Friday, June 20, 2014

റെയില്‍വേ യാത്രാ -ചരക്ക്‌ നിരക്ക്‌ വര്‍ദ്ധന ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനം

റെയില്‍വെ ബോര്‍ഡ്‌ നിര്‍ദേശിച്ചതും കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചതുമായ നിരക്ക്‌ തങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെയുള്ളൂ എന്നാണ്‌ സദാനന്ദ ഗൗഡയുടെ ഉളുപ്പില്ലാത്ത വിശദീകരണം.കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ജനവിരുദ്ധമായതു കൊണ്ടല്ലേ, ആതിരേ, അവരെ അധികാരത്തില്‍ നിന്നിറക്കി വിട്ട്‌ നമോ സംഘത്തെ അവിടെ പ്രതിഷ്‌ഠിച്ചത്‌.അപ്പോള്‍ എന്തിന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നമോ സംഘം നടപ്പിലാക്കണം?പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുക്കുന്നത്‌ ജനഹിതാനുസൃതമായ പുതിയ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാനാണ്‌.അതിന്‌ പക്ഷേ നമോ സംഘം തയ്യാറല്ല.ആതിരേ,ഇവര്‍ക്കും ജനങ്ങളല്ല കോര്‍പ്പറേറ്റുകളും മൂലധന ചൂഷകരുമാണ്‌ ഓമനകള്‍.മൂലധന ചോരന്മാര്‍ക്ക്‌ അനുഗുണമാകുന്ന നയങ്ങളാണ്‌ നമോ സംഘത്തിനും പഥ്യം.അതിന്റെ തുടക്കമാണ്‌ റെയില്‍ യാത്ര-ചരക്ക്‌ കൂലി വര്‍ദ്ധന
റെയില്‍വെ ബജറ്റ്‌ അവതരിപ്പിക്കുന്നതിന്‌ മുന്‍പ്‌ യാത്രാ -ചരക്ക്‌ നിരക്കില്‍ വരുത്തിയ വര്‍ദ്ധന കോണ്‍ഗ്രസിനെ തറപറ്റിച്ച്‌ നരേന്ദ്ര മോഡിയേയും കൂട്ടരേയും അധികാരത്തിലേറ്റിയ സമ്മതിദായകരോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന്‌ പറയാന്‍, ആതിരേ, രണ്ടാമതൊന്ന്‌ ആലോചിക്കേണ്ടതെന്തിന്‌? യാത്രാ-ചരക്ക്‌ കൂലിയില്‍ യഥാക്രമം 14.2 ശതമാനത്തിന്റെയും 6.5 ശതമാനത്തിന്റേയും വര്‍ദ്ധനയാണ്‌ വരുത്തിയിരിക്കുന്നത്‌. ജനവിരുദ്ധവും കഴിഞ്ഞ സര്‍ക്കാരിനെ ലജ്ജിപ്പിക്കുന്നതുമായ ഈ തീരുമാനത്തിന്‌ പ്രേരകമായ ഘടകങ്ങളെക്കുറിച്ചുള്ള വിശദീകരണമാകട്ടെ ബിജെപിക്കും എന്‍ഡിഎ സഖ്യത്തിനും വോട്ടുനല്‍കിയവരെല്ലാം കൊഞ്ഞാണന്മാരാണെന്ന്‌ സ്ഥാപിക്കുന്നതുമാണ്‌.പണപ്പെരുപ്പവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും പിടിച്ചു നിറുത്തുന്നതാകും തങ്ങളുടെ നയമെന്നും അത്‌ രാഷ്ട്ര വികസനത്തിന്റെ പുതിയ പരിപ്രേഷ്യമായിരിക്കുമെന്നും വാഗ്‌ദാനം ചെയ്‌തിട്ട്‌ നടപ്പിലാക്കുന്നതാകട്ടെ കഴിഞ്ഞ സര്‍ക്കാരിനേക്കാള്‍ ജനങ്ങളെ ദ്രോഹിക്കുന്ന നയങ്ങളും ജനങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ നിരക്ക്‌ വര്‍ദ്ധനയല്ലാതെ വേറെ വഴിയിയില്ലെന്നും നിരന്തരമായി ഉണ്ടാകുന്ന അപകടങ്ങളില്‍ നിന്ന്‌ യാത്രക്കാരെ രക്ഷിക്കാനാണ്‌ വര്‍ദ്ധനവെന്നും ബിജെപി പറയുമ്പോള്‍ ഇന്ത്യയെന്താ വെള്ളരിക്കാപ്പട്ടണമാണ്‌ എന്നാണോ, ആതിരേ, നമോ സംഘത്തിന്റെ വിലയിരുത്തല്‍?. റെയില്‍വേ യാത്രക്കാരുടെ സുരക്ഷ അടക്കമുള്ള കാര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാനാണ്‌ നിരക്ക്‌ കൂട്ടിയതെന്ന്‌ റെയില്‍വെ മന്ത്രി സദാനന്ദ ഗൗഡ പറയുമ്പോള്‍ മോഡിയില്‍ നിന്ന്‌ വരാനിരിക്കുന്നത്‌ കടുത്ത ജനവിരുദ്ധ നടപടികളാകുമെന്ന്‌ വേണം വായിച്ചെടുക്കേണ്ടത്‌.ഏതെല്ലാം നയങ്ങളില്‍ യുപിഎ സര്‍ക്കാരിനെ മോഡിയും ബിജെപിയും എന്‍ഡിഎ സഖ്യവും നഖശിഖാന്തം എതിര്‍ത്തുവോ ആ ജനവഞ്ചനകള്‍ പുര്‍വാധികം ശക്തിയോടെ കൗശലത്തോടെ നടപ്പിലാക്കുന്നതാണ്‌ മോഡി സര്‍ക്കാരിന്റെ സിംഗിള്‍ പോയിന്റ്‌ അജണ്ടയെന്ന്‌ വ്യക്തമാകുന്നു. 26,000 കോടി രൂപയാണത്രേ യാത്രാക്കൂലി ഇനത്തില്‍ റയില്‍വേയുടെ വാര്‍ഷിക നഷ്ടം .അത്‌ നികത്തണം. അതിവേഗ ട്രെയിനുകള്‍, സ്റ്റേഷന്‍ വികസനം, ആധുനികീകരണം, പുതിയ പാതകള്‍ എന്നിവയ്‌ക്ക്‌ക്ക്‌ പണം കണ്ടെത്തണം. അതിനാണ്‌ നിരക്ക്‌ വര്‍ദ്ധനയെന്ന്‌ വിശദീകരിക്കുമ്പോള്‍, ജനദ്രോഹ കാര്യത്തില്‍ ,ആതിരേ, കോണ്‍ഗ്രസിനെ പിന്നിലാക്കാന്‍ മത്സരിക്കുകയാണ്‌ മോഡി എന്നര്‍ത്ഥം. റെയില്‍വെ ചരക്കുകൂലി കൂട്ടിയതോടെ അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും.പച്ചക്കറി പലവൃഞ്‌ജനം മുതല്‍ ഡീസല്‍ വില വരെ വര്‍ദ്ധിക്കുമെന്ന്‌ ഉറപ്പായി.സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മന്മോഹനെ പോലെ ജനങ്ങളുടെ മുതുകത്ത്‌ കുതിര കയറാനാണ്‌ മോഡിയുടേയും നീക്കം. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഇതാദ്യമായാണ്‌ റയില്‍വെ യാത്രാചരക്കുകൂലി ഇത്രകണ്ട്‌ കൂട്ടുന്നത്‌. ഇത്‌ മൂലം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച്‌ 8000 മുതല്‍ 10000 കോടി രൂപയുടെ അധികബാധ്യതയാണ്‌ സാധാരണക്കാര്‍ക്കുണ്ടാകുന്നത്‌.വില പിടിച്ചു നിര്‍ത്താനല്ല മറിച്ച്‌ പച്ചക്കറി,അരി എന്നിവയുടെ വില കുത്തനെ ഉയര്‍ത്താനാകും പുതിയ തീരുമാനം സഹായകമാകുക. ഉരുളക്കിഴങ്ങ്‌,ഉള്ളി എന്നിവയുടെ വില ഇപ്പോള്‍ തന്നെ 100 രൂപയോട്‌ അടുത്തിരിക്കുന്നു.ഉള്ളിയുടെ ഉത്‌പാദനം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 15 ശതമാനം കൂടിയിട്ടും 50 ശതമാനം വര്‍ധനയാണ്‌ വിലയില്‍ ഉണ്ടായിരിക്കുന്നത്‌. നിത്യോപയോഗ സാധനങ്ങള്‍ക്ക്‌ മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്ന കേരളം പോലുളള ഉപഭോക്തൃ സംസ്ഥാനത്തിനായിരിക്കും, ആതിരേ, പുതിയ നിരക്ക്‌ വര്‍ദ്ധന ഏറ്റവും വലിയ തിരിച്ചടിയാകുക.ചരക്കുകൂലി വര്‍ദ്ധിപ്പിക്കുന്നതോടെ ആഭ്യന്തരവിപണയിലും ഇതിന്റെ പ്രതിഫലനമുണ്ടാകും.നാണ്യപെരുപ്പം കൂടും. 8.28 ശതമാനത്തിലെത്തി നിലനില്‍ക്കുന്ന ഉപോഭോക്ത്യസൂചിക ഇനിയും ഉയരും.ഏത്‌ വിരുന്നുകാരന്‍ വന്നാലുംകറിക്കത്തിക്കിരയകാനാണ്‌ കോഴികളുടെ നിയോഗമെന്ന ചൊല്ല്‌ അന്വര്‍ത്ഥമാക്കുകയാണ്‌ നമോ സംഘം. ടിക്കറ്റ്‌ നിരക്കിലെ വര്‍ദ്ധന മുന്‍കൂറായി ടിക്കറ്റ്‌ എടുത്തവരെയും വെട്ടിലാക്കും. നേരത്തേ വാങ്ങിയ ടിക്കറ്റില്‍ യാത്ര ചെയ്യണമെങ്കില്‍ ഇനി കുടുതല്‍ തുക നല്‍കേണ്ടി വരും. സീസണ്‍ ടിക്കറ്റ്‌ നിരക്കും വര്‍ധിക്കും. റെയില്‍വെ ബോര്‍ഡ്‌ നിര്‍ദേശിച്ചതും കഴിഞ്ഞ സര്‍ക്കാര്‍ അംഗീകരിച്ചതുമായ നിരക്ക്‌ തങ്ങള്‍ പ്രാബല്യത്തില്‍ വരുത്തുന്നതെയുള്ളൂ എന്നാണ്‌ സദാനന്ദ ഗൗഡയുടെ ഉളുപ്പില്ലാത്ത വിശദീകരണം.കഴിഞ്ഞ സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും ജനവിരുദ്ധമായതു കൊണ്ടല്ലേ, ആതിരേ, അവരെ അധികാരത്തില്‍ നിന്നിറക്കി വിട്ട്‌ നമോ സംഘത്തെ അവിടെ പ്രതിഷ്‌ഠിച്ചത്‌.അപ്പോള്‍ എന്തിന്‌ കഴിഞ്ഞ സര്‍ക്കാരിന്റെ നയം നമോ സംഘം നടപ്പിലാക്കണം?പുതിയ സര്‍ക്കാരിനെ തെരെഞ്ഞെടുക്കുന്നത്‌ ജനഹിതാനുസൃതമായ പുതിയ നയങ്ങളും തീരുമാനങ്ങളും നടപ്പിലാക്കാനാണ്‌.അതിന്‌ പക്ഷേ നമോ സംഘം തയ്യാറല്ല.ആതിരേ,ഇവര്‍ക്കും ജനങ്ങളല്ല കോര്‍പ്പറേറ്റുകളും മൂലധന ചൂഷകരുമാണ്‌ ഓമനകള്‍.മൂലധന ചോരന്മാര്‍ക്ക്‌ അനുഗുണമാകുന്ന നയങ്ങളാണ്‌ നമോ സംഘത്തിനും പഥ്യം.അതിന്റെ തുടക്കമാണ്‌ റെയില്‍ യാത്ര-ചരക്ക്‌ കൂലി വര്‍ദ്ധന മോഡിസര്‍ക്കാറിന്റെ ജനവിരുദ്ധ പരിഷ്‌കരണ പരിപാടികളുടെ തുടക്കം മാത്രമാണിത്‌ . റെയില്‍ നിരക്ക്‌ വര്‍ദ്ധനയ്‌ക്ക്‌ പിന്നാലെ ഡീസല്‍ വിലവര്‍ദ്ധനയാണ്‌ വരാനിരിക്കുന്നത്‌.15 പ്രധാന മേഖലകളില്‍ ഇത്തരം ജനദ്രോഹ നയങ്ങള്‍ക്ക്‌ തയ്യാറെടുക്കുകയാണവര്‍ . ഇന്ധന സബ്‌സിഡികള്‍ പൂര്‍ണ്ണമായും എടുത്തുകളയുക, ഭക്ഷ്യ സുരക്ഷാ ബില്‍ ഉടച്ചുവാര്‍ക്കുകഎന്നിവയെല്ലാം അതില്‍ പെടും.പ്രതിരോധം,റെയില്‍വെ,ഇന്‍ഷുറന്‍സ്‌ മേഖല എന്നിവയിലെല്ലാം നൂറു ശത്മാനം വിദേശ നിക്ഷേപം ആകര്‍ഷിക്കുകയാണ്‌ ലക്ഷ്യം. തന്നെ അധികാരത്തിലേറ്റിയവര്‍ക്ക്‌ എട്ടിന്റെ പണി കൊടുക്കുന്നതാണ്‌, ആതിരേ, മോഡിയുടെ `ശ്രേഷ്‌ഠഭാരത' ദര്‍ശനം

No comments: