Sunday, June 1, 2014

മോഡി ജനവഞ്ചനയുടെ രഥയാത്ര തുടങ്ങി

കോര്‍പ്പറേറ്റുകളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസര്‍ഗവും സഹവാസവും മന്‍മോഹനോമിക്‌സിന്റെ കാലത്തേതിനേക്കാള്‍ മുതലാളിത്ത പ്രീണനവും തൊഴിലാളി-കര്‍ഷക-ജനവിരുദ്ധനയങ്ങളും അടിച്ചേല്‍പ്പിക്കുന്നതായിരിക്കുമെന്നും തൊണ്ണൂറുകളുടെ തുടക്കത്തില്‍ സംഘപരിവാര്‍ ആവിഷ്‌ക്കരിച്ച സ്വദേശി ജാഗരണ്‍മഞ്ചുപോലുള്ള പഴമുറങ്ങള്‍ കൊണ്ടൊന്നും അതിനെ പ്രതിരോധിക്കാനാവില്ലെന്നുമുള്ള വിവേകത്തിന്റെ നിരീക്ഷണങ്ങള്‍,മോഡി സര്‍ക്കാര്‍ അധികാരമേറ്റ്‌ രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ,സാക്ഷാത്‌ക്കരിക്കപ്പെട്ടിരിക്കുന്നു.തനിക്ക്‌ വോട്ടുചെയ്‌ത മര്‍ദ്ദിത ജനതകളുടെയും യുവാക്കളുടെയുമെല്ലാം ചുമലുകളില്‍ താങ്ങാനാവാത്ത ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടേ മോഡിക്ക്‌ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ തുടരാനാവൂ
ആതിരേ,കോര്‍പ്പറേറ്റുകളുമായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സംസര്‍ഗവും സഹവാസവും മന്‍മോഹനോമിക്‌സിന്റെ കാലത്തേതിനേക്കാള്‍ മുതലാളിത്ത പ്രീണനവും തൊഴിലാളി-കര്‍ഷക-ജനവിരുദ്ധനയങ്ങളും അടിച്ചേല്‍പ്പിക്കുന്നതായിരിക്കുമെന്നും തൊണ്ണൂറുകളുടെ തുടക്കത്തില്‍ സംഘപരിവാര്‍ ആവിഷ്‌ക്കരിച്ച സ്വദേശി ജാഗരണ്‍മഞ്ചുപോലുള്ള പഴമുറങ്ങള്‍ കൊണ്ടൊന്നും അതിനെ പ്രതിരോധിക്കാനാവില്ലെന്നുമുള്ള വിവേകത്തിന്റെ നിരീക്ഷണങ്ങള്‍,മോഡി സര്‍ക്കാര്‍ അധികാരമേറ്റ്‌ രണ്ട്‌ ദിവസം കഴിഞ്ഞപ്പോള്‍ തന്നെ ,സാക്ഷാത്‌ക്കരിക്കപ്പെട്ടിരിക്കുന്നു. രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയായ പ്രതിരോധ രംഗത്ത്‌ നൂറ്‌ ശതമാനം വരെ വിദേശ നിക്ഷേപം അനുവദിക്കാനാണ്‌ മോഡി സര്‍ക്കാറിന്റെ നീക്കം. ഇതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മുന്‍ യുപിഎ സര്‍ക്കാറിന്റെ കാലത്ത്‌ ധനമന്ത്രി പി ചിദംബരവും വാണിജ്യമന്ത്രി ആനന്ദ്‌ ശര്‍മ്മയും അടക്കമുള്ളവര്‍ തീവ്രമായി ശ്രമിച്ചിട്ടും പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ ശക്തമായ നിലപാടില്‍ നടക്കാതെ പോയ ചതിയാണിപ്പോള്‍ മോഡി നടപ്പിലാക്കാന്‍ ഒരുങ്ങുന്നത്‌ പ്രതിരോധ മേഖലയില്‍ നൂറ്‌ ശതമാനം വിദേശ നിക്ഷേപം അനുവദിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ അറിയിക്കാന്‍ ആവശ്യപ്പെട്ടു കൊണ്ടുള്ള കുറിപ്പ്‌ വാണിജ്യ മന്ത്രികാര്യാലയം വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌ കൈമാറി. സാങ്കേതിക വിദ്യ കൈമാറാത്ത കമ്പനികള്‍ക്ക്‌ 49 ശതമാനവും സാങ്കേതിക വിദ്യ കൈമാറുന്ന കമ്പനികള്‍ക്ക്‌ 74 ശതമാനവും വിദേശ നിക്ഷേപം അനുവദിക്കാനാണ്‌ തീരുമാനം. അത്യാധുനിക സാങ്കേതിക വിദ്യയുള്ള ഉപകരണങ്ങളും നവീകരണ പ്രര്‍ത്തനങ്ങളും നടത്തുന്നവര്‍ക്ക്‌ നൂറു ശതമാനം വിദേശ നിക്ഷേപവും അനുവദിക്കും. പ്രതിരോധ മേഖലയിലെ വിദേശ നിക്ഷേപം 26 ശതമാനത്തില്‍ നിന്ന്‌ 100 ശതമാനമാക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി പ്രസ്‌താവിച്ചിരുന്നു. രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതാണ്‌, ആതിരേ, ഈ നയവും നടപടിയുമെന്ന്‌ ഉറപ്പ്‌. വിദേശ കുത്തകകള്‍ക്ക്‌ രാജ്യത്തെ പ്രതിരോധ മേഖലയില്‍ സ്വതന്ത്രമായി ഇടപെടാന്‍ അനുവദിച്ചാല്‍ തദ്ദേശീയമായി ആയുധങ്ങള്‍ നിര്‍മിക്കാനുള്ള പ്രതിരോധ വകുപ്പിന്റെ നീക്കങ്ങള്‍ക്കാകും തിരിച്ചടിയാകുക. പിന്നെ എല്ലാക്കാലത്തും വിദേശ കമ്പനികളെ ആശ്രയിക്കേണ്ട ഗതികേടാണുണ്ടാകുക. ഈ സാഹചര്യത്തില്‍ അധിക എഫ്‌ഡിഐ അനുവദിക്കാന്‍ സാധിക്കില്ലെന്നായിരുന്നു ആന്റണിയുടെ നിലപാട്‌. സൈന്യത്തിന്റെ താത്‌പ്പര്യവും മറ്റൊന്നായിരുന്നില്ല. എന്നാല്‍ ഇതിന്‌ ഘടകവിരുദ്ധവും വിവാദങ്ങള്‍ക്ക്‌ വഴിവെക്കുന്നതും വിശാലമായ രാഷ്ട്രതാത്‌പര്യം ബലികഴിക്കുന്നതുമായ നയങ്ങളുമായാണ്‌, ആതിരേ, മോഡി സര്‍ക്കാര്‍ ജനവഞ്ചനയുടെ രഥയാത്രയാരംഭിക്കുന്നത്‌. തീരുന്നില്ല കോര്‍പ്പറേറ്റ്‌ പ്രീണനത്തിന്റെ മോഡി പര്‍വ്വം. പാരിസ്ഥിതിക അനുമതിക്കായി കെട്ടികിടക്കുന്ന 80,000 കോടി രൂപയുടെ പദ്ധതികള്‍ക്ക്‌ രണ്ട്‌ ദിവസത്തിനകം അനുമതി നല്‍കാനാണ്‌ മോഡിയുടെ നിര്‍ദേശം. പരിസ്ഥിതി അനുമതിയുടെ പേരില്‍ പദ്ധതികള്‍ മുടങ്ങരുതെന്നാണ്‌ മോഡിയുടെ കര്‍ശന നിര്‍ദ്ദേശം . പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിശോധിച്ച്‌ മാത്രമെ അനുമതി നല്‍കൂവെന്ന കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ്‌ ജാവദേക്കറുടെ പ്രഖ്യാപനം സ്വയം വിഡ്‌ഢി ചമയലിന്റേതാകുന്നു. സെയില്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ്‌, എസെല്‍ മൈനിംഗ്‌ തുടങ്ങി രാജ്യത്തെ പ്രമുഖ വ്യവസായ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ചിരിക്കുന്ന അപേക്ഷകളില്‍ വേഗത്തില്‍ തീരുമാനമെടുക്കാനാണ്‌ മോഡി `കല്‍പ്പിച്ചിരിക്കുന്നത്‌'. ഇതില്‍ 80,000 കോടി രൂപയുടെ 28 പദ്ധതികള്‍ക്ക്‌ രണ്ട്‌ ദിവസത്തിനകം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയേക്കുമെന്നാണ്‌ സൂചന. ഉദ്ദിഷ്ടകാര്യത്തിനുള്ള മോഡിയുടെ ഈ ഉപകാരസ്‌മരണ ആഗോള ഊഹമൂലധനത്തിന്റെ മഹാപ്രവാഹത്തില്‍ ഇന്ത്യയുടെ സ്വയംശീര്‍ഷത്വത്തെ നിമഞ്‌ജനം ചെയ്യുന്നതിന്‌ തുല്യമാണ്‌ .വിനാശകരമാണ്‌,ആതിരേ, ഈ നീക്കം.ഇത്തരം നിലപാടുകളുമായി ബന്ധപ്പെട്ട്‌ വരും ദിനങ്ങളില്‍ സംജാതമാകാന്‍ പോകുന്ന തൊഴിലാളി സമരങ്ങളും ജനകീയ മുന്നേറ്റങ്ങളും ലോകസഭയിലെ മൃഗീയഭൂരിപക്ഷത്തിന്റെ ഇരുമ്പ്‌ ബൂട്ടിട്ട കാലുകൊണ്ട്‌ ചവുട്ടിയരയ്‌ക്കുമെന്ന കാര്യത്തില്‍ എനിക്ക്‌ സന്ദേഹമില്ല.തനിക്ക്‌ വോട്ടുചെയ്‌ത മര്‍ദ്ദിത ജനതകളുടെയും യുവാക്കളുടെയുമെല്ലാം ചുമലുകളില്‍ താങ്ങാനാവാത്ത ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ചുകൊണ്ടേ മോഡിക്ക്‌ ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തില്‍ തുടരാനാവൂ.പോയ കാതുകൂത്തിയവനേക്കാള്‍ ഭീകരനായിരിക്കുന്നു, വന്ന കടുക്കനിട്ടവന്‍.കോര്‍പ്പറേറ്റ്‌ മൂലധനത്തിന്റെ മുഖ്യകാര്യനിര്‍വാഹകനായി നരേന്ദ്രമോഡി രാഷ്ട്രീയ ചരിത്രത്തില്‍ ഉന്മൂലനത്തിന്റെ പുതിയൊരു അധ്യായത്തിനു തുടക്കം കുറിക്കുകയാണ്‌.ആതിരേ,ത്രിശൂല മുനയില്‍ പിടയാനാണ്‌ ഇനി ഇന്ത്യന്‍ സമ്മതിദാന ബോദ്ധ്യങ്ങള്‍ക്ക്‌ വിധി!

No comments: