Wednesday, June 25, 2014
അബ്ദുറബ്ബ്:ഈ വിവരക്കേടിനേയും സ്‌തുതിപാഠകരേയും ചങ്ങലയില്‍ തളയ്‌ക്കണം
ജാതി ചോദിക്കരുത്,പറയരുത് തുടങ്ങിയ ഉന്നിദ്രമായ സാംസ്‌കാരിക-സാമൂഹിക ബോധം തലസ്ഥാനനഗരിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ `സാറന്മാര്‍ക്ക്'ഇല്ലാത്തതു കൊണ്ടാണ്, ആതിരേ, ഊര്‍മിളാ ദേവിയുടെ ജാതി എടുത്തു പറഞ്ഞത്.കാക്കപിടുത്തവും കാലുപിടുത്തവും കൂട്ടിക്കൊടുപ്പും അടിസ്ഥനമാക്കിയുള്ള രാജഭരണകാലത്തെ അതിജീവന രീതിശാസ്‌ത്രം കടുകിടപിഴയ്‌ക്കാതെ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത്,നമ്പൂതിരിക്ക് പായവിരിച്ചു കൊടുത്തിരുന്ന നായന്മാര്‍ക്ക് കീഴിലുള്ള സമുദായത്തിലും ജാതിയിലും പെട്ടവരെ നികൃഷ്ടജീവികളായി കണക്കാക്കുന്നതിന്റേയും അധികാര ദുര്‍മദത്തിന്റേയും ഇരകൂടിയാണ്,സത്യം പറയാന്‍ നട്ടെല്ലുറപ്പുകാട്ടിയ ഊര്‍മിളാ ദേവി.വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കി മന്ത്രി പുംഗവന്മാരും അവരുടെ പാദസേവകരും നടത്തുന്ന ഉദ്‌ഘാടന മഹാമഹങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ് ഊര്‍മിളാ ദേവി ചെയ്‌ത `അക്ഷന്തവ്യമായ അപരാധം'.അതിന് അവരെ സ്ഥലം മാറ്റിയാണ് അബ്ദുറബ് അധികാര ഗര്‍വ് പ്രദര്‍ശിപ്പിച്ചത്.
ആതിരേ,കേരളത്തില്‍ വിദ്യഭ്യാസ മന്ത്രിയാകാനുള്ള മിനിമം യോഗ്യതയെന്താണ്? വിവരക്കേടും വിവേകശൂന്യതയും അഴിമതിക്ക് കളമൊരുക്കലും അഴിമതിവീരന്മാരെ സംരക്ഷിക്കലുമാണോ?
അതേ എന്ന് എത്രയോവട്ടം തെളിയിച്ചിരിക്കുന്നു, കെ.പി.അബ്ദുറബ്ബ്.
ഗംഗ എന്ന മന്ത്രിമന്ദിരത്തിന്റെ പേര് തിരുത്തിയതും പച്ച ബ്ലൗസ്- പച്ചക്കോട്ട് വിവാദങ്ങളും യോഗ്യതയില്ലാത്ത വൈസ് ചാന്‍സലര്‍മാരുടെ നിയമനവും യൂണിവേഴ്‌സിറ്റിയുടെ ഭൂമി വില്‍പ്പന വിവാദവും അദ്ധ്യാപക നിയമനക്കോഴയ്‌ക്കുവേണ്ടി അനാവശ്യമായി പ്ലസ് ടു കോഴ്‌സ് അനുവദിക്കലും തുടങ്ങി, ആതിരേ, എത്രയെത്ര ഉദാഹരണങ്ങള്‍!
സമൂഹവുമായി നേരിട്ട് ബന്ധമുള്ളതും വിജ്ഞാന-വിവേകങ്ങളുടെ സംയോജനത്തിലൂടെ നവീനമായ വിദ്യാഭ്യാസ സംസ്‌കാരം സ്‌ഫുടംചെയ്‌തെടുത്ത് വിദ്യാര്‍ത്ഥികളില്‍ അത് സന്നിവേശിപ്പിച്ച് നിര്‍ഭയത്വമാര്‍ന്ന യുക്തിഭദ്രതയായി പുതുതലമുറയെ വാര്‍ത്തെടുക്കേണ്ടതുമായ വിദ്യാഭ്യാസ വകുപ്പ്,മുന്നണി രാഷ്ട്രീയത്തിന്റെ അശ്ലീലതയാല്‍ പലപ്പോഴും വിവരക്കേടിന്റേയും വിനാശത്തിന്റേയും ഗൂഢശക്തികളുടെ കൈയിലാണെത്തുന്നത്.വര്‍ത്തമാനകാല കേരളത്തിന്റെ സാംസ്‌കാരിക ദുരന്തമാണത്.
അതിന്റെ ഒടുവിലത്തെ ഇരയാണ്, ആതിരേ, കോട്ടണ്‍ഹില്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ് ആയ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കെ.കെ ഊര്‍മിളാ ദേവി.
ജാതി ചോദിക്കരുത്,പറയരുത് തുടങ്ങിയ ഉന്നിദ്രമായ സാംസ്‌കാരിക-സാമൂഹിക ബോധം തലസ്ഥാനനഗരിയിലെ സര്‍ക്കാര്‍ ഓഫീസുകളിലെ `സാറന്മാര്‍ക്ക്'ഇല്ലാത്തതു കൊണ്ടാണ്, ആതിരേ, ഊര്‍മിളാ ദേവിയുടെ ജാതി എടുത്തു പറഞ്ഞത്.കാക്കപിടുത്തവും കാലുപിടുത്തവും കൂട്ടിക്കൊടുപ്പും അടിസ്ഥനമാക്കിയുള്ള രാജഭരണകാലത്തെ അതിജീവന രീതിശാസ്‌ത്രം കടുകിടപിഴയ്‌ക്കാതെ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത്,നമ്പൂതിരിക്ക് പായവിരിച്ചു കൊടുത്തിരുന്ന നായന്മാര്‍ക്ക് കീഴിലുള്ള സമുദായത്തിലും ജാതിയിലും പെട്ടവരെ നികൃഷ്ടജീവികളായി കണക്കാക്കുന്നതിന്റേയും അധികാര ദുര്‍മദത്തിന്റേയും ഇരകൂടിയാണ്,സത്യം പറയാന്‍ നട്ടെല്ലുറപ്പുകാട്ടിയ ഊര്‍മിളാ ദേവി.
വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടക്കി മന്ത്രി പുംഗവന്മാരും അവരുടെ പാദസേവകരും നടത്തുന്ന ഉദ്‌ഘാടന മഹാമഹങ്ങള്‍ക്കെതിരെ പ്രതികരിച്ചതാണ് ഊര്‍മിളാ ദേവി ചെയ്‌ത `അക്ഷന്തവ്യമായ അപരാധം'.അതിന് അവരെ സ്ഥലം മാറ്റിയാണ് അബ്ദുറബ് അധികാര ഗര്‍വ് പ്രദര്‍ശിപ്പിച്ചത്.
ആതിരേ,കഴിഞ്ഞ പതിനാറാം തിയതി മന്ത്രി പികെ അബ്ദുറബ്ബ് പങ്കെടുത്ത ഇംഗ്ലീഷ് ക്ലബ്ബിന്റെ ജില്ലാതല ഉദ്‌ഘാടന വേദിയിലാണ് കുട്ടികളുടെ പഠിപ്പ് മുടക്കിയതിനെതിരെ ഊര്‍മിളാ ദേവി പ്രതിഷേധമറിയിച്ചത്. രാവിലെ 11 മണിയ്‌ക്ക് നടക്കേണ്ട ഉദ്‌ഘാടനത്തിനായി 8, 9, 10 ക്ലാസ്സുകളിലെ പഠിപ്പ് മുടക്കിയാണ് വിദ്യാര്‍ത്ഥികളെ ഉദ്‌ഘാടന വേദിയില്‍ ഇരുത്തിയത്. 11 മണിയ്‌ക്ക് തുടങ്ങേണ്ട യോഗം മന്ത്രി വൈകിയത് കാരണം പന്ത്രണ്ടരയ്‌ക്കേ തുടങ്ങാനായുള്ളൂ. മാത്രവുമല്ല യോഗം തീര്‍ന്നപ്പോള്‍ ഒരു മണികഴിഞ്ഞിരുന്നു. ഇത് കാരണം ഈ ക്ലാസ്സുകളിലെ കുട്ടികളുടെ ഉച്ചവരെയുള്ള ക്ലാസ്സ് മുടങ്ങിയിരുന്നു. നിരന്തരം ഇത്തരം ഉദ്‌ഘാടനങ്ങള്‍ കാരണം കുട്ടികളുടെ പഠിപ്പ് മുടങ്ങുന്നതിനെതിരെയാണ് പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ് ആയ ഊര്‍മിളാ ദേവി പ്രതികരിച്ചത്. മന്ത്രിയുടെ പ്രസംഗം കഴിഞ്ഞ ശേഷം സംസാരിച്ച ഊര്‍മിളാ ദേവി, ഇത്തരത്തിലുള്ള ഉദ്‌ഘാടനങ്ങള്‍ കുട്ടികളുടെ പഠിപ്പ് മുടക്കി കൊണ്ടാകരുതെന്നാണ് മന്ത്രിയോടായി ആവശ്യപ്പെട്ടത്. മാത്രവുമല്ല പഠിപ്പ് മുടങ്ങാത്ത തരത്തിലാകണം ഉദ്‌ഘാടനങ്ങള്‍ ക്രമീകരിക്കേണ്ടതെന്നും അവര്‍ ഓര്‍മ്മിപ്പിച്ചു. ഉദ്‌ഘാടനങ്ങള്‍ കാരണം മുടങ്ങുന്ന ക്ലാസ്സുകള്‍ പിന്നെ ക്രമീകരിക്കാന്‍ അധ്യാപകര്‍ നേരിടുന്ന ബുദ്ധിമുട്ടും പ്രഥമാധ്യാപിക മന്ത്രി ഇരിക്കെ വിശദീകരിച്ചു. മന്ത്രിക്കെതിരെയല്ല തന്റെ പ്രതികരണമെന്നും യോഗം സംഘടിപ്പിച്ച ഡിസ്‌ട്രിക്ട് സെന്റര്‍ ഓഫ് ഇംഗ്ലീഷിലെ ഓഫീസര്‍മാരെയാണ് താനിത് ഓര്‍മ്മിപ്പിക്കുന്നതെന്നും ഊര്‍മിളാ ദേവി വ്യക്തമാക്കിയിരുന്നു.
എന്നാല്‍ യോഗത്തില്‍ വെച്ച് ഊര്‍മിളാ ദേവിയുടെ ആവശ്യത്തോട് പ്രതികരിക്കാതിരുന്ന മന്ത്രിയുടെ നിര്‍ദേശ പ്രകാരം മന്ത്രി ഇരിക്കെ പ്രതികരിച്ച കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കാനായി അഡീഷണല്‍ ഡിപിഐ സ്‌കൂളില്‍ എത്തിയിരുന്നു. 8, 9, 10 ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികളെയും മറ്റ് അധ്യാപകരെയും നേരില്‍ കണ്ട് അഡീഷണല്‍ ഡിപിഐ തെളിവെടുത്തു. എന്നാല്‍ പ്രഥമാധ്യാപികയായ ഊര്‍മിളാ ദേവിയെ `തെളിവെടുപ്പില്‍' നിന്ന് ഒഴിവാക്കാന്‍, ആതിരേ, അഡീഷണല്‍ ഡിപിഐ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്‌തു .
അഡീഷണല്‍ ഡിപിഐ തെളിവെടുപ്പിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 21 ന് ഊര്‍മിളാ ദേവിയ്‌ക്ക് ഡിപിഐ മെമ്മോ നല്‍കുകയായിരുന്നു. മന്ത്രി താമസിച്ച് വന്നതിനെക്കുറിച്ച് പ്രതികരിച്ചത് എന്തിനാണെന്നും ഇതിന് പതിനഞ്ച് ദിവസത്തിനകം മറുപടി നല്‍കണമെന്നും മെമ്മോയില്‍ ആവശ്യപ്പെട്ടിരുന്നു. മെമ്മോ നല്‍കി നാല് ദിവസം കഴിഞ്ഞപ്പോള്‍ സ്ഥലം മാറ്റ ഓര്‍ഡറും നല്‍കി .അതായത് മെമ്മോയ്‌ക്കുള്ള മറുപടി നല്‍കാന്‍പോലും സാവകാശം നല്‍കാതെയാണ് അബ്ദുറബ്ബിന്റെ പ്രതികാരം നിര്‍വഹിക്കപ്പെട്ടത്.
അബ്ദുറബ്ബിന്റെ ധാര്‍ഷ്ട്യം,ധിക്കാരം,അധികാര ഗര്‍വ് ഒക്കെയാണ് ഈ നടപടിക്ക് പിന്നിലെന്നതിന്,ആതിരേ, നിയമസഭയില്‍ അദ്ദേഹം നിരത്തിയ ന്യായങ്ങള്‍ തന്നെ സാക്ഷ്യം പറയുന്നു.ചടങ്ങില്‍ വച്ച് താമസിച്ചതിന് ക്ഷമ ചോദിച്ച മന്ത്രിയാണ് പിന്നീട് തന്നെ സ്വീകരിക്കാന്‍ പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ് എത്തിയിരുന്നില്ലെന്നും കുട്ടികള്‍ക്ക് മുന്നില്‍ വച്ച് തന്നെ ഇകഴ്‌ത്തി സംസാരിച്ചു എന്നൊക്കെ പയ്യാരം പറയുന്നത്.വിദ്യാഭ്യാസ വകുപ്പിന് പുറത്തുള്ള ഒരു സംവിധാനവുമായി ബന്ധപ്പെട്ട ചടങ്ങിന് വേണ്ടിയാണ് വിദ്യാഭ്യാസ മന്ത്രി കുട്ടികളുടെ ക്ലാസ് നഷ്ടമാക്കിയത്.ക്ലാസ് നഷ്ടമാക്കുന്ന ചടങ്ങുകളൊന്നും വിദ്യാലയങ്ങളില്‍ നടത്തെരുതെന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സര്‍ക്കുലര്‍ ഇറക്കിയിരുന്നതാണ്.അത് ധിക്കരിച്ച് എത്രയേറെ ചടങ്ങുകളാണ് അബ്ദുറബ്ബ് ഉദ്‌ഘാടനം ചെയ്‌തിട്ടുള്ളത്.മന്ത്രിമാരുള്‍പ്പെടെയുള്ള വിഐപികളെ കാത്തിരുന്ന് പിഞ്ചു വിദ്യാര്‍ത്ഥികള്‍ മോഹാലസ്യപ്പെട്ട് വീണ സംഭവവും മനസ്സില്‍ വച്ചു കൊണ്ടാവണം പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ്സ് ആ സത്യങ്ങള്‍ പറഞ്ഞത്.രാജാവ് നഗ്നനാണെന്ന് പറയാന്‍ ധൈര്യം കാട്ടിയ ഊര്‍മിളാ ദേവിയെ കേരളത്തിലെ വിദ്യാര്‍ത്ഥിസമൂഹവും രക്ഷകര്‍ത്താക്കളും ആദരിക്കുമ്പോഴാണ്, ആതിരേ, ജാതി ചിന്തയാല്‍ അന്ധമായ ചില സ്‌തുതിപാഠകരുടെ ദുരുപദേശത്തിന് വഴങ്ങി അബ്ദുറബ്ബ് തന്റെ വിവരക്കേട് മുഴുവന്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും പ്രശസ്‌തവും ഏറ്റവും അധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതുമായ കോട്ടണ്‍ ഹില്‍ സ്‌കൂളിന്റെ 70വര്‍ഷത്തെ ചരിത്രത്തിനിടയില്‍ ആദ്യമായിട്ടാണ് പട്ടിക ജാതിയില്‍ ഇന്ന് ഒരു പ്രിന്‍സിപ്പല്‍ ഹെഡ്‌മിസ്‌ട്രസ് ഉണ്ടായത്.അതില്‍ അസഹിഷ്‌ണുത പുലര്‍ത്തുന്ന സ്റ്റാഫ് ആ സ്‌കൂളിലുണ്ടെന്ന് വ്യക്തമാക്കിയത് അബ്ദുറബ്ബിന്റെ അല്‍പ്പത്തരത്തെ ന്യായീകരിച്ചു കൊണ്ട് രംഗത്തെത്തിയ ലീഗ് അനുകൂല സംഘടനയിലെ അദ്ധ്യാപകര്‍ തന്നെയാണ്.അന്ധമായ അധികാര ധാര്‍ഷ്ട്യവും നീചമായ ജാതിചിന്തയും ചേര്‍ന്ന് വിരിയിച്ചെടുത്ത ദുഷ്ടതയുടെ ഇരകൂടിയാണ്, ആതിരേ, ഊര്‍മ്മിളാ ദേവി.
ക്ലാസ്സ് മുടക്കാതെ നടത്തുവാന്‍ കഴിയുമായിരുന്ന ഒരു ഉദ്‌ഘാടനത്തിനുവേണ്ടി നിരവധി വിദ്യാര്‍ഥികളുടെ അര ദിവസം നഷ്ടപ്പെടുത്തിയത് ചൂണ്ടികാണിച്ചതും, ക്ലാസില്ലാത്ത സമയത്ത് ഉദ്‌ഘാടനം പോലുള്ള ചടങ്ങുകള്‍ നടത്തേണ്ടതിന്റെ പ്രസക്തിയെ കുറിച്ച് പറഞ്ഞതും എങ്ങനെയാണ് വകുപ്പ് തല ശിക്ഷയ്‌ക്ക് കാരണമായ അപരാധമാകുന്നത്?
വിദ്യാഭ്യാസം പോലെ സുപ്രധാനമായ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു ഭരണാധികാരി എന്ന നിലയില്‍ പക്വതയും ഹൃദയ വിശാലതയും കാട്ടി, ഒന്നര മണിക്കൂര്‍ വൈകി എത്തിയ തന്റെ തെറ്റ് തിരിച്ചറിഞ്ഞ്, അദ്ധ്യാപികയുടെ ഉദ്ദേശ്യശുദ്ധി മനസ്സിലാക്കി പ്രവര്‍ത്തിക്കാന്‍ ബാധ്യസ്ഥനായ വിദ്യഭ്യാസമന്ത്രി ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും അഹങ്കാരഭരിതവുമാണ്.വിവരവും വിദ്യാഭ്യാസവും വിവേകവുമുള്ളവര്‍ക്കല്ലേ, ആതിരേ, ക്രിയാത്മക വിമര്‍ശനത്തിലെ നന്മമനസ്സിലാക്കാനും നേരുപറയുന്നവരുടെ ഉദ്ദേശ്യശുദ്ധി ഉള്‍ക്കൊള്ളാനും കഴിയൂ.
അഭിപ്രായസ്വാതന്ത്ര്യത്തേയും ജനാധിപത്യ മൂല്യങ്ങളേയും കശാപ്പു ചെയ്‌ത അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തിന്റെ വാര്‍ഷീക രാത്രിയിലാണ്, ആതിരേ, ഇത് കുറിക്കുന്നത്.അടിയന്തിരാവസ്ഥയുടെ ദുര്‍ഭൂതങ്ങള്‍ അബ്ദുറബ്ബിന്റേയും സ്‌തുതിപാഠകരുടേയും രൂപത്തില്‍ ഇന്നും നമുക്കിടയിലുണ്ട് എന്നത് നീതിക്കുവേണ്ടിയുള്ള പോരാട്ടം എത്രമാത്രം ജാഗ്രത്തായിരിക്കണമെന്ന് നമ്മെ പേര്‍ത്തും പേര്‍ത്തും ഓര്‍മ്മിപ്പിക്കുയാണ്
Subscribe to:
Post Comments (Atom)
No comments:
Post a Comment