Tuesday, June 10, 2014
അച്യുതാനന്ദന്റെ മലക്കം മറിച്ചില്‍ ഓക്കാനമുണ്ടാക്കുന്നു
ആദര്‍ശത്തിന്റെ ഈ ആള്‍രൂപത്തിന് എം എ ബേബിയുടെയോ സിതാറാം യച്ചൂരിയുടെയോ അത്ര പോലും ആര്‍ജവമില്ലതെ പോയല്ലോ . സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജിവയ്‌ക്കാനുള്ള സന്നദ്ധത അവര്‍ക്കുണ്ടായിരുന്നു.തെക്കന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് ബിജെപിക്ക് വോട്ടു നേടിക്കൊടുത്ത വി.എസ്സാണ്,യഥാര്‍ത്ഥത്തില്‍ നേതൃത്വത്തില്‍ നിന്ന് ആദ്യം മാറിനില്‍ക്കേണ്ടത്.വി.എസ്.അച്യുതാനന്ദന്റെ പ്രായത്തേയും അനുഭവസമ്പത്തിനേയും പോരാട്ടങ്ങളേയും നമിച്ചു കൊണ്ട് പറയട്ടേ അവസരവാദത്തിന്റെ ഈ വൃദ്ധരൂപത്തിന് കേരളത്തിന്റെ മനസ്സില്‍ ഇനി സ്ഥാനമില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.കരുണാകരനെക്കുറിച്ച് ഇ.എം.എസ് പറഞ്ഞതാണ് സംഭവിക്കാന്‍ പോകുന്നത്.ഇരുന്നിരുന്ന് പുഴുത്തു നാറി വലിച്ചെറിയപ്പെടുന്ന സമ്പൂര്‍ണ തിരസ്‌ക്കാരം.
ആതിരേ,സി പി എം കേന്ദ്ര കമ്മറ്റിയില്‍ ടി പി വധവും സംസ്ഥാന നേതൃത്വത്തിനെതിരായ വിമര്‍ശവും ഉന്നയിച്ച പ്രതിപക്ഷ നേതാവും മുതിര്‍ന്ന പാര്‍ട്ടി അംഗവുമായ വി എസ് അച്യുതാനന്ദന്റെ മലക്കം മറിച്ചില്‍ രാഷ്ട്രീയ നിരീക്ഷകരിലും പൊതുസമൂഹത്തിലും രൂക്ഷമായ ഓക്കാനമാണുണ്ടാക്കുന്നത്
മുമ്പ് സ്വീകരിച്ച് നിലപാടുകളെല്ലാം തള്ളിപ്പറഞ്ഞ്, അദ്ദേഹത്തിന്റെ അനുയായികളേയും നിക്ഷ്‌പക്ഷ നിരീക്ഷകരേയും വിഷണ്ണരാക്കിയാണ് ലോകസഭ തെരെഞ്ഞെടുപ്പ് കാലത്ത് പിണറായി വിജയനൊപ്പം തോളോടുതോള്‍ ചേര്‍ന്ന് പ്രവൃത്തിച്ചത്.പാര്‍ട്ടിയില്‍ അവശേഷിച്ചിരുന്ന ധാര്‍മികതയുടെ അവസാനത്തെ ആവരണമായിരുന്നു, ആതിരേ, വി.എസ്.അപ്പോള്‍ വലിച്ചു കീറിയത്.ഇതിനോടുള്ള പാര്‍ട്ടി അണികളുടെ പ്രതിഷേധമാണ് സിപിഎമ്മിന്റെ സീറ്റ് കുറച്ചതും ബിജെപിയുടെ വോട്ട് കൂട്ടിയതും.
ലോകസഭ തെരെഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന സെക്രട്ടറിയേറ്റിലോ പ്രകാശ് കാരാട്ടുമായുള്ള കൂടിക്കാഴ്‌ചയിലോ ഒന്നും ഈ വിഷയങ്ങള്‍ പരാമര്‍ശിക്കാതിരുന്ന വി.എസ്, ദേശീയ തലത്തില്‍ പാര്‍ട്ടിയും നേതൃത്വവും ശരശയ്യയിലാണെന്ന് ബോദ്ധ്യമായപ്പോഴാണ് വീണ്ടും പഴയ നിലപാടുകള്‍ ആവര്‍ത്തിച്ച് വാര്‍ത്തകളില്‍ നിറയുന്നത്.വര്‍ഷങ്ങള്‍ക്ക് മുന്‍പ്,പ്രഫ.എം.കൃഷ്‌ണന്‍ നായര്‍ `സാഹിത്യവാരഫലം'എന്ന് പംക്തിയില്‍ പരമര്‍ശിച്ച ,`` അന്നനാളത്തിന്റെ മറ്റേ അറ്റം കൊണ്ട് ശബ്ദമുണ്ടക്കി''ശ്രദ്ധനേടുന്നവരെയാണ്, ആതിരേ, വി.എസ്.ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത്
ഐസ്‌ക്രീം പാര്‍ലര്‍ ഫെയിം റജീനയേയും സോളാര്‍ രാജ്ഞി സരിതയേയും ലജ്ജിപ്പിക്കുന്ന മൊഴിമാറ്റങ്ങളും മലക്കം മറിച്ചിലുകളുമാണ് അച്യുതാനന്ദന്‍ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിനു മുമ്പ് തന്റെ പ്രഖ്യാപിത നിലപാടുകളെല്ലാം വിഴുങ്ങി പാര്‍ട്ടി നേതൃത്വവുമായി അനുരഞ്‌ജനത്തിലായ വി.എസ് തെരഞ്ഞെടുപ്പ് സമയത്ത് അവയെ ഖണ്ഡിക്കാനായി ഉയര്‍ത്തിയ വാദഗതികള്‍ അതേപടി നില്‍ക്കുമ്പോഴാണ് വീണ്ടും മലക്കംമറിഞ്ഞത്.സമ്മതിക്കണം,ഈ തൊലിക്കട്ടി
ആതിരേ,തെരഞ്ഞെടുപ്പിനു മുമ്പ് വി എസ് ഉയര്‍ത്തിയിരുന്ന പ്രധാന ധാര്‍മിക വിഷയം ടി പി ചന്ദ്രശേഖരന്റെ വധമായിരുന്നു.അത് സത്യവുമായിരുന്നു.അതിന്റെ അടിസ്ഥാനത്തില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗവും പൊതുസമൂഹവും അച്യുതാനന്ദനൊപ്പം നില്‍ക്കുകയും ചെയ്‌തു.എന്നാല്‍ ഇവരെയെല്ലാം പമ്പരവിഢികളാക്കി കൊണ്ടാണ് ടി പിയെ വധിച്ചതിനു പിന്നില്‍ കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റി അംഗമായ കെ സി രാമചന്ദ്രനാണെന്നും അയാളെ പാര്‍ട്ടി പുറത്താക്കിയെന്നും വി എസ് പറഞ്ഞത്. ഇത്തരത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്ന മറ്റൊരു പാര്‍ട്ടി ലോകത്തിലെന്നും കൊലപാതകകേസിനെക്കുറിച്ച് അന്വേഷിച്ച് നടപടിയെടുത്ത ചരിത്രം ഏതെങ്കിലും പാര്‍ട്ടികള്‍ക്കുണ്ടോയെന്നും അന്ന് വീമ്പിളക്കിയ വി എസ് കോണ്‍ഗ്രസിന് ഇത്തരത്തിലൊരു നടപടി ചിന്തിക്കാനാകുമോയെന്നും നിലമ്പൂരിലെ കോണ്‍ഗ്രസ് ബ്ലോക്കോഫീസില്‍ രാധ എന്ന തൂപ്പുകാരി കൊല്ലപ്പെട്ടതിനെക്കുറിച്ച് കോണ്‍ഗ്രസിന് അന്വേഷിക്കാമോയെന്നും വെല്ലുവിളിക്കുകയും ചെയ്‌തു.
ലാവലിന്‍ അഴിമതിയായിരുന്നു മറ്റൊന്ന്.കേരളം കണ്ട ഏറ്റവും വലിയ അഴിമതിക്കേസാണ് അതെന്ന് അരിയാഹാരം കഴിക്കുന്നവരെല്ലാം വിശ്വസിച്ചിരിക്കുമ്പോഴാണ് പിണറായി വിജയന് ക്ലീന്‍ ചിറ്റു നല്‍കി കുലംകുത്തിത്തരം കാണിച്ചത്.അഴിമതിക്കും ധര്‍മച്യുതിക്കും എതിരായല്ല പോരാണ്ടേത് മറിച്ച് വര്‍ഗീയ ഫാസിസ്റ്റുകളായ ബി ജെ പിക്കാര്‍ നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ശക്തിയാര്‍ജിക്കുകയാണെന്നും അവരെ അധികാരത്തില്‍നിന്നും അകറ്റിനിര്‍ത്താനാണ് പ്രതിരോധം ചമയ്‌ക്കേണ്ടതെന്നും അതിനാണ് താന്‍ ഇപ്പോള്‍ ശ്രമിക്കുന്നതെന്നുമായിരുന്നു വി എസിന്റെ ആഹ്വാനവും വിശദീകരണവും. എന്നിട്ടോ, ആതിരേ?കേന്ദ്രത്തില്‍ മൃഗീയ ഭൂരിപക്ഷത്തോടെ എന്‍ഡിഎ സഖ്യം അധികാരത്തില്‍ വന്നു;നരേന്ദ്ര മോഡി പ്രധാനമന്ത്രിയായി,കേരളത്തില്‍ സിപിഎമ്മിന്റെ വോട്ട് ഒരു ശതമാനം കുറഞ്ഞു,ബിജെപിയുടെ വോട്ടു കൂടി,സിപിഎമ്മിന് ദേശീയ പാര്‍ട്ടി എന്ന സ്ഥാനം നഷ്ടമാകുകയും ചെയ്‌തു
ക്രിസ്റ്റി ഫെര്‍ണാണ്ടസ്, ബെനറ്റ് എബ്രഹാം, പീലിപ്പോസ് തോമസ് എന്നിവരെ ന്യായീകരിക്കാന്‍ അവരുടെ മണ്ഡലങ്ങളില്‍ നിരവധി തവണയാണ് വി എസ് പ്രചാരണത്തിനായി പോയത്. വി.എസിന്റെ ഓരോ സന്ദര്‍ശനവും ബിജെപിയിലേയ്‌ക്കുള്ള സിപിഎം വോട്ടിന്റെ ഒഴുക്കു കൂട്ടി.അഹങ്കാരത്തിന്റേയും മൂലധനഹുങ്കിന്റേയും നികൃഷ്ടഭാഷാ പ്രയോഗങ്ങളുടേയും തോളില്‍ കൈയ്യിട്ടു നടക്കാന്‍ അന്ന് വിഎസിന് ഉളുപ്പൊട്ടുമുണ്ടായിരുന്നില്ല.തെരഞ്ഞെടുപ്പിന് ശേഷം നടന്ന സംസ്ഥാന കമ്മറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വി എസ് ഒരു വിമര്‍ശനവും ഉന്നയിച്ചുമില്ല. നാണം കെട്ട തോല്‍വി സംസ്ഥാനത്തും ദേശീയതലത്തിലുമുണ്ടായിട്ടും നേതൃത്വത്തിന്റെ നിലപാടിനൊപ്പം നില്‍ക്കുകയാണ് ചെയ്‌തത്. പിന്നീട് പ്രകാശ് കാരാട്ടുമായി നടത്തിയ കൂടിക്കാഴ്‌ചയിലും കേന്ദ്ര നേതൃത്വം മാറേണ്ടതില്ലെന്ന നിലപാടുതന്നെയാണ് വി എസ് സ്വീകരിച്ചത്.
എന്നാല്‍ കേന്ദ്രകമ്മറ്റി യോഗത്തില്‍ വി.എസ്. നടത്തിയ പുതിയ മലക്കം മറിച്ചില്‍ ഭോഷ്‌ക്കു നിറഞ്ഞ സ്വാര്‍ത്ഥതാത്‌പര്യത്തിന് വേണ്ടി മാത്രമാണെന്ന് പകല്‍ പോലെ വ്യക്തം .തുടങ്ങാനിരിക്കുന്ന പാര്‍ട്ടി സമ്മേളനങ്ങളാണ്, ആതിരേ, ലക്ഷ്യം.പിണറയിക്കും പിണറായിയുടെ സാമന്തന്മാര്‍ക്കും മുകളില്‍ ഇരിപ്പിടമൊരുക്കാനാണ് തന്ത്രം.അതിന് വേണ്ടിയാണ് ടി പി വധക്കേസില്‍ പ്രതിയായ പി കെകുഞ്ഞനന്തനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് വി എസ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ആര്‍ എസ് പി ഒറ്റരാത്രികൊണ്ടാണ് മുന്നണി വിട്ടതെന്ന് തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞ വി എസ് ആര്‍ എസ് പി പോയത് തിരിച്ചടിയായെന്ന് മാറ്റിപ്പറയുന്നു. രാജ്യത്താകമാനമുണ്ടായ സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര കമ്മറ്റിയില്‍ ഉണ്ടായിട്ടുള്ള ധ്രുവീകരണം മുതലെടുക്കാനും പാര്‍ട്ടി സമ്മേളനങ്ങളില്‍ പുതിയ സമവാക്യത്തിന് രൂപംനല്‍കാനുമാണ് വി എസിന്റെ ശ്രമം.
ആദര്‍ശത്തിന്റെ ഈ ആള്‍രൂപത്തിന് എം എ ബേബിയുടെയോ സിതാറാം യച്ചൂരിയുടെയോ അത്ര പോലും ആര്‍ജവമില്ലതെ പോയല്ലോ, ആതിരേ. സമ്പൂര്‍ണ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ രാജിവയ്‌ക്കാനുള്ള സന്നദ്ധത അവര്‍ക്കുണ്ടായിരുന്നു.തെക്കന്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ച് ബിജെപിക്ക് വോട്ടു നേടിക്കൊടുത്ത വി.എസ്സാണ്,യഥാര്‍ത്ഥത്തില്‍ നേതൃത്വത്തില്‍ നിന്ന് ആദ്യം മാറിനില്‍ക്കേണ്ടത്.വി.എസ്.അച്യുതാനന്ദന്റെ പ്രായത്തേയും അനുഭവസമ്പത്തിനേയും പോരാട്ടങ്ങളേയും നമിച്ചു കൊണ്ട് പറയട്ടേ അവസരവാദത്തിന്റെ ഈ വൃദ്ധരൂപത്തിന് കേരളത്തിന്റെ മനസ്സില്‍ ഇനി സ്ഥാനമില്ല.വര്‍ഷങ്ങള്‍ക്ക് മുന്‍പ് കെ.കരുണാകരനെക്കുറിച്ച് ഇ.എം.എസ് പറഞ്ഞതാണ്,ആതിരേ സംഭവിക്കാന്‍ പോകുന്നത്.ഇരുന്നിരുന്ന് പുഴുത്തു നാറി വലിച്ചെറിയപ്പെടുന്ന സമ്പൂര്‍ണ തിരസ്‌ക്കാരം.
Subscribe to:
Post Comments (Atom)
No comments:
Post a Comment