത്‌ സ്മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ രതിവാഞ്ചയെക്കുറിച്ചായിരുന്നു. അന്ന്‌ അയാളുടെ മുഖത്തടിച്ച്‌ മുറിയില്‍ നിന്ന്‌ ഇറക്കി വിട്ടിരുന്നില്ലായെങ്കില്‍ ഇങ്ങനെയൊരു കേസ്‌ ഉണ്ടാകുമായിരുന്നില്ല എന്ന്‌ അന്നും മറിയം റഷീദ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി...
സാന്ധ്യശോഭയ്ക്ക്‌ കളങ്കമായി പ്രേതഭവനം പോലെ ആ കെട്ടിടം നിന്നു. ചുറ്റും ഘനീഭൂതമായ മൗനത്തിന്റെ തണുപ്പു ഭേദിച്ച്‌ അവശമായൊരു ഞെരക്കം കെട്ടിടത്തിന്‌ പുറത്തേയ്ക്ക്‌ ഇഴഞ്ഞിറങ്ങുന്നുണ്ടായിരുന്നു വിലങ്ങു വയ്ക്കപ്പെട്ട കൈകളുമായി അന്വേഷണ ഉദ്യോഗസ്ഥര്‍ ശശികുമാരനെ ആ കെട്ടിടത്തിലേക്ക്‌ കൊണ്ടുവന്നു. ശശികുമാരന്റെ കൈ വിലങ്ങില്‍ നിന്നുള്ള ചങ്ങല അന്വേഷണ ഉദ്യോഗസ്ഥരില്‍ ഒരാള്‍ പിടിച്ചിരുന്നു. അറുക്കാന്‍ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെ നിശബ്ദനായി,നിസ്സഹായനായി ശശികുമാര്‍... പുറത്തേയ്ക്ക്‌ കുമിഞ്ഞ വായുവില്‍ നിണത്തിന്റെ ലവണ ഗന്ധം. ശശികുമാര്‍ മുഖം തിരിച്ചു. വാതില്‍ പാതിതുറന്ന ഒരു മുറി. മുറിയില്‍ ഒരു ബഞ്ച്‌. ബഞ്ചില്‍ ഒരു മനുഷ്യന്‍ കമിഴ്‌ന്നു കിടക്കുന്നു. അര്‍ദ്ധനഗ്നനാണ്‌. കാലുകള്‍ അടി കൊണ്ട്‌ വീര്‍ത്ത്‌ പൊട്ടിയിട്ടുണ്ട്‌.അവയില്‍ നിന്ന്‌ രക്തമിറ്റുന്നു. വെളുത്ത ദേഹമാസകലം മര്‍ദ്ദനത്തിന്റെ തിണര്‍പ്പുകള്‍. അവയില്‍ നിന്നും ചോര കിനിയുന്നുണ്ടായിരുന്നു. വേദനയില്‍ പുളഞ്ഞ്‌ ആ മനുഷ്യന്‍ ഞരങ്ങുന്നത്‌ ശശികുമാര്‍ കേട്ടു. അയാളുടെ മുഖം ശശികുമാര്‍ കണ്ടില്ല. പക്ഷേ, ആ രൂപത്തില്‍ നിന്ന്‌ ആളാരാണെന്ന്‌ തിരിച്ചറിഞ്ഞപ്പോള്‍ ഒരു നിമിഷം സ്തംഭിച്ചു നിന്നുപോയി- ഇന്ത്യന്‍ ബഹിരാകാശ കുതിപ്പിന്റെ ഉത്തോലകമായി വിക്രം സാരാഭായി വിശേഷിപ്പിച്ച നമ്പി നാരായണന്‍! കാഴ്ചപ്പുറങ്ങളില്‍ കണ്ണീരിന്റെ നനവു പടര്‍ന്നു. ഈറന്‍ മിഴികളില്‍ വിളറിയ ചിരിയുമായി നമ്പി നാരായണന്‍ നില്‍ക്കുന്നത്‌ കണ്ടപ്പോള്‍ ശശികുമാറിന്റെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിച്ചു. നിഷ്കളങ്കനായ ഈ മനുഷ്യന്‍ ചാരശൃംഖലയിലെ കണ്ണിയാണെന്ന്‌ സമ്മതിച്ച നിമിഷത്തെ അയാള്‍ മനസ്സറഞ്ഞ്‌ പ്‌രാകി. ഒന്നും ആഗ്രഹിച്ചതായിരുന്നില്ല. പക്ഷേ, നിരന്തര ഭേദ്യങ്ങളുടെ കൊടും വേദന അസഹ്യമായപ്പോള്‍ പറഞ്ഞു പോയതാണ്‌. കുറ്റബോധം ഒരു ചുണ്ടെലിയായി ശശികുമാരന്റെ പ്രജ്ഞയെ കാര്‍ന്നു തിന്നാന്‍ തുടങ്ങി. ശശികുമാരനെ ആ മുറിയിലേയ്ക്ക്‌ തള്ളിയശേഷം വാതിലടച്ച്‌ അന്വേഷണോദ്ദ്യോഗസ്ഥര്‍ തിരിച്ചു പോയി. മുറിയില്‍ പുതിയൊരാളെത്തിയതും വാതിലടയ്ക്കപ്പെട്ടതും നമ്പി നാരായണനറിഞ്ഞില്ല ഭിത്തിയില്‍ ചാരി പൊടിനിറഞ്ഞ തറയില്‍ ശശികുമാരന്‍ കാലുനീട്ടിയിരുന്നു.പേശികള്‍ തോറും അരിച്ചു കയറുന്ന മര്‍ദ്ദനത്തിന്റെ നീറ്റലിനേക്കാള്‍ നമ്പിനാരായണന്റെ ആ കിടപ്പാണ്‌ ശശികുമാരനെ തളര്‍ത്തിക്കൊണ്ടിരുന്നത്‌ എന്നാണ്‌ നമ്പി നാരായണനെ ആദ്യമായി കണ്ടത്‌..? ഓര്‍മ്മ താഴ്‌വാരങ്ങളില്‍ വളര്‍ന്നു മുറ്റിയ ഞെരിഞ്ഞില്‍ മുള്ളുകളിലേക്ക്‌ ശശികുമാരന്റെ മനസ്സ്‌ മുഖമടച്ച്‌ വീണു. മുള്‍ക്കുത്തേറ്റ്‌ കിനിഞ്ഞ ചോരച്ചാലുകള്‍ക്കപ്പുറം കൊച്ചുവേളി-തുമ്പ റോഡ്‌ തെളിഞ്ഞു. കുപ്പിക്കഴുത്തുപോലുള്ള റോഡിലൂടെ വാഹനം ഓടിക്കുക ശ്രമകരമായ ജോലിയാണ്‌. എതിരെ ഒരു വാഹനം വന്നാലോ പുറകില്‍ നിന്ന്‌ ഒരു വാഹനം വന്നാലോ സൈഡ്‌ കൊടുക്കാന്‍ കഴിയാത്തത്ര ഇടുങ്ങിയ വീഥി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലേക്കുള്ള വഴി സ്വര്‍ഗ്ഗത്തിലേക്കുള്ളതുപോലെ-ഇടുങ്ങിയതും ഞെരുങ്ങിയതും. അമ്പാസിഡര്‍ കാറില്‍ ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു ശശികുമാരന്‍. പുറകില്‍ നിന്ന്‌ ഒരു സ്കൂട്ടറിന്റെ ഹോണ്‍ ശബ്ദം നിരന്തരം മുഴങ്ങുന്നുണ്ടായിരുന്നു. പക്ഷേ, സൈഡ്‌ കൊടുക്കാന്‍ കഴിഞ്ഞിരുന്നില്ല. ശ്രമിച്ചതാണ്‌, സ്ഥലം ഇല്ലാതിരുന്നതുകൊണ്ട്‌ സാധിച്ചില്ല. ഏറെ ദൂരം ഇങ്ങനെ പോയി. അപ്പോഴെല്ലാം സ്കൂട്ടറിന്റെ, ഞരക്കം പോലെയുള്ള ഹോണടി മുഴങ്ങുന്നുണ്ടായിരുന്നു. അല്‍പം ഇടം കിട്ടിയപ്പോള്‍ കാര്‍ ഇടത്തോട്ട്‌ തിരിച്ച്‌ സ്കൂട്ടറിന്‌ കടന്നുപോകാന്‍ വഴിയൊരുക്കി. മുന്നിലെത്തിയ സ്കൂട്ടറുകാരന്‍ വണ്ടി കുറുകെ ഇട്ട്‌ ഇറങ്ങി വന്നു. പിന്നെ പുളിച്ച തെറിയുടെ അഭിഷേകമായിരുന്നു. മടിച്ചില്ല. ഉരുളയ്ക്ക്‌ ഉപ്പേരി പോലെ താനും മറുപടി കൊടുത്തു. മടുത്തതുകൊണ്ടാകണം. അല്ലെങ്കില്‍ തന്റെ പ്രയോഗങ്ങളിലെ രൂക്ഷതകൊണ്ടാവാം അയാള്‍ തല താഴ്ത്തി സ്കൂട്ടര്‍ സ്റ്റാര്‍ട്ട്‌ ചെയ്ത്‌ മുന്നോട്ടു പോയി. ദിവസങ്ങള്‍ കഴിഞ്ഞു. റോക്കറ്റ്‌ വിക്ഷേപണ കേന്ദ്രത്തിലെ ഒരു നിര്‍ണ്ണായക യോഗം. യോഗം നടക്കുന്ന മുറിയിലെത്തിയപ്പോള്‍ ശശികുമാരന്‍ ഒന്നു പകച്ചു. അധ്യക്ഷ സ്ഥാനത്ത്‌ ദിവസങ്ങള്‍ക്കു മുന്‍പ്‌ വഴിയില്‍ വച്ച്‌ അസഭ്യശരങ്ങളെയ്ത്‌ താന്‍ തോല്‍പിച്ച വ്യക്തി. ആത്മ നിന്ദയോടെയാണ്‌ അയാള്‍ക്ക്‌ എതിര്‍വശം, കേള്‍വിക്കാരനായി ശശികുമാരന്‍ ഇരുന്നത്‌. ഐഎസ്‌ആര്‍ഒ ഡയറക്ടറുടെ പ്രത്യേക താല്‍പര്യപ്രകാരം രൂപീകരിച്ച ഏകാംഗ കമ്മിറ്റിയുടെ തലവനായ അയാള്‍ ക്രയോജനിക്‌ റോക്കറ്റ്‌ വിക്ഷേപണ സാങ്കേതിക വിദ്യ ഇന്ത്യ സ്വന്തമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അത്‌ സംബന്ധിച്ച്‌ റഷ്യയിലെ ഗ്ലാവ്‌ കോസ്മോസുമായി ഉണ്ടാക്കിയ ഉടമ്പടിയെക്കുറിച്ചും അതിനു മുന്‍പ്‌ ഇന്ത്യാ ഗവണ്‍മെന്റും റഷ്യന്‍ ഗവണ്‍മെന്റും തമ്മിലുണ്ടാക്കിയ കരാര്‍ അമേരിക്കയുടെ ഭീഷണി മൂലം റദ്ദാക്കേണ്ടി വന്നതുമെല്ലാം പതിഞ്ഞ സ്വരത്തില്‍ മുറിഞ്ഞു മുറിഞ്ഞു വീഴുന്ന ഇംഗ്ലീഷ്‌ വാക്കുകളിലൂടെ അയാള്‍ വിവരിക്കുന്നുണ്ടായിരുന്നു. അമേരിക്കയുടെ താല്‍പര്യത്തിന്‌ ഇന്ത്യ ഒരിക്കലും വഴങ്ങുകയില്ലെന്നും പ്രതിഭാധനരും കര്‍മ്മകുശലരും സമര്‍പ്പണചേതസ്സുകളുമായ ഇന്ത്യന്‍ ശാസ്ത്രജ്ഞന്മാരുടെ മനസ്ഥൈര്യവും ഇച്ഛാശക്തിയും ഈടുവയ്പ്പാക്കി, ഗ്ലാവ്കോസ്മോസിന്റെ സാങ്കേതിക സഹായത്തോടെ അധികം വൈകാതെ ഇന്ത്യ ക്രയോജനിക്‌ ടെക്നോളജി തദ്ദേശീയമായി വികസിപ്പിച്ചെടുക്കുമെന്നും അതിനായി ഫാബ്രിക്കേഷന്‍ യൂണിറ്റിന്റെ നിര്‍ലോഭമായ പിന്തുണ തനിക്ക്‌ വേണമെന്നുമൊക്കെയായിരുന്നു അന്ന്‌ അയാള്‍ പറഞ്ഞുകൊണ്ടിരുന്നത്‌. വലിയമലയിലെ ലിക്വിഡ്‌ പ്രൊപ്പല്‍ഷന്‍ സെന്ററില്‍ ഫാബ്രിക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റില്‍ ശശികുമാരന്‍ നിയമിതനായിട്ട്‌ അധിക നാളുകളായിരുന്നില്ല. അന്ന്‌ വഴിയില്‍ തന്നോട്‌ കൊമ്പുകോര്‍ത്ത വ്യക്തി തന്റെ ഉന്നതോദ്യോഗസ്ഥനാണ്‌ എന്നറിഞ്ഞപ്പോള്‍ ശശികുമാരന്‌ വല്ലാത്ത സങ്കോചം തോന്നി. പക്ഷേ, അത്‌ മറച്ചുവച്ചാണ്‌ പിന്നീട്‌ യോഗത്തില്‍ ശശികുമാരന്‍ സംസാരിച്ചത്‌. ആ യോഗത്തിന്‌ ശേഷം വിരിഞ്ഞത്‌ സൗമ്യസൗഹൃദത്തിന്റെ സുരഭില വിശുദ്ധികളായിരുന്നു. രണ്ടുപതിറ്റാണ്ടിന്റെ സാന്ദ്രമായ സൗഹൃദം. ഔദ്യോഗിക ബന്ധം. ക്രയോജനിക്‌ റോക്കറ്റ്‌ ടെക്നോളജി വികസിപ്പിച്ചെടുക്കുന്നതില്‍ ഒരേ മനസ്സോടെയുള്ള അദ്ധ്വാനം. പ്രതീക്ഷ. പിരിയാനാവാത്ത ചങ്ങാത്തത്തിന്റെ ഇഴയടുപ്പങ്ങള്‍. ആ നമ്പി നാരായണനാണിപ്പോള്‍ .... താന്‍ കൂടി എതിരായി മൊഴി നല്‍കിയതുകൊണ്ടാവണം ഇത്രയും തല്ലിച്ചതയ്ക്കപ്പെട്ടതെന്ന്‌ ഓര്‍ത്തപ്പോള്‍ കുറ്റബോധത്തിന്റെ ചിതലുകള്‍ ശശികുമാരന്റെ പ്രജ്ഞയില്‍ കലമ്പല്‍ കൂട്ടി. ആയാസപ്പെട്ട്‌ ശശികുമാരന്‍ എഴുന്നേറ്റു.ലാത്തിയടിയേറ്റ്‌ വിങ്ങിയ കാല്‍പാദങ്ങള്‍ നിലത്തു കുത്തിയപ്പോള്‍ പ്രാണനെടുക്കുന്ന വേദന.അത്‌ കടിച്ചമര്‍ത്തി നമ്പി നാരായണന്റെ സമീപത്തേക്ക്‌ ചെന്നു. പിന്നെ നമ്പി നാരായണന്‍ കിടന്നിരുന്ന ബഞ്ചിനരികില്‍ ശശികുമാരന്‍ മുട്ടുകുത്തിനിന്നു. വേദനയുടെ കാഠിന്യത്തില്‍ നമ്പി നാരായണന്‍ ഞരങ്ങിക്കൊണ്ടേയിരുന്നു. ആ ഞരക്കം ആത്മാവിലേയ്ക്കേറ്റുവാങ്ങി വിലങ്ങുവച്ച കൈകൊണ്ട്‌ ശശികുമാരന്‍ നമ്പി നാരായണനെ തന്റെ മാറോട്‌ ചേര്‍ത്താഞ്ഞുപുല്‍കി. ശശികുമാരന്റെ ഹൃദയമിടിപ്പ്‌ നമ്പി നാരായണനും തിരിച്ചറിഞ്ഞു. നോവുന്ന ഹൃദയങ്ങളുടെ ഇഴുകിച്ചേരല്‍. നമ്പി നാരായണന്‍ മെല്ലെ കണ്ണുയര്‍ത്തി ശശികുമാരനെ നോക്കി. ദൃഢനിശ്ചയമുള്ള, സംസാരത്തിലും പെരുമാറ്റത്തിലും കാര്‍ക്കശ്യം പുലര്‍ത്തിയിരുന്ന ഫാബ്രിക്കേഷന്‍ എഞ്ചിനീയര്‍ വാവിട്ട്‌ കരയുന്നത്‌ കണ്ടപ്പോള്‍ മര്‍ദ്ദനമേറ്റ്‌ തിണിര്‍ത്ത കൈകള്‍ കൊണ്ട്‌ നമ്പി നാരായണന്‍ ശശികുമാരന്റെ കണ്ണുനീര്‍ തുടച്ചു. * * * * നായനാര്‍ സര്‍ക്കാരിന്‌ ഇന്ത്യന്‍ ഒഫിഷ്യല്‍ സീക്രട്ട്സ്‌ ആക്ട്‌ അനുസരിച്ച്‌ കേസെടുക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലാതിരുന്നിട്ടും അതേ നിയമങ്ങളുടെ അടിസ്ഥാനത്തില്‍ ചാരക്കേസ്‌ പുനരന്വേഷിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിടുകയും മജിസ്ട്രേറ്റ്‌ കോടതിയില്‍ ഇതു സംബന്ധിച്ച്‌ ഒരു ഹര്‍ജി സമര്‍പ്പിക്കുകയും ചെയ്തു. നീതിയുടെ തുലാസ്‌ നിരപരാധികള്‍ക്ക്‌ അനുകൂലമായി ... കേസിന്റെ ഗതി തിരിയുകയാണ്‌. സര്‍ക്കാര്‍ ഉത്തരവിനെതിരെ ചാരക്കേസിലെ പ്രതികളെന്ന്‌ ആരോപിക്കപ്പെട്ടവര്‍ ഓരോരുത്തരായി റിട്ട്‌ പെറ്റീഷനുകള്‍ സമര്‍പ്പിച്ചു. ബിജെപിയും സിപിഎമ്മും വ്യത്യസ്ത റിവിഷന്‍ പെറ്റീഷനുകളൊടെ കക്ഷിചേര്‍ന്നു. ഒപ്പം സ്മാര്‍ട്ട്‌ വിജയന്റെ റിവിഷന്‍ പെറ്റീഷനും പരിഗണനയ്ക്ക്‌ എത്തി കോടതിയില്‍ മാസങ്ങള്‍ നീണ്ട വാഗ്‌വാദങ്ങള്‍... തെളിവുകള്‍... രേഖകള്‍... ഒടുവില്‍ നാലുമാസത്തിന്‌ ശേഷം നിരണായകമായ ആ വിധി വന്നു.. സ്മാര്‍ട്ട്‌ വിജയനും കേരളസര്‍ക്കാരും അടക്കമുള്ള വാദികള്‍ക്ക്‌ ആര്‍ക്കും ഈ കേസില്‍ ക്രിമിനല്‍ റിവിഷന്‍ പെറ്റീഷന്‍ നല്‍കാന്‍ അര്‍ഹതയില്ല എന്ന്‌ അസന്ദിഗ്ധമായി ഹൈക്കോടതി വിധിച്ചു. കേരള സര്‍ക്കാരിന്‌ ചാരക്കേസ്‌ വീണ്ടും അന്വേഷിക്കാനുള്ള നിയമപരമായ അധികാരമോ അവകാശമോ ഇല്ലായെന്ന്‌ ഹൈക്കോടതി അടിവരയിട്ട ഉത്തരവിട്ടു. ശശികുമാരനും നമ്പി നാരായണനും കെ.ചന്ദ്രശേഖറും എസ്‌.കെ.ശര്‍മ്മയും മറിയം റഷീദയും ഫൗസിയ ഹസനും ഒരിക്കല്‍ കൂടി കുറ്റവിമുക്തരാക്കപ്പെട്ടു. ആശ്വാസത്തിന്റെ തീരത്ത്‌ അണഞ്ഞതിന്റെ സന്തോഷം പക്ഷേ, ശശികുമാരന്‌ മാത്രം വിധി നല്‍കിയില്ല. കേരള പോലീസിന്റെ അപേക്ഷ പ്രകാരം വീണ്ടും ഒരു അന്വേഷണത്തിന്‌ തിരുവനന്തപുരം ചീഫ്‌ ജുഡീഷ്യല്‍ മജിസ്ട്രേറ്റ്‌ കോടതിയുടെ അനുമതി . വീണ്ടും പ്രതിയായി ശശികുമാരന്‍ വാര്‍ത്തകളില്‍ .. ഇതിനെതിരെ സുഹൃത്തുക്കളുടെ സഹായത്തോടെ സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ്‌ പെറ്റീഷന്‍ ശശികുമാരന്‍ സമര്‍പ്പിച്ചു. മൂന്ന്‌ വര്‍ഷത്തെ ജയില്‍ വാസവും കോടതി നടപടികളും ഒരു സത്യം ശശികുമാരനെ ബോധിപ്പിച്ചു. അണിയുന്ന ഗൗണിനെക്കാള്‍ കറുപ്പു നിറഞ്ഞതാണ്‌ അഭിഭാഷകരുടെ മനസ്സ്‌. കേസ്‌ വിജയിപ്പിക്കുകയല്ല മറിച്ച്‌, നീട്ടിക്കൊണ്ടുപോവുകയാണ്‌ അവരുടെ ആവശ്യം. നിയമങ്ങളും ചട്ടങ്ങളും കീഴ്‌വഴക്കങ്ങളും വ്യാഖ്യാനിച്ച്‌ തങ്ങളുടെ കക്ഷികള്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റങ്ങളില്‍ നിന്ന്‌ അവരെ മുക്തരാക്കേണ്ടതിന്‌ പകരം പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമാക്കി കോടതി നടപടികള്‍ ദീര്‍ഘിപ്പിച്ച്‌ സ്വന്തം പോക്കറ്റ്‌ വീര്‍പ്പിക്കുക മാത്രമാണ്‌ അഭിഭാഷകരുടെ ലക്ഷ്യം. ആ തിരിച്ചറിവിലാണ്‌ ഇന്ത്യയുടെ പരമോന്നത കോടതിയില്‍ തന്റെ ഭാഗം താന്‍ തന്നെ വാദിക്കുമെന്ന്‌ ശശികുമാരന്‍ നിശ്ചയിച്ചത്‌. ******** ഏപ്രില്‍ ഒന്ന്‌, 1998. ലോകവിഡ്ഢിദിനം. അന്ന്‌ സുപ്രീംകോടതിയിലെ കൊലകൊമ്പന്മാരായ അഭിഭാഷകരെ സാക്ഷി നിര്‍ത്തി ശാസ്ത്രജ്ഞനായ ശശികുമാരന്‍ നിയമങ്ങള്‍ ഇഴകീറിക്കാട്ടി തന്റെ ഭാഗം ന്യായീകരിച്ചപ്പോള്‍ അഭിഭാഷകര്‍ അമ്പരന്നെങ്കിലും അദ്ദേഹത്തെ അംഗീകരിക്കാന്‍ തയ്യാറായില്ല. വാദം കഴിഞ്ഞ്‌ പുറത്തിറങ്ങിയപ്പോള്‍ സിബിഐയുടെ ജോയിന്റ്‌ ഡയറക്ടര്‍ എം.എല്‍.ശര്‍മ്മ ശശികുമാരന്റെ ചാരത്തേക്ക്‌ വന്നു. " നിങ്ങള്‍ വാദിച്ചു കുളമാക്കി " എന്നായിരുന്നു പുച്ഛം കലര്‍ന്ന അദ്ദേഹത്തിന്റെ കമന്റ്‌. ശശികുമാരന്‍ അത്‌ കേട്ടതായി നടിച്ചില്ല. പുറത്ത്‌ കോടതി വരാന്തയില്‍, ഡിഐജി ടി.പി.സെന്‍കുമാര്‍ നീട്ടിയ ചായയും ബിസ്ക്കറ്റും പ്രത്യേക അന്വേഷണ സംഘത്തലവനായിരുന്ന ഐജി സിബി മാത്യു രോഷത്തോടെ തട്ടിത്തെറിപ്പിക്കുന്നത്‌ ആശ്വാസത്തോടെ ശശികുമാരന്‍ കണ്ടു. കേസിന്റെ ഗതി എങ്ങോട്ടെന്ന്‌ വ്യകതമാക്കുന്നതായിരുന്നു സിബി മാത്യുവിന്റെ രോഷപ്രകടനം വര്‍ഷങ്ങള്‍ക്ക്‌ അന്നാദ്യമായി ശശികുമാരന്‍ പ്രശാന്തിയെന്തെന്നറിഞ്ഞു * * * * ഏപ്രില്‍ 29, 1998. സുപ്രീം കോടതി ജസ്റ്റിസുമാരായ എം.കെ.മുഖര്‍ജിയും സയ്യദ്‌ ഷാ മുഹമ്മദ്‌ ഖുറേഷിയും അംഗങ്ങളായ ഡിവിഷന്‍ ബഞ്ച്‌ ചാരക്കേസ്‌ അടിസ്ഥാന രഹിതവും ക്രമക്കേടുകള്‍ നിറഞ്ഞതും ദുഷ്ടലാക്കോടെ രൂപം കൊടുത്ത നീതി നിഷേധവുമായിരുന്നെന്ന്‌ വിധിച്ചു. കേരള സര്‍ക്കാരിനോ മറ്റ്‌ ഏതെങ്കിലും ഏജന്‍സിക്കോ ചാരക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെടാന്‍ അവകാശമില്ലെന്നും അസന്ദിഗ്ധമായി വിധിച്ചു. നാലുവര്‍ഷം നീണ്ടു നിന്ന ചാരക്കേസിന്റെ നിയമനടപടികള്‍ക്ക്‌ അങ്ങനെ അവസാനമായി. നാലുവര്‍ഷം നിരപരാധികളായ ആറുപേര്‍ അനുഭവിച്ചു തീര്‍ത്ത പീഡനങ്ങളും യാതനകളും അവഹേളനങ്ങളും പക്ഷെ അപ്പോഴേയ്ക്കും പൊതു മനസ്സില്‍ നിന്ന്‌ മായ്ക്കപ്പെട്ടിരുന്നു.മാധ്യമങ്ങളുടെ രതികഥനം തീര്‍ത്ത അശ്ലീലതയും ജനം മറന്നു. ശശികുമാരന്‍ ഇന്നില്ല. ഫൗസിയയും മറിയം റഷീദയും മാലിയിലേക്ക്‌ മടങ്ങിപ്പോയി. പിന്നീട്‌ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി മറിയം റഷീദ കേരളത്തില്‍ എത്തിയിരുന്നു. അന്നും ചാരക്കേസിനെക്കുറിച്ച്‌ ചോദിച്ച പത്രപ്രവര്‍ത്തകരോട്‌ മറിയം റഷീദയ്ക്ക്‌ പറയാനുണ്ടായിരുന്നത്‌ സ്മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ രതിവാഞ്ചയെക്കുറിച്ചായിരുന്നു. അന്ന്‌ അയാളുടെ മുഖത്തടിച്ച്‌ മുറിയില്‍ നിന്ന്‌ ഇറക്കി വിട്ടിരുന്നില്ലായെങ്കില്‍ ഇങ്ങനെയൊരു കേസ്‌ ഉണ്ടാകുമായിരുന്നില്ല എന്ന്‌ അന്നും മറിയം റഷീദ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി... 18 വര്‍ഷങ്ങള്‍ പിന്നെയും കടന്നുപോയി. ചാരക്കേസില്‍ അനുഭവിച്ച പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും നഷ്ടപരിഹാരമായി 10 ലക്ഷം രൂപ നമ്പി നാരായണന്‌ കേരള സര്‍ക്കാര്‍ നല്‍കണമെന്ന്‌ വിധിയായി. 18 വര്‍ഷം മുന്‍പ്‌ കേരളത്തെ പിടിച്ചുലച്ച, ഇന്ത്യയുടെ ബഹിരാകാശ കുതിപ്പിനെ ചിതറിച്ച ചാരക്കേസിന്‌ പിന്നില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ്‌ കളിയും തന്റെ പിതാവ്‌ കെ.കരുണാകരനെ ഒതുക്കാനുള്ള നീചശ്രമവും ഉണ്ടായിരുന്നു എന്ന പ്രസ്താവനയുമായി കെ.മുരളീധരന്‍ രംഗത്തെത്തി. കോണ്‍ഗ്രസിന്റെ ഉപശാലകളില്‍ ഇന്നും ഈ വിഷയം സജീവ ചര്‍ച്ചയാണ്‌. ദേശാഭിമാനി കുത്തിപ്പൊക്കിക്കൊണ്ടു വന്ന അന്താരാഷ്ട്ര ഗൂഢാലോചന അങ്ങനെ ഉള്ളി പൊളിച്ചതുപോലെയായി. അന്ന്‌ നമ്പി നാരായണനെയും ശശികുമാരനെയും ചന്ദ്രശേഖരനെയും ശര്‍മ്മയെയും മറിയം റഷീദയെയും ഫൗസിയ ഹസനെയും അനധികൃതമായി തടഞ്ഞുവയ്ക്കുകയും മര്‍ദ്ദിച്ച്‌ അവശരാക്കുകയും ചെയ്ത സംഭവത്തില്‍ അന്നത്തെ ഡിഐജി സിബി മാത്യുവും സിറ്റി പോലീസ്‌ കമ്മീഷണര്‍ വി.ആര്‍.രാജീവനും സിറ്റി പോലീസ്‌ കമ്മീഷണര്‍ ഓഫീസിലെ വിദേശ പൗരവിഭാഗത്തിലെ ഇന്‍സ്പെക്ടര്‍ വിജയനും കുറ്റക്കാരാണെന്ന്‌ സിബിഐ കണ്ടെത്തി. പക്ഷേ, അവരാരും ശിക്ഷിക്കപ്പെട്ടില്ല. മറിച്ച്‌, സിബി മാത്യുവിനെയും വി.ആര്‍.രാജീവനെയും പോലീസിന്റെ വിശിഷ്ട മെഡല്‍ നല്‍കി രാഷ്ട്രം ആദരിക്കുകയായിരുന്നു. ആഭാസങ്ങളും അസംബന്ധങ്ങളുമാണ്‌ എന്നും അധികാര രാഷ്ട്രീയത്തെ സജീവമായി നിലനിര്‍ത്തുന്ന ഘടകങ്ങള്‍. എന്നും എവിടെയും ജനാധിപത്യ രാഷ്ട്രങ്ങളുടെ സ്വയം ീ‍ര്‍ഷത്വം നശിപ്പിച്ചൊടുക്കുക എന്നതാണ്‌ അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ഒറ്റപ്പോയിന്റ്‌ അജണ്ട.ആ നൃശംസതയുടെ മുടയഴിച്ചാട്ടമായിരുന്നു മലയാള മാധ്യമങ്ങള്‍ കൊണ്ടാടിയ ഐഎസ്‌ആര്‍ഒ ചാരക്ക്ഥ "വായുവിലമേരിക്കന്‍ മജ്ജയിലുടനീളം വ്യാപകമായികാണ്‍മൂ സാമ്രാജ്യപ്പണക്കൊതി..." (പാബ്ലോ നെരൂദ) പരമ്പര അവസാനിച്ചു.

1 comment:

Anonymous said...

ഫൗസിയയും മറിയം റഷീദയും മാലിയിലേക്ക്‌ മടങ്ങിപ്പോയി. പിന്നീട്‌ ഒരു ഡോക്യുമെന്ററി ചിത്രീകരണത്തിനായി മറിയം റഷീദ കേരളത്തില്‍ എത്തിയിരുന്നു. അന്നും ചാരക്കേസിനെക്കുറിച്ച്‌ ചോദിച്ച പത്രപ്രവര്‍ത്തകരോട്‌ മറിയം റഷീദയ്ക്ക്‌ പറയാനുണ്ടായിരുന്നത്‌ സ്മാര്‍ട്ട്‌ വിജയന്റെ നടക്കാതെ പോയ രതിവാഞ്ചയെക്കുറിച്ചായിരുന്നു. അന്ന്‌ അയാളുടെ മുഖത്തടിച്ച്‌ മുറിയില്‍ നിന്ന്‌ ഇറക്കി വിട്ടിരുന്നില്ലായെങ്കില്‍ ഇങ്ങനെയൊരു കേസ്‌ ഉണ്ടാകുമായിരുന്നില്ല എന്ന്‌ അന്നും മറിയം റഷീദ മാധ്യമങ്ങളോട്‌ വെളിപ്പെടുത്തി...
ആ ഡോക്യുമെന്ററി നെറ്റില്‍ ലഭ്യം ആണോ ?