Tuesday, June 17, 2014
മോഡി മന്മോഹന് പഠിക്കുമ്പോള്‍
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന പൗരസഞ്ചയത്തിന്മേല്‍ ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നതിന്റെ പ്രഹരവും റെയില്‍വെ നിരക്ക് കൂട്ടുന്നതിന്റെ ആഘാതവും അടിച്ചേല്‍പ്പിക്കാനുള്ള മാന്‍ഡേറ്റ് അല്ല മോഡിക്കും ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും ഇന്ത്യയിലെ സമ്മതിദായകര്‍ തുറന്ന മനസോടെ നല്‍കിയത്.ജീവനും സ്വത്തിനും മാന്യതയ്‌ക്കും ഭംഗവരുത്താത്ത,മാന്യമായി മനുഷ്യനെ പോലെ ജീവിക്കാനുള്ള സാമ്പത്തീക പരിസരങ്ങളൊരുക്കുന്ന ഒരു ഭരണകര്‍ത്താവിനെയാണ് അവരാഗ്രഹിച്ചത്.ചെകുത്താനും കടലിനും നടുവില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ കടലിലേയ്‌ക്ക് എടുത്തു ചാടിയവരാണവര്‍.ഒന്ന് നിവര്‍ന്ന് ശ്വാസമെടുക്കും മുന്‍പ് മുക്കി കൊല്ലാനാണ് ശ്രമമെങ്കില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം കൊണ്ടോ,ഗുജറാത്തില്‍ നടപ്പിലക്കിയ വംശീയ ശുദ്ധീകരണത്തിന്റെ ത്രിശൂലം കൊണ്ടോ അടക്കി നിര്‍ത്താനാവുന്നതായിരിക്കില്ല ജനകീയ പ്രക്ഷോഭത്തിന്റെ സ്‌ഫോടനാത്മകത.അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയുമെല്ലാം ഒതുക്കിയ തന്ത്രജ്ഞത പോരാതെ വരും പൊട്ടിത്തെറിക്കുന്ന ജനരോഷത്തെ അടക്കാന്‍. ഈ സാമ്പത്തിക പരിഷ്‌ക്കാരം വന്‍ തോതിലുള്ള വിലവര്‍ധനവിന് ഇടയാക്കും;അതിന്റെ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ഡീസലിനേക്കാള്‍ ഇന്‍ഫ്‌ളേയ്‌മബിളുമായിരിക്കും
ആതിരേ,`` കാതുകുത്തിയവന്‍ പോയാല്‍ കടുക്കനിട്ടവന്‍ വരും '' എന്നത് ആശ്വാസത്തിന്റേയും ആശ്വസിപ്പിക്കലിന്റേയും അര്‍ഥരഹിത ഉദീരണമാണെങ്കില്‍,വര്‍ത്തമനകാല ഇന്ത്യന്‍ സാഹചര്യത്തില്‍ അത് ഭീഷണിയുടെ മുന്നറിയിപ്പാകുന്നു.കോര്‍പ്പറേറ്റുകള്‍ക്കും ആഗോള മൂലധന ചൂഷകര്‍ക്കും വേണ്ടി ഇന്ത്യന്‍ പൗരന്റെ മാന്യമായി ജീവിക്കാനുള്ള അവകാശങ്ങളും അവസരങ്ങളുമാണ് മന്മോഹന്‍ സിംഗ് അടിയറവച്ചതെങ്കില്‍ അതിലും ബീഭത്സമായ സാമ്പത്തീക പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്ന് സാധാരണക്കാരായ ഇന്ത്യാക്കാരെ ശ്വാസം മുട്ടിച്ചു കൊല്ലാനാണ് നരേന്ദ്ര മോഡിയും എന്‍ഡിഎ സര്‍ക്കാരും പരിസരമൊരുക്കുന്നത്.
തെരഞ്ഞെടുപ്പിന് മുന്‍പും തെരഞ്ഞെടുപ്പ് പ്രചാരണ കാലത്തും `മാം-ബേട്ടാ' ഭരണത്തിനെതിരെ ചൊരിഞ്ഞ അധിക്ഷേപങ്ങളെ ലജ്ജിപ്പിക്കുന്ന തരത്തില്‍,അവര്‍ നടപ്പാക്കിയതിലും പതിന്മടങ്ങ് ഭീതിതമായി അവകാശ നിഷേധങ്ങള്‍ അടിച്ചേല്‍പ്പിക്കാനാണ്,ആതിരേ,മോഡി ഒരുങ്ങുന്നത്.രാജ്യം കടുത്ത സാമ്പത്തീക പ്രതിസന്ധിയിലാണെന്ന നിലവിളിയോടെ അതിനെ അതിജീവിക്കാന്‍ കോര്‍പ്പറേറ്റുകള്‍ ഡിക്ടേറ്റ് ചെയ്യുന്ന സാമ്പത്തീക വഞ്ചനകള്‍,പരിഷ്‌ക്കാരങ്ങളെന്ന വ്യാജേനെ നടപ്പിലക്കാനുള്ള നീക്കം,ആനപ്പുറത്തിരിക്കുന്നവന്റെ ആസുരാഹങ്കാരമാണെന്ന കാര്യത്തില്‍ ആര്‍ക്കാണ് സന്ദേഹം?
പാര്‍ലമെന്റിന്റെ പടിയില്‍ ശിരസ് മുട്ടിച്ചു കാണിച്ച (കപട) വിനയത്തിനുള്ളിലെ ഭരണീയ ഭീകരതകള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്.ഭരണം സുതാര്യമാക്കാനും അഴിമതിയുടെ ആരോപണം പോലും ഉണ്ടാകാതിരിക്കാനും സഹമന്ത്രിമാര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയ പ്രധാനമന്ത്രിയാണ്, തന്നെ തെരെഞ്ഞെടുത്ത ജനങ്ങളോടുള്ള പ്രതിബദ്ധത ഇപ്പോള്‍ ചീന്തിയെറിയുന്നത്.അമിതാധികാരം അതിരില്ലാത്ത കൊള്ളരുതായമകള്‍ക്കും ജനവഞ്ചനയ്‌ക്കും പരിസരമൊരുക്കുമെന്ന നിരീക്ഷണത്തെ സാര്‍ത്ഥകമാക്കുകയാണ് മോഡിയിപ്പോള്‍.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്താന്‍ സ്വീകരിക്കുന്ന നടപടികള്‍ സാധാരണ ജനങ്ങള്‍ക്ക് ദോഷകരമാണെങ്കില്‍ പോലും തനിക്ക് പ്രശ്‌നമില്ലെന്ന് പറയുന്ന ചങ്കൂറ്റം വരാനിരിക്കുന്ന ഭീകരനാളുകളുടെ മുന്നറിയിപ്പാണെന്ന്, ആതിരേ വായിച്ചെടുക്കുക.
ഡീസല്‍ സബ്‌സിഡി എടുത്തുകളയുവാനും റെയില്‍വേ നിരക്ക് കുത്തനെ ഉയര്‍ത്തുവാനുമാണ് ഇപ്പോള്‍ സജീവമായ ആലോചന നടക്കുന്നത്.ഇന്ധന വിലവര്‍ദ്ധനവിലൂടെ,നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനേ കൂട്ടിയ ഭരണതെമ്മാടിത്തത്തിനോടുള്ള ഉള്ളുലഞ്ഞ പ്രതിഷേധമാണ് മോഡിയെ പ്രധാനമന്ത്രി പദത്തിലെത്തിച്ചതെന്ന സാമാന്യ യുക്തിയെ തമസ്‌കരിച്ചു കൊണ്ടുള്ള ഏതൊരു നീക്കവും ആത്മഹത്യാപരമായിരിക്കുമെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല.വിലക്കയറ്റത്തില്‍ പൊറുതിമുട്ടിയ ജനതയുടെ നീരസവും നിരാസവും ഏറ്റവും അടുത്തു നിന്ന് കണ്ട നേതാവണ് മോഡി.രാജ്യത്തിന്റെ സാമ്പത്തീക നില ഭദ്രമാക്കാനെന്ന പേരില്‍ യുപിഎ സര്‍ക്കാര്‍ നടപ്പിലാക്കിയ നയങ്ങള്‍ എത്രയധികം ജനദ്രോഹകരവും എത്രമാത്രം വഞ്ചനാപരവുമായിരുന്നെന്ന് മോഡിയേ ഉപദേശിക്കേണ്ട കാര്യമില്ലെന്ന് കരുതുന്നവരാണ് വിഢികളാക്കപ്പെടുന്നത്.നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തില്‍ പൊറുതി മുട്ടുന്ന പൗരസഞ്ചയത്തിന്മേല്‍ ഡീസല്‍ സബ്‌സിഡി എടുത്തുകളയുന്നതിന്റെ പ്രഹരവും റെയില്‍വെ നിരക്ക് കൂട്ടുന്നതിന്റെ ആഘാതവും അടിച്ചേല്‍പ്പിക്കാനുള്ള മാന്‍ഡേറ്റ് അല്ല, ആതിരേ, മോഡിക്കും ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും ഇന്ത്യയിലെ സമ്മതിദായകര്‍ തുറന്ന മനസോടെ നല്‍കിയത്.ജീവനും സ്വത്തിനും മാന്യതയ്‌ക്കും ഭംഗവരുത്താത്ത,മാന്യമായി മനുഷ്യനെ പോലെ ജീവിക്കാനുള്ള സാമ്പത്തീക പരിസരങ്ങളൊരുക്കുന്ന ഒരു ഭരണകര്‍ത്താവിനെയാണ് അവരാഗ്രഹിച്ചത്.ചെകുത്താനും കടലിനും നടുവില്‍ നില്‍ക്കേണ്ടി വന്നപ്പോള്‍ കടലിലേയ്‌ക്ക് എടുത്തു ചാടിയവരാണവര്‍.ഒന്ന് നിവര്‍ന്ന് ശ്വാസമെടുക്കും മുന്‍പ് മുക്കി കൊല്ലാനാണ് ശ്രമമെങ്കില്‍ പാര്‍ലമെന്റിലെ ഭൂരിപക്ഷം കൊണ്ടോ,ഗുജറാത്തില്‍ നടപ്പിലക്കിയ വംശീയ ശുദ്ധീകരണത്തിന്റെ ത്രിശൂലം കൊണ്ടോ അടക്കി നിര്‍ത്താനാവുന്നതായിരിക്കില്ല ജനകീയ പ്രക്ഷോഭത്തിന്റെ സ്‌ഫോടനാത്മകത.
പെട്രോള്‍ വില നിര്‍ണയത്തിനുള്ള അവകാശം എണ്ണ കമ്പനികള്‍ക്ക് തീറെഴുതിയ മുന്‍ യുപിഎ സര്‍ക്കാറിനെ പോലെ ഡീസലിന്റെ വില നിര്‍ണയാധികാരവും എണ്ണക്കമ്പനികളില്‍ നിക്ഷിപ്‌തമാക്കാനുള്ള നീക്കം തീക്കൊള്ളി കൊണ്ട് തലചൊറിയുന്നതിന് തുല്യമായിരിക്കും.അദ്വാനിയേയും മുരളിമനോഹര്‍ ജോഷിയേയുമെല്ലാം ഒതുക്കിയ തന്ത്രജ്ഞത പോരാതെ വരും പൊട്ടിത്തെറിക്കുന്ന ജനരോഷത്തെ അടക്കാന്‍. ഈ സാമ്പത്തിക പരിഷ്‌ക്കാരം വന്‍ തോതിലുള്ള വിലവര്‍ധനവിന് ഇടയാക്കും;അതിന്റെ പ്രതികരണങ്ങളും പ്രത്യാഘാതങ്ങളും ഡീസലിനേക്കാള്‍ ഇന്‍ഫ്‌ളേയ്‌മബിളുമായിരിക്കും
നിലവില്‍ ഡീസലിന് നല്‍കിവരുന്ന സബ്‌സിഡി പൂര്‍ണ്ണമായും എടുത്തുകളഞ്ഞ് സര്‍ക്കാറിന്റെ ബാധ്യത കുറയ്‌ക്കുന്നതല്ല,ആതിരേ, നല്ല ഭരണ സമ്പ്രദായം.സര്‍ക്കാരിന് ലഭിക്കാനുള്ള ശതകോടി നികുതികള്‍ പിരിച്ചെടുത്തും വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം പിടിച്ചെടുത്തും ജനങ്ങളെ ദ്രോഹിക്കാതെ സാമ്പത്തീക നില ഭദ്രമാക്കാമെന്നിരിക്കേ എന്തിനാണ് സാധാരണ സമ്മതിദായകരുടേയും നികുതിദായകരുടേയും മുതുകില്‍ കാളകയറുന്നത്?.അധികാരത്തിലെത്തിയാലുടന്‍ കള്ളപ്പണം പുറത്തു കൊണ്ടുവരുമെന്നല്ലേ തെരെഞ്ഞെടുപ്പ് പ്രചാരണ കാലത്തെ വാഗ്‌ദാനം?ഗുജറാത്തിന്റെ വികസനമോഡലാണ് രാജ്യത്തിന് മാതൃക എന്നല്ലേ അവകാശപ്പെട്ടിരുന്നത്?എന്നിട്ടിപ്പോള്‍ മന്മോഹനെ ലജ്ജിപ്പിക്കുന്ന പരിഷ്‌കരണങ്ങളുമായി എത്തുമ്പോള്‍ ഭാരം ചുമക്കുകയും തീ തിന്നുകയും ചെയ്യുന്ന ഭാരതീയരായി പൗരസമൂഹം നിശബ്ധരാകുമെന്ന് കരുതുന്നെങ്കില്‍ തെറ്റി.
ഇപ്പോള്‍ ജനങ്ങള്‍ അനുഭവിച്ചു വരുന്ന സബ്‌സിഡികള്‍ ഒന്നൊന്നായി എടുത്തു കളഞ്ഞ്,തെരഞ്ഞെടുപ്പില്‍ സഹായിച്ച കോര്‍പ്പറേറ്റുകളോടുള്ള നന്ദിയും കൂറും കാണിക്കാനാണ് ഒരുങ്ങുന്നതെങ്കില്‍ അഞ്ചു വര്‍ഷം പോലും തികച്ച് ഭരിക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ദാരിദ്ര്യരേഖ താഴ്‌ത്തി വരച്ച് യുപിഎ സര്‍ക്കാറിന്റെ സ്വപ്‌ന പദ്ധതിയായ ഭക്ഷ്യ സുരക്ഷാ പദ്ധതിയില്‍ നിന്നു പോലും കൂടുതല്‍ പേരെ നീക്കം ചെയ്യാമെന്ന സ്വപനവും ഇനിവരുന്ന കാലത്ത് ഫലവത്താകില്ല. മന്മോഹനെ കടത്തിവെട്ടുന്ന കൗശലത്തൊടെ ഇന്ത്യന്‍ വിപണി പൂര്‍ണ്ണായും വിദേശീയര്‍ക്കായി തീറെഴുതാനുള്ള നീക്കവും പൊതുസമൂഹം കണ്ണടച്ച് സമ്മതിക്കുമെന്നും കരുതണ്ട.
ഇതിലും ഭീകരമായ ഭരണ പരിഷ്‌കാരവും അണിയറയില്‍ രൂപം കൊള്ളുന്നത് ഇന്നാട്ടിലെ ജനങ്ങള്‍ കണ്ണുതുറന്ന് കാണുന്നുണ്ട്. അഴിമതിക്കേസുകളില്‍പ്പെടുന്ന ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടി അഴിമതിവിരുദ്ധ നിയമം പൊളിച്ചെഴുതുന്നാനുള്ള നീക്കമാണത്. നയപരമായ തീരുമാനങ്ങള്‍ എടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമം വിലങ്ങുതടിയാകുമെന്ന് വാദിച്ചാണ്, ആതിരേ ഈ കൊലച്ചതിക്ക് കളമൊരുക്കുന്നത്. അഴിമതി തുടച്ചുനീക്കുമെന്ന രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനു പിന്നാലെയാണ് അഴിമതിവിരുദ്ധ നിയമം ദുര്‍ബലമാക്കാനുള്ള മോഡി സര്‍ക്കാരിന്റെ നീക്കം.
ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി ആരോപണമുയര്‍ന്നാല്‍, പ്രാഥമികാന്വേഷണം നടത്തി തെളിവുണ്ടെങ്കില്‍ മാത്രമേ കേസെടുക്കാവൂ എന്നാണ് 1988ലെ അഴിമതിതടയല്‍ നിയമം പറയുന്നത്. എന്നാല്‍, സിബിഐയോ മറ്റ് ഏജന്‍സികളോ പ്രാഥമികാന്വേഷണം നടത്തുന്നതിന് പകരം ഉദ്യോഗസ്ഥതലത്തിലുള്ള അന്വേഷണം മതിയെന്ന നിലയില്‍ നിയമം മാറ്റാനാണ് ശ്രമം. കല്‍ക്കരിപ്പാടം വിതരണക്കേസില്‍ ആരോപണവിധേയരായ ഉന്നത ഉദ്യോഗസ്ഥരെ വിചാരണചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ സിബിഐക്ക് അനുമതി നല്‍കിയിരുന്നില്ല. ഇതേത്തുടര്‍ന്ന് സിബിഐ സുപ്രീംകോടതിയെ സമീപിച്ചു. അഴിമതിക്കേസുകളില്‍ ജോയിന്റ് സെക്രട്ടറി മുതല്‍ മുകളിലേക്കുള്ള ഉന്നത ഉദ്യോഗസ്ഥരെവരെ ചോദ്യംചെയ്യാന്‍ സിബിഐക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി ആവശ്യമില്ലെന്ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ഉത്തരവിടുകയും ചെയ്‌തു. കോടതിയുടെ നിരീക്ഷണത്തില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ സര്‍ക്കാരിന്റെ അനുമതി വേണ്ടെന്നായിരുന്നു ചീഫ് ജസ്റ്റിസ് ആര്‍ എം ലോധ അധ്യക്ഷനായ ബെഞ്ചിന്റെ നിലപാട്. എല്ലാ കേസുകളിലും ഇത് ബാധകമാക്കണമെന്നായിരുന്നു ബിജെപിയുടെ നേരത്തെയുള്ള നിലപാട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക്‌് സംരക്ഷണം നല്‍കുന്ന ഡല്‍ഹി സ്‌പെഷ്യല്‍ പൊലീസ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ടിലെ 6എ വകുപ്പിനെതിരെ ബിജെപി നേതാവ് സുബ്രഹ്മണ്യം സ്വാമി കോടതിയെ സമീപിച്ച് അനുകൂലവിധി സമ്പാദിച്ചതാണ്. 6എ വകുപ്പ് ഭഭരണഘടനാ വിരുദ്ധമാണെന്നാണ് ബിജെപി നേരത്തെ വാദിച്ചത്.എന്നിട്ടാണ് സുപ്രീം കോടതിയുടെ ഉത്തരവ് മറികടക്കാനുള്ള കൗശലങ്ങള്‍ മോഡി സര്‍ക്കാര്‍ തെരയുന്നത്
ഭരണത്തിലേറി നൂറ് ദിവസം കഴിയുന്നതിന് മുന്‍പേ ജനങ്ങളുടെ പ്രാക്കേല്‍ക്കുന്നതും ജനരോഷത്തിന്റെ പ്രഭവ കേന്ദ്രമാകുന്നതും ഭരണവിരുദ്ധ വികാരത്തെ അത്യന്തം അപായകരവും സ്‌ഫോടനാത്മകവുമായ ദിശയിലേയ്‌ക്ക് ചാലുകീറി വിടാനേ സഹായിക്കൂ.അതല്ലല്ലോ ആതിരേ, ``ശ്രേഷ്‌ഠഭാരത നിര്‍മിതി?''
Subscribe to:
Post Comments (Atom)
No comments:
Post a Comment