Tuesday, June 24, 2014

പനിക്ക്‌ പിന്നാലെ കോളറയും; കുത്തഴിഞ്ഞ്‌ ആരോഗ്യകേരളം

പകര്‍ച്ചപ്പനി ബാധിതര്‍ക്ക്‌ നല്‍കേണ്ട 528 ഇനം മരുന്നുകള്‍ ആശുപത്രികളിലില്ല എന്ന്‌ പറയുമ്പോള്‍ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാറും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന തോന്ന്യാസം സര്‍വ സീമകളും ലംഘിച്ചു എന്നാണര്‍ത്ഥം.മഴക്കാലത്തിന്‌ മുന്‍പേ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ സംഭരിക്കണമെന്ന്‌ അറിയാഞ്ഞിട്ടല്ല ഈ തെമ്മാടിത്തം.പകര്‍ച്ചപ്പനിയില്‍ കേരളം വിറച്ചാലും രോഗം ബാധിച്ച്‌ ആളുകള്‍ മരിച്ചാലും ഈ സര്‍ക്കാരിനൊന്നുമില്ല എന്ന്‌ ചിന്തിക്കാന്‍ മന്ത്രിക്കും വകുപ്പ്‌ മേധാവികള്‍ക്കും ഹുങ്ക്‌ സമ്മാനിക്കുന്നതാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണം.കോടികള്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ അക്കൗണ്ടിലുണ്ടായിട്ടും മുന്‍ വര്‍ഷത്തെ കുടിശ്ശികപോലും മരുന്നുകമ്പനികള്‍ക്ക്‌ നല്‍കാത്തത്‌. കുടിശ്ശിക നല്‍കാത്തതാണ്‌ ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മരുന്ന്‌ നല്‍കാത്തതിന്‌ കാരണമെന്നാണ്‌ കമ്പനികളുടെ വാദം. ഇതൊരു ഒത്തുകളിയാണ്‌. സ്വകാര്യ വിപണിയില്‍ മരുന്ന്‌ വിറ്റഴിച്ച്‌ കൂടുതല്‍ ലാഭം നേടാന്‍ മരുന്നു കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ ഒരുക്കുന്ന മണ്‍സൂണ്‍ ബൊണാണ്‍സയാണിത്‌. അതിന്റെ കമ്മീഷന്‍ കൃത്യമായി പാര്‍ട്ടിക്കും മന്ത്രിക്കും കിട്ടുമ്പോള്‍ പകര്‍ച്ചപ്പനി ബാധിച്ച്‌ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സയ്‌ക്കെത്തുന്ന നിസഹായര്‍ പിടഞ്ഞ്‌ ചാകട്ടെ എന്ന ക്രിമിനല്‍ മനഃസ്ഥിതിയില്‍ ആറാടാനാണ്‌ ആരോഗ്യമന്ത്രിക്കും വകുപ്പ്‌ തലവന്മാര്‍ക്കും മറ്റ്‌ ഉദ്യോഗസ്ഥര്‍ക്കും വ്യഗ്രത
ആതിരേ, ``പ്രതിരോധം നന്ന്‌ നിവാരണത്തേക്കാള്‍'' എന്ന രോഗചികിത്സയുടെ അടിസ്ഥാന തത്വം ആരോഗ്യമന്ത്രി വി.എസ്‌.ശിവകുമാറിനും അദ്ദേഹം ഭരിക്കുന്ന വകുപ്പിനും മാത്രം അറിയില്ലെന്ന്‌ തോന്നുന്നു.എല്ലാ മഴക്കലവും പനിക്കാലമാണെന്നും വിവിധ പകര്‍ച്ചവ്യാധികള്‍ ഈ സമയത്ത്‌ വ്യാപകമാകുമെന്നും അറിഞ്ഞിട്ടും മഴക്കാല പൂര്‍വ ശുചീകരണത്തിലും മരുന്ന്‌ സംഭരണത്തിലും മറ്റ്‌ പ്രതിരോധ പ്രവര്‍ത്തനത്തിലും പുലര്‍ത്തിയ അലസതയും അവധാനതയുമാണ്‌ സംസ്ഥാനത്ത്‌ മഴ ശക്തമായതോടെ ആശുപത്രികള്‍ പനിബാധിതരെകൊണ്ടു നിറയാന്‍ കാരണം. ഔദ്യോഗിക കണക്കനുസരിച്ച്‌ ഈമാസം പനിബാധിച്ചെത്തിയവര്‍ ഒരു ലക്ഷം കവിഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയെത്തിയവരുടെ കണക്കാണിത്‌.സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ പനിബാധിതരുടെ എണ്ണം മൂന്ന്‌ ലക്ഷം കവിയും.അതായത്‌ സംസ്ഥാന ജനസംഖ്യയുടെ പത്തു ശതമാനം പേര്‍ പനിബാധിതരാണ്‌.ആതിരേ,ആരോഗ്യപരിപാലനത്തിലും ചികിത്സാ രംഗത്തും ആരോഗ്യ സാക്ഷരതയിലും ഒന്നാം സ്ഥാനത്തെന്ന്‌ അഭിമാനിക്കുന്ന സംസ്ഥാനത്തിന്റെ പൊള്ളിക്കുന്ന വര്‍ത്തമനകല ചിത്രമാണിത്‌. കഴിഞ്ഞ 20 ദിവസത്തിനിടെ സംസ്ഥാനത്ത്‌ 40പേര്‍ക്ക്‌ മലേറിയയും 90 പേര്‍ക്ക്‌ ഡെങ്കിപ്പനിയും മൂന്നുപേര്‍ക്ക്‌ ചിക്കുന്‍ഗുനിയയും സ്ഥിരീകരിച്ചു. നാലുപേരില്‍ എച്ച്‌1 എന്‍1 കണ്ടെത്തിയപ്പോള്‍ 462 പേര്‍ക്ക്‌ ചിക്കന്‍പോക്‌സ്‌ പിടിപെട്ടിട്ടുണ്ട്‌. മഴക്കാല രോഗങ്ങള്‍ മൂര്‍ഛിച്ചതിനെ തുടര്‍ന്ന്‌ ഒമ്പതു പേരാണ്‌ ഇതുവരെ മരിച്ചത്‌. കഴിഞ്ഞദിവസം മാത്രം സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സയ്‌ക്കെത്തിയ പനിബാധിതരുടെ എണ്ണം 14000 കവിഞ്ഞു. . സാധാരണ പനിക്കു പുറമേ എച്ച്‌1 എന്‍1, എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ടൈഫോയിഡ്‌,മലേറിയ എന്നിവയും വ്യാപകമാകുന്നുണ്ട്‌. ഇക്കാരണത്താല്‍ പനിബാധിച്ച്‌ ചികില്‍സ തേടുന്നവരുടെ രക്തസാമ്പിളുകള്‍ വിദഗ്‌ധ പരിശോധനയ്‌ക്കു അയയ്‌ക്കുന്നുണ്ടെന്ന്‌ ആരോഗ്യവകുപ്പ്‌ അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ റിസല്‍റ്റ്‌ എന്നു കിട്ടും എന്ന കാര്യത്തില്‍ ഈശ്വരന്‌ പോലും നിശ്ചയമില്ലാത്ത അവസ്ഥയാണുള്ളത്‌. പകര്‍ച്ചപ്പനിയുടെ പിടിയിലമര്‍ന്ന സംസ്ഥാനത്ത്‌ കോളറ ഉള്‍പ്പെടെയുള്ള മറ്റ്‌ രോഗങ്ങളും പടരുന്നത്‌, ആതിരേ, ആരോഗ്യമന്ത്രിയും വകുപ്പും ഒഴിച്ചുള്ളവരിലെല്ലാം ആശങ്ക പടര്‍ത്തുന്നു. പാലക്കാട്‌ ആലത്തൂരിലാണ്‌ രണ്ടു പേര്‍ക്ക്‌ കോളറ സ്ഥിരീകരിച്ചത്‌. കുന്നത്തൂരിലെ സുദേവന്‍ (64), ഭാര്യ അമ്മുക്കുട്ടി (54) എന്നിവര്‍ക്കാണ്‌ കോളറ ബാധിച്ചത്‌. ഒരാഴ്‌ച മുമ്പ്‌ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ ഇരുവരും ഇപ്പോള്‍ തൃശൂര്‍ മെഡിക്കല്‍ കോളേജിലാണ്‌. ആലത്തൂരില്‍ ആറു പേര്‍ക്കുകൂടി കോളറ ബാധിച്ചിട്ടുണ്ടെന്ന്‌ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌. മഹാമാരികളെ തുടച്ചുനീക്കി ആരോഗ്യരംഗത്ത്‌ നേട്ടം കൈവരിച്ച സംസ്ഥാനത്താണ്‌ സര്‍ക്കാരിന്റെ നിഷ്‌ക്രിയത്വത്തെ തുടര്‍ന്ന്‌ മഹാവിപത്തുകള്‍ തിരിച്ചെത്തിയത്‌്‌. നാലു വര്‍ഷംമുമ്പ്‌ സംസ്ഥാനം കോളറ വിമുക്തമാക്കപ്പെട്ടതാണ്‌. കാലവര്‍ഷാരംഭത്തിനു മുന്നേ എത്തിയ പകര്‍ച്ചപ്പനി പ്രതിരോധിക്കുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു.പതിനാലു ജില്ലയിലും പനി പടരുമ്പോഴും ആരോഗ്യവകുപ്പിന്‌ കുലുക്കമില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല.ആവശ്യത്തിന്‌ ഡോക്ടര്‍മാരില്ല. പനിബാധിതര്‍ക്ക്‌ നല്‍കേണ്ട അവശ്യമരുന്നുകള്‍പോലും ഫാര്‍മസികളില്‍ ഇല്ല. മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷനെ തകര്‍ച്ചയിലേക്ക്‌ നയിക്കുന്ന സര്‍ക്കാരും ആരോഗ്യവകുപ്പും മരുന്നുക്ഷാമം രൂക്ഷമാക്കിയതിന്‌ പിഴ മൂളേണ്ടിവരുന്നത്‌ സംസ്ഥാനത്തെ സാധാരണ ജനങ്ങളും.. ആതിരേ,പകര്‍ച്ചപ്പനി ബാധിതര്‍ക്ക്‌ നല്‍കേണ്ട 528 ഇനം മരുന്നുകള്‍ ആശുപത്രികളിലില്ല എന്ന്‌ പറയുമ്പോള്‍ ആരോഗ്യ മന്ത്രി വി.എസ്‌.ശിവകുമാറും ആരോഗ്യവകുപ്പും സംയുക്തമായി നടത്തുന്ന തോന്ന്യാസം സര്‍വ സീമകളും ലംഘിച്ചു എന്നാണര്‍ത്ഥം.മഴക്കാലത്തിന്‌ മുന്‍പേ സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യത്തിന്‌ മരുന്ന്‌ സംഭരിക്കണമെന്ന്‌ അറിയാഞ്ഞിട്ടല്ല ഈ തെമ്മാടിത്തം.പകര്‍ച്ചപ്പനിയില്‍ കേരളം വിറച്ചാലും രോഗം ബാധിച്ച്‌ ആളുകള്‍ മരിച്ചാലും ഈ സര്‍ക്കാരിനൊന്നുമില്ല എന്ന്‌ ചിന്തിക്കാന്‍ മന്ത്രിക്കും വകുപ്പ്‌ മേധാവികള്‍ക്കും ഹുങ്ക്‌ സമ്മാനിക്കുന്നതാണ്‌ ഉമ്മന്‍ ചാണ്ടിയുടെ ഭരണം.കെടുകാര്യസ്ഥതയും ഉദ്യോഗസ്ഥ ദുഷ്‌പ്രഭുത്വവും കൊടികുത്തി വാഴുകയാണ്‌. അതിന്റെ തെളിവാണ്‌ ഐഎഎസികാര്‍ക്കിടയിലെ ചക്കളത്തി പോരാട്ടം.ഒരു പ്രശ്‌നമുണ്ടാകാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതാവണം ജനപക്ഷ ഭരണം.പക്ഷെ ഇവിടെ പ്രശ്‌നമുണ്ടായാലും അത്‌ രൂക്ഷവും നിയന്ത്രണാതീതവുമായലും സര്‍ക്കാര്‍ ഇടപെടില്ല.സര്‍ക്കാരിന്റെ ഈ ജനവഞ്ചനയ്‌ക്കെതിരെ പ്രതിരോധം ചമയക്കേണ്ട പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക്‌ മാധ്യമങ്ങളില്‍ പ്രസ്‌താവന വരുത്തുന്നതില്‍ മാത്രമാണ്‌ ശ്രദ്ധയും താത്‌പര്യവും.ഈ സംയുക്ത ജനവഞ്ചന മൂലമാണ്‌ കോടികള്‍ മെഡിക്കല്‍ സര്‍വീസസ്‌ കോര്‍പറേഷന്റെ അക്കൗണ്ടിലുണ്ടായിട്ടും മുന്‍ വര്‍ഷത്തെ കുടിശ്ശികപോലും മരുന്നുകമ്പനികള്‍ക്ക്‌ നല്‍കാത്തത്‌. കുടിശ്ശിക നല്‍കാത്തതാണ്‌ ഈ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ ആശുപത്രികള്‍ക്ക്‌ മരുന്ന്‌ നല്‍കാത്തതിന്‌ കാരണമെന്നാണ്‌ കമ്പനികളുടെ വാദം. ഇതൊരു ഒത്തുകളിയാണ്‌, ആതിരേ. സ്വകാര്യ വിപണിയില്‍ മരുന്ന്‌ വിറ്റഴിച്ച്‌ കൂടുതല്‍ ലാഭം നേടാന്‍ മരുന്നു കമ്പനികള്‍ക്ക്‌ സര്‍ക്കാര്‍ ഒരുക്കുന്ന മണ്‍സൂണ്‍ ബൊണാണ്‍സയാണിത്‌. അതിന്റെ കമ്മീഷന്‍ കൃത്യമായി പാര്‍ട്ടിക്കും മന്ത്രിക്കും കിട്ടുമ്പോള്‍ പകര്‍ച്ചപ്പനി ബാധിച്ച്‌ സര്‍ക്കാര്‍ ആശുപതികളില്‍ ചികിത്സയ്‌ക്കെത്തുന്ന നിസഹായര്‍ പിടഞ്ഞ്‌ ചാകട്ടെ എന്ന ക്രിമിനല്‍ മനഃസ്ഥിതിയില്‍ ആറാടാനാണ്‌ ആരോഗ്യമന്ത്രിക്കും വകുപ്പ്‌ തലവന്മാര്‍ക്കും മറ്റ്‌ ഉദ്യോഗസ്ഥര്‍ക്കും വ്യഗ്രത.അതു കൊണ്ടാണ്‌ മെഡിക്കല്‍ കോര്‍പറേഷന്റെ വെയര്‍ഹൗസുകളെല്ലാം കാലിയായി തുടരുന്നത്‌. ഇതിനിടെ സംസ്ഥാനത്തിന്റെ ചിലഭാഗങ്ങളില്‍ കുരങ്ങുപനി റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും ആട്ടുകല്ലിന്‌ കാറ്റുപിടിച്ച മട്ടിലാണ്‌ മന്ത്രി ശിവകുമാറിന്റെ സമീപനം. കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശങ്ങളും ആരോഗ്യപ്രതിസന്ധിയിലാണ്‌. വെള്ളക്കെട്ടും മാലിന്യങ്ങളും നിറഞ്ഞതോടെ തീരദേശ മേഖലകള്‍ പകര്‍ച്ച വ്യാധിയുടെ നഴ്‌സറികളായി പരിണമിച്ചു കഴിഞ്ഞു.സംസ്ഥാനത്തെ വിവിധ നഗരങ്ങളിലെ മാലിന്യപ്രതിസന്ധി ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകുമെന്ന്‌ ആരോഗ്യവകുപ്പ്‌ നേരത്തെ മുന്നറിയിപ്പു നല്‍കിയിരുന്നു. മഴയ്‌ക്ക്‌ മുന്‍പേ ഇതിനു പരിഹാരം കാണുന്നതില്‍ സര്‍ക്കാരിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും നേരിട്ട പാളിച്ചയാണ്‌ ഇന്നത്തെ ദുരിതങ്ങള്‍ക്കടിസ്ഥാനം. സമ്മതിദായകരുടെയും നികുതിദായകരുടേയും ആരോഗ്യത്തിനും മാന്യതയ്‌ക്കും പുല്ലു വിലകല്‍പ്പിക്കാത്ത ഒരു ആരോഗ്യമന്ത്രിയും വകുപ്പും വാഴുന്ന സംസ്ഥാനത്ത്‌,ആതിരേ,മഴക്കാലത്ത്‌ പകര്‍ച്ചപ്പനി പിടിക്കാതിരിക്കുന്നതും,പിടിപെട്ടാല്‍ മരിക്കാതിരിക്കുന്നതും മുജ്ജന്മ സുകൃതം എന്നല്ലാതെ മറ്റ്‌ എന്ത്‌ പറയാന്‍?�

No comments: