Monday, June 2, 2014
മനുഷ്യക്കടത്ത് എന്ന് കേള്‍ക്കുമ്പോള്‍ ലീഗ് എന്തിനാണിത്ര ബേജാറാകുന്നത്?
അനാഥാലയത്തിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ടുവന്നത് ഗള്‍ഫിലേക്ക് കടത്താനാണെന്നാണെന്നും അവയവ കച്ചവടത്തിന് വേണ്ടിയാണ് കുട്ടികളെ കടത്തിയിരിക്കുന്നതെന്നുമുള്ള ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആരോപണം മുഖവിലയ്‌ക്കെടുക്കേണ്ട.പക്ഷേ ഏറ്റവും അധികം കുട്ടികളെ കൊണ്ടുവന്നിട്ടുള്ളത് ഝാര്‍ഖണ്ഡിലെ കല്‍ക്കരി ഖാനി മേഖലയില്‍ നിന്നാണ്. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ഉള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന അവരുടെ ചോദ്യം ഉത്തരമര്‍ഹിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. ഇതിനായി ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്.അപ്പോള്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അതീവ ഗുരുതരമായ ആരോപണങ്ങളുടെ മുനയോടിക്കണമെങ്കില്‍ സമഗ്രമായ ഒരുന്വേഷണം അനിവാര്യമാണ്.യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യേണ്ടതിന് പകരം ഭരണസ്വാധീനത്തിന്റെ ഭീഷണി നിറച്ച പദാവലികളോടെ സംസാരിക്കുന്ന മുസ്ലീം ലീഗ് സ്വയം പൊതുരോഷം ക്ഷണിച്ചു വരുത്തുകയാണ്;അധാര്‍മികമായി എന്തെല്ലാമോ തമസ്‌ക്കരിക്കാന്‍ വ്യഗ്രത കൊള്ളുകയാണ്.
``അനാഥാലയങ്ങള്‍ സാമൂഹികസേവനത്തിന്റെ പേരില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നു കേരളത്തിലേക്കു കുട്ടികളെ കടത്തിക്കൊണ്ടുവന്നു ബുദ്ധിമുട്ടിക്കരുതെന്നും സാമൂഹികസേവനമാണു ലക്ഷ്യമെങ്കില്‍ അത് അന്യസംസ്ഥാനങ്ങളില്‍ പോയി നടത്താമെന്നും ''തുറന്നടിച്ച ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്‌ക്കെതിരെ മുസ്ലിംലീഗ് നേതൃത്വവും മതസംഘടനകളും ഉറഞ്ഞുതുള്ളി രംഗത്തെത്തിയതോടെ, ആതിരേ, പുതിയൊരു വിവാദത്തിന്റേയും ഇതുവരെ തമസ്‌ക്കരിക്കപ്പെട്ട വാസ്‌തവങ്ങളുടെയും മൂടി തുറന്നിരിക്കുകയാണ്.
2014 മെയ് 24നും 25നും ബിഹാര്‍, ഝാര്‍ഖണ്ഡ്, ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്ന് കുട്ടികളെ കൂട്ടത്തോടെ കേരളത്തിലേക്ക് കൊണ്ടുവന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് വിഷയം ദേശീയതലത്തില്‍ വിവാദമായത്.കഴിഞ്ഞദിവസങ്ങളില്‍ രണ്ടുതവണയായി രേഖകളില്ലാതെപാലക്കാട്ട് എത്തിച്ച അറുനൂറോളം കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തതോടെ അനാഥാലയങ്ങളുടെ പിന്നാമ്പുറത്തെ സ്‌തോഭജനകമായ കാഴ്‌ചകള്‍ മറനീക്കി പുറത്തു വരികയും ചെയ്‌തു . കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അനാഥാലയങ്ങളിലേക്കാണ് ഈ കുരുന്നുകളെ കൊണ്ടുവന്നത്.ഇങ്ങനെ കള്ളരേഖകളുണ്ടാക്കി കുട്ടികളെ കേരളത്തിലെത്തിക്കുന്നതിനു പിന്നില്‍ വന്‍ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമായി. കേരളത്തിലെ അനാഥാലയങ്ങളിലേയ്‌ക്കു ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ് കുട്ടികളെ എത്തിച്ച് കൊണ്ടിരിക്കുന്നതെന്നത് പുതിയ വാര്‍ത്തയല്ല, ആതിരേ.എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്നത് നിസാരമായി കാണാവുന്ന വാസ്‌തവങ്ങളുമല്ല.
സംഭവം മനുഷ്യക്കടത്താണെന്ന യാഥാര്‍ത്ഥ്യം മനുഷ്യാവകാശ കമ്മീഷന്‍ ഡിഐജി വെളിപ്പെടുത്തിയതാണ് ലീഗ് നേതാക്കളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിച്ചത്. ഇന്നലെ-2014 ജൂണ്‍ രണ്ട്- പാര്‍ട്ടി പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം വാര്‍ത്താസമ്മേളനം നടത്തിയ ഇ.ടി.മുഹമദ് ബഷീര്‍ , ``തലയില്‍ പൂട തപ്പിയ കോഴിക്കള്ളന്റെ''ശരീരഭാഷയിലായിരുന്നു, ആതിരേ, മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചതും ഡിഐജി ശ്രീജിത്തിനെതിരെ പൊട്ടിത്തെറിച്ചതും.മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് യത്തിംഖാനകളിലേക്കു കുട്ടികളെ കൊണ്ടുവരുന്നതു മനുഷ്യക്കടത്തായി ചിത്രീകരിക്കുന്നത് അപലപനീയമാണെന്നാണ് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദും പ്രതികരിച്ചത്.സമാനമായ രൂക്ഷതയോടെയാണ് ഇകെ വിഭാഗം സമസ്‌തയും ജമാഅത്തെ ഇസ്ലാമിയും വിഷയത്തെ സമീപിച്ചത്.ഇപ്പോഴത്തെ എഫ്‌ഐആര്‍ പ്രകാരം കേസെടുക്കരുതെന്നും എഫ്‌ഐആര്‍ തിരുത്തണമെന്നുമാണ് മുസ്ലീം ലീഗിന്റെ ആവശ്യം. മനുഷ്യക്കടത്ത് നടന്നിട്ടില്ലെന്നാണ് ലീഗിന്റെ വാദം. അനാഥാലയങ്ങള്‍ നടത്തി പരിചയമുള്ളവരാണ് തങ്ങള്‍. അതിനെക്കുറിച്ച് പഠനം നടത്തുന്നവരാണ്.അതു കൊണ്ട് വിരട്ടൊന്നും ഞങ്ങളോട് വേണ്ട എന്ന മട്ടിലായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം.
ഈ പ്രതികരണങ്ങളാണ്, ആതിരേ, മുക്കത്തും മലപ്പുറത്തും എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്ന് നിഷ്‌പക്ഷമതികളെ കൊണ്ട് പോലും ചിന്തിപ്പിക്കുന്നത്.ഇതിനിടെയാണ് ജുവനെയില്‍ ജസ്റ്റിസ് ആക്ടിന്റെ ചട്ടങ്ങളില്‍ ഭേദഗതി വരുത്തി ഇളവനുവദിക്കാന്‍ സാമൂഹികക്ഷേമ മന്ത്രി എം.കെ.മുനീര്‍ മുന്നിട്ടെത്തിയത്.2008ല്‍ ഇടത് സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കിയതും ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ക്കെല്ലാം ബാധകമായതുമായ ജുവനെയില്‍ ജസ്റ്റിസ് ആക്ട് മുന്‍പും ഈ വകുപ്പും മന്ത്രിയും ഇടപെട്ട് അട്ടിമറിച്ചത് മറന്നുകൂട.2012ല്‍ കോഴികോട് നടന്ന അറബിക്കല്യാണവുമായി ബന്ധപെട്ട് വിവാദമുയര്‍ന്നപ്പോള്‍ യത്തീംഖാനകളെ ജുവനെയില്‍ ജസ്റ്റിസ് ആക്ടിന്റെ പരിധിയില്‍ നിന്നൊഴിവാക്കിയതിന് സമാനമായ ഇടപെടലാണ് ഇപ്പോള്‍ നടക്കുന്നത്.അതാണ് സന്ദേഹങ്ങളെ പെരുക്കുന്നത്.
ആതിരേ,ജുവനെയില്‍ ജസ്റ്റിസ് ആക്ട് അനുസരിച്ച് പതിനെട്ട് വയസിന് താഴെയുള്ള കുട്ടികളുടെ കസ്റ്റോഡിയന്‍ സര്‍ക്കാരാണ്.അതു കൊണ്ടാണ്,കൊടിയ ദാരിദ്ര്യം മൂലമാണെങ്കിലും കൊച്ചു കുഞ്ഞുങ്ങളെ വില്‍ക്കുന്ന മാതാപിതാക്കള്‍ക്കെതിരെ (കൊഗ്നൈസബിള്‍)കേസെടുക്കുന്നത്.അതു കൊണ്ട് മതിയായ അനുമതി രേഖകളില്ലാതെ കൊണ്ടുവന്ന ഈ കുട്ടികളുടെ കാര്യത്തില്‍ അന്വേഷണം അനിവാര്യമാണ്.കേരളത്തിലെ അനാഥശാലകളില്‍ കുട്ടികള്‍ കുറയുന്നത് കൊണ്ടാണ് അന്യസംസ്ഥാനങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവരുന്നതെന്ന വാദം അധാര്‍മികവും അനീതിനിറയുന്ന കച്ചവടന്യായം തന്നെയാണ്.അനാഥരുടെ എണ്ണം കുറയുന്നത് സാമൂഹിക-സാമ്പത്തീക-ഗാര്‍ഹിക പുരോഗതിയുടെ സൂചികയായി കരുതുകയാണ് വേണ്ടത്.അതിന് പകരം അനാഥാലയങ്ങള്‍ നിറയ്‌ക്കാന്‍ അന്യസംസ്ഥാനങ്ങളില്‍ നിന്ന് മതിയായ രേഖകളില്ലാതെ കുട്ടികളെ കൊണ്ടുവരുമ്പോള്‍ അതിനെ മനുഷ്യക്കടത്ത് എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ല.അപ്പോള്‍ ചന്ദ്രഹാസമിളക്കുന്നത് ജാഗ്രത്തായ മനസുകളെ വഴിതിരിച്ചു വിടാന്‍ തന്നെയാണ്.മാന്യമായി അനാഥരെ സംരക്ഷിക്കുന്ന സ്ഥാപനങ്ങളെക്കുറിച്ചല്ലല്ലോ ആക്ഷേപം ഉന്നയിക്കുന്നത്.മറിച്ച് കേന്ദ്ര സര്‍ക്കാരിന്റെ ഗ്രാന്റും വിദേശ ഫണ്ടിംഗും ലാക്കാക്കി നടത്തുന്ന അധാര്‍മികതയ്‌ക്കെതിരായല്ലേ പോലീസ് അന്വേഷണം നടത്തുന്നത്.അത് അംഗീകരിക്കാനുള്ള മാന്യത ഇ.ടി.മുഹമദ് ബഹീര്‍ എങ്കിലും കാണിക്കേണ്ടതായിരുന്നു.
ജുവനെയില്‍ ജസ്റ്റിസ് ആക്‌റ്റ് പ്രകാരം മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തവരും സ്വാഭാവികമോ നിയമപരമോ ആയ മറ്റു രക്ഷിതാക്കള്‍ ഇല്ലാത്തവരുമായ കുട്ടികളെയാണ്, ആതിരേ, അനാഥാലയങ്ങളില്‍ പ്രവേശിപ്പിക്കേണ്ടത്. അവരുടെ സംരക്ഷണം, വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ കാര്യങ്ങളെല്ലാം അവരെ അന്തേവാസികളാക്കിയ അനാഥാലയങ്ങളുടെ ഉത്തരവാദിത്തമാണ്. എന്നാല്‍ സംസ്ഥാനത്തെ ബഹുഭൂരിപക്ഷം അനാഥാലയങ്ങളിലും നടന്ന പ്രാഥമിക പരിശോധനയില്‍ അവയെല്ലാം പ്രവര്‍ത്തിക്കുന്നത് ഒരു മാനദണ്ഡവും പുലര്‍ത്താതെയാണെന്നു കണ്ടെത്തിയിട്ടുണ്ട്.മുകളില്‍ സൂചിപ്പിച്ചത് പോലെ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നു ലഭിക്കുന്ന ഗ്രാന്‍ഡ് തട്ടിയെടുക്കാനും വിദേശത്തു നിന്നടക്കമുള്ള ധനസഹായം ഉറപ്പാക്കാനുമാണ് ഇവ പ്രവര്‍ത്തിക്കുന്നതെന്നാണ് പരിശോധനയില്‍ വെളിപ്പെട്ടത്. കേരളത്തില്‍ നിന്നു തന്നെ രക്ഷിതാക്കള്‍ ഉള്ള നിരവധി കുട്ടികളെ അനാഥാലയങ്ങളില്‍ പ്രവേശിപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ദാരിദ്ര്യത്തില്‍ കഴിയുന്ന കുടുംബങ്ങളിലെ കുട്ടികളെ ഏജന്റുമാര്‍ക്ക് കമ്മിഷന്‍ നല്‍കി കേരളത്തിലെത്തിക്കുന്നതിന് പിന്നില്‍ മറ്റൊരു ഗൂഢലക്ഷ്യവുമുണ്ട് . അനാഥാലയങ്ങള്‍ക്കു സമീപത്തോ, അവയോട് അനുബന്ധിച്ചോ നടത്തുന്ന എയ്‌ഡഡ് സ്‌കൂളുകളില്‍ കുട്ടികളെ ലഭ്യമാക്കുക എന്നതാണത്.ചതിയുടെ കണ്ണികള്‍ നീളുന്നത് കാണുക! .
ആതിരേ,അനാഥരാകുന്ന ഹതഭാഗ്യരായ കുഞ്ഞുങ്ങളെ കണ്ടെത്തി,അവരെ സംരക്ഷിക്കേണ്ട ചുമതല സര്‍ക്കാരിനും സമൂഹത്തിനുമുണ്ട്.അത് മഹത്തായ മനുഷ്യത്വ ദൗത്യമായിക്കണ്ട് നിരവധി സന്മനസ്സുകള്‍ അനാഥാലയങ്ങള്‍ നടത്തിയിട്ടുണ്ട്;നടത്തുന്നുമുണ്ട്. അവയുടെ മറ പറ്റി, ഇപ്പോള്‍ നടത്തുന്ന പല അനാഥാലയങ്ങളും മനുഷ്യക്കടത്തിന്റെയും ചൂഷണത്തിന്റെയും ഇടത്താവളങ്ങളാകുന്നത് അനീതി മാത്രമല്ല, കടുത്ത രാഷ്ട്രവിരുദ്ധപ്രവര്‍ത്തനവുമാണ് . പല അനാഥാലയങ്ങളിലെയും കുട്ടികളുടെ ജീവിതം നരക തുല്യമാണെന്നാണ് പോലീസ് കണ്ടെത്തിയത്. മതസംഘടനകളും ജാതി സംഘടനകളും അവരവരുടെ സ്വാധീനമുപയോഗിച്ചു നടത്തുന്ന അനാഥശാലകള്‍ക്കെതിരേ പരാതി പറയാന്‍ പോലും ആരും ധൈര്യപ്പെടുന്നില്ല. പരാതിപ്പെട്ടാല്‍ പരിഹാരവുമില്ല.പാലക്കാട് സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഏതാനും കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തപ്പോള്‍ മുസ്ലീം ലീഗിനുണ്ടായ പൊറുതിമുട്ടല്‍ ശ്രദ്ധിക്കുക.കാലങ്ങളായി നിലനില്‍ക്കുന്ന സമൂഹവിരുദ്ധ പ്രവണതയാണത്.
അതീവ ഗുരുതരമായ മനുഷ്യാവകാശ ലംഘനത്തിന്റേയും ശൈശവ ചൂഷണത്തിന്റേയും `അന്ധകൂപമാണ്' നമ്മുടെ സംസ്ഥാനത്തെ ചില അനാഥാലയങ്ങള്‍ എന്ന്, ആതിരേ സമ്മതിച്ചേ തീരൂ . എന്തു ഹീനമായ മാര്‍ഗം ഉപയോഗിച്ചും പണം സമ്പാദിക്കാനും പ്രമാണി ചമയാനുമുള്ള ചിലരുടെ അത്യാര്‍ത്തിയാണ് എട്ടും പൊട്ടും തിരിയാത്ത പിഞ്ചു കുഞ്ഞുങ്ങളില്‍ പ്രയോഗിക്കപ്പെടുന്നത്. എല്ലാ മതസംഘനകളുടേയും കീഴിലുള്ള ഇത്തരം സ്ഥാപനങ്ങളുടെ തലപ്പത്ത് ഉയര്‍ന്ന മതമേലദ്ധ്യക്ഷന്‍മാരാണ് എന്നുള്ളത് ഇത്തരം മാനേജ്‌മെന്റുകള്‍ക്കെതിരായ അന്വേഷണത്തില്‍ നിന്നും സര്‍ക്കാരിനെ പിന്നോട്ട് വലിക്കുന്നുണ്ട്.
അനാഥാലയത്തിലേക്കെന്ന് പറഞ്ഞ് പെണ്‍കുട്ടികളെ കൊണ്ടുവന്നത് ഗള്‍ഫിലേക്ക് കടത്താനാണെന്നാണെന്നും അവയവ കച്ചവടത്തിന് വേണ്ടിയാണ് കുട്ടികളെ കടത്തിയിരിക്കുന്നതെന്നുമുള്ള ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ആരോപണം, ആതിരേ, മുഖവിലയ്‌ക്കെടുക്കേണ്ട.പക്ഷേ ഏറ്റവും അധികം കുട്ടികളെ കൊണ്ടുവന്നിട്ടുള്ളത് ഝാര്‍ഖണ്ഡിലെ കല്‍ക്കരി ഖാനി മേഖലയില്‍ നിന്നാണ്. ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസത്തിനും ഭക്ഷണത്തിനും ഉള്ള പദ്ധതി നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ഝാര്‍ഖണ്ഡ് സര്‍ക്കാര്‍ പറയുന്നത്. അങ്ങനെയെങ്കില്‍ എന്തിനാണ് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്നതെന്ന അവരുടെ ചോദ്യം ഉത്തരമര്‍ഹിക്കുന്നുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണത്തിനൊരുങ്ങുകയാണ് കേരള സര്‍ക്കാര്‍. ഇതിനായി ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷ സംഘത്തെ രൂപീകരിച്ചിട്ടുണ്ട്
അപ്പോള്‍ ഝാര്‍ഖണ്ഡ് സര്‍ക്കാരിന്റെ അതീവ ഗുരുതരമായ ആരോപണങ്ങളുടെ മുനയൊടിക്കണമെങ്കില്‍ സമഗ്രമായ ഒരുന്വേഷണം അനിവാര്യമാണ്.യുഡിഎഫ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണത്തെ സ്വാഗതം ചെയ്യേണ്ടതിന് പകരം ഭരണസ്വാധീനത്തിന്റെ ഭീഷണി നിറച്ച പദാവലികളോടെ സംസാരിക്കുന്ന മുസ്ലീം ലീഗ് സ്വയം പൊതുരോഷം ക്ഷണിച്ചു വരുത്തുകയാണ്;അധാര്‍മികമായി എന്തെല്ലാമോ തമസ്‌ക്കരിക്കാന്‍ വ്യഗ്രത കൊള്ളുകയാണ്.
അല്ല, ആതിരേ, ലീഗ് എന്തിനാണിത്ര ബേജാറാകുന്നത്?
Subscribe to:
Post Comments (Atom)
No comments:
Post a Comment